October 3, 2022 Monday

വി കെ കൃഷ്ണമേനോനെ കേരളം മറന്നുവോ?

ഡോ. ജി സി ഗോപാലപിള്ള
May 5, 2020 3:30 am

വി കെ കൃഷ്ണമേനോന്റെ 124-ാം ജന്മദിനമായിരുന്നു‌ മെയ് മൂന്ന്. പുതിയ തലമുറയ്ക്ക് ആ പേര് എത്രമാത്രം സുപരിചിതമാണെന്ന കാര്യത്തിൽ സംശയമുണ്ട്. പിഎസ്‌സി പരീക്ഷയ്ക്കു പഠിക്കുന്നവർ വെറുതേ പഠിച്ചുപോകുന്ന ഒന്നുമാത്രമായി മാറിയോ നമുക്ക് വി കെ കൃഷ്ണമേനോൻ? 1953ൽ രാജ്യസഭാംഗമായ കൃഷ്ണമേനോൻ 56ൽ കേന്ദ്ര മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി. 57ലെ തെരഞ്ഞെടുപ്പിൽ വടക്കൻ മുംബൈയിൽ നിന്നും 69ൽ പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരിൽ നിന്നും 71ൽ തിരുവനന്തപുരത്തുനിന്നും അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നയതന്ത്ര വിദഗ്ദ്ധനും വിശ്വസ്തനുമായ കൃഷ്ണമേനോനെ 1957ൽ തന്റെ സർക്കാരിൽ പ്രതിരോധ മന്ത്രിയാക്കാൻ നെഹ്റുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാൽ, 62ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുൻനിറുത്തി അദ്ദേഹത്തിന് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു.

മന്ത്രിസഭയിലെത്തുന്നതിനു മുൻപു മുതൽ തന്നെ കൃഷ്ണമേനോന്റെ വൈദഗ്ദ്ധ്യവും നയതന്ത്രചാതുരിയും പല മേഖലകളിലും നെഹ്റു ഉപയോഗപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് രാജിന്റെ അധികാരതേർവാഴ്ചക്കിടയിൽ, താൻ പഠിച്ച മദ്രാസ് പ്രസിഡൻസി കോളജിന്റെ നെറുകയിൽ ഇന്ത്യൻ പതാക പാറിച്ച് യുവാവായ കൃഷ്ണൻ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇടതുപക്ഷ ചിന്താഗതിയും പുരോഗമന മനോഭാവവും വച്ചുപുലർത്തിയ കൃഷ്ണമേനോൻ ഉത്തരേന്ത്യയിലെ കോൺഗ്രസുകാർക്ക് അനഭിമതനായിരുന്നു. നെഹ്റുവിന്റെ സർക്കാരിലാണ് മന്ത്രിയായിരുന്നതെങ്കിലും കോൺഗ്രസ് ഉൾപ്പെടെ ഒരു രാഷ്ട്രീയപാർട്ടിയും അദ്ദേഹത്തെ സ്പോൺസർ ചെയ്തില്ല. കമ്മ്യൂണിസത്തിന്റെ പുരോഗമനപരമായ സത്തയിൽ അടിയുറച്ചു വിശ്വസിച്ച മേനോൻ പക്ഷേ, ആ സംഹിതയിൽ ഒരു ‘ജനാധിപത്യരാഹിത്യം’ ഉണ്ടെന്ന് വിശ്വസിക്കുകയും അതിന് എതിരുനിൽക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതിയായി തുടരുമ്പോഴുൾപ്പെടെ അദ്ദേഹത്തിന്റെ ഇടതുധാരയോടുള്ള താൽപര്യത്തെ സംശയത്തോടെയാണ് രഹസ്യാന്വേഷണ ഏജൻസികൾ വീക്ഷിച്ചിരുന്നത്.

