Wednesday
20 Mar 2019

മാ നിഷാദ!

By: Web Desk | Saturday 20 January 2018 10:24 PM IST

പൊതുവെ ഉള്ള ധാരണ വാല്മീകി അരുതെന്നു പറഞ്ഞത് കാട്ടാളനോടാണ് എന്നാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഈ മഹര്‍ഷിയും ആ കാട്ടാളനും, രണ്ടാളും, നമ്മില്‍ത്തന്നെ ഉള്ള രണ്ട് ഭാവങ്ങളാണ്. ഒന്ന് അപവാദശരം തൊടുക്കുന്ന അസംസ്കൃതമനസ്സ്, രണ്ട്, അരുതെന്നു പറയുന്ന വിവേകം. യാതൊരു അപരാധവും ചെയ്തിട്ടില്ലാത്ത, സീതാദേവിയെക്കുറിച്ച് അപവാദം പറഞ്ഞ അലക്കുകാരന്‍ വരുത്തിവെച്ച കൊടുംയാതനയുടെ കഥയാണല്ലൊ ആദികാവ്യമായി പിന്നെ മഹര്‍ഷി രചിച്ചത്.

രാമായണവും മഹാഭാരതവുമൊക്കെ കത്തിക്കണമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രമേയം പാസ്സാക്കുകവരെ ചെയ്ത കാലത്തും ചില വലതുപക്ഷക്കാരെങ്കിലും ഇതിഹാസങ്ങളുള്‍പ്പെടെ ചിലതൊക്കെ വായിച്ചിരുന്നു, അതിന്റെയൊക്കെ സാരം അറിഞ്ഞുമിരുന്നു. അതിനാല്‍, ഞാന്‍ എന്റെ സുഖത്തിനു ചെയ്യുന്നത് മറ്റുള്ള ആര്‍ക്കും അസുഖത്തിനിടയാക്കരുതെന്നു മാത്രമല്ല സുഖകരമാകണം എന്നുകൂടി അവര്‍ കരുതുകയും ചെയ്തു.

കാലം പോയപ്പോള്‍ കഥ നേരെ തിരിച്ചായി. ആരെക്കുറിച്ചും എന്തും പറയാമെന്ന് എല്ലാരുമങ്ങ് നിശ്ചയിച്ചപോലെ ഇരിക്കുന്നു! ഒന്നുമില്ലെങ്കില്‍ വിവേകാനന്ദന്‍ കേരളത്തില്‍ വന്നതിന്റെ ഒരു ശതോത്തരവാര്‍ഷികമൊക്കെ എല്ലാരും ആഘോഷിക്കയല്ലെ? ആരുടെ എങ്കിലും വല്ല വാക്കിനെയോ പ്രവൃത്തിയെയോ വിമര്‍ശിച്ചു സംസാരിക്കണം എങ്കില്‍ അത് അയാളോട് നേരിട്ടു പറയുക, മറ്റുള്ളവരോട് അയാള്‍ക്ക് അന്യഥാ ഉള്ള ഗുണഗണങ്ങള്‍ മാത്രം സംസാരിക്കുക എന്നാണ് അദ്ദേഹം ഉപദേശിച്ചത്. ആരെങ്കിലും ചെയ്തതായി നാം വിചാരിക്കുന്ന ചീത്ത, അതു സത്യമായാലും അല്ലെന്നിരുന്നാലും, നാം സ്വയം അനുഷ്ഠിച്ചുകഴിഞ്ഞു എന്നാണ് ആധുനികമനശ്ശാസ്ത്രവും പറയുന്നത്.

