സാമൂഹ്യ സന്തുലനം തെറ്റിക്കുന്ന പൊതുമേഖലാ വില്പന

എസ് രാമകൃഷ്ണൻ

എഐബിഇഎ ദേശീയ ജനറൽ കൗൺസിൽ അംഗം

Posted on June 13, 2020, 5:45 am

കോവിഡ് 19 വ്യാപനം നിയന്ത്രിക്കാനായി പ്രഖ്യാപിച്ച ലോക്ഡൗൺ നടപടി നിത്യക്കൂലിക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ചെറുകിട സ്ഥാപനങ്ങളെയും മറ്റുമാണ് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത്. 40 കോടിയിലേറെ വരുന്ന സാമ്പത്തികമായി ദുർബലരായ ഈ ജനതയും അവരുടെ ആശ്രിതരുമാണ് ഈ രാജ്യത്തെ ഭൂരിപക്ഷം. ഇവരുടെ തകർച്ച, ഈ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചകൂടിയാണ്.

കോവിഡ് പാക്കേജിന്റെ ഭാഗമായി മോഡീ സർക്കാർ പ്രഖ്യാപിച്ച വൻതോതിലുള്ള സ്വകാര്യവൽക്കരണം, “ഇടിവെട്ടിയവനെ പാമ്പുകടിച്ച’ മാതൃകയിൽ ഉള്ള ഒരാഘാതമാണ് സമ്മാനിച്ചത്. “വാണിജ്യ സംരംഭങ്ങൾ നടത്തുന്നത് സർക്കാരിന്റെ പണിയല്ല’ എന്നതാണ് ആഗോള മുതലാളിത്ത കേന്ദ്രങ്ങൾ 40 വർഷത്തോളം തുടർച്ചയായി പ്രചരിപ്പിക്കുന്ന മുദ്രാവാക്യം. ഇത് ഏറ്റുപാടാൻ ഇന്ത്യൻ ഭരണാധികാരികൾ 1991 മുതൽ ആരംഭിച്ചിട്ടുണ്ട്. 1999 മുതൽ 2004 വരെ ഭരിച്ച വാജ്പേയി പ്രധാനമന്ത്രിയായ എൻഡിഎ സർക്കാരിൽ പൊതുമേഖലയുടെ വില്പനയ്ക്കായി ഒരു പ്രത്യേക മന്ത്രിതന്നെ ഉണ്ടായിരുന്നു-അരുൺ ഷൂരി. ഇന്ന് അദ്ദേഹം ആ നയങ്ങളുടെ വിമർശകനാണ്!

പൊതുമേഖലയുടെ വില്പന എന്നത് കേവലം ഉടമസ്ഥതയിൽ വരുന്ന മാറ്റമല്ല. ആഴമേറിയ സാമ്പത്തിക സാമൂഹ്യ പ്രതിസന്ധിയിലേക്കാണ് ഈ നടപടി രാജ്യത്തെ തള്ളിവിടുക. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം എന്ന് സാമാന്യേന പറയുന്ന പ്രശ്നം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 63 ഇന്ത്യൻ ശതകോടീശ്വരരുടെ സമ്പത്ത് 28.97 ലക്ഷം കോടി ആണെന്നും അത് 2019–20 വർഷത്തിലെ ബജറ്റ് തുകയെക്കാൾ (27.86 ലക്ഷം കോടി രൂപ) കൂടുതലാണ് എന്നും ഓക്സ്ഫാം ഇന്ത്യയുടെ പഠനങ്ങളിൽ പറയുന്നു.

