27 March 2024, Wednesday

Related news

January 29, 2024
January 28, 2024
January 21, 2024
January 14, 2024
January 13, 2024
December 7, 2023
December 7, 2023
December 6, 2023
December 1, 2023
November 29, 2023

കാലാവസ്ഥാ നയതന്ത്രത്തിലെ സമ്പന്ന രാജ്യങ്ങളുടെ രാഷ്ട്രീയം

ജെയിംസ് ജേക്കബ്
November 17, 2022 5:30 am

1992ൽ ഒപ്പുവയ്ക്കുകയും എല്ലാ ലോക രാഷ്ട്രങ്ങളും അംഗീകരിച്ച് 1994ൽ നിലവിൽ വരികയും ചെയ്ത യുണൈറ്റഡ് നാഷന്‍സ് ഫ്രം വര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (യുഎന്‍എഫ്‌സിസിസി)നെ ആധാരമാക്കിയാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് എല്ലാ വർഷങ്ങളിലും ഉച്ചകോടികൾ അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് നടന്നുവരുന്നത്. യുഎന്‍എഫ്‌സിസിസിയുടെ 27-ാമത് വാർഷിക ഉച്ചകോടി (സിഒപി27) 2022 നവംബർ 6–18 വരെ ഈജിപ്റ്റിൽ നടക്കുകയാണ്. ആഗോളതാപനം അപകടകരമായ വിധം വർധിക്കുകയും കാലാവസ്ഥയിലെ വ്യതിയാനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാമ്പത്തിക വളർച്ചയ്ക്ക് നിദാനമായ വ്യവസായം, കൃഷി, നിർമ്മാണം, ഗതാഗതം തുടങ്ങി മനുഷ്യന്റെ വിവിധങ്ങളായ പ്രവൃത്തികളുടെ ഫലമായി നൂറ്റാണ്ടുകളായി വലിയ അളവിൽ പുറന്തള്ളപ്പെടുന്ന കാർബണ്‍ ഡൈ ഓക്സൈഡ് ഉള്‍പ്പെടെ ഹരിതഗൃഹവാതകങ്ങളാണ് ഇന്നു കാണുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനകാരണം. സാമ്പത്തിക വളർച്ചയുടെ അനന്തരഫലമായ കാലാവസ്ഥാ വ്യതിയാനം മനുഷ്യ നിർമ്മിതമാണ്.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളിലെ ചില സർക്കാരുകളും തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷികളും എണ്ണക്കമ്പനി മേധാവികളും കാലാവസ്ഥാ വ്യതിയാനം ഒരു മിഥ്യയാണെന്നും, താപന വർധനവ് സ്വാഭാവിക കാരണങ്ങൾ മൂലമാണെന്നും വാദിച്ചിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലുള്ള കാലാവസ്ഥാ നിഷേധികളുടെ സ്വരം ഇന്നും ചിലപ്പോഴെങ്കിലും കേൾക്കാറുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആദ്യകാലത്ത് കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കണ്ടിരുന്നില്ലെങ്കിലും പിന്നീട് തന്റെ നിലപാടിൽ മാറ്റം വരുത്തി. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനവും അതിൽ സമ്പന്ന രാഷ്ട്രങ്ങളുടെ വലിയ പങ്കും ഏതാണ്ട് എല്ലാ ലോകനേതാക്കളും ഇന്ന് അംഗീകരിച്ചുകഴിഞ്ഞതാണ്. എങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള മാർഗനിർദ്ദേശങ്ങൾ വരുമ്പോൾ സമ്പന്നരാഷ്ട്രങ്ങളും വികസ്വര-അവികസിത രാഷ്ട്രങ്ങളും പല ചേരികളിൽ നിന്ന് പോരാടുന്നതാണ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ലോകം കണ്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തെളിവുകളും അതിനു പിന്നിലുള്ള മനുഷ്യനിർമ്മിതമായ കാരണങ്ങളും പുറത്തു കൊണ്ടുവരുന്നതിൽ സമ്പന്നരാഷ്ട്രങ്ങളിലെ തന്നെ ശാസ്ത്രജ്ഞർ വലിയ പങ്കുവഹിച്ചിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഇന്നും ഈ മേഖലയിലെ സുപ്രധാന ഗവേഷണങ്ങൾ നടത്തുന്നതും അവരാണ്. എന്നാൽ സമ്പന്ന രാഷ്ട്രങ്ങളിലെ രാഷ്ട്രീയ‑വ്യവസായ കൂട്ടുകെട്ടുകൾ, പ്രത്യേകിച്ച് വൻകിട എണ്ണ കമ്പനികളുമായുള്ള ബന്ധമാണ് കാലാവസ്ഥാ വ്യതിയാനത്തെ എപ്പോഴും നിഷേധിച്ചുകൊണ്ടിരുന്നത്.