ഒരു കഥയുണ്ടല്ലൊ, ഒറ്റത്തടിപ്പാലത്തിലൂടെ പുഴ കടക്കാന്‍ ചെന്ന ഗുരുവും ശിഷ്യനും അവിടെയൊരു യുവതി ആ പാലം കടക്കാന്‍ ധൈര്യമില്ലാതെ കുഴങ്ങുന്നതു കണ്ട കഥ. ഗുരു ശിഷ്യനോട് അവരെ സഹായിക്കാന്‍ പറഞ്ഞുവത്രേ. കേട്ട പടി ശിഷ്യന്‍ അവരെ വാരിയെടുത്ത് അപ്പുറത്തെത്തിക്കയും ചെയ്തു. പാലം കടന്ന് കുറെ വഴി പോയപ്പോഴും ചിന്താമൂകനായി കണ്ട ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു, എന്തു പറ്റി ഗുരോ എന്ന്. നിനക്ക് ആ യുവതിയെ കൈ പിടിച്ചു കടത്തിയാല്‍ മതിയായിരുന്നില്ലെ, എന്തിനാണ് വാരിക്കോരി എടുത്ത് അണച്ചു പിടിച്ചത് എന്നായീ ഗുരു. ഓ, അതാണോ കാര്യം, അണച്ചു പിടിച്ചത് കൈവിട്ടുപോകാതിരിക്കാനല്ലെ, ഞാനത് അന്നേരമേ മറന്നു, അങ്ങത് ഇപ്പോഴും ഓര്‍ത്തു വെച്ചിരിക്കയാണോ എന്നു ശിഷ്യന്‍!
ജീവിതത്തില്‍ ഏറെ നല്ല കാര്യങ്ങള്‍ ചെയ്കയും അതിന്റെ പേരില്‍ പരിക്കും ഞെരുക്കവും ഒട്ടേറെ അനുഭവിക്കയും ചെയ്ത ആളുകളെ അധിക്ഷേപിക്കുന്നത് ശരിയോ? നേരാണ്, അവരും ചിലപ്പോള്‍ തെറ്റായി വല്ലതും ചെയ്തുപോയിരിക്കാം, മനുഷ്യരല്ലെ? പക്ഷേ, ആ തെറ്റുകളാണോ നാം ഓര്‍ത്തു വെച്ച് വിളിച്ചു പറയേണ്ടത്? എന്തു നേടാന്‍? ആര്‍ക്കു സുഖകരമാകാന്‍?
പ്രായപൂര്‍ത്തിയാവാത്ത പെണ്ണിനെ കല്യാണം കഴിച്ചതാണ് പരാതിയെങ്കില്‍ നാട്ടുനടപ്പനുസരിച്ചതിന് ആരെയെങ്ങനെ പഴിക്കും? നിയമം വിലക്കിയതിനുശേഷംപോലും തന്റെ മകളെ പ്രായപൂര്‍ത്തിയാകാതെ കല്യാണം കഴിച്ചുകൊടുത്തു എന്നതിന്റെ പേരില്‍ വക്കീല്‍കൂടിയായ നമ്മുടെ ഒരു മന്ത്രിയെപ്പറ്റി ഉണ്ടായ പുകില്‍ മറക്കാറായോ?
അതു പോകട്ടെ, മഹാത്മാഗാന്ധി എന്ന രാഷ്ട്രപിതാവ് കസ്തൂര്‍ബായെ വിവാഹം കഴിക്കുന്നേരം ആ പെണ്‍കുട്ടിക്ക് എത്ര വയസ്സായിരുന്നു എന്ന്, മറ്റാരും അറിഞ്ഞിട്ടില്ലെന്നാലും ഖദറുടുക്കുന്നവരെങ്കിലും അറിഞ്ഞിരിക്കണ്ടെ? അതിലേറ കഷ്ടമാണ് ശ്രീരാമകൃഷ്ണ പരമഹംസരുടെ കഥ. അദ്ദേഹം ശാരദാദേവിയെ കല്യാണം കഴിക്കുമ്പോള്‍ ആ പെണ്‍കുട്ടിക്ക് വെറും ആറു വയസ്സേ ആയിരുന്നുള്ളൂ! രാമകൃഷ്ണദേവന്‍ സ്വന്തം ചുമലിലെടുത്താണ് വധുവിനെ ഭര്‍ത്തൃഗൃഹത്തിലേക്കു കൊണ്ടുപോന്നത്.

സമൂഹം സാധാരണമായി ഒരു കണക്കു സൂക്ഷിക്കാറുണ്ട്. അത് സഞ്ചിതമായ പൊതു സംസ്‌കാരത്തിന്റെ ഭാഗവുമാണ്. ഒരാളെപ്പറ്റി, അയാള്‍ മരിച്ചുപോയാല്‍ വിശേഷിച്ചും, ഒരു കണക്കെടുപ്പുണ്ടാവുന്നു. അയാള്‍ ചെയ്ത കാര്യങ്ങളുടെ ആക്കത്തൂക്കം പൊതുമനസ്സാക്ഷിയില്‍ സ്വരൂപിക്കാനാണിത്. നല്ലതിത്ര, ചീത്ത ഉണ്ടെങ്കില്‍ ഇത്ര. ചീത്തയാണ് കൂടുതലെങ്കില്‍ അയാള്‍ വിസ്മൃതനാവുന്നു. നന്‍മ ഒട്ടും ചെയ്യാത്തവരും മറവിയിലേക്കു പോകുന്നു. വളരെയേറെ നല്ലതു ചെയ്തവരുടെ കാര്യത്തില്‍, അവര്‍ അഥവാ ചെയ്ത വല്ല ചീത്തയുമുണ്ടെങ്കില്‍ അതാണ് വിസ്മരിക്കപ്പെടുക. സമൂഹമനസ്സാക്ഷിയില്‍ അനിച്ഛാപ്രതികരണമായി സംഭവിക്കുന്നതാണ് ഇത്.
ഇന്നും നാളെയും മനുഷ്യര്‍ക്ക് നല്ലതു ചെയ്യാനുള്ള പ്രചോദനമായി ഈ കണക്കെടുപ്പ് ഉതകുന്നു. നല്ലതു ചെയ്തവരുടെ ചീത്ത മാത്രം ചികഞ്ഞെടുത്ത് ഓര്‍ത്തിരുന്നാല്‍ നമുക്ക് മുന്‍പെ പോയ ആരും ആദരണീയരല്ലാതെ വരുന്നു. അരാജകത്വവും അക്ഷരാര്‍ത്ഥത്തില്‍ ഗതികേടും നമ്മെ കുഴക്കാന്‍ ഇടയാവുകയും ചെയ്യുന്നു. അതു വേണോ? അഥവാ മറ്റാരെങ്കിലും ഇതു ചെയ്താലും നേതാക്കളെന്നു കരുതപ്പെടുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണ്ടെ?
ഏതു ജാതിയോ മതമോ കക്ഷിയോ ആകട്ടെ, എകെജി എന്ന മനുഷ്യന്‍ ധൈര്യമായി ചെയ്ത നല്ല കാര്യങ്ങളും കഷ്ടനഷ്ടങ്ങള്‍ വകവെക്കാതെ എടുത്ത നിലപാടുകളും ആര്‍ജ്ജവത്തോടെ നടത്തിയ സമരങ്ങളും നാടിന് ചെയ്ത ഗുണം നിസ്സാരമാണോ? അതു മറക്കുന്നത് നന്ദികേടല്ലെ? അതിന്റെ നൂറിലൊന്നെങ്കിലും നാടിനു വേണ്ടി ചെയ്യാത്തവര്‍ വിശേഷിച്ചും അധികനന്ദിയോടെയല്ലെ അദ്ദേഹത്തെ ഓര്‍ക്കാവൂ?

