Wednesday
20 Mar 2019

കലകളുടെ സാമൂഹ്യധര്‍മ്മം

By: Web Desk | Tuesday 30 January 2018 10:45 PM IST

കലകളുടെ സാമൂഹ്യധര്‍മ്മം തുറന്നു പറയുകയും അത് മനസ്സിലാക്കിക്കൊണ്ട് സോദ്ദേശ്യം കലാസൃഷ്ടി നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ആ അടിസ്ഥാനത്തില്‍ പ്രാചീനവും സമകാലീനവുമായ സാഹിത്യകാരന്മാരുടെയും മറ്റ് കലാകാരന്മാരുടെയും കൃതികളെ പരിശോധിക്കുകയും കലാനിര്‍മാണ തത്വങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് മാര്‍ക്‌സും ഏംഗല്‍സും ചെയ്തത്. കാള്‍ മാര്‍ക്‌സും ഫ്രെഡറിക് ഏംഗല്‍സും ആവിഷ്‌കരിച്ച സൗന്ദര്യശാസ്ത്ര തത്വങ്ങള്‍ അവരുടെ നിരവധി കൃതികളിലും ലേഖനങ്ങളിലും കത്തിടപാടുകളിലും സൗന്ദര്‍ഭിക പരാമര്‍ശങ്ങളിലും ചിന്നിച്ചിതറിക്കിടക്കുകയാണ്. സൗന്ദര്യ ശാസ്ത്രത്തെപ്പറ്റി മാര്‍ക്‌സും ഏംഗല്‍സും കാര്യമായിട്ടൊന്നും എഴുതിയിട്ടില്ലെന്ന തെറ്റായ ഒരു ധാരണ എങ്ങനെയോ ആഗോളതലത്തില്‍ തന്നെ വ്യാപകമായുണ്ട്. അത് ശരിയല്ല. മാര്‍ക്‌സും, ഏംഗല്‍സും അവരുടെ കൃതികളില്‍ പുതിയ, വിപ്ലവകരമായ, ഒരു സൗന്ദര്യശാസ്ത്രത്തിന് അസ്ഥിവാരമിട്ടിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാള്‍ മാര്‍ക്‌സും (1818-1883) ഫ്രെഡറിക് ഏംഗല്‍സും (1830-1895) ആവിഷ്‌കരിച്ച പുതിയ ലോക വീക്ഷണത്തില്‍ തത്വശാസ്ത്രവും ചരിത്രശാസ്ത്രവും അര്‍ത്ഥശാസ്ത്രവും രാഷ്ട്രമീമാംസയും സാമൂഹ്യ പരിവര്‍ത്തന ശാസ്ത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നു. അതിലെല്ലാം അവര്‍ നൂതനമായ ആശയങ്ങളും ധാരണകളും സമീപനങ്ങളും അവതരിപ്പിച്ചു. സമൂഹത്തിന്റേയും വ്യക്തിയുടെയും ജീവിതത്തിന്റെ ഭൗതികവും സാംസ്‌കാരികവുമായ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ലോകവീക്ഷണത്തില്‍ നിന്ന് സൗന്ദര്യശാസ്ത്രത്തെ പുറത്തു നിര്‍ത്താന്‍ സാധ്യമല്ല. മറ്റെല്ലാ ശാസ്ത്രങ്ങളിലുമെന്നപോലെ സൗന്ദര്യശാസ്ത്രത്തിലും അതുവരെ ഉണ്ടായിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തവും വിപ്ലവകരവുമായ പുതിയ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ് മാര്‍ക്‌സും ഏംഗല്‍സും അവതരിപ്പിച്ചത്.
സൗന്ദര്യശാസ്ത്രമുള്‍പ്പെടെ എല്ലാ ശാസ്ത്രങ്ങളും മനുഷ്യന്‍ കണ്ടുപിടിച്ചത്, സമൂഹമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അവന്റെ പുരോഗതിയെ, പൂര്‍ണതയിലേക്കുള്ള പ്രയാണത്തെ, സുഗമമാക്കാനും മാര്‍ഗ്ഗ തടസങ്ങള്‍ നീക്കാനും വേണ്ടിയാണ്. കാരണം, ജീവി വര്‍ഗങ്ങളുടെ വികാസ പരിണാമത്തില്‍ മനുഷ്യന്റെ ആവിര്‍ഭാവത്തോടെ, ഗുണപരമായിത്തന്നെ ഭിന്നവും ഉന്നതവുമായ ഒരു ഘട്ടം ആരംഭിച്ചു. അതുവരെ ജീവി വര്‍ഗങ്ങള്‍ വികസിച്ചത് ജൈവ പരിണാമത്തിലൂടെയാണ്. പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കൊത്ത് നിലനില്‍ക്കാനും ജീവിക്കാനും കഴിയുന്നവിധം അവ അവയുടെ ശരീരഘടനയില്‍ മാറ്റം വരുത്തി. അങ്ങനെ മാറ്റം വരുത്താന്‍ കഴിയാത്ത ജീവിവര്‍ഗ്ഗങ്ങള്‍ നശിച്ചുപോയി.

