കേരളത്തിൽ ഒരു പുരോഹിതനെ കൂടി പൗരോഹിത്യപ്പണികളിൽ നിന്നും മാറ്റിനിറുത്താൻ മാർപാപ്പ തീരുമാനിച്ചിരിക്കുന്നു. കൊട്ടിയൂരിലെ പ്രായപൂർത്തിയാവാത്ത ഒരു വിദ്യാർത്ഥിനിയെ ബലാൽഭോഗം ചെയ്തു ഗർഭിണിയാക്കി എന്ന കുറ്റത്തിന് തലശ്ശേരി പോക്സോ കോടതി ഇരുപതു വർഷത്തെ കഠിനതടവിനു ശിക്ഷിച്ച റോബിൻ വടക്കുംചേരി എന്ന പുരോഹിതനെയാണ് ക്രിസ്തുസേവയിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇത് ആദ്യത്തെ സംഭവവും അല്ല. പുരോഹിതന്മാരുടെ ലൈംഗിക അക്രമങ്ങൾക്ക് മാർപ്പാപ്പ നേരത്തെ തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. ഇതിന്റെ നിയമവശങ്ങൾ ഇവിടെ പരിശോധിക്കുന്നില്ല. എന്നാൽ വിശ്വാസവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെടുന്ന ഒരു പച്ചക്കള്ളം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത് എല്ലാ ജീവജാലങ്ങളുടെയും പ്രവർത്തികൾ ദൈവം കാണുന്നുണ്ട് എന്നതാണ്. അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ഉത്സവത്തിനു പോയപ്പോൾ ഉണ്ടായ ഒരു ദുരനുഭവം വിവരിച്ചിട്ട്, എല്ലാം കണ്ടുകൊണ്ടു മുകളിൽ ഒരാൾ ഇരിപ്പുണ്ട് എന്നു പറയുന്നുണ്ട്.
അപ്പോൾ മങ്കട രവിവർമ്മ ക്യാമറ മുകളിലേക്ക് തിരിക്കുകയും അനന്ത വിശാലമായ ആകാശത്തിൽ ഒരു മരച്ചില്ലയിലൂടെ ചിലച്ചുപോകുന്ന അണ്ണാറക്കണ്ണനെ കാണിക്കുന്നുമുണ്ട്. മുകളിലച്ചൻ എന്നറിയപ്പെടുന്ന ഫാ. തോമസ് പി മുകളിൽ സ്വന്തം കാർട്ടൂണുകളും കുഞ്ഞിക്കഥകളും ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥ കഥച്ചു കത്തനാര് വരവരച്ചു എന്നാണ് രസകരമായ ആ പുസ്തകത്തിന്റെ പേര്. അതിൽ ഒരു കാർട്ടൂണിൽ വാചാപ്രാർത്ഥനയ്ക്ക് എത്തുന്ന പുരോഹിതൻ ഇങ്ങനെ പറയുന്നുണ്ട്. ‘കർത്താവേ അങ്ങയ്ക്ക് അറിയാമോ എന്നെനിക്ക് അറിയില്ല…’ ദൈവം എല്ലാ പ്രവർത്തികളുടെയും സാക്ഷിയാണോ? അങ്ങനെയൊന്നു പ്രചരിപ്പിക്കുന്നത് മനുഷ്യനിൽ ദൈവഭയം സൃഷ്ടിച്ച് നേർവഴിക്ക് നടത്താനാണോ? അങ്ങനെയെങ്കിൽ ഈ പുരോഹിതൻ ദൈവഭയത്തെ അവഗണിച്ചു തെറ്റ് ചെയ്തത് എന്തുകൊണ്ടാണ്? നമ്മൾ ഭയക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടത് ദൈവത്തെയാണോ ധാർമ്മിക മൂല്യങ്ങളെയാണോ? ഇത്തരം കുറെ അടിസ്ഥാന ചോദ്യങ്ങൾ കൂടി കൊട്ടിയൂരിലെ ഹീനസംഭവം ഉയർത്തുന്നുണ്ട്. അഭയക്കേസിലെ പ്രധാനസാക്ഷി വിശ്വാസമനുസരിച്ച് ദൈവം ആണല്ലോ.
അദ്ദേഹം ഇന്നുവരെ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. ഫ്രാങ്കോകേസിലെ കന്യാസ്ത്രീകളും ബലാൽഭോഗ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതൊന്നും ദൈവം തടയുകയോ ഇരകളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥകളിലൂടെയാണ് എല്ലാ അന്വേഷണങ്ങളും പുരോഗമിക്കുന്നത്. ദൈവത്തിന്റെ കോടതിയും ശിക്ഷാവിധികളും മരണത്തിനു ശേഷമാണ് എന്ന് പ്രചരിപ്പിക്കുന്നത് തെറ്റ് ചെയ്യാനുള്ള പ്രവണതയെ ഉത്സാഹിപ്പിക്കുകയേയുള്ളൂ. ദൈവത്തിന്റെ സാക്ഷിത്വം, ശിക്ഷാവിധി തുടങ്ങിയ കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് മതങ്ങളാണ്. അങ്ങനെ പ്രചരിപ്പിച്ച ഒരു വികാരിയാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മതം മനുഷ്യനെ നന്നാക്കാനുള്ള ഒരു ഉപാധിയേയല്ല. അത് തെറ്റുകൾ ചെയ്യാനുള്ള സുരക്ഷിതത്വമുള്ള ഒരു മറ മാത്രമാണ്. പ്രതിശ്രുത വധുവേ ദൈവങ്ങൾ പോലും പ്രാപിച്ചിട്ടില്ലേ എന്ന് വയലാർ രാമവർമ്മ ഒരു സിനിമാപ്പാട്ടിൽ ചോദിക്കുന്നുണ്ട്. അതാണ് വാസ്തവം. മനുഷ്യനെ നയിക്കേണ്ടത് മത നിയമങ്ങൾ അല്ല. ധാർമ്മികമൂല്യങ്ങളാണ്. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് എഴുതിയ സഹോദരൻ അയ്യപ്പൻ അടുത്ത വരിയായി എഴുതിയിട്ടുള്ളത് വേണം ധർമ്മം എന്നാണ്.
ENGLISH SUMMARY:Janayugam article about When the priest is out
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.