September 28, 2022 Wednesday

കാത്തിരിക്കുന്നു ലോകം,ഒരു വാക്സിനു വേണ്ടി

മോഹൻ ദാസ് മുകുന്ദൻ
May 13, 2020 5:45 am

ലോകം ഭീതിയുടെ നിഴലിലാണ്, അനിശ്ചിതത്വത്തിലാണ്, ആകാംക്ഷയുടെ മുൾമുനയിലാണ്. എൻ എൻ കക്കാട് ‘സഫലമീ യാത്ര’യിൽ പാടുന്നതു പോലെ നാളെ ‘ആരെന്നും എന്തെന്നും ആർക്കറിയാം’ എന്നതാണു് സ്ഥിതി. കോവിഡ് 19 ഭൂമിയിലെങ്ങും മരണം വിതച്ച് സംഹാരതാണ്ഡവം ആടുമ്പോൾ അദൃശ്യനായ ഈ കൊലയാളി വൈറസിനെതിരെ പൊരുതാൻ ആയുധം തേടുന്ന മാനവരാശിയുടെ കൂപ്പുകൈകൾ ഉയരുന്നത് ആകാശങ്ങളിലേക്കല്ല. മനുഷ്യൻ തന്റെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ, അനുഭവങ്ങളുടെ പിൻബലത്തിൽ, അദ്ധ്വാനത്തിലൂടെ, നേടിയെടുത്ത ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നിലാണ്. രോഗം വന്നവരെ ഉറപ്പായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന ഒരു ഔഷധം വേണം. മറ്റുള്ളവർക്ക് രോഗം വരുന്നത് തടയാൻ കഴിവുള്ള ഒരു പ്രതിരോധ മരുന്ന് (വാക്സിൻ) വേണം.

പല രാജ്യങ്ങളിലായി, പല ഗ്രൂപ്പുകളിലായി ഗവേഷണവും പരീക്ഷണവും നടന്നു കൊണ്ടിരിക്കുകയാണ്, വിജയ പ്രതീക്ഷയോടെ. കോവിഡ് 19 എന്ന രോഗം ഉണ്ടാക്കുന്നത് സാർസ്–കോവ്–2 എന്ന വൈറസാണ്. ഇത് 40 ലധികം വരുന്ന കൊറോണ വൈറസ് കുടുംബത്തിലെ ഏറ്റവും പുതിയ അവതാരം. മനുഷ്യനിൽ രോഗമുണ്ടാക്കുന്ന ഏഴെണ്ണത്തിൽ ഒന്ന്. 2002 ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സിവ്യർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) എന്ന രോഗവും സൗദി അറേബ്യയിൽ 2012 ൽ ഒട്ടകങ്ങളിൽ നിന്നും പടർന്നുപിടിച്ച മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്ന രോഗവും മുളപൊട്ടിയത് മാരകങ്ങളായ കൊറോണ വൈറസിന്റെ രണ്ടു ഭിന്ന രൂപങ്ങളിൽ നിന്നാണ്. അനേകം പേരുടെ ജീവൻ എടുത്തെങ്കിലും ഈ രോഗങ്ങൾ കോവിഡ് 19 പോലെ ലോകമാസകലം പടർന്നു പിടിച്ചില്ല. അതുകൊണ്ടുതന്നെ അവയ്ക്കുള്ള വാക്സിനുകളുടെ വികസനം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. അഥവാ വാക്സിനുകൾ ഉണ്ടായിരുന്നെങ്കിൽ തന്നെ അവ പുതിയ വൈറസിനെ തടഞ്ഞു നിർത്തുവാൻ സഹായകമാവുമായിരുന്നില്ല. കാരണം മുമ്പുള്ളവയിൽ നിന്നും തികച്ചും വിഭിന്നമായ ഒരു പ്രോട്ടീൻ കവചവുമായിട്ടാണ് സാർസ്–കോവ്–2 അവതരിച്ചിരിക്കുന്നത്. ഓർത്തുനോക്കൂ ഇതിനോടകം സുപരിചിതമായ കൊറോണാ വൈറസിന്റെ ചിത്രം.

