ബിനോയ് വിശ്വം

June 02, 2020, 5:45 am

സോഷ്യലിസ്റ്റ് — കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ വക്താവ്

Janayugom Online

മാതൃഭൂമിക്ക് കിട്ടാതെ പോയ പ്രഗത്ഭനായ ചീഫ് എഡിറ്ററാണ് വീരേന്ദ്രകുമാർ എന്ന് മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായ തോമസ് ജേക്കബ് പറഞ്ഞത് ശരിയായിരിക്കാം. എന്നാൽ അത് കൊണ്ട് മാത്രം എം പി വീരേന്ദ്രകുമാറിന്റെ വ്യക്തിത്വാപഗ്രഥനം പൂർണമാകുന്നില്ല. ആ വ്യക്തിത്വം ദൂരങ്ങളിലേക്കും ഉയരങ്ങളിലേക്കും പടർന്നു കയറുന്ന ഒരുതരം പ്രതിഭാസമാണ്.

പത്രപ്രവർത്തനം അതിന്റെ ശാഖകളിലൊന്നു മാത്രമാണ്. “ഐആംഎ പൊളിറ്റിക്കൽ അനിമൽ” എന്ന് സ്വതസിദ്ധ ശൈലിയിൽ പറഞ്ഞ വീരേന്ദ്രകുമാർ പതിവ് രാഷ്ട്രീയത്തിന്റെ നിശ്ചിത അതിരുകളിൽ തന്നെ തളച്ചിടാൻ തയ്യാറല്ലായിരുന്നു. ജീവിതത്തിന്റെ എല്ലാ തുറവുകളിലേക്കും സ്വന്തം പ്രജ്ഞയെ പറഞ്ഞയയ്ക്കാൻ ഔത്സുക്യം കാണിച്ച രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് ആ രാഷ്ട്രീയ പ്രവർത്തന ശൈലിക്ക് സർഗാത്മകതയുടെ സൗന്ദര്യം എന്നും കൂട്ടിനെത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എഴുത്തും വേറിട്ടുനിന്നത് അതുകൊണ്ട് തന്നെ.

സോഷ്യലിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ പ്രതിഭാശാലികളുടെ പട്ടികയിൽ എം പി വീരേന്ദ്രകുമാറിന്റെ പേരും പതിഞ്ഞിട്ടുണ്ട്. സമ്പന്നനായ തോട്ടമുടമ സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ കഥയാണ് എം കെ പത്മപ്രഭാ ഗൗഡറുടേത്. അദ്ദേഹത്തിന്റെ മകൻ പതിനഞ്ചാം വയസിൽ ജയപ്രകാശ് നാരായണന്റെ കൈയിൽ നിന്ന് സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചത് അച്ഛന്റെ കാൽപ്പാടുകളെ പിന്തുടർന്നായിരുന്നു. പലതുകൊണ്ടും കാന്തശക്തിയുള്ള റാംമനോഹർ ലോഹ്യ ആ യുവ സോഷ്യലിസ്റ്റിന്റെ വഴികാട്ടിയായത് സ്വഭാവികം.

പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിക്ക് പലതരത്തിലുള്ള ആശയ വ്യതിയാനങ്ങൾ സംഭവിച്ചുവെങ്കിലും ലോഹ്യയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത സോഷ്യലിസ്റ്റുകളിൽ ഒരാളായി അദ്ദേഹം നിലകൊണ്ടു. മതേതരത്വം എന്ന മഹത്തായ ആദർശത്തോട് പുലർത്തിയ സന്ധിയില്ലാത്ത കൂറായിരുന്നു വീരേന്ദ്രകുമാറിന്റെ മുഖമുദ്ര. വർഗീയ ഫാസിസം അതിന്റെ തേർച്ചക്രമുരുട്ടാൻ ശ്രീരാമനെ മറയാക്കിയപ്പോൾ രാജ്യത്ത് നടന്ന ആശയസംവാദത്തിൽ യഥാർത്ഥ രാമനെ മുൻനിർത്തി പടക്കളത്തിലിറങ്ങി, ആ പോരാളി.

രാമന്റെ ദുഃഖം പോലുള്ള രചനകളും ആശയഗാംഭീര്യമാർന്ന പ്രഭാഷണങ്ങളും കൊണ്ട് സംവാദ വേദികൾക്ക് ചാരുത പകർന്നു. അമേരിക്കയിലെ ഒഹായോയിലെ സിൻസിനാറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പാസ്സായ അദ്ദേഹം രാഷ്ട്രീയ വിമർശനത്തിന് ധനശാസ്ത്ര പരിജ്ഞാനം എത്രമേൽ അനിവാര്യമാണെന്ന് തെളിയിച്ചു. ആഗോളീകരണത്തിന്റെ ആപത്തുകൾ വിശദമാക്കി ഗാട്ടും കാണാച്ചരടുകളും എഴുതിയപ്പോൾ ഈ പരിജ്ഞാനമാണ് വായനക്കാർക്ക് അനുഭവപ്പെട്ടത്. ഗഹനമായ വിഷയങ്ങൾ ലളിതമായി പറഞ്ഞ ആ പുസ്തകം രാഷ്ട്രീയ പ്രവർത്തകർക്ക് അന്ന് കൈപുസ്തകമായി.

