ജനയുഗം പ്രചാരണ മാസം വിജയിപ്പിക്കുക: കാനം

Web Desk
Posted on July 13, 2020, 10:43 pm

ജനയുഗം പ്രചാരണ മാസത്തിന് തുടക്കമാവുകയാണ്. ‘ജനയുഗം’ വരിക്കാരായി ചേര്‍ന്ന് പ്രചാരണമാസം വിജയിപ്പിക്കുവാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ജനയുഗം ദിനപ്പത്രം പ്രസിദ്ധീകരണം ആരംഭിച്ചിട്ട് 67 വര്‍ഷം പിന്നിടുകയാണ്. പ്രതിസന്ധികളില്‍ തളരാതെ, പ്രയാസങ്ങളെ ജനങ്ങളുടെ പിന്തുണയോടെ നേരിട്ടുകൊണ്ടാണ് ജനയുഗം മുന്നോട്ടുപോയത്. കോവിഡ് 19 എന്ന മഹാമാരി സമസ്തമേഖലകളെയും ബാധിച്ചിരിക്കുന്നു. പത്രവ്യവസായവും ഈ പ്രതിസന്ധിയില്‍ നിന്നും മുക്തമല്ല. മഹാമാരി നേരിടുന്നതിനായി നാം നടത്തുന്ന യുദ്ധത്തില്‍ പത്രങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ജനയുഗവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാണ് നിര്‍വ്വഹിക്കുന്നത്. ഇന്നത്തെ പ്രതിസന്ധി മുറിച്ചുകടക്കാന്‍ ജനയുഗത്തിന്റെ പ്രചാരം വര്‍ധിപ്പിച്ചുകൊണ്ട് മാത്രമേ കഴിയൂ. അതുകൊണ്ടാണ് ഈ പ്രതിസന്ധിഘട്ടത്തിലും ജനയുഗം പ്രചാരണമാസം ആചരിക്കാന്‍ തീരുമാനിച്ചത്. ഇടത്-ജനാധിപത്യ‑പുരോഗമന പ്രസ്ഥാനങ്ങളുടെ പടവാളാണ് ജനയുഗം ദിനപ്പത്രം. ജനകീയപ്പോരാട്ടങ്ങള്‍ക്ക് വീര്യം പകരാനുള്ള ഉത്തരവാദിത്തം കൂടുതല്‍ ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിയുംവിധം ജനയുഗത്തെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആഗോളവത്കരണത്തിന്റെ ഇന്നത്തെ ഘട്ടത്തില്‍ കോര്‍പ്പറേറ്റുകള്‍ മാധ്യമരംഗത്ത് പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഒഴുക്കിനെതിരെ നീന്തുന്ന ജനയുഗം പോലുള്ള മാധ്യമങ്ങളുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തില്‍ ജനയുഗത്തിനുള്ള പങ്ക് നിസ്തുലമാണ്. ശ്രദ്ധേയമായ മുദ്രകള്‍ ജനയുഗം പതിപ്പിച്ചിട്ടുണ്ട്. ജനകീയ പോരാട്ടങ്ങള്‍ക്ക് എന്നും ശക്തിപകര്‍ന്ന പത്രമാണ് ജനയുഗം. ഇടതുപക്ഷ‑ജനാധിപത്യ ശക്തികളുടെ നാവാണ് ജനയുഗം. ജനങ്ങളുടെ പത്രമാണ് ജനയുഗം. ജനങ്ങളാണ് ജനയുഗത്തിന്റെ ശക്തി. ജനാധിപത്യവും സോഷ്യലിസവും സാമൂഹ്യനീതിയും സമത്വവും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന ജനയുഗം എല്ലാത്തരം വിവേചനങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി.

അങ്ങനെ ഒരു വലിയ സംഘം പുരോഗമന മനസുകളെ സൃഷ്ടിച്ചെടുക്കുന്നതിന് പ്രചോദനവും സഹായവുമായി ജനയുഗം നിലനിന്നു; നിലനില്ക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ മോഡി ഭരണം കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വേട്ടയാടപ്പെടുന്നത് നാം കാണുന്നു. അഴിമതി തുറന്നു കാട്ടുന്ന പത്രപ്രവര്‍ത്തകരെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നു. ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം നിരോധിക്കുന്നു. മാധ്യമങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് തടസം നില്ക്കുന്നവര്‍ ജനാധിപത്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടും സര്‍വ്വോപരി അറിയാനുള്ള അവകാശത്തോടും മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ജനങ്ങളെ പ്രക്ഷോഭരംഗത്ത് അണിനിരത്തി മുന്നോട്ടുപോകാന്‍ ജനയുഗം എന്നും മുന്നില്‍ നിന്നിട്ടുണ്ട്. കുത്തകവൽക്കരണത്തിനെതിരായ പോരാട്ടത്തിന്റെ മുന്നിലും ജനയുഗം നിലകൊണ്ടിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് കുത്തകസോഫ്റ്റ്‌വേറുകളോട് വിടപറഞ്ഞ് സ്വതന്ത്രസോഫ്റ്റ്‌വേറിൽ അച്ചടിപൂർവ്വ ജോലികൾ പൂർത്തിയാക്കുന്ന ആദ്യപത്രമാകാൻ ജനയുഗം സന്നദ്ധമായത്.

വൻകിട പത്രങ്ങൾക്കുപോലും സാധിക്കാത്ത സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗം ആരംഭിച്ചിട്ട് ഒരുവർഷം പൂർത്തിയാകുകയുമാണ്. കേരളത്തില്‍ ഇടതുപക്ഷ‑ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് ജനയുഗം പ്രചാരണമാസം തുടങ്ങുന്നത്. അഴിമതിവിമുക്തവും മതനിരപേക്ഷതയില്‍ ഊന്നിയതുമായ ഗവൺമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍, ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ജനയുഗം എപ്പോഴും ഉണ്ടാകും. ജനയുഗത്തിനുവേണ്ടി എന്നൊക്കെ ജനങ്ങളെ സമീപിച്ചിട്ടുണ്ടോ അന്നൊക്കെ അവര്‍ സഹായിച്ചിട്ടുണ്ട്. ജനയുഗത്തിന് സഹായഹസ്തം നീട്ടിയ എല്ലാ സുമനസുകളോടും അദ്ദേഹം നന്ദിപറഞ്ഞു. വാര്‍ഷികവരിക്കാരായും മാസവരിക്കാരായും ചേര്‍ന്ന് ജനയുഗം പ്രചാരണമാസം വിജയിപ്പിക്കാന്‍ കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
ENGLISH SUMMARY: JANAYUGAM Cam­paign Month: Kanam
YOU MAY ALSO LIKE THIS VIDEO