പിൻകുഷനിൽ മൊട്ടുസൂചികൾ കുത്തിയത് പോലെ അല്ലെങ്കിൽ തൊട്ടാവാടി പൂവിന്റെ ഇതളുകൾ പോലെ ചുറ്റിലും പുറത്തേക്ക് നീണ്ടുനിൽക്കുന്ന സ്പൈക്കുകളാണ് പ്രോട്ടീനുകൾ. ഇവ മനുഷ്യശരീരത്തിലെ കോശങ്ങളിലുള്ള എസിഇ 2 എന്ന സ്വീകരണിയുമായി ഹസ്തദാനം ചെയ്ത് കോശങ്ങൾക്കുള്ളിലേക്ക് കടക്കുന്നു. വൈറസിന് ജീവൻ വയ്ക്കുന്നു. കോശത്തിന്റെ നിയന്ത്രണം കയ്യിലാക്കി തന്റെ തന്നെ അനേകം കോപ്പികൾ സൃഷ്ടിച്ചു കോശങ്ങളെ ഒന്നൊന്നായി തകർത്തു മുന്നേറുന്നു. രോഗം പിടിപെട്ടവരെചികിത്സിച്ചു ഭേദമാക്കുവാൻ അനേകം മരുന്നുകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. മറ്റു പകർച്ചവ്യാധികളെ നേരിടാൻ ഉപയോഗിച്ച മരുന്നുകൾ, രോഗലക്ഷണത്തിനുള്ള ഔഷധങ്ങൾ ഇവയൊക്കെ ഒറ്റയ്ക്കും കൂട്ടായും ഉപയോഗിച്ച് ജീവൻ നിലനിർത്താനുള്ള കഠിന പ്രയത്നത്തിൽ ഡോക്ടർമാർ ഏർപ്പെടുമ്പോഴും രോഗം മാറുമെന്നുറപ്പുള്ള ഒരൊറ്റ ഔഷധവും ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മലേറിയക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ, എബോളക്കുള്ള റേംഡെസിമീർ, എച്ച്ഐവിക്കുള്ള മരുന്നുകൾ, രോഗം ഭേദമായവരിൽ നിന്നും എടുത്ത പ്ലാസ്മ, ആന്റിബോഡികൾ ഇവയെല്ലാം ഉപയോഗത്തിലുണ്ട്. (പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ അമേരിക്കയിലേക്ക് അയച്ച ഹൈഡ്രോക്സിക്ലോറോക്വിൻ ഫലം കണ്ടില്ല എന്ന റിപ്പോർട്ടുണ്ട്.) അറ്റ്‌ലാന്റ ആസ്ഥാനമായിട്ടുള്ള എമറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ്സ് ഡെവലപ്പ്മെന്റ് പരീക്ഷണഘട്ടത്തിലെത്തിച്ചിട്ടുള്ള ഇഐഡിഡി–2801 എന്ന മരുന്ന് പ്രതീക്ഷ നൽകുന്നതെന്ന് ‘സയൻസ് ട്രാൻസ്ലേഷനൽ മെഡിസിൻ’ എന്ന ജേർണൽ ഏപ്രിൽ ആറിന് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ കോവിഡ് 19 നെ ചെറുക്കാൻ കഴിയുന്ന ആന്റിബോഡി വികസിപ്പിച്ചതായി അവകാശപ്പെടുന്നു. ഇത്തരം മരുന്നുകൾ പരീക്ഷണ ഘട്ടം കടന്ന് അനുമതിപത്രം കിട്ടി വൻതോതിൽ നിർമ്മിക്കാൻ മാസങ്ങളെടുക്കും. അതുകൊണ്ടുതന്നെ വാക്സിൻ വികസന പ്രക്രിയ ത്വരിത ഗതിയിലാക്കേണ്ടതുണ്ട്. മനുഷ്യശരീരത്തിന് സുസജ്ജമായ ഒരു പ്രതിരോധ നിരയുണ്ട്. മനുഷ്യന്റെ ത്വക്ക്, മൂക്കള, ടോൺസിൽസ്, പ്ലീഹ, മജ്ജ, തൈമസ്സ് ഗ്രന്ഥി, തുടങ്ങി ശ്വേതാണുക്കൾ വരെയുളള ഒരു സേന. ശരീരത്തിനുള്ളിൽ ഒരു രോഗാണു കടന്നാൽ അതിനെ നശിപ്പിക്കാൻ കഴിയുന്ന ആന്റിബോഡി അഥവാ പ്രതിദ്രവ്യം നിർമ്മിക്കാനുള്ള കഴിവ് രക്തത്തിലെ ബി ലിംഫോസൈറ്റ്സ് കോശങ്ങൾ എന്നറിയപ്പെടുന്ന പ്രത്യേകതരം ശ്വേതാണുക്കൾക്കുണ്ട്. അവയെ സഹായിക്കാനും വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും കഴിവുള്ള ടി കോശങ്ങളും ഉണ്ട്. പ്രതിരോധ സംവിധാനത്തിന് ഒരു മോക്ഡ്രിൽ കൊടുക്കുകയാണ് വാക്സിൻ ചെയ്യുന്നത്.

