രാജാജി മാത്യു തോമസ്

June 03, 2020, 5:30 am

ഭരണകൂട ഭീകരത അഴിഞ്ഞാടുന്ന യുഎസ്

Janayugom Online

ചൊവ്വാഴ്ച കാലത്ത് വെെറ്റ്ഹൗസിന് എതിര്‍വശത്ത് ‘പ്രസിഡന്റിന്റെ പള്ളി’ എന്നറിയപ്പെടുന്ന സെയ്‌ന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ദേവാലയത്തിലേക്ക് സുരക്ഷാഭടന്മാരുടെ വലയത്തില്‍ ഡൊണാള്‍ഡ് ട്രംപ് നിരത്തു മുറിച്ചുകടന്നു. അതിന് വഴിയൊരുക്കി പൊലീസ് ജനങ്ങള്‍ക്കുനേരെ കണ്ണീര്‍വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. നാലുപാടും ചിതറിയോടിയ ജനങ്ങളുടെ പ്രതിഷേധാക്രോശങ്ങള്‍ വകവയ്ക്കാതെ ദേവാലയത്തിനു മുന്നില്‍ വലതുകയ്യില്‍ വിശുദ്ധ വേദപുസ്തകം ഉയര്‍ത്തി ട്രംപ് ചിത്രത്തിന് പോസ് ചെയ്തു. സ്നേഹത്തിന്റെയും സഹനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയര്‍ത്തിയ അതേ ബെെബിളാണ് അമേരിക്കന്‍ ഐക്യനാടുകളുടെ സമകാലിക ചരിത്രത്തിലെ സമാനതകളില്ലാത്ത ഭരണകൂട ഭീകരതയുടെ പ്രതീകമാക്കി ട്രംപ് മാറ്റിയത്.

വാഷിങ്ടണ്‍ എപ്പിസ്കോപ്പല്‍ ബിഷപ്പ് റെെറ്റ് റവറന്റ്‍‍ മാരിയന്‍ ബുഡേ അസന്നിഗ്‌ധമായ വാക്കുകളില്‍ ട്രംപിന്റെ നടപടിയെ അപലപിച്ചു. തന്റെ അധീനതയിലുള്ള പള്ളിയില്‍ അതിക്രമിച്ചു കടന്നതിനെക്കാള്‍ അവരെ ചൊടിപ്പിച്ചത് പ്രസിഡന്റ് തന്റെ ഭീകരവാഴ്ചയെ ന്യായീകരിക്കാന്‍ ബെെബിളിനെ ദുരുപയോഗം ചെയ്തതാണ്. തങ്ങള്‍ ജോര്‍ജ് ഫ്ളോയിഡിനും സമാനമായി വര്‍ണ്ണവെറിയന്‍ പൊലീസ് സംവിധാനത്തിന്റെ ഇരകളായ അസംഖ്യം മനുഷ്യര്‍ക്കും നീതിക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വനിതാ ബിഷപ് പറഞ്ഞു. ‘എന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് എനിക്ക് അവിശ്വസിക്കാനാവില്ല’, ജോര്‍ജ് ഫ്ളോയിഡെന്ന ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ ഡെറക് ഷുവാന്‍ എന്ന കൂറ്റന്‍ യാങ്കി പൊലീസുകാരന്റെ കാല്‍മുട്ടിന്‍കീഴില്‍ അമര്‍ന്ന് ശ്വാസംമുട്ടി മരിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യം ഓര്‍ത്ത് അവര്‍ നടുങ്ങി.

വിശുദ്ധ വേദപുസ്തകത്തെ അക്രമത്തിനു മറയാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആസൂത്രിത ശ്രമം യുഎസിലെ വിവിധ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. എന്നാല്‍ അത്തരം വിവേകത്തിന്റെ വചനങ്ങള്‍ക്ക് തന്റെ പദ്ധതികളില്‍ സ്ഥാനമില്ലെന്ന് തെളിയിച്ച് ജോര്‍ജ് ലോയിഡ് വധത്തിനെതിരെ അമേരിക്കയിലുടനീളം അലയടിച്ചുവരുന്ന പ്രതിഷേധങ്ങളെ നിഷ്ഠൂരം അടിച്ചമര്‍ത്താനാണ് ട്രംപ് ഉത്തരവിട്ടത്. അടിമത്തത്തിനും വര്‍ണ്ണവിവേചനത്തിനും അറുതിവരുത്തിയെന്നും വംശ‑വര്‍ണ്ണ‑ഭാഷാ ഭിന്നതകള്‍ക്ക് അതീതമായ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ആധുനിക ജനാധിപത്യമാണ് തങ്ങളുടേതെന്നത് യുഎസ് നിരന്തരം ഊറ്റംകൊള്ളുന്നു.

