Wednesday
20 Mar 2019

ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ?

By: Web Desk | Sunday 21 January 2018 10:07 PM IST


രാജ്യതാത്പര്യത്തിനപ്പുറം കോര്‍പ്പറേറ്റു താത്പര്യങ്ങളും ജാതി-മത താത്പര്യങ്ങളും സ്വാധീനം ചെലുത്തുന്ന ഭരണകൂടം കൊണ്ടുവരുന്ന ഏതു പരിഷ്‌ക്കാരവും ആത്യന്തികമായി പ്രയോജനം ചെയ്യുന്നത് സാധാരണ ജനങ്ങള്‍ക്കല്ല, മറിച്ച് നിക്ഷിപ്ത താത്പര്യക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്, നോട്ടുമരവിപ്പിക്കല്‍, ജിഎസ്ടി, ബാങ്കുകളുടെ ലയനം എന്നിവ. യഥാര്‍ത്ഥത്തില്‍ നോട്ടുമരവിപ്പിക്കല്‍ പോലെ ദുരന്തം വിതയ്ക്കുന്ന ഒന്നായി ജിഎസ്ടി മാറേണ്ടിയിരുന്നില്ല. ജിഎസ്ടി നടപ്പിലാക്കിയ 151 രാജ്യങ്ങളില്‍, ചൈന അടക്കമുള്ള മിക്ക രാജ്യങ്ങളുടെയും അനുഭവം പഠിപ്പിക്കുന്നത് അതാണ്. നോട്ടു നിരോധനത്തിന്റെ അന്തരീക്ഷത്തിലല്ലായിരുന്നു ജിഎസ്ടി നടപ്പിലാക്കിയിരുന്നതെങ്കില്‍, കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഇന്നത്തെ പോലെ സാമ്പത്തിക പ്രതിസന്ധിയിലാകുമായിരുന്നില്ല. സാഹചര്യങ്ങള്‍ എന്തൊക്കെയായാലും ബജറ്റുകളുടെ പ്രാധാന്യം കുറഞ്ഞിരിക്കുന്നു. വരും വര്‍ഷങ്ങളിലും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാന്‍ സാദ്ധ്യതയില്ല. ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് മുഖ്യ കടമ എന്നു ചിന്തിക്കുന്ന ഭരണസംവിധാനം കേന്ദ്രത്തില്‍ ഉണ്ടാകുന്നതുവരെ സാമ്പത്തിക കാര്യങ്ങളില്‍ ഗുണകരമായമാറ്റങ്ങള്‍ ബജറ്റ് വഴി പ്രതീക്ഷിക്കേണ്ടതില്ല.

