Janayugom Online
election commission

വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഭരണഘടനാ സ്ഥാപനം

Web Desk
Posted on January 24, 2018, 10:27 pm

ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന അംഗീകൃത സ്ഥാപനമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പുകള്‍ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഭരണഘടനാ അനുഛേദം 324 അനുസരിച്ച് 1950 ജനുവരി 25ന് രൂപീകൃതമായ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. കമ്മീഷന്‍ രൂപീകരണത്തിന് 68 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കമ്മീഷന്റെ നിഷ്പക്ഷതയിലും തിരഞ്ഞെടുപ്പ് സംവിധാനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്വതന്ത്രാധികാരമുള്ള ഭരണഘടനാ സ്ഥാപനം ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളായി മാറുകയാണോ എന്ന ചോദ്യമുയരുന്നു.

ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും തെരഞ്ഞെടുക്കാന്‍ ജനാധിപത്യരാജ്യങ്ങളില്‍ സാധാരണ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്താറുള്ളത്. ഇഷ്ടമുള്ള വ്യക്തികളുടെ പേര് അച്ചടിച്ചതിനു നേരെ അടയാളം പതിച്ചുകൊണ്ടോ, അങ്ങനെ അച്ചടിക്കാത്ത ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ പേര് രേഖപ്പെടുത്തിക്കൊണ്ടോ അല്ലെങ്കില്‍ പ്രതേ്യകം തയാറാക്കിയ പെട്ടികളില്‍ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചുകൊണ്ടോ പ്രതേ്യക വോട്ടിങ് യന്ത്രം ഉപയോഗിച്ചുകൊണ്ടോ ആണ് വോട്ടെടുപ്പ് നടത്തുന്നത്.
ഇന്ത്യയില്‍ പാര്‍ലമെന്റ്, നിയമസഭ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലേക്കെല്ലാം നിലവില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 1951‑ലെ റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് (ജനപ്രാതിനിധ്യ നിയമം 1951) ഭേദഗതി ചെയ്ത് 1989‑ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന്റെ ഉപയോഗം നിയമപ്രാബല്യത്തിലാക്കുകയും 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുകയും ചെയ്തു. 2004ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ വ്യാപകമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ്, ബംഗ്ലൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് എന്നീ സ്ഥാപനങ്ങളാണ് വോട്ടിങ് യന്ത്രം തയാറാക്കുന്നത്. പേപ്പര്‍ ബാലറ്റുകളെ അപേക്ഷിച്ച് പുതിയ സംവിധാനം സമ്മതിദായകര്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും ഏറെ സൗകര്യപ്രദമായിരുന്നുവെങ്കിലും അതിന്റെ വിശ്വാസ്യതയില്‍ ആശങ്കകളും നിലനിന്നിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പൂര്‍ണമായും വിശ്വസനീയവും കുറ്റമറ്റതും ആണെന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം നിലനില്‍ക്കുമ്പോഴും ഒരു ഇലക്‌ട്രോണിക് യന്ത്രമെന്ന നിലയില്‍, ഈ യന്ത്രം സംശയാതീതമാണെന്നു പറയാന്‍ കഴിയില്ലെന്ന വാദവും തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ഏറെ മുന്‍പന്തിയിലുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം ഉപയോഗിക്കാതിരിക്കുകയോ, പേപ്പര്‍ ബാലറ്റിലേയ്ക്ക് മടങ്ങുകയോ ചെയ്തിട്ടുള്ളതും അമേരിക്കയില്‍ പോലും പൂര്‍ണമായും ഇലക്‌ട്രോണിക് രീതി പിന്തുടരുന്നില്ലെന്ന് മാത്രമല്ല ബാലറ്റില്‍, സ്ഥാനാര്‍ഥിയുടെ പേരിനുനേരെ ‘പഞ്ചിങ്’ നടത്തുകയാണ് ചെയ്യുന്നത് എന്നതും ഈ വാദങ്ങള്‍ക്ക് പിന്‍ബലമായി ഉന്നയിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലും വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ല എന്നത് അവകാശവാദങ്ങള്‍ക്കപ്പുറം പരസ്യമായി തെളിയിക്കപ്പെടേണ്ടതാണെന്ന രാജ്യത്തെ പല പ്രധാന രാഷ്ട്രീയ കക്ഷികളുടെയും ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കിലെടുത്തിരുന്നില്ല.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ക്കായി ഒരു വോട്ടിങ് യന്ത്രം വിട്ടുനല്‍കണമെന്നുള്ള ഒരു ഗവേഷകന്റെ ആവശ്യവും കമ്മീഷന്‍ നിരാകരിക്കുകയാണ് ചെയ്തത്. രാജ്യത്തെ ജനാധിപത്യ ഭരണസംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ കുറ്റമറ്റതായിരിക്കുമെന്ന് ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായവരില്‍ നിന്ന് തന്നെ ജനങ്ങളുടെ സംശയങ്ങള്‍ ബലപ്പെടുത്തുന്ന നടപടികളാണ് ഉണ്ടായിട്ടുള്ളത്.