എന്നാല്‍ നൂറ്റാണ്ടുകളായി അമേരിക്കന്‍ ഭരണ, സാമൂഹ്യ സംവിധാനങ്ങളില്‍ തുടര്‍ന്നുവരുന്ന വര്‍ണ്ണവിവേചനവും വംശീയവെറിയും അതിന്റെ എല്ലാ ബീഭത്സതയോടെയും തുടരുന്നുവെന്നാണ് ജോര്‍ജ് ലോയിഡിന്റെ കൊലപാതകവും അതിന്റെ ലോകമെങ്ങും ലഭ്യമായ വീഡിയോ ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. കറുത്ത ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും ഇതര വര്‍ണ്ണ വംശ ഭാഷാ വിഭാഗങ്ങള്‍ക്കും എതിരെ പൊലീസ് അടക്കം ഔദ്യോഗിക സംവിധാനങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങളും ശാരീരികമടക്കം അതിക്രമങ്ങളും അമേരിക്കന്‍ സമൂഹത്തിന് തെല്ലും അന്യമല്ല. ആ വര്‍ണ്ണവെറിയുടെ പിന്‍ബലത്തില്‍ തന്നെയാണ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആ വികാരത്തെതന്നെയാണ് നവംബര്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും ചൂഷണം ചെയ്യാന്‍ ട്രംപ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ യുഎസില്‍ കാട്ടുതീപോലെ ആളിപ്പടരുന്ന പ്രതിഷേധത്തിന് തിരികൊളുത്തിയത് വര്‍ണ്ണവെറിക്കെതിരായ ജനവികാരം മാത്രമാണെന്ന് കരുതാനാവില്ല.

ഒരു ലക്ഷത്തിലേറെ മരണം കവിഞ്ഞ് ഭീതിപരത്തി തുടരുന്ന കൊറോണ മഹാമാരിയും അഞ്ച് കോടി കവിയുന്ന തൊഴിലില്ലായ്മയുമാണ് കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ പിന്നിടുന്ന പ്രതിഷേധശക്തിക്ക് ഇന്ധനം പകരുന്നത്. മിനിയപൊളീസില്‍ ജോര്‍ജ് ലോയിഡിന്റെ വധത്തിനെതിരെ ആരംഭിച്ച സമാധാനപരമായ പ്രതിഷേധം പെട്ടെന്ന് രാജ്യമാകെ പടര്‍ന്നുപിടിക്കുകയായിരുന്നു. കൊടിയ നീതിനിഷേധവും നിയമപരിപാലനത്തിന്റെ മറവില്‍ അരങ്ങേറുന്ന അതിക്രമങ്ങളും അതിനെതിരായ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും ആശയറ്റ ഒരു ജനതയുടെ രോഷത്തെ ആളിക്കത്തിച്ചു. കറുത്തവരും ഹിസ്പാനിക്കുകളും ലാറ്റിനോകളും മാത്രമല്ല കടുത്ത ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ഭവനരാഹിത്യത്തിന്റെയും ഇരകളായ വെള്ളക്കാരായ പാവങ്ങളും കൂട്ടത്തോടെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. കൊറോണ വെെറസ് മഹാമാരിയുടെ തുടക്കത്തില്‍ അതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചതുപോലെ ജനകീയ പ്രതിഷേധത്തെയും പുച്ഛിക്കാനും അവഗണിക്കാനുമാണ് ട്രംപ് ശ്രമിച്ചത്.

