Friday
22 Feb 2019

‘മീന്‍ചന്ത’യിലെ കോലാഹലങ്ങള്‍

By: Web Desk | Wednesday 7 February 2018 10:21 PM IST

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍വാദം കേള്‍ക്കവേയാണ് അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതൊരു രാഷ്ട്രീയ കേസാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു അമിത് ഷായുടെ അഭിഭാഷകന്റെ വാദം. മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെയും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നു. ഇതേ തുടര്‍ന്നാണ് അഭിഭാഷകര്‍ തമ്മില്‍ ബഹളമുണ്ടായത്. തുടര്‍ന്ന് കോടതി അഭിഭാഷകരോട് ബഹളം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതിയെ മീന്‍ചന്തയാക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് തന്നെ പറയുകയും ചെയ്തു. ഈ മാസം ഒമ്പതിന് കേസ് വീണ്ടും പരിഗണനയ്ക്കുവരും

കോടതിയെ മീന്‍ചന്തയാക്കരുത്’ പറയുന്നത് മറ്റാരുമല്ല സുപ്രിംകോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുഹ്‌റാബുദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ നാല് പ്രധാനപ്പെട്ട തൂണുകളില്‍ ഒന്നാണ് ജുഡീഷ്യറി. പരമോന്നത ഘടകമാണ് സുപ്രിംകോടതി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ചരിത്രത്തില്‍ അനന്യസാധാരണമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയും കോടതി ഈ കേസില്‍ വാദം കേട്ടിരുന്നു. അന്ന് രൂക്ഷവും നാടകീയവുമായ വാദപ്രതിവാദങ്ങളാണ് ഉണ്ടായത്. വാദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബഞ്ചിന് മുന്നില്‍ ബോംബെ അഭിഭാഷക സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ തന്റെ വാദം ഇങ്ങനെ അവതരിപ്പിച്ചു.
”മഹാരാഷ്ട്ര രഹസ്യാന്വേഷണ കമ്മിഷണറുടെ ഒരു റിപ്പോര്‍ട്ട് സംബന്ധിച്ച് അടിയന്തര പരിഗണന ആവശ്യപ്പെടുന്ന ഒരു കുറിപ്പ് ഞാന്‍ തയാറാക്കിയിട്ടുണ്ട്. വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാണ് ഈ റിപ്പോര്‍ട്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ ഈ റിപ്പോര്‍ട്ട് രേഖയാക്കണമെന്നും അങ്ങനെയായാല്‍ ക്രിമിനല്‍ നടപടി ചട്ടം 340 പ്രകാരം നടപടികള്‍ തുടങ്ങണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു.”

സുപ്രിംകോടതി ഇന്ന് അഭിമുഖീകരിക്കുന്ന ദുരവസ്ഥയുടെ ഉത്തരവാദി ചീഫ് ജസ്റ്റിസ് തന്നെയാണ്. ഇപ്പോഴത്തെ പ്രതിസന്ധി ജുഡീഷ്യറിയുടെ സ്വതന്ത്ര നിലനില്‍പിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വെല്ലുവിളിയിലൂടെ തുറന്നുകാട്ടപ്പെടുകയാണ്. ‘കോടതിയെ മീന്‍ചന്തയാക്കരുത്’ എന്ന് ചീഫ് ജസ്റ്റിസ് തന്നെ പറയുന്നിടത്ത് കാര്യങ്ങള്‍ ചെന്നെത്തിനില്‍ക്കുകയാണ്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള കേസിന്റെ തുടര്‍വിചാരണ വേളയില്‍ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാം.

”………… ഹര്‍ജികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അവ ഖണ്ഡിച്ചില്ലെങ്കില്‍ അവ എതിര്‍ക്കപ്പെടാതെ പോകും. ഒരു സ്വതന്ത്ര അന്വേഷണത്തെ എതിര്‍ക്കാതെ സംസ്ഥാനം അനുകൂലിക്കുമായിരിക്കും. അതൊരു സാധാരണ മരണമായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം. അപ്പോള്‍ അന്വേഷിക്കുന്നതില്‍ എന്താണ് കുഴപ്പം?”

റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാണിച്ച് ദാവെ തുടര്‍ന്നു: ”ലോയക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയുന്നസമയത്ത് മൊഴി നല്‍കിയ നാല് ന്യായാധിപന്മാരില്‍ ആരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. ലോയ തന്നെ വിളിച്ചു എന്നവകാശപ്പെടുന്ന ഡോ. പ്രശാന്ത് റാത്തി എന്നൊരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോയയെ നാഗ്പൂരിലെ ഡാണ്ടേ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ നിന്നും മെഡിട്രിന ആശുപത്രിയിലേയ്ക്ക് മാറ്റി. 2014 ഡിസംബര്‍ ഒന്നിനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടോ മറ്റേതെങ്കിലും രേഖയോ മറ്റ് ന്യായാധിപന്മാരുടെ സാന്നിധ്യത്തെക്കുറിച്ചോ പരാമര്‍ശിക്കുന്നില്ല.”

അപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ഇടപെട്ടു: ”തെറ്റ്. മറ്റ് രണ്ട് ന്യായാധിപന്മാര്‍ക്കൊപ്പം രവി ഭവനിലെ ഒരു മുറിയിലാണ് ലോയ താമസിച്ചത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ രൂപേഷ് റാത്തിയെ അദ്ദേഹം വിളിച്ചു. ഡാണ്ടേ ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിട്രിന ആശുപത്രിയിലേയ്ക്കും കൊണ്ടുപോകുന്ന വഴിയേയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം രണ്ടുവര്‍ഷം ഒന്നും ചെയ്തില്ല. ഇപ്പോള്‍ പൊടുന്നനെ കാരവാനില്‍ ഒരു ലേഖനം വരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒരു അന്വേഷണം നടത്താന്‍ ഡിജിപിയോട് ആവശ്യപ്പെടുന്നു. അദ്ദേഹം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലോയയോടൊപ്പം താമസിച്ചു എന്നുപറഞ്ഞ നാല് ന്യായാധിപന്മാരോട് സംസാരിച്ചു. അവര്‍ അദ്ദേഹം ഡെപ്യൂട്ടി രജിസ്ട്രാറെ വിളിച്ചതായി സ്ഥിരീകരിച്ചു.”

2010ല്‍ സുഹ്‌റാബ്ദീന്‍ കേസില്‍ ഗുജറാത്ത് പൊലീസല്ല സിബിഐയാണ് അന്വേഷിക്കേണ്ടതെന്ന് സുപ്രിംകോടതി പറഞ്ഞു. 2012 ല്‍ ‘സ്വതന്ത്രമായ വിചാരണ നടക്കണമെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടു’- എന്ന് പറഞ്ഞു. സെപ്റ്റംബര്‍ 27ന് വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേയ്ക്ക് മാറ്റി. ഒരു ന്യായാധിപന്‍തന്നെ തുടക്കം മുതല്‍ അവസാനം വരെ വിചാരണ കേള്‍ക്കണമെന്ന് കോടതി ഉത്തരവിട്ടു. ആദ്യം വിചാരണ കേട്ട ന്യായാധിപന്‍ ജെടി ഉല്‍പദിനെ മാറ്റി ലോയയെ നിയമിച്ച ഹൈക്കോടതിയുടെ ഉത്തരവ് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടതോടെ ജസ്റ്റിസ് ഗോസാവി കേസ് കേട്ടു. അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131ല്‍ പറയുന്നു: ”ഭാരതത്തിലെ നീതിന്യായ കോടതികളില്‍ ഏറ്റവും ഉന്നതമായ സ്ഥാനത്താണ് സുപ്രിംകോടതിയുടെ നില. ഈ പരമോന്നത ന്യായാലയം പൗരന്മാര്‍ തമ്മില്‍ മാത്രമല്ല, കേന്ദ്രവും സംസ്ഥാനവും തമ്മിലും, സംസ്ഥാനവും സംസ്ഥാനവും തമ്മിലും ഉള്ള തര്‍ക്കങ്ങള്‍ക്ക് അന്ത്യവും പരമവും ആയ വിധി കല്‍പ്പിക്കാന്‍ അധികാരപ്പെട്ടതാണ്.”

ഇന്ത്യയിലെ ഇന്നത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇടപെടല്‍ രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ നീതിന്യായവ്യവസ്ഥയില്‍ വിശ്വസിക്കുന്നവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ വികാരം ഉയര്‍ന്നുവരേണ്ടതുണ്ട്.