സ്വാമി വിവേകാനന്ദനെ വെറുതെ വിട്ടുകൂടേ?

Web Desk
Posted on October 14, 2017, 1:13 am

പ്രഫ. കെ അരവിന്ദാക്ഷന്‍

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോഡി സെപ്റ്റംബര്‍ 11ന് വിദ്യാര്‍ഥികള്‍ക്കായി വിളിച്ചുചേര്‍ത്ത ഒരു കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ, 1893‑ന്റെ പ്രാധാന്യമെന്തെന്ന് തിരിച്ചറിയാതിരുന്നതിന്റെ പേരില്‍ അവര്‍ക്കുനേരെ രോഷപ്രകടനം നടത്തുകയുണ്ടായി. പ്രത്യേക പ്രകോപനമില്ലാതെ പ്രധാനമന്ത്രിയുടേതായി കേള്‍ക്കാനിടയായ ഈ പ്രതികരണം പലരേയും അത്ഭുതപ്പെടുത്തി. തുടര്‍ന്നാണ് പ്രസ്തുത വര്‍ഷത്തിന്റെ ചരിത്രപ്രാധാന്യം എന്തെന്ന് കേട്ടുനിന്നവര്‍ക്ക് ഓര്‍മ്മവരുന്നത്. അന്നായിരുന്നു സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോവിലെ വേള്‍ഡ് പാര്‍ലമെന്റ് ഓഫ് റിലിജിയണ്‍സില്‍ തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയത്.
മോഡിയുടെ കാഴ്ചപ്പാടില്‍ 1893 സെപ്റ്റംബര്‍ 11 ആണ് യഥാര്‍ഥ 9/11 ആയി നാം കാണേണ്ടതത്രെ. ഈ ദിവസത്തിന്റെ പ്രാധാന്യം നാം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ 2001‑ലെ മറ്റൊരു 9/11 ആവര്‍ത്തിക്കപ്പെടുമായിരുന്നില്ലെന്നാണ് മോഡിയുടെ അഭിപ്രായം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതിരുന്നതിനെ പരാമര്‍ശിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ മോഡിയുടെ തട്ടിക്കയറ്റം.
രസകരമായ വസ്തുത ഇതൊന്നുമല്ല. 1893‑ന്റെ പ്രാധാന്യവും പ്രസക്തിയും വിദ്യാര്‍ഥികള്‍ വിസ്മരിച്ചത് ശരിയായില്ലെന്നു അംഗീകരിക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രിതന്നെ ഒരുപക്ഷെ സൗകര്യാര്‍ഥം മറന്നുപോയത് സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിലെ ആദ്യവാചകമായിരുന്നു. ”പീഡിപ്പിക്കപ്പെട്ടവര്‍ക്കും വിവിധ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അഭയാര്‍ഥികള്‍ക്കും അവര്‍ ഭൂമിയിലെ ഏത് രാജ്യത്തുനിന്നും വന്നവരായാലും അവര്‍ക്കെല്ലാം തുല്യമായ നിലയില്‍ അഭയവും സംരക്ഷണവും നല്‍കിയ രാജ്യമാണ് എന്റേത്” — ഇതായിരുന്നു വിവേകാനന്ദന്റെ വാക്കുകള്‍.
നിര്‍ഭാഗ്യമെന്നുതന്നെ പറയട്ടെ, ഇത്തരമൊരു വികാരം നാമമാത്രമായെങ്കിലും റൊഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ 2017 സെപ്റ്റംബര്‍ 11‑ന് സുപ്രിംകോടതിയില്‍ മോഡി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതിഫലിപ്പിക്കപ്പെടുകയുണ്ടായില്ല. നേരെമറിച്ച്, അതില്‍ സര്‍ക്കാരിന്റെ നിലപാട്, റൊഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നത് ദേശീയ സുരക്ഷയ്ക്ക് ഒരു കടുത്ത ഭീഷണിയായിരിക്കുമെന്ന് കൂടിയാണ്. മാത്രമല്ല, മുസ്‌ലിം ഭീകരവാദ സംഘടനകളായ ഐഎസ്‌ഐ — ഐഎസ്എസ്, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയവയുമായി റൊഹിങ്ക്യകള്‍ക്ക് ബന്ധമുണ്ടെന്നും മോഡി ഭരണകൂടം അവകാശപ്പെടുന്നു. ഹുണ്ടികവ്യാപാരം, ഹവാലാ ഇടപാടുകള്‍ തുടങ്ങിയ അവിഹിത മാര്‍ഗങ്ങള്‍ വഴി ഇക്കൂട്ടര്‍ പണം സമാഹരിക്കുന്നതായും ആരോപിക്കപ്പെടുന്നു. ഇന്ത്യയില്‍ ദീര്‍ഘകാലമായി അഭയം തേടിയിരിക്കുന്ന ബുദ്ധമത വിശ്വാസികള്‍ക്കും റൊഹിങ്ക്യകള്‍ ഭീഷണിയാണെന്ന് സര്‍ക്കാര്‍ കരുതുന്നു.