എഴുത്തിന്റെ മേഖലയിൽ വീരേന്ദ്രകുമാർ എന്ന രാഷ്ട്രീയ നേതാവ് ശരാശരി രാഷ്ട്രീയത്തിന്റെ പരിമിത വൃത്തങ്ങളെ പലവുരു വെല്ലുവിളിച്ചു. ഹൈമവതഭൂവിൽ എഴുതിയപ്പോൾ അദ്ദേഹം ഇന്ത്യൻ സംസ്ക്കാരത്തിന്റെ ചരിത്ര ഭൂമിയിലേക്കാണ് അനുവാചകരെ ആനയിച്ചത്. ധാനൂബിന്റെ തീരങ്ങളിലെ യാത്രാനുഭവങ്ങൾ അദ്ദേഹം പങ്കിട്ടത് മനോജ്‍ഞമായ സൗന്ദര്യ നിഷ്ഠയോടെയാണ്. ഒടുവിൽ വിവേകാനന്ദനെകുറിച്ച് എഴുതിയപ്പോൾ ഇന്ത്യൻ തത്വചിന്തയുടെ വേറിട്ട നായകനെയാണ് വീരേന്ദ്രകുമാർ പരിചയപ്പെടുത്തിയത്. നിരന്തരം വായിക്കാനും വായനാനുഭവങ്ങൾ സഹജീവികൾക്കായി പങ്കിടാനും അദ്ദേഹം കാണിച്ച ശുഷ്കാന്തി ആരെയാണ് അത്ഭുതപ്പെടുത്താത്തത്. പരിസ്ഥിതിയുടെയും ജലത്തിന്റെയും രാഷ്ട്രീയം ദശാബ്ദങ്ങൾക്ക് മുമ്പ് ഉൾക്കൊണ്ട നേതാവായിരുന്നു അദ്ദേഹം. ആ രാഷ്ട്രീയം മനസ്സിലാകാതിരുന്ന പലരും അതിനെ അവഗണിക്കുകയോ ചിലപ്പോൾ പരിഹസിക്കുകയോ ചെയ്തു.

പക്ഷേ നിഷ്കാമകർമ്മിയായ ഒരു പടയാളിയെപ്പോലെ അദ്ദേഹം അതു പറഞ്ഞുകൊണ്ടേയിരുന്നു. വികസനത്തിന്റെ ഒന്നാം നമ്പർ ശത്രു മരമാണ് എന്ന് ചിന്തിക്കുന്ന പലരെയും നാം എന്നും കാണാറുണ്ട്. വനമേഖലയിലെ മരങ്ങൾ മുറിക്കരുത് എന്ന് ഉത്തരവിട്ടതിന്റെ പേരിൽ രണ്ട്നാൾ പൂർത്തീയാക്കാനാവാതെ മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്ന ഈ മന്ത്രി, അത്തരക്കാരെ എന്നും അസ്വസ്ഥമാക്കുന്ന ചോദ്യചിഹ്നമായിരിക്കും. 2006 ൽ വനം മന്ത്രിയായി ചുമതലയേറ്റപ്പോൾ അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കിട്ടു. നർമ്മം കലർത്തി ആയിരുന്നു അദ്ദേഹം അത് പറഞ്ഞത്. ഓരോ ചുവടും സൂക്ഷിച്ചുവയ്ക്കണം എന്ന ഉപദേശമായിരുന്നു ആ സംഭാഷണത്തിന്റെ കാതൽ.

