കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

April 02, 2020, 5:15 am

കൊറോണക്കാലത്തെ മരണങ്ങൾ

Janayugom Online

ആരോഗ്യമേഖലയിലും സുരക്ഷാമേഖലയിലും പ്രവർത്തിക്കുന്നവരും സന്നദ്ധസൈനികരും ഒഴിച്ച് എല്ലാവരും വീട്ടിലിരിപ്പാണ്. വായന, അടുക്കളപ്പണി, ചെറു കൃഷിപ്പണി, വീട്ടിലെ ബാലലോകവുമായുള്ള ഇടപെടൽ ഇതൊക്കെയുണ്ടെങ്കിലും എല്ലാവരും ദുഃഖിതരാണ്. നമുക്ക് നേരിട്ട് പരിചയമില്ലാത്ത എത്രയോ സഹോദരരാണ് വിവിധരാജ്യങ്ങളിലായി മരിച്ചത്. നമുക്കേറെ പ്രിയപ്പെട്ട നെരൂദയുടെയും ദാന്തെയുടെയും കവാബത്തയുടെയും ഷെല്ലിയുടെയും മറ്റും ഭാഷ സംസാരിക്കുന്നവർ. എത്രയോ ദുഃഖകരമായ അനുഭവമാണിത്. നേരിട്ട് പരിചയം ഉണ്ടായിരുന്ന പലരും ചെന്നെത്താവുന്ന ദൂരത്തിൽ പല അസുഖങ്ങളാൽ മരിച്ചു. അവിടെയും ഒന്ന് പോകാൻ കഴിയുന്നില്ല. കൊല്ലത്ത്, ഇസ്‌ലാം മതം വേണ്ടെന്നു വച്ച് പത്രപ്രവർത്തകനായ തുളസിയുമായി ചേർന്നു കുടുംബജീവിതം വിജയകരമായി നയിച്ച ലൈലയുടെ മരണം.

കോട്ടാത്തല സുരേന്ദ്രനും തെങ്ങമം ബാലകൃഷ്ണനും കെ തങ്കപ്പനും തോപ്പിൽ രവിയും കെ പി അപ്പനും ഡോ. ബലരാമനും അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം പൊതുശ്മശാനത്തിൽ മതപരമായ ചടങ്ങുകളില്ലാതെ സംസ്ക്കരിച്ചപ്പോൾ മാത്രമാണ് അവിടെ എത്താൻ കഴിഞ്ഞത്. പിന്നീട് കർശനമായ വീട്ടുസുരക്ഷയിൽ. ജനകീയ ചിത്രകാരൻ കെ പ്രഭാകരന്റെ മരണം. ചിന്ത രവിയുടെ സഹോദരനെന്ന നിലയിലല്ല, ആശയപരമായി ഒരേ തൂവൽ പക്ഷികളെന്ന നിലയിലായിരുന്നു പ്രഭാകരനുമായുള്ള അടുപ്പം. കൊൽക്കത്ത, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് കണ്ടപ്പോൾ ആ നനുത്ത സ്നേഹത്തിന്റെ പൊട്ടാത്ത വേരുകൾ അറിഞ്ഞതാണ്. അദ്ദേഹവും ജീവിത പങ്കാളിയായ കബിതാ മുഖർജിയും ചിത്രകലയുടെ ക്യാൻവാസിൽ വരഞ്ഞിട്ട വ്യത്യസ്ത ബിംബങ്ങൾ ഓർത്ത് കൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടാനെ കഴിഞ്ഞുള്ളു. കഥാകൃത്തും പ്രാസംഗികനും ലേ ഔട്ട് ആർട്ടിസ്റ്റും ഒക്കെയായ ബേബി തോമസിന്റെ മരണം.

എൺപതുകളിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും തുടങ്ങിയ എലുക എന്ന കുഞ്ഞുമാസികയാണ് അദ്ദേഹത്തെ സാംസ്ക്കാരിക ലോകവുമായി അടുപ്പിച്ചത്. അദ്ദേഹവുമായി ചേർന്ന് കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ പ്രധാനം പി കെ റോസിയെ കുറിച്ചുള്ള അന്വേഷണമാണ്. തലസ്ഥാനനഗരം അവഗണിച്ച വെട്ടിയാർ പ്രേംനാഥ്, കവിയൂർ മുരളി, കല്ലട ശശി, ഭവാനി പ്രേംനാഥ് തുടങ്ങിവയവരെ ഓർമ്മിക്കാൻ വേണ്ടി നടത്തിയ സമ്മേളനങ്ങൾ. മതത്തെ തള്ളിക്കളഞ്ഞ ബേബിച്ചന്റെ മൃതശരീരം ആ വഴിയേ മുൻപേ സഞ്ചരിച്ച അബു എബ്രഹാം അടക്കമുള്ളവരെ യാത്രയാക്കിയ ശാന്തികവാടത്തിൽ സർക്കാരിന്റെ കർശന നിയന്ത്രണത്തിൽ സംസ്ക്കരിക്കുകയായിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാർ രാമവർമ്മയുടെ ജീവിതത്തിലെ ഏതു മുഹൂർത്തത്തെ കുറിച്ചും ഏതു കവിതയെ കുറിച്ചും അറിയാവുന്ന ഒരാൾ അത് സാഹിത്യകാരന്മാരോ പ്രൊഫസർമാരോ ആയിരുന്നില്ല.

ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി പുരുഷോത്തമൻ ആയിരുന്നു. എല്ലാ വർഷവും ഒക്ടോബർ 27നു വയലാറിൽ അദ്ദേഹം നടത്തിയിരുന്ന മണിക്കൂറുകൾ നീണ്ട വയലാർ കാവ്യപ്രസംഗം അത്ഭുതത്തോടെയാണ് സദസ്യർ കേട്ടിരുന്നത്. ഈ സൗഹൃദനിഷേധിയായ കൊറോണക്കാലത്ത് വൃക്കരോഗം ബാധിച്ചു ആ സഖാവും യാത്രപറഞ്ഞു. അങ്കമാലിയിലെ കമ്മ്യൂണിസ്റ്റ് നേതാവായ പി എ മത്തായി. രാഷ്ട്രീയ സൈദ്ധാന്തിക മേഖലയിലെ അന്വേഷകനും തൊഴിലാളി നേതാവും ആയിരുന്നു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ ജീവിത പങ്കാളിയായ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിനു നൽകുകയായിരുന്നു. നാൽപ്പത്തഞ്ചു വർഷം മുൻപായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്. അദ്ദേഹവും വീടടച്ച ഈ കൊറോണക്കാലത്ത് ഹൃദ്രോഗം മൂലം വിട പറഞ്ഞു. എത്ര നഷ്ടങ്ങൾ. എത്ര ദുഃഖങ്ങൾ. മരിച്ചവരുടെ മുഖം അവസാനമായി കാണാൻ കഴിയാതെ മുറികളിലിരുന്നു വിങ്ങിപ്പൊട്ടിയവർ. കൊറോണ തന്ന പാർശ്വദുഃഖങ്ങൾ അനവധിയാണ്.

ENGLISH SUMMARY: janayugam coloumn about coro­na death