ഒരു ശതമാനം ധനാഢ്യരുടെ സമ്പത്ത് രാഷ്ട്രത്തിന്റെ ആകെ സമ്പത്തിന്റെ 73 ശതമാനം ആണ് എന്നും പഠന റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കുത്തക കുടുംബാംഗങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്വാധീനം കുത്തനെ വർധിക്കുന്നു. എല്ലാ സർക്കാർ നയങ്ങളെയും സ്വന്തം താല്പര്യത്തിനൊത്ത് വളച്ചൊടിക്കാൻ ഉള്ള കെല്പ് ഇന്ത്യൻ മുതലാളിത്തം ആർജിച്ചിരിക്കുന്നു. ഈ സ്ഥിതി ഭരണകൂടത്തിന്റെ മേധാശക്തിയെത്തന്നെ ഇല്ലായ്മ ചെയ്യുന്ന രീതിയിലേക്ക് ഭീതിദമാംവണ്ണം തീവ്രത ആർജിച്ചുവരികയാണ്. സ്വകാര്യ മൂലധനത്തിന്റെ കടിഞ്ഞാണില്ലാത്ത ഈ പാച്ചിലിന് അല്പമെങ്കിലും തടയിടാൻ സർക്കാരിന് കെല്പുനല്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളാണ്.

ജിയോയ്ക്ക് തടസ്സം ബിഎസ്എൻഎൽ ആണ് എന്നും റിലയൻസ് പെട്രോളിയത്തിനു തടസ്സം പൊതുമേഖലാ എണ്ണക്കമ്പനികളാണെന്നും സ്വകാര്യ ഇൻഷുറൻസ് മേഖലയ്ക്ക് തടസ്സം എൽഐസി ആണ് എന്നും മറ്റാർക്കു നിശ്ചയമില്ലെങ്കിലും ബന്ധപ്പെട്ട മുതലാളിമാർക്ക് നല്ല നിശ്ചയമുണ്ട്. അതാണ് ഈ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം വിൽക്കണം എന്ന പ്രേരണ ഇവർ സർക്കാരിന്മേൽ ചെലുത്താൻ കാരണം.

മറുവശത്ത് കഠിനമായ സാമ്പത്തിക ഞെരുക്കത്തിൽപെട്ട് ഉഴലുന്ന സർക്കാർ, പൊതുമേഖലാ വില്പനയെ എളുപ്പമാർന്ന ധനാഗമ മാർഗ്ഗമായി കാണുന്നു. എഴുപതു വർഷത്തിലേറെയായി റിസർവ് ബാങ്ക് കരുതിവെച്ച റിസർവുകൾ — 1.76 ലക്ഷം കോടി രൂപ കൈക്കലാക്കിയ ശേഷം, പൊതുമേഖലാ വില്പനയിലൂടെ അടുത്ത ഒന്നു രണ്ടു വർഷത്തെ ധനകമ്മി പിടിച്ചു നിർത്താനാണ് ഗവൺമെന്റ് നേരത്തെതന്നെ ഉദ്ദേശിച്ചിരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ബാധ്യതകൾ പതിന്മടങ്ങ് വർധിച്ചപ്പോൾ ഈ നടപടി വേഗത്തിലാക്കി. ഇതിന്റെ ആത്യന്തികഫലം, സ്വകാര്യ മേഖലയുടെ മുകളറ്റം വളരെയേറെ ശക്തമാകുകയും അതേസമയം സർക്കാർ, ആസ്തികളെല്ലാം ഒഴിഞ്ഞ് പാപ്പരാക്കപ്പെടുകയും ചെയ്യുക എന്നതാണ്. തന്മൂലം രണ്ടു സാമ്പത്തിക വർഷം കഴിയുമ്പോൾ, 2023–2024 വർഷത്തോടെ, ഇന്ത്യാ സർക്കാർ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് കീഴടങ്ങേണ്ട സ്ഥിതി സൃഷ്ടിക്കപ്പെടും. സ്വന്തം സാമ്പത്തികശേഷി കാണിക്കാനുള്ള വിലപ്പെട്ട ആസ്തികളൊന്നും സർക്കാരിന്റെ പക്കൽ ഉണ്ടാവില്ല.

