രമേശ് ബാബു

വിഴിഞ്ഞം സ്വപ്ന പദ്ധതി

March 20, 2020, 10:59 pm

എതിര്‍ശബ്ദങ്ങളും പരിസ്ഥിതിവാദങ്ങളും

Janayugom Online

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിനെതിരെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് സാങ്കേതിക വിദഗ്ധര്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന് ഒട്ടേറെ പരാതികളാണ് ലഭിച്ചത്. വിഴിഞ്ഞം തുറമുഖ കമ്പനി 900 പേജുള്ള പരിസ്ഥിതി റിപ്പോര്‍ട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. 66 ഹെക്ടര്‍ കടല്‍ നികത്താനായി കല്ലും മണ്ണും എടുക്കുന്ന മലയോര മേഖലയുടെ പരിസ്ഥിതി പഠിച്ചില്ലെന്ന വാദവും ശക്തമാണ്. കടല്‍ നികത്തുന്നത് മറ്റ് സ്ഥലങ്ങളില്‍ കരയെടു‌ക്കാന്‍ കാരണമാകുമെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളവും മറ്റൊരു കേന്ദ്രമായ പൂവാറും വിഴിഞ്ഞത്തിന് സമീപമായതിനാല്‍ തുറമുഖ പദ്ധതി ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന പരാതിയാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഉന്നയിക്കുന്നത്.

വിഴിഞ്ഞം-കോവളം കടല്‍ത്തീരം മാലിന്യമുക്തവും കടല്‍വെള്ളം ശുദ്ധവുമായതിനാലാണ് ടൂറിസ്റ്റുകള്‍ ഈ തീരത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും അവര്‍ പറയുന്നു. വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും അന്യജില്ലകളില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമെത്തി ഹോട്ടലോ അനുബന്ധ വ്യവസായ സംരംഭങ്ങളോ നടത്തുന്നവരാണ്. വിഴിഞ്ഞം ഗ്രാമം സാറ്റലെെറ്റ് പട്ടണമാകുന്നതോടെ പദ്ധതി പ്രദേശത്തെ പച്ച തുരുത്തകളെല്ലാം ഓര്‍മ്മയാകും. തെങ്ങിന്‍തോപ്പും വാഴത്തോപ്പും വയലും ഒട്ടേറെ തണ്ണീര്‍ത്തടങ്ങളും ചെറുതോടുകളുമായി ഹരിതാഭവും ജലസമൃദ്ധവുമാണ് വിഴിഞ്ഞം. കടൽ ചിപ്പി, ശംഖ്, കല്ല്റാള്‍, അലങ്കാരമത്സ്യങ്ങള്‍, മുത്തുചിപ്പി, പവിഴപ്പുറ്റ് എന്നിവയാല്‍ സമൃദ്ധവുമാണ്. നൂറുകണക്കിനാളുകളാണ് കടലില്‍ നിന്ന് ഇവ ശേഖരിച്ച് ഉപജീവനം കഴിച്ചിരുന്നത്. ഈ പരമ്പരാഗത തൊഴില്‍മേഖല ഇനി ഓര്‍മ്മയാകും. പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെ ചിപ്പി, ശംഖ് എന്നിവയുടെ ലഭ്യത കുറഞ്ഞുതുടങ്ങി. ഇപ്പോഴും ഗ്രാമീണ മുഖഛായ ഉള്ള ഒരു പ്രദേശം അന്തര്‍ദേശീയ തുറമുഖമാകുന്നതോടെ സംഭവിക്കുന്ന സമൂല പരിവര്‍ത്തനത്തില്‍ അനഭിലഷണീയമായ പ്രവണതകളുടെ കേന്ദ്രമായും വിഴിഞ്ഞം മാറുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. വിഴിഞ്ഞത്തിന്റെ പൗരാണികമായ തിരുശേഷിപ്പുകള്‍, പ്രകൃതി, സംസ്കാരം എന്നിവ പോയ്‌മറയുമ്പോള്‍ മാഫിയകള്‍, ചൂതാട്ടക്കാര്‍, ലഹരികച്ചവടക്കാര്‍, മറ്റ് വാണിഭക്കാര്‍, കള്ളക്കടത്ത് സംഘങ്ങള്‍, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ചേക്കേറുമെന്നാണ് ആശങ്കകള്‍. കേരളത്തിന്റെ ഗേറ്റ് വേ ആയിമാറുന്ന തുറമുഖം യാഥാര്‍ത്ഥ്യമാകാന്‍ ഇനി എത്ര നാള്‍? (അവസാനിച്ചു.)

ENGLISH SUMMARY: Janayugam arti­cle about vizhin­jam dream project

YOU MAY ALSO LIKE THIS VIDEO