Monday
18 Feb 2019

ബിജെപിയുടെ അവസരവാദ രാഷ്ട്രീയം, സഖ്യകക്ഷികള്‍ ഒന്നിന് പിറകെ ഒന്നായി എന്‍ഡിഎ വിടുന്നു

By: Web Desk | Tuesday 13 February 2018 12:25 AM IST

അരുണ്‍ ശ്രീവാസ്തവ

കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്നതിന് വേണ്ടിയല്ല ബിജെപി സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തിയിരിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് ഇവരെ ബിജെപി നിലനിര്‍ത്തുന്നത്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള പങ്കാളിത്ത രാഷ്ട്രീയം ഇവര്‍ പയറ്റുകയാണ്. സഖ്യകക്ഷികളുടെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്ക് ഒരു പക്ഷേ സാധിച്ചേക്കും. എന്നാല്‍ ഇവരുടെ ഇടയിലുളള പ്രശ്‌നങ്ങള്‍ വോട്ടര്‍മാരുടെ മനഃശാസ്ത്രം ബിജെപിക്ക് പ്രതികൂലമാക്കുമെന്നുറപ്പാണ്. ബിജെപിയും സഖ്യകക്ഷികളുമായുളള ബന്ധം ഏറെ വഷളാകുകയാണ്. അപ്രധാനമായ പാര്‍ട്ടികള്‍ പോലും ബിജെപിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരുമ്പോള്‍ ശിവസേന ചെറിയ തോതില്‍ മാത്രമാണ് ബിജെപിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പിന്നെപ്പിന്നെ ഇരുകൂട്ടരും തമ്മിലുളള സംഘര്‍ഷം മൂര്‍ച്ഛിച്ചു. തെരഞ്ഞെടുപ്പിനെ തങ്ങള്‍ ഒറ്റയ്ക്ക് നേരിടുമെന്ന പ്രഖ്യാപനവും ശിവസേന നടത്തിക്കഴിഞ്ഞു. ശിവസേനയുടെ ഈ പോരാട്ടത്തിന്റെ പാത രാഷ്ട്രീയ നിരീക്ഷകരെ തെല്ലും അമ്പരപ്പിച്ചില്ല. അധികാരത്തിന്റെ പങ്ക് വയ്ക്കല്‍ തന്നെയാണ് ഇവരുടെ ഇടയിലെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യഹേതു. ബിജെപി കടന്ന് കയറിയ ഇടം തിരിച്ച് പിടിക്കാനുളള ശ്രമത്തിലാണ് ശിവസേനയിപ്പോള്‍.

പഞ്ചാബില്‍ ശിരോമണി അകാലിദളും ബിജെപിയില്‍ നിന്നകന്നു. മയക്കുമരുന്നും കള്ളക്കടത്തും തടയാന്‍ യാതൊരു നടപടിയും ഉണ്ടാകാത്തത് അകാലിദളിനെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കി. ബിജെപിയോടുളള ജനങ്ങളുടെ മനോഭാവം മാറിയതോടെ കോണ്‍ഗ്രസ് ഇവിടെ അധികാരത്തില്‍ തിരിച്ചെത്തി. തങ്ങളുടെ സഖ്യം ശക്തമാക്കുന്നതിനെക്കുറിച്ച് ബിജെപി ഇപ്പോള്‍ പുനര്‍ ചിന്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ഈ പ്രവര്‍ത്തനങ്ങള്‍ പക്ഷേ അത്ര കണ്ട് അനായാസമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സഖ്യകക്ഷികളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് അകാലി ദള്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടേതിന് സമാനമായ സഖ്യ ധര്‍മം പിന്തുടരാനാണ് അവരുടെ നിര്‍ദേശം. ബന്ധം വിച്ഛേദിക്കുമെന്ന സൂചന മറ്റൊരു സഖ്യകക്ഷിയായ ബിഹാറിലെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയും നല്‍കിക്കഴിഞ്ഞു. ഇവരുടെ നേതാവും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വ ഒരു പടി കൂടി കടന്ന് ബിജെപിയുടെ ആജന്മ ശത്രുവായ ആര്‍ജെഡി നേതാക്കളുമായി വേദിയും പങ്കിട്ടു.

തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും സഖ്യം വിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തന്റെ വാക്കുകളോട് തെല്ലും നീതി പുലര്‍ത്തുന്ന ആളല്ല നായിഡുവെന്നതാണ് മുന്‍കാല അനുഭവങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നായിഡുവിന് സ്വന്തം പോരായ്മകളും രാഷ്ട്രീയ പ്രതിബന്ധങ്ങളുമുണ്ട്. ഇതില്‍ നിന്നെല്ലാമുളള രക്ഷപ്പെടലാണ് ഇത്തരം പ്രസ്താവനക്ക് പിന്നില്‍. ഇതിന് പുറമെ കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായവും ഇളവുകളും ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ യാതൊരു രാഷ്ട്രീയ മാനങ്ങളുമില്ലാത്ത പ്രസ്താവനകളാണ് നായിഡുവില്‍ നിന്നുണ്ടാകുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും നായിഡു യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല.

തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മോഡി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക മാത്രമാണ് ലക്ഷ്യം. മോഡി സര്‍ക്കാരിനെ ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് രാഷ്ട്രീയമായി ശരിയാണെന്നും നായിഡുവിനറിയാം. അതേസമയം ഇത്തരം പ്രസ്താവനകളിലൂടെ ആന്ധ്രയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മേല്‍ താന്‍ അതീവ താത്പര്യം പുലര്‍ത്തുന്ന ആളാണെന്ന ധാരണ ഉണ്ടാക്കാനും ഇതിലൂടെ നായിഡുവിനായിട്ടുണ്ട്. 2019 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന ആദ്യ നീക്കവുമാണിത്. കേന്ദ്ര ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്നാരോപിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ ദുബായിലിരുന്ന് തന്റെ പാര്‍ട്ടിയിലെ എംപിമാരോട് ആഹ്വാനം ചെയ്തത് വഴി ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാനും നായിഡുവിനായിട്ടുണ്ട്.

പ്രതിഷേധം തുടങ്ങി പിറ്റേദിവസം തന്നെ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പും മികച്ച രാഷ്ട്രീയ പ്രീണന തന്ത്രം തന്നെയാണ്. മറ്റൊരു സംസ്ഥാനത്തിന്റെ കാര്യത്തിലും ജെയ്റ്റ്‌ലി ഇത്രയും കണിശത കാട്ടിയില്ലെന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

വികസനം സംബന്ധിച്ച് അതുമിതും പറഞ്ഞ് രക്ഷപ്പെടാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിയോട് മിക്ക സഖ്യകക്ഷികള്‍ക്കും എതിര്‍പ്പുണ്ടെന്നത് പ്രകടമാണ്. പ്രത്യേകിച്ച് അമിത്ഷായുടെ ശൈലിയോട്. സഖ്യകക്ഷികളെ തുല്യരായി ഷാ കാണുന്നില്ലെന്നതാണ് പ്രധാന ആരോപണം. സഖ്യകക്ഷികളോട് ഇടപെടുമ്പോള്‍ നല്ലൊരു വാക്കു പോലും ഇയാള്‍ പറയുന്നില്ലെന്ന ആക്ഷേപവും പാര്‍ട്ടികള്‍ ഉയര്‍ത്തുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിലെയും രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലെയും ബിജെപിയുടെ മോശം പ്രകടനം മോഡിയുടെ വോട്ട് നേടല്‍ കരുത്ത് കുറച്ചെന്ന ധാരണ സഖ്യകക്ഷികളില്‍ രൂഢമൂലമാക്കിയിട്ടുണ്ട്.

സ്വയം ഭൂരിപക്ഷം നേടാനാകില്ലെന്ന ധാരണയും സഖ്യകക്ഷികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഇതും ഇവരില്‍ ചില പുനരാലോചനകള്‍ക്ക് കാരണമായിരിക്കുകയാണ്. വോട്ടര്‍മാരെ നേരിടാന്‍ മോഡി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തന്ത്രങ്ങളില്‍ ചില സഖ്യകക്ഷികള്‍ അസ്വസ്ഥരാണ്. ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാന്‍ പോകുന്ന രാഷ്ട്രീയ മോര്‍ച്ച ബിജെപിയുടെ വോട്ടിന് കരുത്താകില്ലെന്നാണ് പൊതുവെ സഖ്യകക്ഷികള്‍ വിലയിരുത്തുന്നത്. മാത്രമല്ല ഇത് സാധാരണ വോട്ടര്‍മാരുടെ വിശ്വാസം ഇല്ലാതാക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

2014 തെരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളാണ് നേടിയത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങളനുസരിച്ച് ഇത് 275 ആയി കുറയുമെന്നാണ് വിലയിരുത്തുന്നത്. ഇനിയും ഈ എണ്ണം കുറയാമെന്നും വിലയിരുത്തലുണ്ട്. 2014ലെ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന യാഥാര്‍ത്ഥ്യം പല എന്‍ഡിഎ നേതാക്കളും പങ്ക് വയ്ക്കുന്നുമുണ്ട്. മാത്രമല്ല ഇതില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോകുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ സഖ്യകക്ഷികളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകൂ. സഖ്യകക്ഷികളുടെ പ്രാധാന്യം മനസിലാക്കാനുളള ഏറ്റവും നല്ല സമയമാണ് ബിജെപിക്കിത്. മുന്നില്‍ മറ്റുവഴികളൊന്നുമില്ല താനും.

ഇന്ത്യ പ്രസ് ഏജന്‍സി