സമ്പദ്‌വ്യവസ്ഥയെ 15 വർഷത്തേക്ക് പിന്നിലാക്കും

പ്രൊഫ.കെ അരവിന്ദാക്ഷൻ
Posted on June 29, 2020, 5:30 am

പ്രൊഫ.കെ അരവിന്ദാക്ഷൻ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണത്തിനും പുനര്‍നിര്‍മ്മിതിക്കും അനിവാര്യമായ ഘടകം ഇവിടത്തെ അധ്വാനശക്തിയാണെന്നതില്‍ രണ്ടഭിപ്രായമില്ല. ഡല്‍ഹി ജെഎന്‍യുവിലെ സാമ്പത്തികശാസ്ത്ര‑സാമൂഹ്യശാസ്ത്ര പ്രൊഫസറായ ഡോ. മെഹ്‌റോത്രയുടെ അഭിപ്രായത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ 15 വര്‍ഷത്തേക്ക് പിന്നിലാക്കുമെന്നാണ്.

ഇന്ത്യ റേറ്റിംഗ് ആന്റ് റിസര്‍ച്ച് (ഐആര്‍ആര്‍) എന്ന സ്ഥാപനത്തിന്റെ നിഗമനമെന്തെന്നോ? തൊഴിലാളിയുടെ ഉല്പാദനക്ഷമതയില്‍ 6.3 ശതമാനം മെച്ചപ്പെടുത്തിയാല്‍ മാത്രമേ എട്ട് ശതമാനം ജിഡിപി വളര്‍ച്ചനിരക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ എന്നാണ്. ഒന്‍പത് ശതമാനം ജിഡിപി നിരക്കാണ് ലക്ഷ്യമെങ്കില്‍ ഉല്പാദനക്ഷമതയില്‍ 7.3 ശതമാനം വര്‍ധനവെങ്കിലും അനിവാര്യമാണ്. എന്നാല്‍ കോവിഡ് 19ന് മുമ്പുതന്നെ ഇത് 5.2 ശതമാനം മാത്രമായിരുന്നു. അതിഥി തൊഴിലാളികളുടെ ‘റിവേഴ്സ് മൈഗ്രേഷന്‍’‍ കൂടിയായതോടെ സ്ഥിതി ഇതിലേറെ വഷളായി മാറുകയായിരിക്കും ഫലം. സമീപകാലത്ത് നാണയനിധിയുടെ ഒരു ഗവേഷണ പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് മഹാമാരിയുടെ വിപരീത ആഘാതങ്ങളില്‍‍ നിന്നും മോചനം നേടണമെങ്കില്‍ കൂടുതല്‍ ധനകാര്യ പിന്തുണ സംസ്ഥാന സര്‍ക്കാരുകള്‍‍ക്ക് ലഭ്യമാക്കണം എന്നാണ്.

ഇതിനകം മോഡി ഭരണകൂടം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ധനകാര്യ പാക്കേജ് പ്രതിസന്ധിക്കു പരിഹാരമാവില്ല എന്ന് ഐഎംഎഫ് കൃത്യമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതേതുടര്‍ന്നായിരിക്കണം ലോകബാങ്ക് ഇന്ത്യക്കായി ഒരു ബില്യന്‍ ഡോളര്‍ വരുന്നൊരു സാമൂഹ്യ സുരക്ഷാപാക്കേജ് പ്രഖ്യാപിച്ചതും ബ്രിക്സ് കൂട്ടായ്മയുടെ കീഴിലുള്ള ന്യൂ ഡവലപ്മെന്റ് ബാങ്ക് അടിയന്തരവായ്പാ സഹായമെന്ന നിലയില്‍ ഒരു ബില്യന്‍ ഡോളര്‍ പാക്കേജിന്റെ ആനുകൂല്യം ലഭ്യമാക്കിയതും. പാന്‍ഡെമിക്ക് വരുത്തിവച്ച സാമൂഹ്യ‑സാമ്പത്തിക ദുരന്തങ്ങള്‍ക്കുള്ള പരിഹാരമായാണ് ഇത്തരം സഹായങ്ങള്‍ ഇത്രയും പണമെങ്കിലും കോര്‍പ്പറേറ്റുകളെയും സമ്പന്ന വിഭാഗക്കാരെയും സഹായിക്കാന്‍ വിനിയോഗിക്കുന്നതിനുപകരം സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ക്രയശേഷി ഉയര്‍ത്താന്‍ ഉടനടി വിനിയോഗിക്കുന്നതാണ് അഭികാമ്യം. സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണം പോലെ, ഒരുപക്ഷെ അതിലേറെ, പ്രധാനമാണ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നത്. ഇവിടെയാണ് പൊതുആരോഗ്യ സൗകര്യങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുകയും നിലവിലുളളവയുടെ ഗുണമേന്മ ഉയര്‍ത്തുകയും ചെയ്യേണ്ടതിന്റെ പ്രസക്തി വര്‍ധിക്കുന്നത്.

