Friday
22 Feb 2019

സോപ്പുകുമിളകള്‍ പൊട്ടുമ്പോള്‍

By: Web Desk | Monday 12 February 2018 11:01 PM IST

അനിയന്ത്രിതമായ ക്രിപ്‌റ്റോ കറന്‍സിപോലുള്ള അയഥാര്‍ഥ നിക്ഷേപങ്ങള്‍ക്ക് പിറകെ പോലും ആളുകള്‍ പരക്കം പായുന്ന ഈ കാലഘട്ടത്തില്‍ 1929 ലെ വാള്‍സ്ട്രീറ്റ് ദുരന്തം വീണ്ടും പ്രസക്തമാവുന്നു. ഈ ദൃശ്യദുരന്തങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് കയറഴിച്ചുവിട്ട മുതലാളിത്ത രീതികള്‍ എങ്ങനെയാണ് ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്പന്നരെ അതിസമ്പന്നരുമായി മാറ്റുന്നത് എന്ന അവസ്ഥയിലേക്കാണ്, മായക്കാഴ്ചകളുടെ കണ്ണട മാറ്റിവച്ച് യാഥാര്‍ഥ്യം വ്യക്തമായി കാണേണ്ട ആവശ്യകതയിലേക്കും

1929 ഒക്‌ടോബര്‍ ആദ്യവാരത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ ജോസഫ് കെന്നഡി എന്ന അമേരിക്കന്‍ കോടീശ്വരന്‍ ന്യൂയോര്‍ക്കിലെ സ്വന്തം വസതിയില്‍ നിന്ന് പതിവുപോലെ പ്രഭാതസവാരിക്കിറങ്ങി. ജോസഫ് കെന്നഡി യുഎസിലെ ഏറ്റവും വലിയ കര്‍ഷകരിലൊരാളായിരുന്നു. അതേസമയം തന്നെ വന്‍കിട ബിസിനസ് സംരംഭങ്ങള്‍ മറ്റ് പലതും അദ്ദേഹത്തിനുണ്ടായിരുന്നു. 1920 മുതല്‍ അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും അദ്ദേഹം വന്‍മുതല്‍മുടക്കുനടത്തുകയും ലാഭം കൊയ്യുകയും ചെയ്തിരുന്നു. 1929 ലെ ആദ്യപാദങ്ങളില്‍ ഓഹരിവിലകള്‍ വാനോളമുയര്‍ന്നു. ദരിദ്രരും സാധാരണക്കാരുമെല്ലാം ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും ഓഹരികളില്‍ നിക്ഷേപിച്ചു. ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ കൂണുപോലെ മുളച്ചുപൊന്തി. ഓഹരികളില്‍ നിന്നുള്ള ലാഭത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പത്രങ്ങളില്‍ നിറഞ്ഞു. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ലോക തലസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലൂടെ ജോസഫ് കെന്നഡി പ്രഭാത സവാരി തുടര്‍ന്നു.

ആ തണുത്ത പ്രഭാതത്തിലും രാത്രിയും പകലും ഭേദമില്ലാത്ത വാള്‍സ്ട്രീറ്റില്‍ ഓഹരിക്കച്ചവട സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ബ്രോക്കര്‍മാരുടെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. തെരുവില്‍ ഹോട്ടലുകളും തെരുവു കച്ചവടക്കാരും ഷൂ പോളിഷുകാരുമൊക്കെ സജീവമായിരുന്നു. എല്ലാവരും ഏത് ഓഹരികളില്‍ പണം നിക്ഷേപിക്കണമെന്ന് പ്രവചിച്ചുകൊണ്ടേയിരുന്നു. ജോസഫ് കെന്നഡിയോട് തെരുവില്‍ ഷൂ പോളിഷ് ചെയ്തിരുന്ന ഒരു കുട്ടി ആ ദിവസം ലാഭമുണ്ടാക്കാന്‍ പോവുന്നത് ധാന്യങ്ങളിലെ നിക്ഷേപമാണ് എന്ന ഒരു ഉപദേശവും നല്‍കി. ആ പ്രഭാത സവാരിക്കിടയില്‍ പലരോടും ജോസഫ് കെന്നഡി ഏത് സ്റ്റോക്കാണ് ലാഭകരം എന്ന അന്വേഷിക്കുന്നുണ്ടായിരുന്നു. തെരുവിലെ ഭിക്ഷക്കാരന്‍ വരെ ഏത് കമ്പനികളാണ് ലാഭമുണ്ടാക്കാന്‍ പോവുന്നതെന്ന ഉപദേശം നല്‍കി. വീട്ടില്‍ തിരിച്ചെത്തിയ ജോസഫ് കെന്നഡി അന്നുതന്നെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിച്ചിരുന്ന മുഴുവന്‍ തുകയും പിന്‍വലിച്ചു. കൃഷിയിടങ്ങളിലും റിയല്‍ എസ്റ്റേറ്റിലും മുതല്‍ മുടക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 1929 ഒക്‌ടോബര്‍ 29ന് കറുത്ത വ്യാഴാഴ്ച എന്ന് പിന്നീട് അറിയപ്പെട്ട ദിവസം വാള്‍സ്ട്രീറ്റിലെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരികള്‍ കൂപ്പുകുത്തി. ഇന്നത്തെ ഡോളറിന്റെ മൂല്യത്തില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 475 ബില്യണ്‍ ഡോളര്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചവര്‍ക്ക് നഷ്ടമായി. ഓഹരികളില്‍ നിക്ഷേപിക്കാന്‍ ലോണ്‍ നല്‍കിയ ഇനത്തില്‍ 8.5 ബില്യണ്‍ ഡോളര്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടു. പിന്നീട് 12 വര്‍ഷക്കാലം അമേരിക്കയില്‍ മഹാക്ഷാമത്തിന്റെ കാലഘട്ടമായിരുന്നു.