നിലവിലെ വോട്ടിങ് യന്ത്രം ഉദേ്യാഗസ്ഥരുടെ സഹായത്താല്‍ കൃത്രിമങ്ങള്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ളതാണെന്ന് ഡല്‍ഹി നിയമസഭയില്‍ പരസ്യമായി പ്രവര്‍ത്തിപ്പിച്ച് പൊതുജനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ബോധ്യപ്പെടുത്താന്‍ കെജ്‌രിവാളിന്റെ സഹപ്രവര്‍ത്തകരായ നിയമസഭാസാമാജികര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നിട്ടുപോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം അത് അംഗീകരിക്കാനോ വിശ്വസിക്കുന്നതിനോ തയാറായില്ല എന്നതിന് കാരണം തിരയുമ്പോള്‍ നിഷ്പക്ഷമാകേണ്ട കമ്മീഷനില്‍ നിന്നും വ്യത്യസ്തനായി പ്രവര്‍ത്തിക്കാന്‍ അടുത്തിടെ പിരിഞ്ഞ കമ്മീഷണര്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ് കരുതേണ്ടത്. കക്ഷിതാല്‍പര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ കക്ഷിതാല്‍പര്യാര്‍ഥമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന പ്രചരണം വ്യാപകമാകുകയും അതിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറിവരികയും ചെയ്യുന്നുണ്ടെന്നത് വൈകിയാണെങ്കിലും തിരിച്ചറിയാന്‍ കമ്മീഷന് സാധിച്ചതിനാലാവാം ഒരു സമ്മതിദായകന് താന്‍ ചെയ്ത വോട്ട് താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയാറായത്. ഇതിനായി രണ്ടുതരം പ്രവര്‍ത്തനരീതികളാണ് കമ്മീഷന്‍ തയാറാക്കിയിട്ടുള്ളത്. വി വി പാറ്റ് വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അച്ചടിച്ച ചെറിയ കടലാസ് സമ്മതിദായകന് ലഭിക്കുന്നവിധവും അങ്ങനെ കൈയില്‍ ലഭിക്കാതെ അച്ചടിച്ച കടലാസ് സമ്മതിദായകന് ലഭിക്കുന്ന വിധവും ഒരു നിശ്ചിത നേരം കാണാന്‍ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേക്ക് വീഴുന്നവിധവും ഉള്ള അച്ചടി യന്ത്രങ്ങളാണ് ഇപ്രകാരം രൂപകല്‍പന ചെയ്തിട്ടുള്ളത്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ പാര്‍ട്ടികളെ ഏറെ പിന്നിലാക്കികൊണ്ട് സങ്കുചിത ചിന്താഗതിക്കാരായ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താന്‍ സാധിച്ചതിന്റെ പ്രധാന കാരണം അവര്‍ക്ക് വോട്ടിങ് യന്ത്രങ്ങളില്‍ തങ്ങള്‍ക്കനുകൂലമായ കൃത്രിമങ്ങളൊരുക്കാന്‍ സാധിച്ചതിനാലാണെന്ന് തിരിച്ചറിഞ്ഞ ജനാധിപത്യകാംക്ഷികളായ വോട്ടര്‍മാര്‍ ഭാവിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സുരക്ഷിതവും സുതാര്യവുമായ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാക്കുകള്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം രൂപകല്‍പന ചെയ്ത പുതിയ വോട്ടിങ് യന്ത്രങ്ങളിലും യഥേഷ്ടം കൃത്രിമങ്ങള്‍ ചെയ്യാനാകുമെന്നാണ് അടുത്തയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ബോധ്യപ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളടങ്ങിയ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സമ്മതിദായകര്‍ക്ക് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, പൊതുഖജനാവില്‍ നിന്ന് 3200 കോടി പാഴായിപോവുകയും ചെയ്‌തെന്ന യാഥാര്‍ഥ്യം കമ്മീഷനെങ്കിലും തിരിച്ചറിയേണ്ടതാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ കൃത്രിമം കാണിച്ചു; സമ്മതിദാനം രേഖപ്പെടുത്തിയ പേപ്പറുകളുമായി സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍പെട്ട് ബാലറ്റ് പേപ്പറുകള്‍ നഷ്ടമായി.

ഭരണാധികാരികളെ ജനഹിതഭരണത്തിന് പ്രേരിപ്പിക്കുന്നതും ജനങ്ങള്‍ക്ക് ജനഹിത സര്‍ക്കാരുകളെ അധികാരത്തില്‍ എത്തിക്കുന്നതിനുമുള്ള ജനാധിപത്യ മാര്‍ഗമായ തെരഞ്ഞെടുപ്പുകളെ ഇന്നത്തെ കേന്ദ്രഭരണകൂടത്തിന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തിക്കൂട. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന സ്വാതന്ത്രാധികാരമുള്ള ഭരണഘടനാ സ്ഥാപനം ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന പ്രവൃത്തികളാണ് ഇന്ന് നടത്തുന്നത്. ഇന്ത്യയെന്ന ജനാധിപത്യരാജ്യം നേടിയ സ്വാതന്ത്ര്യവും അതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ലഭിച്ച ഭരണഘടനാവകാശങ്ങളും ഭരണകൂടത്തിന്റെ ആജ്ഞയനുസരിച്ച് ലംഘിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നുകൂട.