പല സമ്പന്ന രാഷ്ട്രത്തലവൻമാർക്കും എണ്ണക്കമ്പനികളിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്നുവെന്നതും അവരുടെ ഭരണത്തിൽ എണ്ണക്കമ്പനിയുടമകൾക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന കാര്യവും രഹസ്യമല്ല. ആത്യന്തികമായി ലോകരാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം സാമ്പത്തിക വ്യവസ്ഥിതിയാണ്. സമ്പന്ന രാഷ്ട്രങ്ങൾക്ക് തങ്ങളുടെ ആഗോള രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുവാൻ ശാസ്ത്ര‑സാങ്കേതിക മേഖലകളിൽ അവർ നേടിയിട്ടുള്ള വലിയ കുതിച്ചുചാട്ടം സഹായകരമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. അന്താരാഷ്ട്ര കരാറുകളോ നീതിന്യായ വ്യവസ്ഥകളോ ഈ മേൽക്കോയ്മയെ തടയുവാൻ പ്രാപ്തമല്ലാതായിട്ടുണ്ട് എന്നത് ആധുനിക ലോകത്തിന്റെ വലിയ അപചയമാണ്. വികസിത രാഷ്ട്രങ്ങൾ തങ്ങളുടെ ഉയർന്ന സാമ്പത്തിക നിലവാരം നിലനിർത്തുവാനും വികസ്വര-അവികസിത രാഷ്ട്രങ്ങൾ കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കുവാനുമുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കും. മനുഷ്യ പ്രകൃതിയുടെ ഒരു അടിസ്ഥാന സ്വഭാവമായി മാത്രമേ ഇതിനെ കാണുവാൻ കഴിയുകയുള്ളൂ. എന്നാൽ മനുഷ്യൻ, തന്റെ പ്രവൃത്തികൾ പ്രകൃതിയെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്ന് മനസിലായിട്ടുപോലും അവയ്ക്ക് നിയന്ത്രണം വയ്ക്കാതിരിക്കുന്നത് ഭോഷത്തമാണെന്ന് കാലാവസ്ഥാ നയതന്ത്രത്തിലെ രാഷ്ട്രീയം കാട്ടിത്തരുന്നു. സാമ്പത്തിക പുരോഗതിക്ക് അത്യാവശ്യം വേണ്ടതാണ് അസംസ്കൃത വസ്തുക്കൾ, ഇന്ധനം, സാങ്കേതിക വിദ്യ, മുതൽ മുടക്കുവാനുള്ള കഴിവ്, രാഷ്ട്രീയ സ്ഥിരത മുതലായവ. വികസിത രാജ്യങ്ങളിൽ ഈ ഘടകങ്ങളെല്ലാം വളരെ അനുയോജ്യമാണ്. ഇന്നുകാണുന്ന എല്ലാ വികസിത രാജ്യങ്ങളും ആ നിലയിലേക്കെത്തിയതിൽ വ്യവസായ വിപ്ലവവും രണ്ടാം ലോകമഹായുദ്ധം വരെയുള്ള കൊളോണിയൽ വാഴ്ചയും വലിയ പങ്കുവഹിച്ചു.

