‘ഇന്ധനത്തിന് വിലകൂട്ടുന്നത് പാവങ്ങൾക്കുവേണ്ടി’ ക്രൂരമായ തമാശയും അപഹാസ്യമായ നടപടിയും

കെ രവീന്ദ്രൻ
Posted on July 04, 2020, 5:45 am

കെ രവീന്ദ്രൻ

ഇന്ധന വിലവർധന പാവങ്ങൾക്ക് വേണ്ടിയാണെന്ന കേന്ദ്രസർക്കാരിന്റെ വാദം ക്രൂരമായ തമാശയും ഒപ്പം അപഹാസ്യമായ നടപടിയുമാണ്. രണ്ടുവർഷം മുമ്പ് ഇന്ധന വില ഓരോ പൈസവച്ച് വർധിപ്പിച്ചപ്പോഴും പരിഹാസ്യമായ ഇതേ ന്യായമാണ് സർക്കാർ പറഞ്ഞിരുന്നത്. ഔചിത്യബോധമില്ലാതെ ഇന്ധനവില 22 തവണയായി വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി പിടിച്ചുപറിയെന്നാണ് വിശേഷിപ്പിച്ചത്.

കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ കേന്ദ്ര സർക്കാർ നടത്തുന്ന ഈ പകൽക്കൊള്ള അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പാവങ്ങളുടെ വയറ്റത്തടിച്ചല്ല സർക്കാർ ലാഭമുണ്ടാക്കേണ്ടതെന്നും ഇന്ധന വില പിൻവലിയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ന്യായീകരണവുമായി വന്നു. അദ്ദേഹം നിരത്തിയ ന്യായങ്ങൾ വെളിപ്പെടുത്തിയത് അദ്ദേഹത്തിന് നാണം എന്നൊന്ന് ഇല്ലെന്നായിരുന്നു. ഇന്ധന വില വർധനവിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് ഈ മഹാമാരിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് അവരെ സഹായിക്കാനും ദുരിതമനുഭവിക്കുന്ന കർഷകരുടെ കൈകളിൽ പണമെത്തിക്കാനുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

യുപിഎ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ കണ്ടെത്തിയ ധനം അവർ കുടുംബ അക്കൗണ്ടകളിലായിരുന്നു നിക്ഷേപിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധന വിലയിൽ ഒരു പൈസ വീതം വർധന ഏർപ്പെടുത്തിയതിനെ ന്യായീകരിച്ചുകൊണ്ട് 2018 ജൂൺ 20 ന് ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട പെട്രോളിയം മന്ത്രി അന്ന് നടത്തിയ അസാംഗത്യമായ ജല്പനങ്ങൾ തികച്ചും പരിതാപകരവും സഹതാപം ഉളവാക്കുന്നതുമായിരുന്നു. ഒട്ടേറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണത്രേ സർക്കാർ ഒരു പൈസ വർധനവ് എന്ന നടപടിക്ക് തീരുമാനമെടുത്തത് എന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഇന്ധന വില വർധന പരിമിതപ്പെടുത്താൻ എണ്ണ കമ്പനികൾ ഒട്ടേറെ ത്യാഗം സഹിക്കുന്നുണ്ടെന്നു വരെ മന്ത്രി പ്രസ്താവിച്ചുകളഞ്ഞു. അന്തർദേശീയ വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടാകുന്ന വിലവ്യതിയാനം മാത്രമല്ല എണ്ണവില നിശ്ചയിക്കുന്നതെന്നും രൂപയുടെ വിനിമയ നിരക്കും ഇന്ധന വില നിശ്ചയിക്കുന്നതിൽ ഒരു ഘടകമാണെന്നും അതുകൊണ്ട് സർക്കാർ വില വർധിപ്പിക്കുന്നത് പാവങ്ങളുടെ ക്ഷേമത്തിനാണെന്നും മന്ത്രി പറഞ്ഞപ്പോൾ സ്വന്തം വാക്കുകളുടെ പൊള്ളത്തരം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. മന്ത്രിയുടെ വാക്കുകൾ മുഖവിലക്കെടുത്താൽ തന്നെ ഉയരുന്ന പ്രധാന ചോദ്യം എന്തുകൊണ്ട് ധനസ്വരൂപണത്തിന് ഇന്ധന വില വർധനവിനെ മാത്രം ആശ്രയിക്കുന്നു എന്നതാണ്.