എന്നാല്‍ മനുഷ്യന്റെ സ്ഥിതിയതല്ല. മനുഷ്യന്റെ വികാസം സാമൂഹ്യവും സാംസ്‌കാരികവുമായ പരിവര്‍ത്തനത്തിലൂടെയാണ്. താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെ സ്വന്തം ജീവിതം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടി നിരന്തരം നിയന്ത്രിക്കാനും മാറ്റാനും ശ്രമിച്ചു കൊണ്ടാണ്. അതിനാവശ്യമായ അറിവും കഴിവും സമ്പാദിച്ചു കൊണ്ടാണ്; സാമൂഹ്യഘടനയെത്തന്നെ കാലോചിതമായി അഴിച്ചു പണിതു കൊണ്ടാണ്. ഇതിനു മനുഷ്യനെ ശക്തനാക്കുന്നത് പ്രകൃതിശാസ്ത്രങ്ങളും സാമൂഹ്യശാസ്ത്രങ്ങളുമാണ്.
അക്കൂട്ടത്തില്‍പ്പെട്ടതാണ് സൗന്ദര്യശാസ്ത്രം. ഇംഗ്ലീഷില്‍ അതിന് ‘ഈസ്തറ്റിക്‌സ്’ എന്ന് പറയുന്നു. ഗ്രീക്ക് ഭാഷയില്‍ ആ വാക്കിന്റെ മൂലാര്‍ത്ഥം ‘സംവേദനക്ഷമത’ എന്നാണ്. ഇന്ദ്രിയങ്ങളിലൂടെ സത്യത്തെ കണ്ടറിയാനുള്ള കഴിവ് എന്നര്‍ത്ഥം. പിന്നീട് ഒരു പ്രത്യേക ശാസ്ത്രശാഖയ്ക്ക് ആ പേര്‍ നല്‍കപ്പെട്ടു. എന്താണ് സൗന്ദര്യശാസ്ത്രം? ബാഹ്യലോകത്തെ സൗന്ദര്യാസ്വാദനത്തിന്റെ ദൃഷ്ടിയോടുകൂടി ഉള്‍ക്കൊള്ളുന്നതിന്റെ, സ്വാംശീകരിക്കുന്നതിന്റെ, വിവിധ വശങ്ങളെ പരിശോധിക്കുന്ന ശാസ്ത്രമാണത്. സൗന്ദര്യാസ്വാദനത്തിനുള്ള മാധ്യമങ്ങളാണല്ലോ സാഹിത്യാദികലകള്‍. പരിമിതമായ അര്‍ത്ഥത്തില്‍, സാഹിത്യാദികലകളുടെ ഉദ്ഭവത്തെയും വികാസ പരിണാമങ്ങളെയും സവിശേഷ സ്വഭാവ ഗുണങ്ങളെയും ധര്‍മങ്ങളെയും പരിശോധിക്കുകയും സാമാന്യ തത്വങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് സൗന്ദര്യശാസ്ത്രം.
സാഹിത്യാദികലകള്‍ ലോകത്തെയും ജീവിത യാഥാര്‍ഥ്യത്തെയും സാമൂഹ്യവും മാനുഷികവുമായ ബന്ധങ്ങളെയും മനുഷ്യന്റെ വികാര വിചാരങ്ങളെയും സൗന്ദര്യാത്മകമായി ചിത്രീകരിക്കുകയും ആസ്വാദകരെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ജീവിതത്തെയും പ്രപഞ്ചത്തെയും കൂടുതല്‍ അവഗാഢമായി അറിയാന്‍ സഹായിക്കുന്നു; മാത്രമല്ല, സമൂഹത്തെ പുരോഗമനപരമായി മാറ്റുന്നതിനുള്ള മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൂടിയാണ് കലകള്‍. ഈ സാമൂഹ്യധര്‍മ്മം കലകള്‍ എല്ലായ്‌പ്പോഴും നിര്‍വഹിച്ചിട്ടുണ്ട്. പ്രാചീന കാലത്തുതന്നെ ഭാരതത്തിലെയും അന്യരാജ്യങ്ങളിലെയും സൗന്ദര്യ (അലങ്കാര) ശാസ്ത്രജ്ഞന്മാര്‍ ഇത് അംഗീകരിച്ചിട്ടുമുണ്ട്.