സ്വദേശത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പ്രകൃതിവിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്താണവർ സമ്പന്നരാജ്യങ്ങളായത് എന്നത് ചരിത്രം. വ്യവസായ വിപ്ലവം വളർന്നതോടെ 19-ാം നൂറ്റാണ്ടിൽ യൂറോപ്പിലും അമേരിക്കൻ ഭൂഖണ്ഡത്തിലുമാണ് വൻതോതില്‍ വനനശീകരണം ആദ്യം സംഭവിച്ചത്. തുടർന്ന് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വനനശീകരണങ്ങൾ കൊളോണിയൽ ഭരണത്തിൻ കീഴിലുള്ളതായിരുന്നു. കോളനികളിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്ത് സാമ്പത്തികമായി വളർന്ന് ലോകമെമ്പാടും തങ്ങളുടെ രാഷ്ട്രീയസ്വാധീനം ഉറപ്പിക്കുവാൻ കൊളോണിയൽ ശക്തികൾ തമ്മിൽ ആ കാലഘട്ടത്തിൽ മത്സരിച്ചിരുന്നു. തദ്ദേശീയർ എക്കാലത്തും വനങ്ങളെയും പ്രകൃതിവിഭവങ്ങളെയും കരുതലോടെ ഉപയോഗിച്ചിരുന്നവരും സംരക്ഷിച്ചവരും ആദരിച്ചവരുമായിരുന്നു. അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു അത്. ഇരുമ്പിനോടൊപ്പം, കൽക്കരി, പെട്രോളിയം മുതലായ ഇന്ധനങ്ങളാണ് വ്യവസായത്തെ ഒരു വിപ്ലവമാക്കി മാറ്റിയത്. ആദ്യം ഇത് ബ്രിട്ടനിലും യൂറോപ്പിലും സംഭവിക്കുകയും പിന്നീട് അമേരിക്കയിലും ജപ്പാനിലും മറ്റിടങ്ങളിലും വ്യാപിക്കുകയും ചെയ്തു. അന്നുവരെ സാമ്പത്തികമായും സാംസ്കാരികമായും ഏറ്റവും ഉയർന്നു നിന്നിരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലല്ല വ്യവസായ വിപ്ലവം ആരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്. വ്യവസായ വിപ്ലവത്തോടുകൂടി സാമ്പത്തിക സാങ്കേതിക മേഖലകളിൽ ഏറെ മേൽക്കോയ്മ വരിച്ച കൊളോണിയൽ രാജ്യങ്ങൾ ലോകമെമ്പാടും കീഴടക്കി പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്തു. പ്രകൃതിവിഭവങ്ങളുടെ ഉപയോഗമാണ് സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം. വ്യവസായ വിപ്ലവത്തിന്റെ ആരംഭകാലങ്ങളിൽ കൃഷിക്കും പിന്നീട് വ്യാവസായിക ആവശ്യങ്ങൾക്കുമായി വലിയ തോതിൽ വനനശീകരണം സംഭവിച്ചു. വ്യവസായ വിപ്ലവത്തിലൂടെ കൈവന്ന സാമ്പത്തിക സമൃദ്ധി ജനസംഖ്യയുടെ വളർച്ചയ്ക്ക് കാരണമായി. ഇത് കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കേണ്ടതിന്റെ ആവശ്യം വർധിപ്പിച്ചു.

1850കളിൽ കൃഷിക്കും വ്യവസായ ആവശ്യങ്ങൾക്കുമായി വനങ്ങൾ വെട്ടിയതുമൂലം മൂന്ന് ബില്യൺ ടൺ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പ്രതിവർഷം പുറന്തള്ളിയത്. ക്രമേണ കൽക്കരി, പെട്രോളിയം മുതലായവയുടെ ഉപഭോഗം വലിയതോതിൽ വർധിക്കുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‍വമനം ഏറെ ഉയരുകയും ചെയ്തു. വ്യവസായ വിപ്ലവത്തിനുശേഷമുള്ള 170 വർഷം കൊണ്ട് വനനശീകരണം മൂലം പ്രതിവർഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് രണ്ടിരട്ടി വർധിച്ചപ്പോൾ, ഫോസിൽ ഇന്ധന ഉദ്‍വമനം കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് മാത്രം വർധിച്ചത് 12 മടങ്ങാണ്. 1850കൾ മുതൽ കണക്കാക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ ഹരിതഗൃഹവാതക പുറന്തള്ളല്‍ കൂടുതലായി ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉണ്ടാകുന്നതും വനനശീകരണത്തിലൂടെയല്ല, മറിച്ച് ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു മൂലമാണ് എന്ന് വ്യക്തമാണ്. വനനശീകരണത്തിന് കൊളോണിയൽ കാലത്ത് ചുക്കാൻ പിടിച്ചതും ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ മുൻകാലങ്ങളിൽ ഉപയോഗിച്ചതും ഇപ്പോൾ ഉപയോഗിക്കുന്നതും വികസിത രാജ്യങ്ങളാണുതാനും. വികസ്വര-അവികസിത രാജ്യങ്ങളിൽ ഇപ്പോഴും വനനശീകരണം ഒരു പരിധിവരെ സംഭവിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഈ രാജ്യങ്ങളിലെ വളർന്നുവരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ ഭക്ഷ്യോല്പാദനത്തിനും വികസിത രാജ്യങ്ങളിലേക്ക് മാംസവും മറ്റും ഉല്പാദിപ്പിച്ച് കയറ്റി അയയ്ക്കാനുമാണിത്. കൊളോണിയൽ ഭരണത്തിൻ കീഴിൽ നടന്നതിനേക്കാൾ ചെറിയ തോതിലാണ് ഈ രാജ്യങ്ങളിൽ വനനശീകരണം ഇന്ന് നടക്കുന്നത്.

