October 7, 2022 Friday

പ്രതിപക്ഷ ആവശ്യത്തെ ജനങ്ങള്‍ തള്ളിക്കളയും

Janayugom Webdesk
September 25, 2020 5:33 am

രു മഹാമാരിയുടെ പിടിയിലമര്‍ന്ന് നില്‍ക്കുകയാണ് നമ്മുടെ സംസ്ഥാനം. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രോഗവ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാരും ജനങ്ങളുമൊന്നിച്ചുനിന്ന് അതിന് പ്രതിവിധിയും പ്രതിരോധവും തീര്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടാവേണ്ടത്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം ഇതിനെയെല്ലാം തുരങ്കം വയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്.

പ്രതിദിനം അയ്യായിരത്തിലധികം കോവിഡ് രോഗികളുണ്ടാവുന്ന സാഹചര്യത്തിലും യുഡിഎഫ് — ബിജെപി നേതൃത്വത്തില്‍ സമരത്തിന്റെ പേരില്‍ എല്ലാ നിയന്ത്രണങ്ങളെയും ലംഘിച്ചു നടക്കുന്ന അക്രമസമരങ്ങള്‍ പുരോഗമന കേരളത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല എന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ നിലപാടെടുത്തതാണ്. ഇതില്‍ ഉള്‍പ്പെടുന്ന ആര്‍ക്കും സംരക്ഷണത്തിന്റെ കവചങ്ങള്‍ ഒരുക്കിക്കൊടുക്കുകയില്ലെന്ന സര്‍ക്കാരിന്റെ സമീപനം മാതൃകാപരവുമാണ്.

രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന സ്വര്‍ണക്കടത്തുകേസ് കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ രണ്ടു മാസമായി അന്വേഷിക്കുകയാണ്. ഇതിന്റെ ഉറവിടം എവിടെയാണെന്നും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ആരെല്ലാമാണെന്നും അറിയേണ്ടതും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇതൊന്നും അറിയാനല്ല പ്രതിപക്ഷത്തിന് താല്പര്യം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആവശ്യത്തെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

കേന്ദ്ര ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ വിധി പ്രസ്താവിക്കുന്ന രീതിയാണ് പ്രതിപക്ഷവും ബിജെപിയും സ്വീകരിക്കുന്നത്. ചോദ്യം ചെയ്യുന്നു എന്നതിനെ ചൂണ്ടിക്കാട്ടിയല്ല നിലപാടുകള്‍ സ്വീകരിക്കേണ്ടത്. കുറ്റക്കാര്‍ക്കെതിരെയാണ് ശക്തമായ നിലപാടുകള്‍ കൈക്കൊള്ളേണ്ടത്. എന്നാല്‍ യുഡിഎഫും ബിജെപിയും ഒരേ തൂവല്‍ പക്ഷികളെപ്പോലെ അവരുടെ രാഷ്ട്രീയ താല്പര്യത്തിനായി മാത്രം അക്രമസമരങ്ങളുടെ പരമ്പര തീര്‍ക്കാന്‍ പരിശ്രമിക്കുകയും യഥാര്‍ത്ഥ വസ്തുതകളെ ബോധപൂര്‍വം മറയ്ക്കുകയുമാണ്.

ജനക്ഷേമകരങ്ങളായ നടപടികളിലൂടെ ഇന്ത്യക്കാകെ മാതൃകയായ സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. രാജ്യമാകെ സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാകുമ്പോള്‍ കേരളം അവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കി കൊടുക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും തൊഴിലാളികളും കര്‍ഷകരുമെല്ലാമടങ്ങുന്ന ജനതയെ എല്ലാ അര്‍ത്ഥത്തിലും സഹായിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്.

കോവിഡ് തീര്‍ത്ത ദുരിതത്തിന്റെ കാലത്ത് ആ സഹായത്തിന്റെ വ്യാപ്തി നാം അനുഭവിച്ചറിഞ്ഞതാണ്. ഇപ്പോഴും അറിയുന്നുമുണ്ട്. ജനമനസ്സുകളില്‍ ഇടംനേടിയ സര്‍ക്കാരിനോട് പ്രതിപക്ഷത്തിന് അസൂയയും ദേഷ്യവുമെല്ലാം ഉണ്ടാവാം. പക്ഷേ ജനങ്ങളെ ഇരകളാക്കുന്ന തരത്തില്‍ സമരങ്ങളുടെ പേരു പറഞ്ഞ് അക്രമങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതിനെ കേരളീയ സമൂഹം ശക്തമായി നേരിടുക തന്നെ ചെയ്യും. അക്രമസമരത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്ന യുഡിഎഫ്, ബിജെപി സ്വപ്നങ്ങള്‍ക്ക് ഈ മണ്ണില്‍ ആയുസ്സുണ്ടാവുകയേയില്ല.

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ദുരുദ്ദേശത്തോടെ കേരളത്തിലെ ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്ന അക്രമ സമരങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കണം. യുഡിഎഫ്, ബിജെപി അക്രമസമരങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 29 ന് രക്തസാക്ഷി മണ്ഡപത്തിലും ജില്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകൾ നടക്കും. പരിപാടി വിജയിപ്പിക്കാൻ സമൂഹം മുന്നിട്ടിറങ്ങണം.

ഡല്‍ഹി പൊലീസ് നടപടി അപലപനീയം

ഡല്‍ഹി കലാപത്തിന്റെ പേരില്‍ ആനിരാജ ഉള്‍പ്പെടെയുള്ള നേതാക്കളേയും സാമൂഹ്യ പ്രവര്‍ത്തകരേയും പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രതിഷേധിച്ചു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് ആനി രാജ.

സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്താനാണ് ഡല്‍ഹി പൊലീസ് ശ്രമിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, കവിതാ കൃഷ്ണന്‍, അഡ്വ. പ്രശാന്ത് ഭൂഷണ്‍, അഞ്ജലി ഭരദ്വാജ്, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, രാഹുല്‍ റോയി, അപൂര്‍വ്വാനന്ദ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് എടുക്കുന്നത്. ഡല്‍ഹിയിലെ സമാധാനപരമായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കേസ് എടുക്കാനുള്ള നീക്കം അപലപനീയമാണ്.

അക്രമകാരികളെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അത്യന്തം പ്രകോപനപരമായ ഡല്‍ഹി പൊലീസിന്റെ ഈ നടപടിയില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തമായി പ്രതിഷേധിച്ചു. ഡല്‍ഹി അക്രമങ്ങളെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ദേശീയ നേതാക്കള്‍ ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്ത്യാ ഗവൺമെന്റ് അതിന് തയ്യാറാവണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.