ധനകമ്മി വർധിക്കുകയും ചെയ്യും. കർഷകർക്കും സാധാരണ ജനങ്ങൾക്കും അനുകൂലമായ ഒരു സഹായവും ചെയ്യാനാവാത്ത നിലയിലേക്ക് സർക്കാർ തള്ളപ്പെടും. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, അടിസ്ഥാനസൗകര്യ വികസനം, സങ്കേതികവിദ്യ, ശാസ്ത്രം തുടങ്ങിയ ഒരു മേഖലയിലും സർക്കാർ നിക്ഷേപം സാധ്യമാകാതെ വരുമെന്നു മാത്രമല്ല, സൈനികശേഷിവരെ ചുരുക്കുകയും ഒരുപക്ഷേ, സൈന്യത്തെ തന്നെ സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്ന ദുരവസ്ഥയിലേക്ക് ഇന്ത്യാരാജ്യം കൂപ്പുകുത്തും. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന നിലയിലുള്ള രാഷ്ട്രത്തിന്റെ തലയെടുപ്പും നിലനിൽപുപോലും അപകടപ്പെടുത്തുന്ന ദിശയിലേക്കാണ് ചുരുക്കത്തിൽ കാര്യങ്ങൾ നീങ്ങുന്നത്. ഇതോടൊപ്പം മറ്റൊരു വമ്പിച്ച സാമൂഹ്യവിപത്തുകൂടി ജനങ്ങളെ കാത്തിരിക്കുന്നു.

ഒരൊറ്റ സ്ഥാപനത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ ഇക്കഴിഞ്ഞ ജനുവരി 31 ന് നടന്നു. ബിഎസ്എൻഎല്ലിൽ നിന്ന് 78,565 പേരും എംടിഎൻഎല്ലിൽ നിന്ന് 14,378 പേരും “സ്വമേധയാ” പിരിഞ്ഞുപോയി. ഒരു കേന്ദ്രപൊതുമേഖലാ സ്ഥാപനത്തിൽ ഒരു ലക്ഷം തസ്തികകൾ ഇല്ലാതാകുക എന്നാൽ എന്താണർത്ഥം? നമുക്ക് പരിശോധിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം പബ്ളിക് അപ്പോയിന്റ്മെന്റ് ആണ്. പത്രപരസ്യം കൊടുത്ത് സുതാര്യമായ നടപടിക്രമങ്ങളിലൂടെ ആണ് നിയമനങ്ങൾ നടത്തേണ്ടത്. കേന്ദ്ര സംവരണതത്വങ്ങൾ പാലിച്ചിരിക്കണം.

പട്ടികജാതി 15 ശതമാനം, പട്ടികവർഗ്ഗം 7.5 ശതമാനം, മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) 27 ശതമാനം, ശാരീരിക വൈകല്യങ്ങൾ ഉള്ളവർ മൂന്ന് ശതമാനം, സാമ്പത്തിക പിന്നോക്ക വിഭാഗം 10 ശതമാനം, വിമുക്ത സൈനികർ 10 ശതമാനം എന്നിവ കൂടാതെ ശ്രീലങ്കൻ അഭയാർത്ഥികൾ, യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾ, മക്കൾ എന്നിങ്ങനെ പലതരം സംവരണ മാനദണ്ഡങ്ങൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിലവിലുണ്ട്. 15,000 എസ്‌സി, 7,500 എസ്‌ടി, 27,000 ഒബിസി, 3,000 ഭിന്നശേഷിക്കാർ, 10,000 വിമുക്തസൈനികർ എന്നിവർക്ക് ഒറ്റയടിക്ക് തൊഴിൽ സാധ്യത ഇല്ലാതാകും.

പൊതുമേഖല ഇല്ലാതാകുക എന്നാൽ ഇപ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന വിവിധ സാമൂഹ്യ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സ്ഥിരമായി നിഷേധിക്കപ്പെടുക എന്നാണ്. ഈ വിവരം എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയിൽ പ്രചരിപ്പിക്കുന്ന ചുമതല പുരോഗമന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും ഏറ്റെടുക്കേണ്ടതുണ്ട്. സ്വത്വരാഷ്ട്രീയ പ്രശ്നങ്ങളായി ഇവയെയൊന്നും ചുരുക്കി കാണുന്നത് ശരിയല്ല.