മനുഷ്യര്‍ക്ക് എങ്ങനെ സൗന്ദര്യാവബോധവും സൗന്ദര്യാസ്വാദനത്തിനുള്ള ആഗ്രഹവും കഴിവുമുണ്ടായി? ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്‌സും എംഗല്‍സും ഈ ചോദ്യത്തിനു മറുപടി പറഞ്ഞു: സൗന്ദര്യാത്മകമായി സ്വന്തം ചുറ്റുപാടുകളെ, പ്രകൃതിയെയും മറ്റ് മനുഷ്യരെയും, ദര്‍ശിക്കാനും ആസ്വദിക്കാനും കലാസൃഷ്ടികളില്‍ പ്രതിഫലിപ്പിക്കാനുമുള്ള ആഗ്രഹവും വാസനയും മനുഷ്യന്‍ ഭൂമുഖത്ത് ആവിര്‍ഭവിച്ചപ്പോള്‍ തന്നെ നൈസര്‍ഗ്ഗികമായി അവനില്‍ കുടികൊണ്ടിരുന്ന സിദ്ധികളല്ല; അവ ഈശ്വരാനുഗ്രഹമായി ലഭിച്ചതുമല്ല.

മനുഷ്യസമുദായത്തിന്റെ ദീര്‍ഘകാലത്തെ വളര്‍ച്ചയുടെ ഫലമായിട്ടാണ് സൗന്ദര്യാസ്വാദനത്തിനുള്ള കഴിവ് അവനുണ്ടായത്. സ്വന്തം ജീവിതത്തിനാവശ്യമായ ഭൗതിക സാമഗ്രികള്‍ സ്വയം നിര്‍മിക്കുന്നതിനുള്ള അധ്വാനത്തിലൂടെ പ്രകൃതിയെ മനസ്സിലാക്കാനും മാറ്റാനും കൂട്ടായി ജീവിക്കാനും തുടങ്ങുന്നതോടെ മനുഷ്യന്‍ പ്രകൃതിയിലും മറ്റ് മനുഷ്യരിലും പ്രയോജന സ്വഭാവം മാത്രമല്ല സൗന്ദര്യവും കാണാന്‍ തുടങ്ങുന്നു. ആ സൗന്ദര്യത്തെ കലാപരമായ രൂപങ്ങളില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു.
1844 ല്‍ എഴുതിയ സാമ്പത്തിക-ദാര്‍ശനിക മാനുസ്‌ക്രിപ്റ്റുകളില്‍ മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചു: ”അധ്വാനം, ജീവിത പ്രവര്‍ത്തനം, ഉല്‍പാദനപരമായ ജീവിതം എന്നിവ തന്നെ, ആദ്യം മനുഷ്യന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു ആവശ്യത്തെ – ഭൗതികമായ അസ്തിത്വം നിലനിര്‍ത്തുകയെന്ന ആവശ്യത്തെ-തൃപ്തിപ്പെടുത്താനുള്ള ഒരു ഉപാധി എന്ന നിലയ്ക്ക് മാത്രമാണ്. എങ്കിലും ഉല്‍പ്പാദനപരമായ ജീവിതം ജീവിവര്‍ഗത്തിന്റെ ജീവിതമാണ്. ജീവസന്ധയകമായ ജീവിതമാണത്. ഒരു ജീവിവര്‍ഗ്ഗത്തിന്റെ പ്രകൃതിയാകെത്തന്നെ – ഒരു ജീവിവര്‍ഗമെന്ന നിലയിലുള്ള അതിന്റെ സ്വഭാവം – അതിന്റെ ജീവിത പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തില്‍ അടങ്ങിയിരിക്കുന്നു. സ്വതന്ത്രമായ, ബോധപൂര്‍വമായ പ്രവര്‍ത്തനം മനുഷ്യന്റെ ജീവിവര്‍ഗ്ഗ സ്വഭാവമാണ്. ജീവിതം തന്നെ ജീവിതത്തിനുള്ള ഒരു ഉപാധിയായിത്തോന്നുന്നു.”

