മോഡി മറന്ന കോടതി വിധിയും കുടിയേറ്റ തൊഴിലാളി ക്ഷേമവും

കെ ആർ ഹരി
Posted on June 02, 2020, 5:30 am

രണ്ടാം തവണയും അധികാരത്തിലേറിയതിനുശേഷം മോഡി പലതും ബോധപൂർവം മറക്കുകയാണ്. അതിൽ ഏറ്റവും ക്രൂരമാണ് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. അത് നടപ്പാക്കിയെങ്കിൽ കൊറോണ മഹാമാരിക്കിടെയും കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴത്തെപ്പോലെ പരിതാപകരം ആകുമായിരുന്നില്ല. വീടുകളിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് ഇവർ തെരുവുകളിൽ പ്രതിഷേധിക്കില്ല, ഭക്ഷണം ഇല്ലാതെ മരിക്കേണ്ട അവസ്ഥ വരില്ല, കുഞ്ഞിന് അമ്മയിലാത്ത അവസ്ഥയും ഉണ്ടാകുമായിരുന്നില്ല. നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ടാണ് ജസ്റ്റിസുമാരായ മദൻ ബി ലോകൂർ, ദീപക് ഗുപ്ത എന്നിവർ 2018 ല്‍ ആ സുപ്രധാനമായ വിധി പുറപ്പെടുവിക്കുന്നത്.

20 വർഷം മൂമ്പ് പാസാക്കിയ ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് (റെഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് കണ്ടിജെൻസ് ഓഫ് വേജസ്) ആക്ട് 1996, ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് ആക്ട് 1996 എന്നിവ നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഇത് നടപ്പാക്കാൻ മോഡി സർക്കാർ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം. ഇത് കൂടാതെ തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമ പദ്ധതി എന്നിവ സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാർ പാലിച്ചില്ല. ഇതൊക്കെതന്നെ തൊഴിലുടമകളായ വൻകിട കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന മോഡി സർക്കാരിന്റെ നയങ്ങളാണ് സൂചിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ മൊത്തം അടങ്കലിന്റെ ഒരു ശതമാനം സെസായി സമാഹരിക്കാനായിരുന്നു നിർദ്ദേശം.

ഈ തുക തൊഴിലുടമയാണ് നൽകേണ്ടത്. ദേശീയ തലത്തിൽ കുടിയേറ്റ തൊഴിലാളികളുടെ വിവരശേഖരണം (ഡാറ്റാ ബേസ്) തയ്യാറാക്കണമെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. തൊഴിൽ നിയമങ്ങളിലെ ഭേദഗതി ലക്ഷ്യമിട്ട് ഇക്കാര്യം നടപ്പാക്കിയില്ലെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. തൊഴിൽ നിയമങ്ങളിലെ ഭേദഗതികളും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന 40 കേന്ദ്ര തൊഴിൽ നിയമങ്ങളും 100 സംസ്ഥാന നിയമങ്ങളുമാണ് ഇല്ലാതാകുന്നത്. ഈ കോഡുകൾ ഇനിയും പാർമെന്റ് പാസാക്കിയിട്ടില്ല. ലോ‌ക്‌സഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഇപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പുതിയ നിയമങ്ങൾ പാസാക്കുന്നതുവരെ കാത്തിരിക്കുന്നതിന് പകരം നേരത്തെയുള്ള നിയമങ്ങൾ അനുശാസിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം ഒഴിവാക്കാൻ കഴിയുമായിരുന്നു.