റൊഹിങ്ക്യകള്‍ക്കെതിരായി നിരന്തരം ഉയര്‍ത്തപ്പെടുന്ന ഇത്തരം ആരോപണങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ നിരത്താന്‍ ബിജെപി സംഘപരിവാര്‍ ശക്തികളോ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളോ സന്നദ്ധമായിട്ടുമില്ല. കാടടച്ചു വെടിവയ്ക്കുക എന്ന നിലപാടാണ് ഭരണകൂടവും ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നവരും സ്വീകരിച്ചുവരുന്നത്. ഒന്നാമത് അരകന്‍ റൊഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിക്ക് ഹഫീസ് മുഹമ്മദും അല്‍ഖ്‌യ്ദയുമായി ചില സമ്പര്‍ക്കങ്ങളുണ്ടെന്നത് ഒരു പരിധിവരെയെങ്കിലും ശരിയായിരിക്കാം. എന്നാല്‍, ഈ ഒറ്റക്കാരണത്തിന്റെ പേരില്‍ മുഴുവന്‍ റൊഹിങ്ക്യകളെയും ഭീകരവാദികളായി മുദ്രയടിക്കുന്നത് വിവേകാനന്ദ ശിഷ്യന്മാരെന്ന് അവകാശപ്പെടുന്ന മോഡിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ഭൂഷണമാണോ? അതോ, ഇത്തരമൊരു നിഴല്‍യുദ്ധം തുടരാനാണോ ഭാവം? നിലവിലുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ റൊഹിങ്ക്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അവര്‍ പ്രസക്തമായ മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കേണ്ടിവരും. ലഷ്‌കര്‍ — അല്‍ഖ്വയ്ദ ഭീകരന്മാര്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതിനാല്‍ മുഴുവന്‍ കശ്മീരി ജനതയേയും ഭീകരന്മാരായിക്കാണുന്നത് ശരിയായിരിക്കുമോ?
കേന്ദ്രസര്‍ക്കാര്‍ റൊഹിങ്ക്യക്കാരോട് സ്വീകരിച്ചുവരുന്ന ഈ നിലപാടിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്ന മറ്റ് ചില വസ്തുതകള്‍കൂടിയുണ്ട്. ജമ്മുവിലെ ഐജി എസ് ഡി സിങ് ഈയിടെ എന്‍ഡിടിവിയോട് പറഞ്ഞത് റൊഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ ഏതാനും പേര്‍ക്കെതിരെ മാത്രമാണ് നാളിതുവരെയായി നിസാരമായ ക്രിമിനല്‍ കുറ്റങ്ങള്‍പോലും ചുമത്തപ്പെട്ടിട്ടുള്ളത് എന്നാണ്. അങ്ങേയറ്റത്തെ ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടുന്ന റൊഹിങ്ക്യന്‍ ജനത ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നതെങ്ങനെയാണെന്ന് എത്രതന്നെ ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജമ്മുവില്‍ അഭയം തേടിയിരിക്കുന്ന റൊഹിങ്ക്യരില്‍ നിന്നും ഒട്ടും വ്യത്യസ്തമായ അനുഭവമല്ല ജയ്പൂരിലും ഡല്‍ഹിയിലും ചണ്ഡിഗറിലും ഹരിയാന സംസ്ഥാനത്തെ ഫരീദാബാദ്, മേവാത്ത് തുടങ്ങിയ ഇടങ്ങളിലുമുള്ളവരില്‍ നിന്നും തദ്ദേശവാസികള്‍ക്കുണ്ടായിട്ടുള്ളതത്രെ! അപ്പോള്‍ പിന്നെ, പട്ടിയെ കൊല്ലാന്‍ പേപ്പട്ടിയാക്കുക എന്ന ഈ കുതന്ത്രം എന്തിനുവേണ്ടി പയറ്റുന്നു എന്നതാണ് പ്രസക്തമായ സംശയം.