പ്രതിഷേധം അനിയന്ത്രിതമാകുന്നുവെന്നു വന്നപ്പോള്‍ അതിനെ അടച്ചാക്ഷേപിക്കാനും അരാജകവാദവും അട്ടിമറിശ്രമവും ആണെന്നു വരുത്തിതീര്‍ക്കാനുമായി ശ്രമം. ട്രംപിന്റെ പ്രകോപനപരമായ പ്രതികരണവും അടച്ചമര്‍ത്തല്‍ ഭീഷണികളും വിലപ്പോവില്ലെന്ന് ജനങ്ങള്‍ തെളിയിച്ചു. വെെറ്റ്ഹൗസിനു മുന്നില്‍ പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും തീവയ്പും അരങ്ങേറി. പ്രതിഷേധത്തിന്റെയും അതിനെ നേരിടാന്‍ ഭരണവൃത്തങ്ങള്‍ നടപ്പാക്കിയ കര്‍ഫ്യൂവിന്റെയും അന്തരീക്ഷം മുതലെടുത്ത് വലതുപക്ഷ തീവ്രവാദ വര്‍ണ്ണവെറിയന്‍ സംഘങ്ങളും ഫാസിസ്റ്റുകളും ക്രിമിനല്‍ കൂട്ടങ്ങളും അക്രമങ്ങളും കൊള്ളയും കൊള്ളിവയ്പും ആരംഭിച്ചു. അക്രമകാരികളില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുള്ളവര്‍ സമാധാനപൂര്‍ണമായ പ്രതിഷേധത്തെയും അതിന്റെ നീതിപൂര്‍വമായ ലക്ഷ്യങ്ങളെയും അട്ടിമറിക്കാനാണ് ഉന്നംവയ്ക്കുന്നത്. സെെന്യമടക്കം മര്‍ദ്ദനോപകരണങ്ങളെ കെട്ടഴിച്ചുവിടാന്‍ ട്രംപിന് അവസരമൊരുക്കുകയാണ് തീവ്ര വലതുപക്ഷം. കണ്ണീര്‍വാതകവും കുരുമുളക്‌സ്പ്രേയും പൊലീസ്‌കടിനായ്ക്കളും പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചില്ല. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ജനങ്ങള്‍ക്ക് നടുവിലേക്ക് വാഹനങ്ങള്‍ ഓടിച്ചുകയറ്റിയുള്ള ഭീകരതയ്ക്കും അവരെ ഭയപ്പെടുത്താനായില്ല. മര്‍ദ്ദനങ്ങളുടെയും അതിക്രമങ്ങളുടെയും മുന്നില്‍ പതറാതെ നിന്ന ജനങ്ങളെ ഭയന്ന് വെള്ളിയാഴ്ച പ്രസിഡന്റ് അടക്കം വെെറ്റ് ഹൗസ് അന്തേവാസികള്‍ക്ക് നിലവറയില്‍ ഒളിക്കേണ്ടതായി വന്നു.

