വിഴിഞ്ഞം പ്രകൃതിദത്ത തുറമുഖമായതിനാലാണ് പുരാതനകാലം മുതല്‍ യവനരും റോമാക്കാരും അറബികളും വിഴിഞ്ഞത്ത് കപ്പലടിപ്പിച്ചിരുന്നത്. സംഘകാലകൃതികളിലും വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. നാവികസേനയുടെ ആധിപത്യത്തിലൂടെ രാജവംശങ്ങള്‍ നിലനിന്നിരുന്ന കാലത്ത് വിഴിഞ്ഞം തുറമുഖത്തിനും തന്ത്രപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. ആയ് രാജവംശത്തിന്റെ പ്രധാന തുറമുഖമായിരുന്നു വിഴിഞ്ഞം. തീരക്കടലില്‍ നിന്ന് 18 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ പ്രകൃതി കനിഞ്ഞ് നല്കിയ സ്വാഭാവിക ആഴക്കടലാണ് വിഴിഞ്ഞത്തിന്റെ സവിശേഷത.
അന്താരാഷ്ട്ര കപ്പല്‍ ചാലിനടുത്താണെന്നതാണ് മറ്റൊരു പ്രത്യേകത. വലിയ കപ്പലുകളായ പനാമ മാക്സ്, മലാക്ക മാക്സ് അടക്കമുള്ളവയ്ക്ക് സുഗമമായി ഈ തുറമുഖത്തേയ്ക്ക് എത്താനാവും. മദര്‍ഷിപ്പ് അടക്കമുള്ള മുപ്പതോളം കപ്പലുകള്‍ക്ക് ഒരേസമയം നങ്കൂരമിടാനും തുറമുഖം പൂര്‍ത്തിയായാല്‍ കഴിയും. വിസ്തൃതമായ കണ്ടെയ്നര്‍ യാര്‍ഡ്, കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിങ് യാര്‍ഡ്, കപ്പല്‍ ചാലില്‍ നിന്ന് കുറഞ്ഞ സമയംകൊണ്ട് തുറമുഖത്ത് എത്താനും തിരികെ പോകാനുമുള്ള സൗകര്യം എന്നിവ വിഴിഞ്ഞത്തിന് അനുകൂല ഘടകങ്ങളാണ്. ലോക കപ്പല്‍ ഗതാഗത മേഖലയുടെ ഭാവിയെക്കുറിച്ചുള്ളൊരു പഠനം അമേരിക്കന്‍ നാഷണല്‍ ആന്റ് വാട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. വിഷന്‍ 2020 എന്ന് പേരിട്ട ആ പഠന പദ്ധതിയില്‍ ഭാവിയില്‍ പതിമൂന്നായിരം മുതല്‍ പതിനെട്ടായിരം വരെ ടിഇയു(ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റ്) ശേഷിയുള്ള കൂറ്റന്‍ കണ്ടയ്നര്‍ കപ്പലുകള്‍ വ്യവസായലോകം കീഴടക്കുമെന്ന് പറയുന്നു. ഈ കപ്പലുകള്‍ അടുക്കണമെങ്കില്‍ 18 മീറ്റര്‍ ആഴം തീരക്കടലിന് വേണം. കപ്പല്ചാലിനടുത്തായിരിക്കണം തുറമുഖം.
വിഴിഞ്ഞം തുറമുഖത്തില്‍ നിന്ന് വെറും 11 നോട്ടിക്കല്‍ മെെല്‍ ദൂരത്തില്‍ മാത്രമാണ് അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ കടന്നുപോകുന്നത്. കപ്പല്‍ ഗതാഗത വ്യവസായത്തില്‍ കപ്പലുകള്‍ വാടകയിനത്തില്‍ ഓരോ രാഷ്ട്രത്തില്‍ നിന്നും ഈടാക്കുന്നത് പ്രതിദിനം ദശലക്ഷക്കണക്കിന് രൂപയാണ്. തുറമുഖത്ത് വലിയ കപ്പലുകള്‍ അടുക്കാന്‍ പാകത്തില്‍ ആഴമില്ലെങ്കില്‍ കപ്പല്‍ പുറംകടലില്‍ കാത്ത് കിടക്കേണ്ടിവരും. വേലിയിറക്കം മണ്ണടിയല്‍ എന്നിവയും കപ്പലുകളുടെ തീരത്തടുക്കലിനെ ബാധിക്കാറുണ്ട്. വിഴിഞ്ഞത്തിന് മണ്ണടിയല്‍ ഭീഷണി തീരെയില്ല. കാരണം ഇവിടെ അടിത്തട്ട് പാറയാണ്. ഓഖി, സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അപൂര്‍വമായി ഉണ്ടാകുമ്പോഴെ അടിത്തട്ട് പാറയായ കടലില്‍ മണ്ണടിയാന്‍ എന്തെങ്കിലും സാധ്യതയുള്ളു. വിഴിഞ്ഞം തീരത്തിനടുത്ത് അഴിമുഖങ്ങള്‍ ഇല്ലാത്തതും മറ്റൊരു പ്രത്യേകതയാണ്. അന്താരാഷ്ട്ര ചാനല്‍വഴി സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് തമ്പടിക്കുന്നതിനും ഇന്ധനം നിറയ്ക്കാനും കഴിയും. ഇതോടെ ഇന്ധന വ്യാപാര മേഖലയും ഉണരും. ചരക്കിറക്കാനും ചരക്ക് കയറ്റിക്കൊണ്ടു പോകാനും അടുക്കുന്ന കപ്പലുകള്‍ സൃഷ്ടിക്കുന്ന തൊഴില്‍ സാധ്യതകള്‍ വിപുലമായിരിക്കും. കപ്പലുകള്‍ക്കായി ഒട്ടേറെ ഓഫീസുകള്‍ തുറക്കപ്പെടും. ഇവയുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, ബാങ്കുകള്‍ എന്നിവയും പ്രവര്‍ത്തനമാരംഭിക്കും. കയറ്റിറക്കു വസ്തുക്കളുടെ വിപണനം, കെെമാറ്റം, ഗതാഗത മേഖല, വിനിമയരംഗം എല്ലാം തന്നെ സജീവമാകുമ്പോള്‍ അവയൊക്കെ വന്‍ തൊഴില്‍ സാധ്യതകളായിരിക്കും സൃഷ്ടിക്കുക. ഇതിനൊക്കെ പുറമേ വിദേശനാണ്യത്തിന്റെ ഒഴുക്ക് മറ്റൊരു സാധ്യതയാണ്. എല്ലാ അത്യന്താധുനിക സംവിധാനങ്ങളും വിഴിഞ്ഞത്തേക്കെത്തും. റോഡുകളും ചെറുപാതകളുമെല്ലാം വികസിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകും. തുറമുഖ വികസനത്തിനൊപ്പം നിലവിലെ ഫിഷിങ് ഹാര്‍ബറിന് സമാനമായി മത്സ്യത്തൊഴിലാളികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ഫിഷിങ് ഹാര്‍ബറും നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. അര കിലോമീറ്റര്‍ ദൂരത്തിലാണ് ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുകൂടി സൗകര്യം ലഭിക്കുന്ന തരത്തിലാണ് ഹാര്‍ബര്‍ നിര്‍മ്മാണം. അതേസമയം തുറമുഖ നിര്‍മ്മാണത്തെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും അനുകൂലിക്കുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് കൊല്ലം ഭാഗത്തുനിന്ന് കന്യാകുമാരി ഭാഗത്തേക്കാണ് കടലൊഴുക്ക്.
ആഴക്കൂടുതലുള്ള കടലിന്റെ അടിത്തട്ടും ശക്തമായ കടലൊഴുക്കും കാരണം ഈ ഭാഗത്തെ കടലില്‍ മത്സ്യം വന്നടിയുന്നത് കേരളത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ തീരെ കുറവാണ്. അതുകൊണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളും കൂടുതലായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്പ്പെടുകയാണ്. വിഴിഞ്ഞം തുറമുഖത്തിനൊപ്പം പുതിയ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ വരുന്നതോടെ എല്ലാ സീസണിലും മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വലിയൊരു വിഭാഗവും പദ്ധതിയോട് അനുകൂല മനോഭാവം പുലര്‍ത്തുന്നു. വിഴിഞ്ഞം മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്നവരും വലിയ പ്രതീക്ഷയിലാണ് തുറമുഖത്തിന്റെ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുന്നത്. വിഴിഞ്ഞത്തെ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള സൂചനകള്‍ ആശാവഹമാണ്. വിഴിഞ്ഞത്തുണ്ടാകുന്ന ഒരു തൊഴിലവസരം കേരളത്തില്‍ ആറ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്. വിഴിഞ്ഞം പദ്ധതിക്കൊപ്പം കൂടുതല്‍ ചരക്ക് നീക്കത്തിന് സാധ്യതയുള്ളതിനാല്‍ റയില്‍വേ തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതല്‍ പദ്ധതികള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. ഇതിനായുള്ള റയില്‍പാത നിര്‍മ്മാണത്തിനുള്ള സ്ഥലങ്ങളും നിശ്ചയിച്ചുകഴിഞ്ഞു. മൊത്തത്തില്‍ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ‘ഇന്ത്യ ഗേറ്റ്’ ആയി വിഴിഞ്ഞം മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (തുടരും)
ENGLISH SUMMARY: Janayugam coloumn about vizhinjam dream project