ദരിദ്രരാജ്യങ്ങളിലെ വനസംരക്ഷണം സമ്പന്ന രാജ്യങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. വനനശീകരണം ഒഴിവാക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങളും കുറവുകളും സമ്പന്ന രാജ്യങ്ങൾ പരിഹരിക്കുവാൻ ബാധ്യസ്ഥരാകണം. 1850കൾ മുതൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടത് ഏകദേശം 2500 ബില്യൺ ടൺ കാര്‍ബണ്‍ ഡൈ ഓക്സൈഡാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ (20 ശതമാനം) ഉല്പാദിപ്പിച്ചത് അമേരിക്കയാണ്. രണ്ടും മൂന്നും സ്ഥാനത്ത് ചൈനയും (11), റഷ്യയും (6.9) ആണ്. ജർമ്മനി (3.5), യുകെ (മൂന്ന്), ജപ്പാൻ (2.7), കാനഡ (2.6) എന്നീ വികസിത രാജ്യങ്ങളും മുൻപന്തിയിൽ വരുന്നു. മുൻ കോളനികളായിരുന്ന ബ്രസീൽ (4.5), ഇന്തോനേഷ്യ (4.1), ഇന്ത്യ (3.5) എന്നീ വികസ്വര രാജ്യങ്ങളും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളിയ ആദ്യത്തെ 10 രാജ്യങ്ങളുടെ ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ട്. കൊളോണിയൽ ഭരണകാലത്തെ അപേക്ഷിച്ച് ഇപ്പോൾ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ പൂർണ ഉത്തരവാദിത്തം ഓരോ രാജ്യങ്ങളിൽ മാത്രം നിക്ഷിപ്തമാണ്. ദാരിദ്ര്യം അകറ്റുവാനും ജീവിതനിലവാരം മെച്ചപ്പെടുത്തുവാനുമാണ് ഈ രാജ്യങ്ങൾ കൽക്കരി, പെട്രോളിയം മുതലായ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ചൈന പോലുള്ള വ്യാവസായികമായി അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ സിംഹഭാഗവും വികസിത രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നവയാണ്. ആയതിനാൽ ചൈന പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ ആത്യന്തികമായ ഉപഭോക്താക്കളും ഉത്തരവാദികളും ഈ വ്യവസായ ഉല്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങളാണ് എന്ന് പറയേണ്ടിവരും. എന്നിരുന്നാലും, കയറ്റുമതിയിലൂടെ ലഭിക്കുന്ന ലാഭം ഉല്പാദക രാജ്യത്തിന്റേത് ആണ് എന്നൊരു മറുവാദവും നിലനിൽക്കുന്നുണ്ട്. ഇന്ന് അനുഭവപ്പെടുന്ന താപനം ഉണ്ടായത് നൂറ്റാണ്ടുകളായി മനുഷ്യൻ പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളുടെ പരിണിതഫലമായാണ്. ഈ വാതകങ്ങൾ നൂറ്റാണ്ടുകളോളം അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ഇവയുടെ പുറന്തള്ളല്‍ ഇപ്പോൾ പൂർണമായി നിലച്ചാൽ പോലും വരാനിരിക്കുന്ന പല നൂറ്റാണ്ടുകൾ കൂടി താപനില ഉയരുന്നതിന് സാക്ഷിയാകും. മുൻകാലങ്ങളിൽ പുറംതള്ളപ്പെട്ട ഓരോ 1000 ബില്യൺ ടൺ കാര്‍ബണ്‍ ഡൈ ഓക്സൈഡിനും ആഗോള താപം ഏകദേശം 0.45 ഡിഗ്രി സെല്‍ഷ്യസ് വർധിച്ചിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് ഈ വാതകങ്ങൾ കൂടുതലായി പുറന്തള്ളിയ രാജ്യങ്ങൾക്കാണ് നാം ഇന്ന് അനുഭവിക്കുന്ന അധിക താപനത്തിന്റെ ഉത്തരവാദിത്തം. ഈ രാജ്യങ്ങളാകട്ടെ ഇന്ന് ഏറെ സമ്പന്നവും ആളോഹരി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളലില്‍ മുന്നിലും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിൽ അഗ്രഗണ്യരുമാണ്. ആയതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്താനുഭവങ്ങളെ പ്രതിരോധിക്കുവാൻ ഈ രാജ്യങ്ങൾക്ക് കൂടുതൽ പ്രാപ്തിയുണ്ട്. എന്നാൽ മുൻ കോളനികളുടെയും വികസ്വര-അവികസിത രാജ്യങ്ങളുടെയും കാര്യം നേരെ മറിച്ചാണ്. ഇവയെല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ഭീകരമായ പരിണിതഫലങ്ങൾ അനുഭവപ്പെടുന്ന ടോപ്പിക്കൽ മേഖലകളിലാണ്.