വനിതകളുടെ കാര്യമെടുക്കാം. മാന്യവും തുല്യ പരിഗണന ലഭിക്കുന്നതുമായ സുരക്ഷിത തൊഴിൽ മേഖലയാണ് വനിതകളെ സംബന്ധിച്ചിടത്തോളം പൊതുമേഖലാ സ്ഥാപനങ്ങൾ. ഒരുപക്ഷേ തുല്യ പരിഗണനയിലുപരി പ്രത്യേക പരിഗണനകൾതന്നെ വനിതകൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്നുണ്ട്. ഈ തൊഴിൽമേഖല പരിപൂർണ്ണമായും ഇല്ലാതാകുന്ന ഒരു സ്ഥിതിവിശേഷത്തെക്കുറിച്ച് മഹിളാ സംഘടനകൾ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ? സംശയമാണ്. ഇത് വേണ്ടതരത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. പ്രതികരിക്കേണ്ടതുണ്ട്.

റയിൽവേ ഉൾപ്പെടെ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ 40 ലക്ഷത്തോളം നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങൾ ഉണ്ട്. ഈ സ്ഥാപനങ്ങൾ സ്വകാര്യമേഖലയിലെത്തിയാൽ വളരെ നിഷ്പക്ഷമായി, മത്സരപ്പരീക്ഷയിലൂടെയും മറ്റും ജീവനക്കാരെ നിയമിച്ചാൽ പോലും ദളിതർക്കും പിന്നാക്ക ജനതയ്ക്കും അഞ്ച് ശതമാനത്തിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. അതേസമയം സ്വകാര്യമേഖലയിൽ നിന്ന് സുതാര്യമായ ഒരു നിയമന പ്രക്രിയ പ്രതീക്ഷിക്കേണ്ടതില്ല എന്ന വസ്തുതയും നമ്മുടെ മുമ്പിലുണ്ട്.

കരാർ തൊഴിലും നിശ്ചിതകാല തൊഴിലും മറ്റും നിയമവിധേയമാക്കുന്ന തൊഴിൽ നിയമങ്ങളാണല്ലോ ലേബർ കോഡ് വഴി സർക്കാർ മുൻകൈ എടുത്ത് വ്യാപകമാക്കുന്നത്. അതിനാൽ സ്ഥിരം തൊഴിൽ, വ്യവസ്ഥാപിത ശമ്പളഘടന, നിർവചിക്കപ്പെട്ട അവകാശങ്ങൾ, ആനുകൂല്യങ്ങൾ തുടങ്ങിയവയൊന്നും തുടരുമെന്ന് പ്രത്യാശിക്കാനാവില്ല. ബിഎസ്എൻഎൽ / എംടിഎൻഎൽ എന്നിവയിൽ മാത്രം ഏതാണ്ട് ഒരുലക്ഷം തസ്തികകൾ റദ്ദായിപ്പോയി എന്നു പറയുമ്പോൾ നാനൂറോളം പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാതായാൽ ഉണ്ടാകുന്ന ഭീകരാവസ്ഥ ഒന്നു സങ്കല്പിച്ചുനോക്കുക.

സംവരണമുണ്ടായിട്ടുപോലും സമത്വം ഒരു വിദൂര സ്വപ്നമായിരിക്കെ, ആ കൈത്താങ്ങുകൂടി എടുത്തുമാറ്റപ്പെട്ടാൽ ഒരിക്കലും നികത്താനാകാത്ത സാമൂഹ്യ നഷ്ടങ്ങളാണ് ഉണ്ടാവുക. അതിനാൽ, വരാനിരിക്കുന്ന ദുരന്തത്തെ മുൻകൂട്ടി കണ്ട് പൊതുമേഖലാ വില്പന എന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ അജണ്ടയെ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് എതിർത്തു തോൽപ്പിച്ചേ മതിയാകൂ.