രോഗമില്ലാത്ത ആരോഗ്യവാനായ ഒരു മനുഷ്യശരീരത്തിൽ രോഗാണുവിന്റെ വീര്യം കുറച്ച തന്മാത്രകളെ കടത്തിവിടുകയാണെങ്കിൽ അതിനെ അന്യമായതെന്നു തിരിച്ചറിഞ്ഞ് അവക്കെതിരെ ആന്റിബോഡികൾ നിർമ്മിച്ചു കീഴടക്കുവാനും ശ്വേതാണുക്കൾക്ക് കഴിയുന്നു. മാത്രമല്ല ഇങ്ങനെ കീഴടക്കപ്പെട്ട വൈറസിന്റെ പ്രോട്ടീൻ ഘടന സ്മൃതികോശങ്ങളിൽ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. പിന്നീട് ഒരിക്കൽ ഇതേ രോഗത്തിന്റെ അണുക്കൾ ശരീരത്തിൽ കടക്കുമ്പോൾ അവയെ പെട്ടെന്ന് തിരിച്ചറിയാനും അതിനെതിരെ ആന്റിബോഡികളുടെ ഒരു പട തന്നെ സൃഷ്ടിക്കുവാനും ശരീരത്തിന് സാധ്യമാവുന്നതുകൊണ്ട് രോഗബാധ ഉണ്ടാവുകയില്ല. വാക്സിന്റെ ഈ തത്വമാണ് വസൂരി എന്ന മഹാമാരിയെ മുൻകൂട്ടി തടയുവാൻ ഗോവസൂരിയുടെ വീര്യം കുറഞ്ഞ അണുക്കളെ കുത്തിവച്ചാൽ മതി എന്ന കണ്ടുപിടിത്തത്തിലൂടെ 1796‑ൽ എഡ്വേർഡ് ജെന്നർ തെളിയിച്ചത്. പിന്നീടുള്ളത് ചരിത്രം. എത്രയെത്ര വാക്സിനുകൾ കഴിഞ്ഞ 200 വർഷത്തിനുള്ളിൽ നിർമ്മിക്കപ്പെട്ടു! റാബീസ്, കോളറാ, പോളിയോ, ടൈഫോയിഡ്, ക്ഷയം, ആന്ത്രാക്സ്. കുട്ടികൾക്ക് വരുന്ന മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല തുടങ്ങി എത്രയെത്ര രോഗങ്ങളെ അവ തടഞ്ഞുനിർത്തി! (എന്നാൽ എയ്ഡ്സ് ഉണ്ടാക്കുന്ന എച്ച്ഐവി വൈറസിനും ഡെങ്കിപ്പനിക്ക് കാരണമായ വൈറസിനും വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന സത്യവും നിലനിൽക്കുന്നു.) വിവിധ തരം വാക്സിനുകൾ ഇന്ന് നിലവിലുണ്ട്. പരമ്പരാഗതമായി തെളിയിക്കപ്പെട്ട വീര്യം കുറച്ച സജീവ രോഗാണുവിനെ ഉപയോഗിക്കുന്ന രീതിക്കു പുറമേ ആധുനിക ശാസ്ത്രത്തിന്റെ വികാസത്തിന് അനുസരിച്ച് പുതിയ മാർഗ്ഗങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. 1951 അമേരിക്കയിലെ ജോനാസ് സാൾക് നിർജീവമാക്കിയ രോഗാണുവിനെയാണ് വാക്സിനു വേണ്ടി ഉപയോഗിച്ചത്. നോവവാക്സ് എന്ന അമേരിക്കൻ കമ്പനി ഇപ്പോൾ സാർസ്–കോവ്–2 ന്റെ പ്രോട്ടീൻ സ്പൈക്കുകളെ വേർതിരിച്ചു മറ്റൊരു നിരുപദ്രവകാരിയായ ബാക്ടീരിയത്തിന്റെ കവചം ആക്കി പുന: സംയോജനം നടത്തിയ വാക്സിൻ നിർമ്മിച്ചു കഴിഞ്ഞു.