2018ൽ സുപ്രീം കോടതി മേൽപ്പറഞ്ഞ നിരീക്ഷണം നടത്തിയതിന് ശേഷം 37,400 കോടി രൂപ സെസ് ഇനത്തിൽ പിരിച്ചെടുത്തു. ഇതിൽ 9,500 കോടി രൂപ (രണ്ട് വർഷം മുമ്പുള്ള കണക്കാണിത്) മാത്രമാണ് വിനിയോഗിച്ചതെന്ന് കോടതിയെ അറിയിച്ചിരുന്നു. സെസ് ഇനത്തിൽ പിരിച്ച ഫണ്ടിൽ നിന്നുള്ള ഈ തുക തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലാപ്‌ടോപ്പുകളും വാഷിങ് മെഷീനുകളും വാങ്ങാനായി ഉപയോഗിച്ചുവെന്നാണ് സിഎജി റിപ്പോർട്ട് പരാമർശിക്കുന്നത്. പാവപ്പെട്ട തൊഴിലാളികളുടെ പേരിൽ പിരിച്ചെടുത്ത 30,000 കോടി രൂപ ഇപ്പോഴും വിനിയോഗിക്കാതെ കിടക്കുന്നു. നിർമ്മാണ തൊഴിലാളികൾ കെട്ടിടങ്ങൾ മാത്രമല്ല നിർമ്മിക്കുന്നത് രാജ്യത്തെയാണെന്ന സുപ്രീം കോടതി പരാമർശം കേന്ദ്ര സർക്കാർ അവഗണിച്ചു. ഇതിന്റെ ഫലമാണ് ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വഴിവക്കിൽ കുഴഞ്ഞ് വീണ് കുടിയേറ്റ തൊഴിലാളികൾ മരിക്കുന്നത്. സർക്കാർ തന്നെ ഈ തൊഴിലാളികളെ ചൂഷണം ചെയ്താൽ ഇവരുടെ അവസ്ഥ ഇനിയും ഇതുപോലെ തുടരും.

രാജ്യത്തെ നിർമ്മാണ മേഖലയിൽ മാത്രം നാല് കോടി തൊഴിലാളികളാണ് പണിയെടുക്കുന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ സംസ്ഥാന സർക്കാരുകൾ തയ്യാറാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പോലും ഇതിനുള്ള നടപടികൾ സ്വീകരിച്ചില്ല. മഹാരാഷ്ട്രയുടെ കാര്യമാണ് ഇതിലേറെ വിചിത്രം. ഇപ്പോൾ കൊറോണ വ്യാപനത്തെ തുടർന്ന് എത്ര തൊഴിലാളികൾ മഹാരാഷ്ട്രയിൽ തിരിച്ചെത്തിയെന്നോ എത്ര തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് തിരികെ പോയെന്നോ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുപോലും വ്യക്തതയില്ല. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് വ്യക്തമായ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകാൻ മോഡി സർക്കാർ തയ്യാറായില്ല. എന്നാൽ കേരളം സ്വമേധയാ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികൾക്ക് അത്യാവശ്യ ഘട്ടങ്ങളിലുള്ള സാമ്പത്തിക സഹായം, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം, ആരോഗ്യ പരിപാലന സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് സുപ്രീം കോടതി നിർദ്ദേശങ്ങൾ നൽകിയത്.

തൊഴിലാളികളുടെ കുടുംബത്തിന് അത്യാവശ്യഘട്ടങ്ങളിൽ ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇപിഎഫ്, പെൻഷൻ സംവിധാനമായ ഇപിഎസ്, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) തുടങ്ങിയ ക്ഷേമ പദ്ധതികൾ ലഭ്യമാക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും നൽകിയില്ലെന്ന് മാത്രമല്ല, നിലവിലുള്ള അവകാശങ്ങൾ പോലും കവർന്നെടുക്കുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന മോഡിയുടേയും അമിത്ഷായുടേയും വാക്കുകൾക്ക് എന്ത് ആത്മാർഥതയാണുള്ളത്. ഇത് തന്നെയാണ് ഇന്നത്തെ ഭരണാധികാരികൾ, മുതലാളിത്ത സംവിധാനത്തിന്റെ വക്താക്കളായ സർക്കാർ നേരിടുന്ന പ്രതിസന്ധി. ഇവർ യഥാർത്ഥത്തിൽ പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുന്നിൽ തലതാഴ്ത്തുകയല്ലേ?.