വീരേന്ദ്രകുമാർ പ്രകൃതിയേയും കുടിവെള്ളത്തെയും മുൻനിർത്തി പ്ലാച്ചിമടയേയും ഹിമാലയത്തേയും ചൂണ്ടികാട്ടി പറഞ്ഞ കാര്യങ്ങൾ നമ്മുടെ രാഷ്ട്രീയത്തിന്റേയും വികസനത്തിന്റേയും ഇന്നത്തെ സംവാദ വേദികളെ സ്വാധീനിക്കേണ്ടവയാണ്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിദൗർബല്യങ്ങളെപ്പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്ന നേതാവാണ് യാത്ര പറഞ്ഞത്. ഒന്ന് രണ്ട് തവണ യാത്രാവേളകളിൽ അദ്ദേഹം അതിനെക്കുറിച്ച് ദീർഘമായി സംസാരിച്ചത് ഓർത്തു പോകുന്നു. റാം മനോഹർ ലോഹ്യയെ മനസ്സിലാക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാർ പരാജയപ്പെട്ടു എന്ന വിമർശനം അദ്ദേഹത്തിനുണ്ടായിരുന്നു. ഗുജറാൾ മന്ത്രിസഭയുടെ കാലത്ത് ഈ വിമർശനം ഉന്നയിച്ചപ്പോൾ ഇന്ദ്രജിത്ത് ഗുപ്ത എന്നോട് യോജിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിൽ ജാതി ഘടകം ചെലുത്തുന്ന സ്വാധീനം നിസാരമല്ല. ജാതിയും വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെയും ബന്ധ കുറവിന്റെയും പ്രശ്നങ്ങളെ യാന്ത്രികമായി സമീപിക്കാവുന്നതല്ല. അത് പറഞ്ഞ റാംമനോഹർ ലോഹ്യയെ കമ്മ്യൂണിസ്റ്റ്കാർ ഉൾക്കൊണ്ടിരുന്നുവെങ്കിൽ നമ്മുടെ രാഷ്ട്രീയം വേറൊന്നാകുമായിരുന്നു എന്ന് പില്ക്കാലത്ത് ഇന്ദ്രജിത്ത് ഗുപ്ത തന്നെ ഈ ലേഖകനോട് പറഞ്ഞതോർക്കുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്നുള്ള തീപാറുന്ന സംവാദദിനങ്ങളിൽ സംവരണത്തിനനുകൂലമായി പതറാത്ത നിലപാട് കൈക്കൊണ്ട പാർട്ടിയാണ് സിപിഐ. സോഷ്യലിസ്റ്റ് ശക്തികളും വി പി സിങ്ങിനെ പോലെയുള്ള നേതാക്കളും ചിന്തിച്ചത് അതേവഴിക്കായിരുന്നു.

ആശയപരമായി കൂടി അർത്ഥമുണ്ടായിരുന്ന അന്നത്തെ പ്രക്ഷോഭ വേദി ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊടുത്തുവിട്ട ബദൽ ചിന്തകൾ ചരിത്രപരമായ പ്രാധാന്യം ഉള്ളവയാണ്. അതിന്റെ ആഴമളക്കാൻ പ്രാപ്തിയുള്ള നേതാവായിരുന്നു വീരേന്ദ്രകുമാർ. ജനാധിപത്യത്തെക്കുറിച്ചുള്ള തങ്ങളുടെ സമീപനങ്ങളിൽ സ്വയം വിമർശനങ്ങൾ വേണമെന്ന ചിന്ത സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് ലോകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ശക്തിപ്പെട്ടു. ഇന്ത്യയിൽ ആ വഴിക്ക് സിപിഐ നടത്തിയ അന്വേഷണങ്ങൾ കമ്മ്യൂണിസ്റ്റ് — സോഷ്യലിസ്റ്റ് ഐക്യത്തിന് വഴിതെളിക്കും എന്ന് പ്രതീക്ഷിച്ചവർ ഏറെയുണ്ട്. വീരേന്ദ്രകുമാർ അങ്ങനെ ചിന്തിച്ച നേതാവാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള ഏതു കാര്യങ്ങളും അതിർവരമ്പുകളില്ലാതെ സംസാരിക്കാൻ കഴിയുമായിരുന്ന ഹൃദയ വിശാലതയുള്ള നേതാവാണദ്ദേഹം.

വ്യക്തിപരമായ ഒരു പാട് ഓർമ്മകളുണ്ട്. 1987 ൽ കോഴിക്കോട് ജനയുഗം പത്രാധിപരായി എത്തിയ ദിനങ്ങൾ മുതൽ അതാരംഭിക്കുന്നു. “താങ്കളായിരിക്കും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപർ എന്നതായിരുന്നു തുടക്കം. ഇടയ്ക്കിക്കിടക്ക് “ബുടാപെസ്റ്റിൽ നിന്ന് സിപിഐ കണ്ടെത്തിയ എഡിറ്റർ” എന്ന പ്രയോഗവും ഉണ്ടായിട്ടുണ്ട്. അന്നു മുതലേയുള്ള അടുപ്പം കൊണ്ടായിരിക്കും അധികാരം കലർന്ന ഒരു സ്നേഹം അദ്ദേഹം കാട്ടിയിട്ടുണ്ട്. പലപ്പോഴായി ഞാനെഴുതിയ അനുസ്മരണ കുറിപ്പുകൾ ചേർത്ത് ഒരു പുസ്തകമിറക്കാൻ ആദ്യം പറഞ്ഞത് അദ്ദേഹമാണ്. 12 കൊല്ലം കഴിഞ്ഞ് ആ പുസ്തകം യാഥാർത്ഥ്യമായപ്പോൾ പ്രകാശനം ചെയ്യാൻ കാനം രാജേന്ദ്രനോടൊപ്പം എത്തിയതും വീരേന്ദ്രകുമാർ തന്നെ. അദ്ദേഹം പ്രഗത്ഭനായ പാർലമെന്റേറിയനായിരുന്നു.

ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എംപിമാർ വീരേന്ദ്രകുമാറിനോട് കാണിക്കുന്ന ആദരവ് ഞാൻ കണ്ടത് 2018ൽ രാജ്യസഭയിൽ എത്തിയപ്പോഴാണ്. ഞങ്ങൾക്കെല്ലാം കാരണവരെപ്പോലെ ആയിരുന്നു അദ്ദേഹം. കോഴിക്കോട് നിന്ന് ഡൽഹിക്ക് പോകുമ്പോൾ ചിലപ്പോൾ മുംബൈയിൽ വിമാനം മാറി കയറേണ്ടി വരും. അപ്പോൾ വേഗത്തിൽ നടക്കാനും ബാഗ് കൈമാറാനും ഞാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ചെറിയ കാര്യമാണ് എങ്കിലും ഓർക്കുമ്പോൾ ചാരിതാർത്ഥ്യം തോന്നുന്നു. ദേവഗൗഡ ഗവൺമെന്റിൽ തൊഴിൽകാര്യ സഹമന്ത്രിയായിരിക്കെ എഐടിയുസിയുടെ ഒരു ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹമെത്തി. സാമ്പത്തിക പരിഷ്ക്കാരങ്ങളെ പറ്റി പറയവെ ഐക്യമുന്നണി സർക്കാരിലെ തൊഴിൽ മന്ത്രി ഇങ്ങനെ പറഞ്ഞു “പരിഷ്ക്കാരങ്ങൾ വേണ്ടി വന്നേക്കും എന്നാൽ തൊഴിലാളി താല്പര്യങ്ങളെ മറന്നു കൊണ്ട് സ്വാശ്രയ ലക്ഷ്യങ്ങളെ മാറ്റിവച്ചുകൊണ്ട് ആയിരിക്കുകയില്ല ഈ ഗവൺമെന്റ് മുന്നോട്ടു പോകുന്നത്”.

ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി പങ്കാളിത്തം വഹിച്ച കേന്ദ്ര ഗവൺമെന്റ് ആയിരുന്നു അത്. പാക്കേജിന്റെയും പരിഷ്ക്കാരങ്ങളുടെയും മറവിൽ തൊഴിലാളികള ഞെക്കി പിഴിയുന്ന ഇന്നത്തെ ഭരണക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ആ വ്യത്യാസം മനസ്സിലാവും. വ്യാഴാഴ്ച പാതിരായ്ക്കടുത്താണ് ഏറ്റവും അടുത്ത ഒരു സുഹൃത്ത് മരണ വാർത്ത വിളിച്ചറിയിച്ചത്. എനിക്കപ്പോൾ തോന്നിയത് ശ്രേയാംസ് കുമാറിനെ വിളിക്കാനാണ്. പിതാവിന്റെ മരണമറിഞ്ഞ് കോഴിക്കോട്ടേക്ക് കൊച്ചിയിൽ നിന്ന് മകൻ അപ്പോൾ യാത്ര തിരിക്കുക ആയിരുന്നു. “ഞാൻ കരയുന്നില്ല ബിനോയ്, എത്ര വലിയ പരീക്ഷണം വന്നാലും കരയരുത് എന്നാണ് അച്ഛൻ പഠിപ്പിച്ചിട്ടുള്ളത്”.

ആ അച്ഛൻ ക്രാന്തദർശിത്വമുള്ള രാഷ്ട്രീയ നേതാവെന്ന നിലയിൽ ജനങ്ങളോട് പറഞ്ഞതും അതു തന്നെ. രാജ്യത്തിന്റെ പ്രിയപ്പെട്ട മൂല്യങ്ങൾക്കു നേരെ ഏതുതരം വെല്ലുവിളി ഉണ്ടായാലും പതറാതെയും തളരാതെയും മുന്നോട്ട് പോകണമെന്ന് ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ അത് പറയാനുള്ള ആശയഗരിമയും സർഗ്ഗസിദ്ധിയും സ്വായത്തമാക്കിയ പ്രതിഭാശാലിയാണ് വിട പറയുന്നത്. പക്ഷേ അദ്ദേഹം തൊടുത്തുവിട്ട നീതിക്കുവേണ്ടിയുള്ള ആശയ സമരം തുടർന്നു കൊണ്ടേയിരിക്കും.