ഏതാണ്ട് ഇതേ സാങ്കേതിക വിദ്യയാണ് ചൈനയിലെ കാൻസിനോ ബയോളജിക്സ് കമ്പനിയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ഉപയോഗിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഒരു റികോംബിനന്റ് വാക്സിൻ ആണ്. രോഗാണുവിന്റെ ജനിതക ഘടന സന്നിവേശിപ്പിച്ച ഡിഎൻഎകളെ കോശങ്ങളിൽ കടത്തി അവയുണ്ടാക്കുന്ന പ്രോട്ടീനുകളെ ശത്രുവെന്ന് കണ്ട് പ്രതികരിക്കാൻ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന ഏറ്റവും ആധുനികമായ വാക്സിനുകൾ വരെ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മസാച്സെറ്റ്സ് ആസ്ഥാനം ആയിട്ടുള്ള മോഡേണ എന്ന ബയോടെക് കമ്പനി മെസ്സഞ്ചർ ആർഎൻഎ വഴി ഇത്തരം വാക്സിനാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത് ഡബ്ല്യുഎച്ച്ഓയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ആറ് കമ്പനികൾ അടക്കം ലോകത്ത് നൂറിലധികം ഗവേഷണ സംഘങ്ങളാണ് ഇപ്പോൾ വാക്സിൻ വികസിപ്പിക്കുന്ന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവയിൽ ഏഴ് പരീക്ഷാർത്ഥി വാക്സിനുകൾ ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കപ്പെടുന്ന ഘട്ടത്തിലാണ്. ഏറ്റവുമാദ്യം പരീക്ഷണ ഘട്ടത്തിൽ എത്തിയ ചൈനയുടെ കാൻസിനോ ബയോളജിക്സ്ന്റെ ADSNCOV, സിനോവാക് ബയോടെക്ന്റെ PICOVACC, അമേരിക്കയിലെ ഇനോവയൊയുടെ INO 4,800, മോഡേണയുടെ mRNA–1273, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ChAdOx1nCov–19, ജർമനിയിലെ ബയോഎൻ ടെക് വികസിപ്പിച്ച BNT 162 എന്നിവയാണ് മുൻനിരയിൽ. ഇവയിൽ ത്വരിതഗതിയിൽ മുന്നോട്ടുപോകുന്നത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിന്റെ ഫലപരീക്ഷണങ്ങളാണ്. ഓക്സ്ഫഡ് വാക്സിൻ ChAdOx1 nCov–19 ഉണ്ടാക്കിയിരിക്കുന്നത് ചിമ്പാൻസികളിൽ സാധാരണ ജലദോഷം വരുത്തുന്ന ChAdOx1എന്ന വൈറസിൽ ജനിതക ഭേദം വരുത്തിയാണ്. റിസസ് കുരങ്ങുകളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായിരുന്നു. ഇപ്പോൾ 320 മനുഷ്യരിൽ വാക്സിൻ കുത്തിവച്ചു കഴിഞ്ഞു. കൊൽക്കത്തയിലെ ചന്ദ്രദത്താ എന്ന വനിത, ഈ കുത്തിവയ്പെടുത്തു സ്വയം സേവനത്തിനു തയ്യാറായവരിൽ ഒരാളാണ്.

മെയ് മാസത്തോടെ 6,000 സന്നദ്ധ സേവകർ വാക്സിൻ കുത്തിവയ്പെടുക്കും. ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ആയിരക്കണക്കിനാളുകളിൽ, പിന്നീട് പതിനായിരക്കണക്കിന് പേരിൽ അങ്ങനെ പോകും പരീക്ഷണം. പൂർണമായ അംഗീകാരം കിട്ടാൻ സാധാരണ ഗതിയിൽ 12 മാസമെങ്കിലും എടുക്കും. എന്നാൽ വിജയം ഉറപ്പാണെന്ന ശുഭാപ്തി വിശ്വാസത്തിൽ അതിനായി കാത്തുനിൽക്കാതെ ഉല്പാദനവുമായി മുന്നോട്ട് പോകാമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രൊഫ. സാറ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഏഴു കമ്പനികളുമായി ഉല്പാദനത്തിനുള്ള കരാർ യൂണിവേഴ്സിറ്റി ഒപ്പുവച്ച് കഴിഞ്ഞു. പൂനെയിലെ ഉള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റംബർ മാസത്തോടെ പ്രതിമാസം 50ലക്ഷം വൈറസ് കാപ്‌സൂളുകൾ ഉല്പാദിപ്പിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായി ചീഫ് എക്സിക്യൂട്ടീവ് ആദർ പൂനാവാല പറഞ്ഞു. 22 ലക്ഷം പൗണ്ട് യൂണിവേഴ്സിറ്റിക്ക് സഹായധനമായി നൽകികൊണ്ട് ബ്രിട്ടീഷ് സർക്കാർ ഈ പ്രോജക്ടിന് പൂർണ പിന്തുണ നൽകുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പ്രസ്താവിച്ചു. ആരാണ് ആദ്യം വിപണി കീഴടക്കുന്നത് എന്നതാണ് ലക്ഷ്യം. ഡബ്ല്യുഎച്ച്ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയി നിയമിതയായ ഡോ. സൗമ്യ സ്വാമിനാഥൻ (ഡോ. എം എസ് സ്വാമിനാഥന്റെ മകൾ) പറഞ്ഞതുപോലെ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രത്തോളം വാക്സിനുകൾ പരീക്ഷണ ഘട്ടത്തിൽ എത്തിക്കുവാൻ കഴിഞ്ഞത് വലിയൊരു അത്ഭുതം തന്നെയാണ്.