സാമ്പത്തിക സമാഹരണത്തിന് കേന്ദ്രത്തിന് പരിമിതി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദാരിദ്ര്യത്തില്‍ ഒന്നാംസ്ഥാനം ആണെങ്കിലും അതി സമ്പന്നര്‍ ഇന്ത്യയില്‍ ആയിരങ്ങളാണ്. 30 ശതമാനം കോര്‍പ്പറേറ്റ് നികുതി വീഴ്ച കൂടാതെ പിരിച്ചെടുത്താല്‍ തന്നെ സമ്പദ്ഘടന ശക്തമാകും. രാജ്യത്ത് 5.61 ശതമാനം ജനങ്ങള്‍ മാത്രമേ ആദായനികുതി കൊടുത്തിരുന്നുള്ളു. ഇപ്പോള്‍ അത് 6.26 ശതമാനമായിരിക്കുന്നു. നോട്ടു നിരോധനത്തിന്റെ സാഹചര്യത്തില്‍ ഇത് 10 ശതമാനമാക്കി മാറ്റുക പ്രയാസമുള്ള കാര്യമല്ല. കല്‍ക്കരി, എണ്ണ മുതലായവയുടെ ഖനനത്തില്‍ നടക്കുന്ന മാഫിയ ബന്ധങ്ങള്‍ ഒഴിവാക്കപ്പെട്ടാല്‍ മുന്ന് ലക്ഷം കോടി രൂപയുടെ അധിക വരുമാനമുണ്ടാകും. 35 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തുണ്ടെന്ന് പ്രധാനമന്ത്രി തന്നെയാണ് പറഞ്ഞത്. ഇതില്‍ മൂന്നിലൊന്നെങ്കിലും ഇന്ത്യയില്‍ എത്തിക്കാനാകും. ഇതൊന്നും ചെയ്യാതെ, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും (76000 കോടി രൂപയ്ക്ക്), പൊതുവിതരണരംഗം താളം തെറ്റിച്ചും, സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചും, സബ്‌സിഡി തുകയില്‍ കുറവ് വരുത്തിയും, മുന്നോട്ടു പോകുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ വാചകക്കസര്‍ത്തിനപ്പുറം ജനജീവിതം മെച്ചപ്പെടാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ല. ജനസംഖ്യയില്‍ 25.21 ശതമാനം വരുന്ന എസ് സി- എസ്ടി വിഭാഗത്തിന് വേണ്ടി കേന്ദ്രം ചെലവഴിക്കുന്നത് 11.48 ശതമാനം തുക മാത്രമാണ്. ഈ അടിസ്ഥാന വര്‍ഗ്ഗത്തിന് അര്‍ഹതപ്പെട്ടതിന്റെ പകുതി പോലും ലഭിക്കുന്നില്ല എന്നര്‍ത്ഥം. ഇന്ത്യയിലെ സാധാരണ മനുഷ്യര്‍ മരിക്കുന്നതിനേക്കാള്‍ നേരത്തെ എസ് സി- എസ്ടി ജനവിഭാഗങ്ങള്‍ മരിക്കുന്നതിന്റെ കാരണം വേറെ അന്വേഷിക്കേണ്ടതില്ല. തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി വകയിരുത്തിയ തുക പോലും യഥാസമയം ചെലവഴിക്കുന്നില്ല. തൊഴിലില്ലായ്മ 2014 ല്‍ 12.91 ശതമാനം ആയിരുന്നത് ഇപ്പോള്‍ 13.81 ശതമാനം ആയി ഉയര്‍ന്നിരിക്കുന്നു. വസ്തുതാപരമല്ലാത്ത, കണക്കുകള്‍ കൊണ്ടുള്ള കളി മാത്രമായിരുന്നു കഴിഞ്ഞ ബജറ്റ്. ഈ സാഹചര്യത്തിലാണ് 18-19 ലെ ബജറ്റ് യാന്ത്രിക സ്വഭാവത്തിലുള്ള ഒന്നായി മാറാനാണ് സാദ്ധ്യത എന്ന വിലയിരുത്തല്‍ പൊതുവെ ഉണ്ടായിട്ടുള്ളത്.

കേന്ദ്രത്തെ അപേക്ഷിച്ച് കേരളത്തിലെ ബജറ്റുകള്‍ പൊതുവെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1957 ല്‍ ധനമന്ത്രി ആയിരുന്ന സി അച്യുതമേനോന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് മുതല്‍ ഗുണകരമായ ഈ മാറ്റം പ്രകടമായിരുന്നു. 1970-80 കാലഘട്ടത്തില്‍ കേരളം വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയതില്‍ അക്കാലത്തെ ബജറ്റുകള്‍ നല്‍കിയ താങ്ങ് വളരെ വലുതായിരുന്നു. വന്‍കിട വ്യവസായങ്ങള്‍ കാര്യമായി ഇല്ലാത്ത, പരിമിത വിഭവ സമാഹരണ സാധ്യത മാത്രമുള്ള, എന്നാല്‍ പ്രവാസി മലയാളികള്‍ അയയ്ക്കുന്ന പണത്തിന്റെ ഒഴുക്ക് ശക്തമായിട്ടുള്ള കേരളത്തിന് ഭീമാകാരമായ ഒരു വെല്ലുവിളിയായിരുന്നു നോട്ടുനിരോധനം. സഹകരണമേഖല ഉള്‍പ്പെടെ നേരിടുന്ന ഭീഷണി ഇന്നും മുന്നില്‍ നില്‍ക്കുകയാണ്. ആ വെല്ലുവിളിയെ ഒരു പരിധിവരെയെങ്കിലും മറികടക്കുവാനാണ് 2017-18 ലെ കേരള ബജറ്റിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിശ്രമിച്ചത്. റവന്യു ചെലവ് 1,09,927 കോടിരൂപയാണെങ്കില്‍ റവന്യു വരുമാനം 93,584 കോടി രൂപയേയുള്ളൂ. ഫലത്തില്‍16,043 കോടി രൂപയുടെ റവന്യു കമ്മി ഉണ്ടാകും. വരവില്‍ 53,411 കോടി രൂപ (48.72%) നികുതി ഇനത്തിലും23, 281 കോടി (21.24%) നികുതി ഇതര ഇനത്തിലും 16,891 കോടി (15.41%) കേന്ദ്ര നികുതി ഇനത്തിലും ബാക്കി മറ്റു പല വഴികളിലായും ലഭിക്കുന്നു. നികുതി ഇനത്തില്‍ ലഭിക്കുന്ന തുകയില്‍ 42,187 കോടി വില്‍പ്പന നികുതിയിലൂടെയും 2945 കോടി എക്‌സൈസിലൂടെയും 3890 കോടി മോട്ടോര്‍ വാഹന നികുതിയിലൂടെയും 3489 കോടി രജിസ്‌ട്രേഷന്‍ വകുപ്പിലൂടെയും ലഭിക്കുമെന്നാണ് കണക്ക്. വരവില്‍ മറ്റൊരു പ്രധാന ഘടകം, കടം വാങ്ങി എടുക്കുന്ന തുകയാണ്.

വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കേരളത്തിന് താങ്ങാന്‍ കഴിയുമോ എന്ന സംശയമുയര്‍ത്തുന്ന പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ബജറ്റില്‍ ഉണ്ടായിരുന്നത്. കേരളബാങ്കും കിഫ്ബിയും വലിയ സ്വപ്‌നങ്ങളാണ്. 6500 കോടിയുടെ തീരദേശ ഹൈവേയ്ക്കും 3500 കോടിയുടെ മലയോര ഹൈവേയ്ക്കും നിര്‍മ്മാണാനുമതി നല്‍കി. 1696 കുടിവെള്ള പദ്ധതികള്‍, വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളിലായി 10500 തസ്തിക സൃഷ്ടിക്കല്‍, വയലേലകളുടെ വിസ്തൃതിയില്‍ 10 ശതമാനം വര്‍ദ്ധന, ഹരിതകേരളം, ആര്‍ദ്രമിഷന്‍, ലൈഫ് മിഷന്‍, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പരമ്പരാഗത വ്യവസായങ്ങള്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം വലിയ തുകയാണ് വകയിരുത്തിയിരുന്നത്. എല്ലാവര്‍ക്കും വീട്, ഭൂമി, വൈദ്യുതി ഇവ ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട തുക മാറ്റിവച്ചു. റേഷന്‍ സബ്‌സിഡിക്ക് 900 കോടിയും നെല്ലു സംഭരണത്തിന് 700 കോടിയും ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷയ്ക്ക് 2260 കോടി രൂപ വകയിരുത്തി. കൃഷി, മൃഗസംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗക്ഷേമം, മത്സ്യമേഖല, കയര്‍, കൈത്തറി, കശുഅണ്ടി, ഐടി, ടൂറിസം, വ്യവസായം, ജലസേചനം, കുടിവെള്ളം, കലാ-സാംസ്‌ക്കാരികം, വനം-പരിസ്ഥിതി, പ്രവാസിക്ഷേമം ഇതിനെല്ലാം വകയിരുത്തിയത് പേരിനുവേണ്ടിയുള്ള തുകയല്ല, മറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തുകയാണ് എന്നത് ശ്രദ്ധേയമായിരുന്നു. വനിതാക്ഷേമം, ശിശുക്ഷേമം, വനിതകള്‍ക്ക് പ്രത്യേക വകുപ്പ്, ജെന്‍ഡര്‍ ബജറ്റ് എന്ന പ്രത്യേകത, കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇവയെല്ലാം പരിഗണിക്കപ്പെട്ടിരുന്നു.