തല്‍ക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായ ജോണ്‍ എഫ് കെന്നഡിയുടെ പിതാവായ ജോസഫ് കെന്നഡി വാള്‍സ്ട്രീറ്റ് തകര്‍ച്ചയെക്കുറിച്ച് പറഞ്ഞത് തെരുവിലെ ഒരു ചെരിപ്പ് പോളിഷ് ചെയ്യുന്ന കുട്ടിക്കുപോലും പ്രവചിക്കാന്‍ സാധിക്കുന്നതാണ് വാള്‍സ്ട്രീറ്റിലെ ഓഹരി കച്ചവടമെങ്കില്‍ ജോസഫ് കെന്നഡി അതില്‍ മുതല്‍ മുടക്കാന്‍ തയാറല്ല എന്നാണ്. ഇക്കാര്യം തന്നെ കൂടുതല്‍ വ്യക്തമായി ചേസ് നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റ് അക്കാലത്ത് പറഞ്ഞു. നമ്മള്‍ കൊയ്ത ദുരന്തം അടിസ്ഥാനമില്ലാത്ത ഊഹക്കച്ചവടത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ മുഴുകിയതിന്റെ സ്വാഭാവികമായ പരിണാമമാണ്. അത് അനിവാര്യമായിരുന്നു. കാരണം അടുത്തകാലത്ത് ഓഹരി ഉടമകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഒരു കൂട്ടവില്‍പന വന്നാല്‍ താങ്ങാനാവാത്ത വിധമായിരുന്നു. അതുതന്നെ സംഭവിച്ചു. 1929 ലെ സ്റ്റോക്ക് മാര്‍ക്കറ്റ് ദുരന്തത്തിന് പ്രധാന കാരണങ്ങളിലൊന്നായി പിന്നീട് വിലയിരുത്തപ്പെട്ടത് ഗോതമ്പിന്റെ വിപണി വില ത്തകര്‍ച്ചയാണ്. 1929 മെയ് മാസത്തില്‍ ബുഷലിന് .97 ഡോളര്‍ വിലയുണ്ടായിരുന്നിടത്ത് നിന്ന് ജൂലൈ മാസമാവുമ്പോഴേക്ക് 1.49 ഡോളര്‍ ആയി വര്‍ധിച്ചു. പക്ഷെ ഓഗസ്റ്റ് മാസമാവുമ്പോഴേക്ക് ഫ്രാന്‍സ്, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച വിളവെടുപ്പ് കാരണം കമ്പോളത്തിലെ ഉയര്‍ന്നവില പിടിച്ചുനിര്‍ത്താനാവാതെ വന്നു. വിലകൂപ്പുകുത്തി. നഷ്ടം മുന്നില്‍ കണ്ട് ഓഹരിയുടമകള്‍ ഓഹരികള്‍ വില്‍പന തുടങ്ങി. ഇത് മറ്റ് സ്റ്റോക്കുകളിലേക്ക് വ്യാപിച്ചു. വില്‍പന സമ്മര്‍ദ്ദം താങ്ങാനാവാതെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ന്നു. തകര്‍ച്ച ഒരു ചീട്ടുകൊട്ടാരം പോലെ ഒന്നിനു പുറകെ ഒന്നായി എല്ലാ ഓഹരികളേയും ബാധിച്ചു. പിന്നീട് മാര്‍ക്കറ്റ് തിരിച്ചുകൊണ്ടുവരാനും കടക്കെണിയില്‍ പെട്ട കര്‍ഷകരെ രക്ഷപ്പെടുത്താന്‍ അമേരിക്കന്‍ സെനറ്റ് 100 മില്യണ്‍ ഡോളറിന്റെ പാക്കേജ് നടപ്പാക്കിയതുമൊക്കെ ചരിത്രത്തിന്റെ ഭാഗം.