രണ്ടാമത്തെ ആരോപണം ഇതിലേറെ യഥാര്‍ത്ഥവും അബദ്ധജടിലവുമാണ്. അതായത് റൊഹിങ്ക്യന്‍ അഭയാര്‍ഥികള്‍ വ്യാപകമായതോതില്‍ ഹവാലാ ഇടപാടുകളിലൂടെ അവിഹിതമായി പണം സമാഹരിക്കുന്നു എന്ന്. ഒരു ഗതിയുമില്ലാതെ മുഴുപ്പട്ടിണിയില്‍ അകപ്പെട്ട നിരാലംബരായ ഒരുകൂട്ടം ആളുകള്‍ ഹവാലാ ഇടപാടുവഴി പണം ഉണ്ടാക്കുന്നുവെന്നും അതുവഴി ഭീകരതയ്ക്ക് കോപ്പുകൂട്ടുന്നുവെന്നും ആരോപിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവരെ അന്ധമായി അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത അധിക്ഷേപമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. അതിലേറെ അപഹാസ്യവും.
റൊഹിങ്ക്യന്‍ അഭയാര്‍ഥികളെ ഒന്നടങ്കം ഇന്ത്യയില്‍ നിന്നും ആട്ടിയോടിക്കണമെന്ന് ആക്രോശിക്കുന്നവര്‍, അതിനുള്ള സാധൂകരണമെന്ന നിലയില്‍ മുന്നോട്ടുവയ്ക്കുന്ന മൂന്നാമത്തെ കാരണമെന്തെന്നോ? അവര്‍ ഇന്ത്യയിലെ കുടിയേറ്റക്കാരായി എത്തിയാല്‍ ബുദ്ധമതക്കാരെ ആകെത്തന്നെ ബലം പ്രയോഗിച്ച് രാജ്യത്തുനിന്നും ഓടിച്ചുകളയുമെന്ന്. ഈ ആരോപണവും അര്‍ഥശൂന്യമാണ്. ഒരു വാദത്തിനുവേണ്ടി ഇത് അംഗീകരിച്ചാല്‍തന്നേയും ഇതിനൊരു മറുചോദ്യമുണ്ടായാല്‍ അതില്‍ ന്യായമുണ്ടോയെന്ന് പരിശോധിക്കുകയെങ്കിലും വേണ്ടതല്ലേ? ഭരണകൂട ഭീകരതയില്‍ പൊറുതിമുട്ടി പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പലായനം ചെയ്യുന്ന ഹിന്ദുക്കള്‍ ഇന്ത്യയിലെ മുസ്‌ലിം ജനതയ്ക്ക് ഭീഷണിയാകുമെന്ന വാദഗതി ഉന്നയിക്കപ്പെടുന്നപക്ഷം അത് നമുക്കൊരിക്കലും അംഗീകരിക്കാനാവില്ല, മന്ദബുദ്ധികള്‍ക്കൊഴികെ. അപ്പോള്‍ മോഡി സര്‍ക്കാരിന്റെ ഏകലക്ഷ്യം റൊഹിങ്ക്യന്‍ അഭയാര്‍ഥികളെ ഭീകരരെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തി ഏതുവിധേനയും ഒറ്റപ്പെടുത്തുക എന്നതുതന്നെ. സുപ്രിംകോടതിയെ സ്വാധീനിക്കാന്‍ മെനഞ്ഞെടുത്ത ഒരു ഗൂഢതന്ത്രം മാത്രമാണിത്.
കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സാര്‍വദേശീയ നിയമങ്ങളോടൊപ്പം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന വ്യവസ്ഥകളും ഏതുവിധേനയും മറികടക്കുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഒന്നാണ്. ഈ രണ്ട് നിയമവ്യവസ്ഥകളും റൊഹിങ്ക്യന്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ഭരണകൂടം, അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും തത്വസംഹിതയും മാറ്റിവച്ചുകൊണ്ടാണെങ്കിലും സന്നദ്ധമാവേണ്ടതാണെന്ന് വ്യക്തമാക്കുന്നവയുമാണ്.