ഇന്ധന വില സർക്കാർ തന്നെ വർധിപ്പിക്കുമ്പോഴും കുറ്റം വിപണിയുടെ തലയിൽ വച്ചുകെട്ടുന്നത് മുറിവിൽ മുളക് തേയ്ക്കുന്നതിന് സമമാണ്. കൊറോണ വൈറസിനെതിരെ പൊരുതുന്നതിന് പണം കണ്ടെത്തണമെങ്കിൽ സർക്കാർ എല്ലാവർക്കും ബാധകമായ രീതിയിൽ പ്രത്യേക സെസ് പിരിക്കുകയാണ് വേണ്ടത്. 2018 ൽ കേന്ദ്ര സർക്കാർ തുടർച്ചയായി ഇന്ധന വില വർധിപ്പിച്ചുകൊണ്ടിരുന്ന വേളയിൽ അസംസ്കൃത എണ്ണ വില ബാരലിന് 80 ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ പെട്രോളിയം വിപണി കൂപ്പുകുത്തിയ വേളയിലും കേന്ദ്ര സർക്കാർ പഴയ നിരക്കിൽ തന്നെയാണ് വില വർധിപ്പിക്കുന്നത്. ചരിത്രത്തിൽ തന്നെ അസംസ്കൃത എണ്ണയ്ക്ക് ഇത്രത്തോളം വിലയിടിഞ്ഞ കാലം ഉണ്ടായിട്ടില്ല. അതേസമയം ഈ വിലക്കുറവിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കുന്നുമില്ല. പകരം കേന്ദ്രസർക്കാരും ഓയിൽ കമ്പനികളും ചേർന്ന് ഉപഭോക്താക്കളെയും ജനങ്ങളെയും കൊള്ളയടിക്കുകയാണ്. കോവിഡ് 19 വ്യാപനം ലോകത്താകെ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ വിപണി നിശ്ചലാവസ്ഥയിലാകാനാണ് സാധ്യത. അപ്പോൾ സ്വാഭാവികമായും ഉപഭോഗവും കുറയും. ഇത് ഇന്ധന വിനിയോഗത്തെയും ബാധിക്കുമെന്നതിനാൽ അന്താരാഷ്ട വിപണിയിൽ വില താഴും. ബാരൽ വില 40 ഡോളറിലും താഴേക്ക് പോകാനും ഇടവരുത്തും.

എന്നാലും പെട്രോളിയം മന്ത്രി വില വർധനവുമായി പ്രത്യക്ഷപ്പെടും. കോവിഡ് മഹാമാരിയുടെ വ്യാപനം ലോകത്തെ സ്തംഭനാവസ്ഥയിലാക്കിയതോടെ, പ്രത്യേകിച്ച് ഗതാഗത സംവിധാനങ്ങളെ, പെട്രോളിയം ഉല്പാദക രാഷ്ട്രങ്ങൾ അവരുടെ എണ്ണ ശേഖരം വിറ്റഴിക്കാനാകാതെ വിഷമിക്കുകയാണ്. പ്രതിസന്ധിയെ മറികടക്കാൻ ഒപെക് രാഷ്ട്രങ്ങൾ ഉല്പാദനം വെട്ടിക്കുറയ്ക്കുകയായിരുന്നു. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് സാമ്പത്തിക പ്രതിസന്ധികളിൽ ഉഴറുന്ന ഇറാഖ് അവസ്ഥയെ എങ്ങനെ തരണം ചെയ്യുമെന്നും ഉല്പാദനം വെട്ടിക്കുറയ്ക്കുമോ എന്നും മറ്റ് എണ്ണ ഉല്പാദക രാഷ്ട്രങ്ങൾ ഉറ്റുനോക്കുകയായിരുന്നു. അതുപോലെ ആഭ്യന്തര പ്രശ്നങ്ങളിൽ പൊറുതിമുട്ടിയ ലിബിയയും ഇതേസമയത്താണ് എണ്ണ ഉല്പാദനം പുനരാരംഭിക്കുന്നത്. വിപണിയിലേക്ക് കൂടുതലായി വരുന്ന ലിബിയയിൽ നിന്നുള്ള എണ്ണ വിലസ്ഥിരതയെ വീണ്ടും വെല്ലുവിളിക്കുമെന്ന അവസ്ഥയാണ് സംജാതമാക്കിയത്. യുഎസ്, ബ്രസീൽ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും തീവ്രമായിരിക്കുന്ന സാഹചര്യത്തിൽ വിപണിമാന്ദ്യം സ്വാഭാവികമാണ്. കോവിഡ് നിയന്ത്രണ വിധേയമാകുന്ന ഘട്ടത്തിൽ മാത്രമേ നടപ്പുവർഷം എണ്ണ വിപണിയുടെ ഭാവി എത്രകണ്ട് സുസ്ഥിരമായിരിക്കൂ എന്ന് പറയാനാകൂ.

എണ്ണ വിപണി കൂപ്പുകുത്തുമ്പോഴും മോഡി സർക്കാർ ഏകപക്ഷീയമായി ഇന്ധന വിലവർധനവുമായി മുന്നോട്ട് പോകുമോ എന്നാണ് ഇനി അറിയാനുള്ളത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില എത്രകണ്ട് കുറഞ്ഞാലും മോഡി സർക്കാർ കോവിഡിന്റെ പേരിൽ വില കുറവിന്റെ പ്രയോജനം സാധാരണക്കാർക്ക് നൽകില്ലെന്ന കാര്യം സർക്കാരിന്റെ ഇതുവരെയുള്ള സമീപനം വച്ച് വിലയിരുത്തുമ്പോൾ സുവ്യക്തമാണ്. അതിനായി സർക്കാർ ആർക്കും ദഹിക്കാത്ത ഓരോരോ ന്യായങ്ങൾ നിരത്തുന്നത് തുടരുകയും ചെയ്യും. ഈ ദുരിത കാലത്ത് ജനക്ഷേമത്തിനായി മുൻഗണന നൽകി കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ ജനവിരുദ്ധ നടപടികളിലൂടെ ദുരിതം വർധിപ്പിച്ചുകൊണ്ടിരിക്കും.