പ്രഖ്യാപനങ്ങള്‍ എളുപ്പമുള്ള കാര്യമാണ്. പക്ഷേ അവ നടപ്പിലാക്കാന്‍ സമ്പത്ത് എങ്ങനെ കണ്ടെത്താനാകും എന്നതാണ് പ്രശ്‌നം. നോട്ടുമരവിപ്പിക്കലിലൂടെയുള്ള സാമ്പത്തികതകര്‍ച്ച ഇത്രമാരകമാകുമെന്ന് ബജറ്റ് അവതരിപ്പിക്കുന്ന ഘട്ടത്തില്‍ ധനമന്ത്രി പ്രതീക്ഷിച്ചു കാണില്ല. നോട്ടുമരവിപ്പിക്കല്‍ കേരളത്തെ വല്ലാതെ പിടിച്ചുലച്ചു. എങ്കിലും കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ധനമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്. ‘ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനും സംസ്ഥാനത്തിന്റെ സ്വതന്ത്രമായ വിഭവസമാഹരണ പരിശ്രമത്തിനും ദോഷകരമാകുമെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജിഎസ്ടി വരുമ്പോള്‍ നികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും’. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. ഫലത്തില്‍ കഴിഞ്ഞ ബജറ്റിലൂടെ ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ കേരളം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലെത്തി. പൊതുമാര്‍ക്കറ്റില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും എടുക്കാവുന്നിടത്തോളം കടമെടുത്തിട്ടും ബജറ്റില്‍ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. 1,60,638 കോടിയായിരുന്നു കേരളത്തിന്റെ പൊതുകടം. മാര്‍ച്ച് 31 കടക്കുമ്പോള്‍ ഇത് രണ്ട് ലക്ഷം കോടി കടക്കാനാണ് സാദ്ധ്യത. അതിന്റെ ഫലമായി 16,000 ല്‍ അധികം കോടി രൂപ 2018-19 ല്‍ പലിശ നല്‍കാന്‍ മാത്രം മാറ്റിവയ്‌ക്കേണ്ടിവരും. ഈ മാസം പോലും 2000 കോടി രൂപ കടമെടുത്താണ് ട്രഷറി നിയന്ത്രണം ഒഴിവാക്കിയത്. ജിഡിപിയുടെ മുന്ന് ശതമാനമാണ് നിലവില്‍ സംസ്ഥാനത്തിന് വായ്പ എടുക്കാന്‍ കഴിയുന്നത്. ഇത് മൂന്നര ശതമാനമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടിയുടെ പുതിയ സാഹചര്യത്തില്‍ അധിക വിഭവസമാഹരണത്തിനുള്ള സാഹചര്യം പരിമിതപ്പെട്ടു. സ്വാഭാവികമായും ബജറ്റിന്റെ പ്രാധാന്യം വളരെയധികം കുറയും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജിഎസ്ടിയില്‍ നിന്ന് ഇനി കേരളത്തിനും മോചനമില്ല. ജിഎസ്ടി കൗണ്‍സിലുകള്‍ ഉപയോഗപ്പെടുത്തി, പഴുതുകള്‍ അടച്ച്, കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ നിയന്ത്രിച്ച്, വരുമാനം വര്‍ദ്ധിപ്പിച്ച്, ലഭ്യമാകുന്ന വരുമാനം കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിട്ട് മുന്നോട്ടു പോകുകയല്ലാതെ, മറ്റൊരു സ്വതന്ത്രവഴിയും കേരളത്തിനു മുന്നിലില്ല. ഫെബ്രുവരി ഒന്നിന് ജിഎസ്ടി പ്രകാരമുള്ള ഇ-വേബില്‍ നിലവില്‍ വരുമ്പോള്‍ അത് കേരളത്തിന് വളരെ ഗുണകരമാകും എന്നതാണ് ഏറ്റവും ഒടുവിലത്തെ പ്രതീക്ഷ. ജനുവരി 18 ന് ചേര്‍ന്ന ജിഎസ്ടിയുടെ 25-ാമത് യോഗത്തില്‍ 29 ഉത്പന്നങ്ങളുടെയും 54 സേവനങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്. ഇത് എങ്ങനെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. നികുതി വര്‍ദ്ധനവ് 14 ശതമാനം ഇല്ലെങ്കില്‍ ആനുപാതിക നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തണമെന്ന് ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതിന്‍പ്രകാരം 800 കോടി രൂപ ഇതിനകം കേരളത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് മാത്രം കാര്യങ്ങള്‍ മുന്നോട്ടു പോകില്ല. നികുതി വരുമാനത്തില്‍ 20-22 ശതമാനം വര്‍ദ്ധനവുണ്ടാകുന്നില്ലെങ്കില്‍, കേരളം ഇതിനേക്കാല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തും എന്നത് ഉറപ്പാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ ബജറ്റിന് കഴിയില്ല. ബജറ്റു തന്നെ നിസ്സഹായമാകുന്നു എന്നതാണവസ്ഥ.

 

അവസാനിച്ചു