അമേരിക്കന്‍ ജനതക്ക് ഇത് നീതിക്കും ജീവിക്കാനുള്ള അവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. ലോകത്തെവിടെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ സായുധ ഇടപെടലിനുപോലും മടികാണിക്കാത്ത യുഎസിന്റെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ അവകാശലംഘനങ്ങളും ഭരണകൂട ഭീകരതയുമാണ് കഴിഞ്ഞ ഒരാഴ്ചയായി തുറന്നുകാട്ടപ്പെടുന്നത്. മാപ്പര്‍ഹിക്കാത്ത ഭരണകൂടഭീകരക്കെതിരെ ഉയര്‍ന്നുവരുന്ന അഭൂതപൂര്‍വമായ പ്രതിഷേധത്തെ ചോരയില്‍ മുക്കിക്കൊന്ന് താനാണ് ‘ക്രമസമാധാനപാലകനായ’ പ്രസിഡന്റെന്ന് സ്ഥാപിച്ച് നവംബര്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. അതിസമ്പന്നരും കോര്‍പ്പറേറ്റുകളും അടങ്ങുന്ന വെള്ളക്കാരും തീവ്ര വലതുപക്ഷവും വര്‍ണ്ണവെറിയന്‍ അമേരിക്കയും രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ നിസംഗതയോടെ മാത്രം വീക്ഷിക്കുന്ന വെള്ളക്കാരും ഉള്‍പ്പെട്ട ഭൂരിപക്ഷത്തെ തനിക്ക് അനുകൂലമാക്കാനാവുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. വെള്ളക്കാരടക്കം തൊഴിലാളിവര്‍ഗവും സാധാരണക്കാരും ട്രംപിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരെ തിരിയുന്നത് കടുത്ത ആശങ്കയോടെയാണ് തീവ്ര വലതുപക്ഷം നോക്കിക്കാണുന്നത്. അമേരിക്കന്‍ തൊഴിലാളിവര്‍ഗത്തെ, പ്രത്യേകിച്ചും വെള്ളക്കാരായ തൊഴിലാളികളെയും അവരുടെ സംഘടനകളെയും കറുത്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ തിരിക്കുക എന്നതാണ് അവരുടെ തന്ത്രം. ഞായറാഴ്ച വാഷിങ്ടണില്‍ നടന്ന വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര ട്രേഡ് യൂണിയനായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ ആന്റ് കോണ്‍ഗ്രസ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനെെസേഷ (എഎഫ്എല്‍-സിഐഒ)ന്റെ ആ­സ്ഥാനത്ത് തീവയ്പ് ഉണ്ടായി. സ­മീപകാലത്തായി വര്‍ണവ്യത്യാസങ്ങള്‍ക്ക് അതീതമായി തൊഴിലാളിവര്‍ഗ ഐ­ക്യ­ത്തിനുവേണ്ടി പ്ര­വര്‍ത്തിച്ചുവരുന്ന എഎഫ്എല്‍-സിഐഒ ആസ്ഥാനത്തിനു നേരെ നടന്ന ആക്രമണം തൊ­ഴിലാളി വര്‍ഗത്തെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരങ്ങേറിയ ആക്രമണമാണ്.

ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ എഎഫ്എല്‍-സിഐഒ പ്രസിഡന്റ് റിച്ചാര്‍ഡ് ട്രുംക നേരിട്ട് രംഗത്തുവരികയുണ്ടായി. ‘വര്‍ണവെറി കറുത്തവരും നിറമുള്ളവരുമായ ജനങ്ങളുടെ ജീവിതത്തെയാകെ നശിപ്പിക്കുകയാണ്. വര്‍ണവെറി ഒരു തൊഴിലാളി പ്രശ്നമാണ്, കാരണം അത് തൊഴിലിടത്തിലെ പ്രശ്നമാണ്. അത് ഒരു സാമൂഹ്യപ്രശ്നമാണ്, കാരണം യൂണിയനുകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. നമുക്ക് പൊലീസ് നവീകരണത്തിനും സാമൂഹികവും സാമ്പത്തികവുമായ തുല്യതക്കും വേണ്ടി പൊരുതിയേ മതിയാവൂ. അത് വര്‍ണ്ണവംശഭേദമന്യേ ഐക്യം ആവശ്യപ്പെടുന്നു.’ ട്രുംകയുടെ നിലപാട് കലുഷിതമായ യുഎസ് രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തില്‍ ഏറെ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നു.

ജോര്‍ജ് ലോയിഡിനെ പൊലീസ് കൊല ചെയ്തതിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങളോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കാനും സമാധാനപൂര്‍ണമായ പ്രതിഷേധത്തെ പിന്തുണയ്ക്കാനും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ പരസ്യമായി രംഗത്തുവന്നു. യുഎസിലെ കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ വലിയ സ്വാധീനവും പിന്തുണയുമുള്ള നേതാവാണ് ബെെഡന്‍. അത് അക്ഷരാര്‍ത്ഥത്തില്‍ ട്രംപിനെ വിറളിപിടിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും സാമ്പത്തിക നീതിക്കും വേണ്ടി നിലകൊള്ളുന്ന ജനങ്ങളെ വംശ, വര്‍ണ, ഭാഷാഭിന്നതകള്‍ക്ക് അതീതമായി അണിനിരത്താന്‍ ജനാധിപത്യശക്തികള്‍ക്ക് ലഭിക്കുന്ന അസുലഭ സന്ദര്‍ഭമാണ് നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കൊറോണ മഹാമാരിയും കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ആ ജനവിധിയില്‍ നിര്‍ണായകമാവും.