2018 ഫെബ്രുവരി ഏഴാം തീയതിയിലെ പത്രങ്ങളിലെ തലക്കെട്ട് ”ഓഹരി സൂചികകള്‍ കൂപ്പുകുത്തി” എന്നായിരുന്നു. നിക്ഷേപകര്‍ക്ക് 9.6 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി എന്നും കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍, യു എസിലെ വേതനവര്‍ധന, പലിശ നിരക്കിലെ വര്‍ധന എന്നിങ്ങനെ പലകാരണങ്ങളും ധനകാര്യ വിദഗ്ധര്‍ പറയുന്നു.
ഈ വിദഗ്ധരെയും ഉപദേശകരെയും കുറിച്ച് പറയുമ്പോള്‍ 1800 കളിലെ ‘ഗോള്‍ഡ് റഷ്’ കാലഘട്ടത്തിലെ ഒരു കഥയാണ് ഓര്‍മവരുന്നത്. ആ കാലഘട്ടത്തില്‍ സ്വര്‍ണഖനികള്‍ കണ്ടുപിടിക്കാന്‍ യൂറോപ്പുകാര്‍ ആഫ്രിക്ക, അമേരിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളില്‍ പര്യവേക്ഷണം നടത്തുകയായിരുന്നു. അങ്ങനെയിരിക്കെ ലണ്ടനിലെ ഒരു പത്രത്തില്‍ ഒരു വാര്‍ത്തവന്നു. ഇന്ത്യയില്‍ നമ്മുടെ വയനാടിനോട് ചേര്‍ന്ന് ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായ ഗൂഡല്ലൂരില്‍ വലിയ സ്വര്‍ണനിക്ഷേപമുണ്ട്.

‘ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ ഒരു വിദഗ്ധന്‍’ എന്ന അവകാശവാദത്തോടെയായിരുന്ന പ്രസ്തുത ലേഖനം. കേള്‍ക്കേണ്ട താമസം കമ്പനികള്‍ രൂപീകരിച്ച് സായിപ്പന്മാര്‍ ഗൂഡല്ലൂരില്‍ ദേവര്‍ഷോലയില്‍ ഖനനം തുടങ്ങി. ഒന്നും ലഭിച്ചില്ല. കമ്പനികള്‍ നഷ്ടത്തിലായി പക്ഷെ അവര്‍ ഒരുകാര്യം മനസിലാക്കി. തേയിലത്തോട്ടങ്ങള്‍ക്ക് പറ്റിയ കാലാവസ്ഥയാണ് ഗൂഡല്ലൂരിലേത്. അങ്ങനെ സ്വര്‍ണം തേടി വന്നവര്‍ തേയില കൃഷി തുടങ്ങി. വാര്‍ത്ത നല്‍കിയ വിദഗ്ധന്‍ പൂര്‍വാശ്രമത്തില്‍ ലണ്ടനിലെ ഒരു ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കപ്പല്‍ കയറിയ ഒരു ഭാഗ്യാന്വേഷി ആയിരുന്നുവത്രെ അദ്ദേഹം.

വിദഗ്ധര്‍, ഉപദേശകര്‍, ജോത്സ്യന്മാര്‍ മുറിവൈദ്യന്മാര്‍ എന്നിവര്‍ക്ക് പൊതുവായി കാണപ്പെടുന്ന ഒരു സിദ്ധിവിശേഷമുണ്ട്. എങ്ങനെ വീണാലും നാലുകാലില്‍ പൂച്ചയെപ്പോലയേ വീഴു. ‘നിങ്ങളുടെ ഈ ആഴ്ച ഗുണദോഷസമ്മിശ്രമായിരിക്കും’ എന്ന് പ്രവചിക്കുവാന്‍ വാരഫലക്കാരനെ പോലെ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഈ പ്രവചനങ്ങള്‍ക്ക് പിറകെ പായുന്നവര്‍ അനിശ്ചിതവും അരക്ഷിതവുമായ ഇടങ്ങളിലാണ് എത്തിച്ചേരുക.