ഒരുപക്ഷേ, കേന്ദ്രസര്‍ക്കാരിന് പിടിവള്ളിയായുള്ളത് അഭയാര്‍ഥികളെ സംബന്ധിക്കുന്ന യു എന്‍ കണ്‍വന്‍ഷനിലും അതുമായി ബന്ധപ്പെട്ടുള്ള 1967‑ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പിട്ടിട്ടില്ലെന്ന നിലപാടായിരിക്കും. അതേ അവസരത്തില്‍തന്നെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ധാരണകളില്‍ നാം പങ്കാളികളായിട്ടുള്ളതുമാണ്. ഇക്കൂട്ടത്തില്‍ അഭയാര്‍ഥികളായി എത്തുന്നവരെ ബലപ്രയോഗത്തിലൂടെ ആട്ടിപ്പായിക്കുന്നതിനെതിരായ യു എന്‍ സിദ്ധാന്തം പാലിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. ഇതിനെല്ലാം ഉപരിയായി ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം വകുപ്പനുശാസിക്കുന്നവിധത്തില്‍ ജീവിക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും മതഭേദമില്ലാതെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും തുല്യാവകാശമുണ്ടെന്നാണ് നമുക്ക് തിരിച്ചറിയാനുള്ളത്. ഈ അവകാശം അഭയാര്‍ഥികളായി ഇവിടെ എത്തുന്ന റൊഹിങ്ക്യകള്‍ക്കും ബാധകമാണ്. ഒരു ഭരണഘടനാവ്യവസ്ഥ കാറ്റില്‍പറത്തുന്നതിലൂടെ ഇന്ത്യന്‍ ഭരണകൂടം ആഗോളതലത്തില്‍ ഇന്ത്യയെപ്പറ്റി മോശപ്പെട്ട പ്രതിച്ഛായായിരിക്കും സൃഷ്ടിക്കുക.
ഈവിധത്തിലൊരു വിവാദം മാധ്യമങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നതിലൂടെ മോഡി ഭരണകൂടത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്റ്റേറ്റ് മന്ത്രി കിരണ്‍ റിജിജു ട്വീറ്ററില്‍ നടത്തിയൊരു പരാമര്‍ശം ഏറെ പ്രസക്തമായിരുന്നു. ”റൊഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സംഘം ചേര്‍ന്ന് മാധ്യമങ്ങളിലൂടെ നടത്തിവരുന്ന ഈ ഏറ്റുമുട്ടല്‍ ലക്ഷ്യമിടുന്നതും ഇന്ത്യയുടെ പ്രതിച്ഛായ മോശപ്പെടുത്തുക എന്നതാണ്”-ഇതായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതിന്റെ ഉത്തരവാദിത്തം മാധ്യമത്തിന്റെ ചുമലില്‍ കെട്ടിവയ്ക്കുന്നതില്‍ അര്‍ഥമില്ല. മറിച്ച് ഈ ബാധ്യത ഏറ്റെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. സുപ്രിംകോടതിയില്‍ മോഡി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഉള്ളടക്കം തന്നെയാണ് ഇതിനുള്ള തെളിവ്. ഇതിന്റെ പാപഭാരം ഇറക്കിവയ്‌ക്കേണ്ടത് സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗ വാര്‍ഷിക ദിനത്തില്‍ തന്നെ വേണമായിരുന്നോ?
ഏതായാലും, ഇന്ത്യന്‍ ഭരണകൂടത്തിന്റെ റൊഹിങ്ക്യന്‍ അഭയാര്‍ഥിവിരുദ്ധ നടപടിക്കെതിരെ ഓണ്‍ലൈന്‍ പ്രസ്ഥാനത്തിലൂടെ വ്യാപകമായ പ്രചരണത്തിന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടക്കം കുറിച്ചുകഴിഞ്ഞിരിക്കുകയാണ്.

അടിക്കുറിപ്പ്
പ്രശസ്ത ടെലിവിഷന്‍ ആങ്കറായ കരണ്‍ താപ്പര്‍ ‘ദി ഹിന്ദു’ ദിനപത്രത്തിലെഴുതിയ (2017 സെപ്റ്റംബര്‍ 9) ലേഖനത്തോട് കടപ്പാട്.