താരതമ്യേന ജനപ്പെരുപ്പം കൂടിയതും ജനസാന്ദ്രത ഏറിയതുമായ ഈ രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കൃഷിനാശവും വലിയ പ്രഹരമാണ് ഏല്പിക്കുന്നത്. കടക്കെണിയിൽ കിടക്കുന്ന ഇത്തരം രാജ്യങ്ങൾക്കു് ഇത് താങ്ങാവുന്നതിനപ്പുറമാണ്. നിലവിൽ ആളോഹരി വിഹിതത്തിലും ഈ രാജ്യങ്ങളുടെ കാര്‍ബണ്‍‍ ഡൈ ഓക്സൈഡ് ഉദ്‍വമനം തീർത്തും കുറവാണ്. ഇന്നത്തെ സമ്പന്ന രാഷ്ട്രങ്ങൾ പലതും തങ്ങള്‍ കോളനികളാക്കിയ രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്താണ് പുരോഗതിയിൽ എത്തിയത്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ദരിദ്ര‑വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുവാൻ സമ്പന്ന രാജ്യങ്ങൾക്ക് ബാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ലോകത്തിലെ ദരിദ്ര രാജ്യങ്ങൾക്കുണ്ടാകുന്ന നാശത്തിന് ഇന്നത്തെ വികസിത രാജ്യങ്ങൾ നഷ്ടപരിഹാരം കൊടുക്കണം എന്ന മുറവിളി ഈജിപ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വിഷയം അജണ്ടയിൽ പോലും വരാതിരിക്കുവാൻ അവസാന നിമിഷം വരെ ധനികരാജ്യങ്ങൾ ശ്രമിച്ചു എന്നത് അവരുടെ രാഷ്ട്രീയം. കാലാവസ്ഥാ നയതന്ത്രത്തിലെ സമ്പന്ന രാജ്യങ്ങളുടെ തല്പര രാഷ്ട്രീയത്തെ പ്രതിരോധിക്കുവാൻ മറ്റു രാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സമ്പന്നർക്ക് അവരുടെ ഉയർന്ന ജീവിത നിലവാരം നിലനിർത്തുവാനും ദരിദ്രർക്ക് തങ്ങളുടെ പട്ടിണി അകറ്റി ജീവിത നിലവാരം കുറെയെങ്കിലും മെച്ചപ്പെടുത്തുവാനുമുള്ള അവകാശമുണ്ട്. പക്ഷെ ഇതിൽ ആരുടെ അവകാശത്തിനാണ് മുൻഗണന വേണ്ടതെന്ന കാര്യത്തിൽ കാലാവസ്ഥാ നയത്തിൽ വ്യക്തത വരുത്തേണ്ട കാലം ഏറെ വൈകിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.