എന്നാൽ മാനവരാശിയുടെ മുഴുവൻ നിൽനിൽപിനെ ബാധിക്കുന്ന ഒന്നെന്ന നിലയിൽ ലോക രാഷ്ട്രങ്ങൾ ഒന്നിച്ചു ഏകോപിച്ചുള്ള ഒരു പ്രവർത്തനം നടത്തേണ്ടത് അത്യാവശ്യമാണ്. ഓർക്കുക, ഇത്രയും വേഗത്തിൽ വാക്സിനുകൾ പരീക്ഷണ ഘട്ടങ്ങളിലെത്തിക്കാൻ വിവിധ സ്ഥാപനങ്ങൾക്ക് കഴിഞ്ഞത് സാർസ്–കോവ്–2 വൈറസിന്റെ ജനിതക രേഖ ആരംഭത്തിൽതന്നെ ക്രമപ്പെടുത്തി എടുക്കാൻ ചൈനക്ക് കഴിഞ്ഞതും അവർ അത് ലോകത്തിന് മുഴുവൻ പങ്കുവയ്ക്കാൻ തയ്യാറാവുകയും ചെയ്തതു കൊണ്ടാണ്. പോളിയോ വാക്സിൻ കണ്ടുപിടിച്ച ജോനാസ് സാൾക് അതിന്റെ പേരിൽ പേറ്റൻറ് എടുക്കുന്നില്ലേ എന്ന ടിവി ജേർണലിസ്റ്റിന്റെ ചോദ്യത്തിന് പേറ്റന്റ് ജനങ്ങൾക്കാണെന്നായിരുന്നു മറുപടി പറഞ്ഞത്. കാരണം ഗവേഷണത്തിന് മുടക്കിയത് ജനങ്ങളുടെ പണമാണ്. ഈ വികാരമാണ് ഇന്ന് നാം പകർത്തേണ്ടത്. ജനീവയിലെ ഗാവി എന്ന വാക്സിൻ അലയൻസിന്റെ സിഇഒ ഡോ. സേത് ബെർക്ലി പറയുന്നതു പോലെ, ലാർജ് ഹാഡ്രോൺ കൊളൈഡർ, ജെനോം മാപ്പിംഗ് തുടങ്ങിയ ശാസ്ത്രഗവേഷണ പദ്ധതികൾ ലോകരാഷ്ട്രങ്ങൾ ഒന്നുചേർന്ന് നടത്തിയതു പോലെ, കൊവിഡ് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും ഏകോപനത്തോടെ നടത്തേണ്ടതായിരുന്നു. ഇതിനൊരു സ്ഥിരം സംവിധാനം ഉണ്ടാവണം. ആധുനിക വാക്സിനുകൾ രൂപപ്പെടുത്തുന്നതിൽ നിന്നുണ്ടാകുന്ന അനുഭവ പാഠം ഉൾക്കൊണ്ട് ഒരു പുതിയ വൈറസ് വന്നാൽ അതിനെ നേരിടാനുളള മാർഗങ്ങൾ വളരെ വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന സംവിധാനം. പൊതുവായ ഫണ്ട്, പ്രതിഭകളുടെ കൂട്ടായ്മ ഇവയൊക്കെ ചേർത്തുവച്ച് ലോകം ഒരുമിച്ചു നിൽക്കണം എന്ന പാഠം കൂടി നൽകുന്നുണ്ട് ഈ കൊറോണക്കാലം.

(ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.