ബ്രിട്ടീഷുകാര്‍ ഭരിച്ചപ്പോഴും അവരില്‍നിന്ന് ഇന്ത്യയുടെ ഭരണാധികാരം ഇവിടത്തെ നവാബുമാര്‍ തട്ടിയെടുത്തതില്‍പ്പിന്നെയും പാവങ്ങളുടെ കാര്യം പറഞ്ഞതിന് എകെജിമാര്‍ അനുഭവിച്ച പീഡനമെത്രയെന്നോ എവ്വിധമെന്നോ ബാലരാമന്‍മാര്‍ അറിഞ്ഞിരിക്കേണ്ടതല്ലെ? പാഴ്‌വാക്കു പറഞ്ഞ് അധിക്ഷേപിക്കും മുമ്പ്, എളിവയരുടെ പക്ഷം പിടിച്ചതിന് എകെജിമാര്‍ ഒളിവിലും ജയിലിലും എത്ര കാലം കഴിഞ്ഞവരാണ് എന്ന കണക്കെങ്കിലും നോക്കാവുന്നതല്ലെ?
ഉവ്വ്, അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്, ഉണ്ടാവണം. പക്ഷേ, പറയുന്ന അഭിപ്രായം സമൂഹത്തില്‍ എന്തു ഗുണദോഷങ്ങള്‍ സൃഷ്ടിക്കുന്നു എന്നു ചിന്തിച്ചേ വിവേകമുള്ള ആളുകള്‍ സംസാരിക്കാറുള്ളൂ. നിങ്ങളെന്താണ് ഈ വേണ്ടാതീനം കാട്ടുന്നത് എന്നു ചോദിക്കെ, അതാ അപ്പുറത്തും ആളുകള്‍ ഇതുതന്നെ ചെയ്യുന്നില്ലെ എന്ന മറുചോദ്യം ഒട്ടും മര്യാദയല്ല.
ഇതൊക്കെ കാണുമ്പോള്‍ നാലാംക്‌ളാസ്സില്‍ എന്‍റെ ഒരു സഹപാഠിക്കുണ്ടായ അനുഭവം ഓര്‍ക്കാതിരിക്കാനാവില്ല. ഒരു ദിവസം ഉച്ച കഴിഞ്ഞ് ക്‌ളാസ്സു കൂടിയപ്പോള്‍ വികൃതിയായ അവന്‍ കരഞ്ഞുകൊണ്ടിരുന്നു. എന്നിട്ട്, സാര്‍ വന്ന ഉടനെ ഓടിച്ചെന്ന് സാറിനോട് പരാതി പറഞ്ഞത് ഇങ്ങനെ – സാര്‍, സാര്‍, ആ പന്നി എന്റച്ഛനെ പന്നീന്നു വിളിച്ചു, സാര്‍!

ഇനി മറ്റൊന്ന്. ഒരാള്‍ ഇങ്ങനെ വല്ലതും പറഞ്ഞാല്‍ അത് അയാളുടെ ബുദ്ധിമോശം എന്നു കരുതുന്നതിനു പകരം അതില്‍ കയിറിപ്പിടിച്ച് ജനജീവിതം സ്തംഭിപ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും അക്രമത്തിനു മുതിരുകയും ചെയ്യുന്നത് കൂടുതല്‍ വലിയ പാതകമല്ലേ ആവൂ?