ജീവൻ രക്ഷിക്കാൻ ശ്രമിക്കാത്ത ‘ശ്രമിക്’

യാത്രക്കിടെ ഒരു യാത്രക്കാരന് രോഗം ബാധിച്ചാൽ അടുത്തുള്ള സ്റ്റേഷനിൽ ട്രെയിൻ നിർത്തി ആശുപത്രിയിൽ എത്തിക്കണമെന്നാണ് രാജ്യത്ത് നിലവിലുള്ള റയിൽവേ ചട്ടം. കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകളിൽ ഇത്തരം ചട്ടങ്ങൾ പാലിച്ചില്ല. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ 80 തൊഴിലാളികൾക്കാണ് അവരുടെ ജീവൻ നഷ്ടമായത്. യാത്ര ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കാനോ അത് പ്രസിദ്ധപ്പെടുത്താനോ റയിൽവേ അധികൃതർ തയ്യാറായിട്ടില്ല. ഇക്കാര്യം റയിൽവേ വക്താവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രചെയ്യുന്ന കുടിയേറ്റക്കാരായ തൊഴിലാളികളുടെ പട്ടിക ലഭ്യമാക്കണമെന്ന് കേരളം, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച ട്രെയിനിലെ ശുചിമുറിയിൽ ഒരു കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയിൽ ഉത്തർപ്രദേശിലെ ഝാൻസി സ്റ്റേഷനിൽ കോച്ചുകൾ വൃത്തിയാക്കുന്ന ജീവനക്കാർ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും റയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് ഒഴിഞ്ഞുമാറി. ഝാൻസിയിൽ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളിലൂടെ പോകുന്ന ട്രെയിനുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതായി റയിൽവേ ജീവനക്കാർ പറയുന്നു. മെയ് ഒന്നിനാണ് രാജ്യത്ത് ശ്രമിക് ട്രെയിനുകൾ ആരംഭിച്ചത്. 4,000 ട്രെയിനുകളിലായി 52 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ചുവെന്നാണ് റയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചത്. കുടിയേറ്റക്കാരായ തൊഴിലാളികളോടുള്ള മന്ത്രിയുടെ ഉപദേശമാണ് ഇതിൽ ഏറെ വിചിത്രമായത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസിന് താഴെയുള്ള കുട്ടികൾ, 65 വയസുകഴിഞ്ഞവർ എന്നിവർ ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഈ സന്ദർഭത്തിൽ റയിൽവേയുടെ പ്രവർത്തനം സംബന്ധിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിരീക്ഷണം ഏറെ പ്രസക്തമാകുന്നത്. കുടിയേറ്റ തൊഴിലാളികളോടുള്ള റയിൽവേയുടെ സമീപനം അപരിഷ്കൃതം (ബാർബറസ്) എന്നാണ് മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചത്. യാത്രക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇതൊക്കെ നൽകുന്നുവെന്നാണ് സൊളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. ഇപ്പോഴും യാത്രക്കാരായ കുടിയേറ്റ തൊഴിലാളികൾ തീവണ്ടികളിൽ മരിച്ചുവീഴുന്നു, അമിതമായ ചൂട് കാരണം കുഴഞ്ഞുവീഴുന്നു. നാട്ടിലെത്തിയാലോ കൊറോണ ബാധ ഒഴിവാക്കാൻ കൂട്ടമായി നിർത്തി കന്നുകാലികളെ പോലെ അണുനാശിനികൾ തളിക്കുന്നു. ഇതോണോ മോഡ‍ി സർക്കാരിന്റെ തിളങ്ങുന്ന ഇന്ത്യ. ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വീട്ടിലെത്താൻ ദിവസങ്ങൾ വീണ്ടും വൈകുന്നു. ഈ സാഹചര്യത്തിൽ ശ്രമികിലെ പട്ടിണി മരണങ്ങൾ ഇനിയും ഉണ്ടാകും, മോഡി സർക്കാർ ഇപ്പോഴത്തെ നിലപാടുകൾ തുടർന്നാൽ.