തീര്‍ച്ചയായും ജന്തുക്കളും ഉല്‍പാദിപ്പിക്കുന്നുണ്ട്. തേനീച്ചകളെയും ഉറുമ്പുകളെയും നീര്‍നായകളെയും പോലെ, അവ കൂടുകള്‍, വാസസ്ഥലങ്ങള്‍ സ്വയം നിര്‍മിക്കുന്നു. പക്ഷെ, ഒരു ജന്തു അതിനോ അതിന്റെ കുഞ്ഞുങ്ങള്‍ക്കോ ഇന്നുതന്നെ ആവശ്യമുള്ളത് മാത്രമേ നിര്‍മിക്കുന്നുള്ളൂ. അത് ഏകപക്ഷീയമായിട്ടാണ് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ മനുഷ്യനോ സാര്‍വലൗകികമായിട്ടും. നേരിട്ടുള്ള ഭൗതികാവശ്യത്തിന്റെ ആധിപത്യത്തിന്‍ കീഴിലാണ് ജന്തു ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഭൗതികാവശ്യം ഇല്ലാതിരിക്കുമ്പോഴും മനുഷ്യന്‍ ഉല്‍പ്പാദിപ്പിക്കുന്നു; അതില്‍ നിന്ന് സ്വതന്ത്രനായിരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവന്‍ ഉല്‍പ്പാദനം നടത്തുന്നത്. ഒരു ജന്തു അതിനെ മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ; മനുഷ്യനാകട്ടെ പ്രകൃതിയെയാകെ പുനരുല്‍പ്പാദിപ്പിക്കുന്നു.
ഓരോ കാലഘട്ടത്തിനും അതിന്റേതായ സൗന്ദര്യാവബോധവും ആദര്‍ശങ്ങളുമുണ്ട്. ഓരോ കാലഘട്ടത്തിലും അതിന്റെ പ്രത്യേക സ്വഭാവത്തിന് അനുഗുണമായ വിധത്തിലാണ് കലാസൃഷ്ടികള്‍ ഉണ്ടാവുന്നത്. അവ മറ്റ് സാഹചര്യങ്ങളില്‍ ആവര്‍ത്തിക്കാനും സാധ്യമല്ല.
‘ജര്‍മന്‍ പ്രത്യയശാസ്ത്ര’ മെന്ന കൃതിയില്‍ മാര്‍ക്‌സും എംഗല്‍സും എഴുതി:
”റോമില്‍ അന്ന് നിലവിലുണ്ടായിരുന്ന തൊഴില്‍ വിഭജനത്തില്‍ നിന്ന് സ്വതന്ത്രമായി റാഫേല്‍ തന്റെ ചിത്രങ്ങള്‍ വരച്ചുവെന്ന് സാഞ്ചൊ (ജര്‍മന്‍ തത്വചിന്തകന്‍) വിഭാവനം ചെയ്യുന്നു.”

സാഹിത്യവാദികള്‍ക്ക് ഓരോ ചരിത്രകാലഘട്ടത്തിലെയും ഭൗതിക ജീവിതസാഹചര്യങ്ങളില്‍ ആണ്ടിറങ്ങിയ വേരുകളുണ്ട്. പുതിയ കലാരൂപങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തി സാമൂഹ്യ സ്ഥിതിഗതികളില്‍ വരുന്ന മാറ്റങ്ങളും അവ സാമൂഹ്യബോധത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ്.