കാനം രാജേന്ദ്രൻ

June 05, 2020, 5:15 am

പ്രകൃതിയെ സംരക്ഷിക്കാം; നാടിനെ രക്ഷിക്കാം

Janayugom Online

മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടേയും നിലനില്പിന് ഒരേയൊരു ഭൂമി മാത്രമേയുള്ളു എന്ന നിലപാടുതറയിൽ നിന്നുകൊണ്ട് ജൈവ വൈവിധ്യത്തിന്റെ കലവറകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉയർത്തിപ്പിടിച്ചാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനം എത്തിയിരിക്കുന്നത്. ഓരോ വർഷം കഴിയുന്തോറും പ്രാധാന്യം ഏറിവരുന്നതും പങ്കാളിത്തം കൂടുന്നതുമായ ദിനാചരണങ്ങളിൽ മുഖ്യ സ്ഥാനമാണ് പരിസ്ഥിതി ദിനത്തിനുള്ളത്.

പാരിസ്ഥിതിക കാര്യങ്ങളിൽ ജനങ്ങൾ സ്വയമേവ തല്പരരായതിന്റെ ഫലമായല്ല ഇതു സംഭവിച്ചത്. ബുദ്ധിമുട്ടുകൾ ഏറിയ അനുഭവങ്ങളിൽ നിന്നും ബോധ്യപ്പെടുകയായിരുന്നു എന്നതാണ് യാഥാർഥ്യം. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനാധാരമായ പ്രകൃതിക്കേൽക്കുന്ന പരിക്കുകൾ ജനജീവിതത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നതിനാലാണ് പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറിയത്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന പാരസ്പര്യമാണ് മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്നത്. വികസനമെന്ന പദമുയർത്തി പ്രകൃതിയെ കാൽക്കീഴിലിട്ടു ചവിട്ടിമെതിച്ചതിന്റെകൂടി ദുരന്തങ്ങളാണ് നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഒരു കുഞ്ഞൻ വൈറസിന് ലോകത്തെയാകെ നിശ്ചലമാക്കാൻ കഴിയുന്നതിന്റേയും അനേകായിരങ്ങളെ കാലപുരിക്കയച്ചുകൊണ്ടിരിക്കുന്നതിന്റേയും ഞെട്ടലിൽ നിന്ന് ലോകം മുക്തമായിട്ടില്ല. കോവിഡ് 19 പോലെയുള്ള രോഗങ്ങൾക്ക് വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ആക്കം കൂട്ടുന്നുവെന്ന ശാസ്ത്രലോകത്തിന്റെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളുടേയും സസ്യജാലങ്ങളുടേയും സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യജീവിതം ഇവിടെ സുരക്ഷിതമായിരിക്കുകയുള്ളു.

ജൈവ വൈവിധ്യത്തെ കാത്തുപുലർത്തുക എന്നത് സുപ്രധാന കർത്തവ്യമായി കണക്കാക്കാൻ എല്ലാവർക്കും കഴിയണം. ഇക്കൊല്ലത്തെ പരിസ്ഥിതിദിനം ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുന്നത് അതിനാലാണ്. പ്രകൃതിയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്ന ആഘാതം നമ്മെ വിജയത്തിലെത്തിക്കുകയേയില്ല എന്ന തിരിച്ചറിവ് ഇന്ന് ലോകമാകെ പടരുന്നുണ്ട്. ‘പ്രകൃതിയ്ക്കുമേൽ മനുഷ്യൻ നടത്തിയ വിജയങ്ങളെച്ചൊല്ലി വലിയ ആത്മപ്രശംസ നടത്തേണ്ടതില്ല’ എന്നു പറഞ്ഞ എംഗൽസ് അതോടൊപ്പം ഇതുകൂടി പറഞ്ഞു. ‘നേടിയ ഓരോ വിജയത്തിനും പ്രകൃതി നമ്മോടു പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും നമ്മൾ പ്രതീക്ഷിച്ച ഫലം ആദ്യം നല്കുന്നുണ്ടാവും എന്നാൽ രണ്ടാമതും മൂന്നാമതും ലഭിക്കുന്ന ഫലം ആദ്യ ഫലത്തിന്റെ വിപരീതവും ആദ്യ ഫലത്തെയെല്ലാം തട്ടിക്കിഴിക്കുന്നതുമായിരിക്കും’.

ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെപ്പോലെ പതിറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് എംഗൽസ് കുറിച്ചിട്ട ഈ വാക്കുകളെയാണ് കമ്മ്യൂണിസ്റ്റുകാർ പിൻപറ്റേണ്ടത്. കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രശ്നം അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മറ്റു പല പാർട്ടികളും ഒന്നുകിൽ പരിസ്ഥിതി പ്രശ്നത്തിന്റെ നേർക്ക് കണ്ണടയ്ക്കുന്നു. അല്ലെങ്കിൽ പരിസ്ഥിതി സംരക്ഷണവാദികളെ വികസനത്തിന്റെ ശത്രുക്കളായി മുദ്രകുത്തി അധിക്ഷേപിക്കുന്നു. ഈ കണ്ണടയ്ക്കലും അധിക്ഷേപിക്കലും നാടും ജനതയുമെന്ന വിശാല താല്പര്യത്തെ പരിഗണിക്കുന്നതേയല്ല.

ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള പ്രസ്ഥാനം അവഗണിക്കാൻ സാധ്യമല്ലാത്ത ചില അടിസ്ഥാനപരമായ പ്രശ്നങ്ങൾ മുന്നോട്ടു കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ വ്യാപ്തി ത്വരിതപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യാൻ എല്ലാ വിധത്തിലും പ്രവർത്തിക്കേണ്ടതുണ്ട്. അതോടൊപ്പം വർധിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതികമായ ആപത്തുകളിൽ നിന്നും നമ്മുടെ ഭൂമിയെയും ജലത്തെയും അന്തരീക്ഷത്തെയും ജനങ്ങളെയും ജൈവ വൈവിധ്യത്തെയൊട്ടാകെയും സംരക്ഷിക്കുവാൻ ഗവണ്മെന്റ് എല്ലാ മുൻകരുതൽ നടപടികളും കൈക്കൊള്ളണം. വീണ്ടുവിചാരമില്ലാതെ വനനശീകരണവും വ്യാവസായിക മലിനീകരണവും സസ്യ — ജീവി വർഗങ്ങളെ നശിപ്പിക്കലും അന്തരീക്ഷത്തെ വിഷലിപ്തമാക്കലും വലിയ വിപത്തുകളായി തീർന്നിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളും ചട്ടങ്ങളും കഴിഞ്ഞ ദശകങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ടെങ്കിലും നമ്മുടെ സംസ്ഥാനം പരിസ്ഥിതിക്കും പ്രകൃതി വിഭവങ്ങൾക്കും മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നു. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജനസംഖ്യാ സമ്മർദ്ദം, അശാസ്ത്രീയ ഭൂവിനിയോഗം എന്നിവയുടെ സംയോജിത ഫലങ്ങൾ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. അടുത്തടുത്ത് വന്ന രണ്ടു പ്രളയങ്ങൾ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി. ഒരുമയാർന്ന പ്രവർത്തനങ്ങളിലൂടെ നാം അതിനെ തരണം ചെയ്തു. തകർന്ന കേരളത്തെ പഴയപടി പുനഃസൃഷ്ടിക്കുകയല്ല മറിച്ച് പ്രകൃതിക്ക് പരിക്കേൽക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ പുത്തൻ കേരളത്തെ പടുത്തുയർത്തലാണ് അനിവാര്യമായിട്ടുള്ളത്.

വികസനത്തിന്റെ പേരുപറഞ്ഞു പ്രകൃതിയ്ക്കുമേൽ കയ്യേറ്റം നടത്തിയവർ തടിച്ചു കൊഴുക്കുകയായിരുന്നു. അധികാര കേന്ദ്രങ്ങളെ വരുതിയിലാക്കിയും വിലയ്ക്കെടുത്തും വിറപ്പിച്ചുനിർത്തിയും മുന്നേറാൻ ഇത്തരക്കാരെ ഇനിയും അനുവദിക്കാൻ പാടില്ല. ഫ്രാൻസിസ് മാർപ്പാപ്പ തന്റെ ചാക്രിക ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമായിരുന്നു. ’ ദൈവത്തിന്റെ ഛായയിൽ നാം സൃഷ്ടിക്കപ്പെട്ടുവെന്നതും ഭൂമിക്കുമേൽ കൈകാര്യകർത്തൃത്വം നൽകപ്പെട്ടു എന്നതും മറ്റ് സൃഷ്ടികളുടെമേലുള്ള നിരുപാധികമായ അധീശത്വത്തെ ന്യായീകരിക്കുന്നു എന്ന ധാരണയെ നമ്മൾ ഇക്കാലയളവിൽ ശക്തിപൂർവ്വം തള്ളിക്കളയേണ്ടതാണ് ’ എന്നായിരുന്നു മാർപ്പാപ്പയുടെ നിലപാട്. എന്തും ചെയ്യാൻ മനുഷ്യന് അവകാശമുണ്ടെന്ന ധാരണയാണ് എല്ലാത്തിലും ലാഭത്തെ ദർശിച്ച് അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന് കളമൊരുങ്ങുന്നതിലേക്കെത്തിയത്. വികസനം വേണ്ടേ എന്ന ചോദ്യം ഉയർന്നേക്കാം. സാമൂഹിക നീതിയ്ക്ക് ഇണങ്ങുന്നതും നിലനിർത്താവുന്നതുമായ വികസനമാണ് ഉണ്ടാവേണ്ടത്.

മുതലാളിത്ത വികസന രീതികളോട് വിടപറഞ്ഞു മാത്രമേ പ്രകൃതിയെ സംരക്ഷിക്കുവാനാകു. പ്രകൃതി സംരക്ഷണം എന്ന മന്ത്രം ചൊല്ലുകയും മുതലാളിത്ത വികസനത്തെ വാരിപ്പുണരുകയും ചെയ്യുന്നത് ബൂർഷ്വാ രാഷ്ട്രീയത്തിന്റെ വർത്തമാനകാല കാഴ്ചയാണ്. ഇത് ഇടതുപക്ഷത്തിന് സ്വീകാര്യമായതേയല്ല. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സൂനോട്ടിക്ക് രോഗങ്ങളും ദുരിതങ്ങൾ വിതച്ച് നിൽക്കുമ്പോൾ ഇടപെടലുകൾ തീർക്കാൻ സമൂഹമൊന്നാകെ മുൻകൈയ്യെടുത്ത് ഇറങ്ങേണ്ടതുണ്ട്. നമുക്ക് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടല്ലാതെ നാടിനെയും നമ്മെത്തന്നെയും സംരക്ഷിക്കാനാവില്ല എന്ന യാഥാർത്ഥ്യത്തെ ഉള്ളിൽകുടിയിരുത്താൻ ഇപ്പോഴെങ്കിലും നമുക്ക് കഴിഞ്ഞേമതിയാവൂ. ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ, പ്രകൃതിയേയും നാടിനേയും സംരക്ഷിക്കാൻ കൈമെയ് മറന്ന പ്രവർത്തനങ്ങളിൽ നമുക്കെല്ലാം പങ്കാളികളാവാം.