ആരോഗ്യ വിദഗ്ധന്മാരില്‍ ചിലരെങ്കിലും തുറന്നുപറയുന്നത് ഈ മാരകരോഗം നാം പ്രതീക്ഷിക്കുന്നതിലുമേറെക്കാലം നീണ്ടു നിന്നേക്കാമെന്നാണ്. ന്യൂസിലന്‍ഡിന്റേത് ഒരു അപവാദമായി മാത്രം കാണുന്നതാകും നല്ലത്. അതായത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൊറോണ വൈറസിനോടൊപ്പം ജീവിക്കാന്‍ തയ്യാറാകണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‘ടെസ്റ്റ്, ട്രേസ് ആന്റ് ട്രീറ്റ്’ എന്ന പ്രക്രിയ തുടരുന്നതോടൊപ്പം ടെസ്റ്റുകള്‍ വ്യാപകമാക്കുകയാണ് ചെയ്യേണ്ടത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ ധനശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്ക്സ് അഭിപ്രായപ്പെട്ടതുപോലെ ഇന്ത്യക്കാവശ്യം ഊര്‍ജസ്വലമായൊരു ടെസ്റ്റിംഗ് രീതിയാണ്; പദ്ധതിയാണ്.

ആഗോളതലത്തിലുള്ള പരിശോധനയിലൂടെ മനസിലാക്കാനാവുന്നത് 2020 മെയ് 28ല്‍ ഒരു ദശലക്ഷം‍ ജനങ്ങളില്‍ 2,439 പേരെ മാത്രമാണ് ടെസ്റ്റിന് വിധേയമാക്കിയെന്നാണ്. പാകിസ്ഥാന്‍ 2,305 പേരെ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അതേ അവസരത്തില്‍ സ്പെയിനിന്റേത് 76,071, റഷ്യയുടേത് 66,480, ഇറ്റലിയുടേത് 59,654, യുകെയുടേത് 55,981, അമേരിക്കയുടേത് 48,211 എന്നിങ്ങനെയാണ് ടെസ്റ്റിന്റെ നിരക്കുകള്‍. കോവിഡ് 19ന്റെ പിടിയില്‍ അകപ്പെട്ട ജനങ്ങളുടെ ജീവന്‍ ഏതു വിധേനയും രക്ഷിക്കണമെന്നതാണ് പ്രധാന ലക്ഷ്യമെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തോടും പുതിയ തൊഴിലവസര സൃഷ്ടിയോടുമൊപ്പം മെച്ചപ്പെട്ട രോഗപ്രതിരോധ നടപടികളും കൂടുതല്‍ രോഗചികിത്സാ സൗകര്യങ്ങളും സജ്ജമാക്കിയേ തീരൂ.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ആദ്യഘട്ടത്തില്‍ കൂട്ടപലായനത്തിന് നിര്‍ബന്ധിതരായ കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നത്തോട് അലംഭാവത്തോടെയുള്ളൊരു സമീപനമാണ് സ്വീകരിച്ചതെങ്കില്‍ ഏറ്റവുമൊടുവില്‍ ലഭ്യമാക്കുന്ന വിവരമനുസരിച്ച് ഇതില്‍ മൗലികമായ മാറ്റം വന്നെന്നാണ് തിരിച്ചറിയുന്നത്. അന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ സമീപനം അറ്റോര്‍ണി ജനറലിന്റെ വാദഗതിയോടൊപ്പം ചേര്‍ന്ന് ഇത്തരം തൊഴിലാളികളുടെ ദുരന്തത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയില്ലെന്നും അത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടേത് മാത്രമാണെന്നുമായിരുന്നു.

എന്നാല്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചിരിക്കുന്നത് ലോക്ഡൗണിനു ശേഷമുള്ള കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം ജന്മനാടുകളിലേക്ക് പലായനം നടത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്നതിനായി വിശദവും കൃത്യവുമായ തൊഴില്‍ദാന പദ്ധതികള്‍ തയ്യാറാക്കി പതിനഞ്ചു ദിവസങ്ങള്‍ക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ്. മാത്രമല്ല, ലോക്ഡൗണ്‍ വ്യവസ്ഥയായ ‘സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’ പാലിക്കാത്തതിന്റെ പേരില്‍ പൊരിവെയിലില്‍ കാല്‍നടയായി കിലോമീറ്ററുകള്‍ ദൂരം നടന്ന ഈ മുഴുപ്പട്ടിണിക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മുഴുവന്‍ ക്രിമിനല്‍ കേസുകളും പിന്‍വലിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും സംസ്ഥാനത്ത് ഇനിയും കുടുങ്ങിക്കിടക്കുന്നവരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോകണമെന്ന് ആഗ്രഹിക്കുന്നവരും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക തീവണ്ടികള്‍,‍ ആവശ്യപ്പെട്ട് 24 മണിക്കൂറുകള്‍ക്കകം കേന്ദ്ര ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് ഒരുക്കിക്കൊടുക്കണമെന്നും മെയ് 28 ലെ കോടതി ഉത്തരവിനെ അടിസ്ഥാനമാക്കി തൊഴിലാളികളില്‍ നിന്നും യാത്രാക്കൂലി ഈടാക്കരുതെന്നതിനുപുറമെ സൗജന്യ ഭക്ഷണവും കുടിവെള്ളവും അവര്‍ക്ക് ഉറപ്പാക്കണമെന്നും സുപ്രീം കോടതി കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം കോവിഡ് 19 നെ തുടര്‍ന്നുള്ള അതിഥി തൊഴിലാളികളുടെ മടക്കയാത്രയും തൊഴിലില്ലായ്മയുടെ രൂക്ഷമായ വര്‍ധനവും ഗുരുതരമായൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെങ്കിലും അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും സാധ്യമാവുകയുമില്ല. (അവസാനിച്ചു)