ഇംഗ്ലണ്ടിലെ ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായി നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി കൃഷ്ണമേനോൻ പൊരുതി. ഇംഗ്ലണ്ടിലെ സെന്റ് പാൻക്രാസ് ബറോ കൗൺസിലിലേക്ക് 14 വർഷം തുടർച്ചയായി ലേബർ പാർട്ടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം, ഓജസും ബുദ്ധിശക്തിയുമുള്ള അസാമാന്യ സംഘാടകൻ കൂടിയാണെന്ന് തെളിയിച്ചത് അവിടുത്തെ ചേരിപ്രദേശങ്ങൾ നന്നാക്കിയെടുത്തതിലൂടെയാണ്. അവിടുത്തെ ഏറ്റവും വലിയ ബഹുമതിയായ ഫ്രീഡം ഓഫ് ദി ബോറോ എന്ന അംഗീകാരം വി കെ കൃഷ്ണമേനോനും ബർനാഡ് ഷായ്ക്കും മാത്രമാണ് ലഭിച്ചിട്ടുള്ളത്. 1939ൽ കൃഷ്ണമേനോനെ യുകെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ ലേബർ പാർട്ടി തയ്യാറെടുത്തെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന കാരണത്താൽ അത് നടക്കാതെ പോയി. 1952 മുതൽ 62 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി ആയിരിക്കെയാണ് 1953 മുതൽ 57 വരെ അദ്ദേഹം രാജ്യസഭാംഗത്വം കൂടി വഹിക്കുന്നത്. വ്യത്യസ്ത തെരഞ്ഞെടുപ്പുകളിലായി മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിക്കുന്ന ഏക വ്യക്തി കൃഷ്ണമേനോനായിരിക്കണം. ബ്രിട്ടനിലും ഇന്ത്യയിലും ജനാധിപത്യത്തിന്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിക്കപ്പെടുമ്പോൾതന്നെ കോൺഗ്രസ് നയിക്കുന്ന സർക്കാരിൽ അദ്ദേഹം സുപ്രധാന വകുപ്പ് ഭരിക്കുന്ന മന്ത്രിയായി. ഏതർഥത്തിലും ഒരു വിശ്വപൗരൻ തന്നെയായിരുന്നു വി കെ കൃഷ്ണമേനോൻ എന്നതിന് ഇതിനപ്പുറം മറ്റെന്ത് തെളിവുവേണം. വായനാശീലമുള്ള പിൻതലമുറയ്ക്കെങ്കിലും ഇതൊക്കെ മനസ്സിലാക്കാനും ഓർത്തിരിക്കാനുമാകും വിധം അദ്ദേഹം ആത്മകഥ എഴുതിയില്ല. ആത്മപ്രകാശനത്തിന് യാതൊരു താൽപര്യവുമില്ലാത്ത വ്യക്തിയായിരുന്നു വി കെ കൃഷ്ണമേനോൻ. പക്ഷെ, അദ്ദേഹത്തെപ്പറ്റി പലരും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ടി ജെ എസ് ജോർജ്, വി കെ മാധവൻകുട്ടി, ജയറാം രമേഷ്, ദാൽജിത് സെൻ അടൽ തുടങ്ങിയിവരുടേത് അതിൽ ചിലതുമാത്രമാണ്. അമേരിക്കയുടെ സാമ്രാജ്യത്വമനോഭാവത്തിനും ലോകപൊലീസുകാരൻ ചമയലിനും എതിരായിരുന്നു കൃഷ്ണമേനോൻ. അമേരിക്ക എവിടെ താവളമുറപ്പിച്ചാലും അവിടെല്ലാം അശാന്തിയുണ്ടാകുമെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. ഇന്ത്യ‑പാകിസ്ഥാൻ മേഖലകളിലും വിയറ്റ്നാമിലുമെല്ലാം അമേരിക്കയുടെ സാന്നിധ്യം അസമാധാനത്തിന് കാരണമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ദേശീയതയിലും സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ വിശാലമായ വീക്ഷണങ്ങളെല്ലാം. സമാധാനത്തിനും നിരായുധീകരണത്തിനുമായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. ജനാധിപത്യം എന്ന സംജ്ഞയിൽ വെള്ളം ചേർക്കുന്ന ഒന്നിലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. കൊച്ചുകുട്ടികളെപ്പോലെ കളിപ്പാട്ടങ്ങൾ വാങ്ങിക്കൂട്ടുന്നത് അവിവാഹിതനായ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

ഒഴിവുസമയത്ത് തനിക്കുതന്നെ കളിക്കാനായിരുന്നു അത്. ആ കളിപ്പാട്ടങ്ങൾക്കൊപ്പമിരുന്ന് അദ്ദേഹം ചിന്താകുലനാകുന്നത് കണ്ടിട്ടുണ്ട്. ഒപ്പം കളിപ്പാട്ടങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികത്വത്തെപ്പറ്റി അദ്ദേഹം വാചാലനാകുകയും ചെയ്തിരുന്നു. 1974ൽ ജനപ്രതിനിധിയായിരിക്കെ എഴുപത്തെട്ടാം വയസിൽ മരിക്കുമ്പോഴും അവിവാഹിതനായ കൃഷ്ണമേനോൻ രാജ്യത്തിനും ജനങ്ങൾക്കുമൊപ്പമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തിൽ നിർണായകമായ പല ദശാസന്ധികളിലും ഇടപെട്ടയാൾ. ഇന്ത്യൻ ചരിത്രത്തിന്റെ അധികമൊന്നും എഴുതപ്പെടാതെപോയ ഒരേട്. (ഫാക്ട് മുൻ സിഎംഡി ആയ ലേഖകൻ 1971–74 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് വി കെ കൃഷ്ണമേനോന്റെ അനൗദ്യോഗിക സെക്രട്ടറിയും പ്രസംഗങ്ങളുടെ പരിഭാഷകനുമായിരുന്നു.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.