September 29, 2022 Thursday

ഏഴാം മുദ്ര

കെ ദിലീപ്
നമുക്ക് ചുറ്റും
April 28, 2020 5:45 am

ചലച്ചിത്രങ്ങളില്‍ മഹാമാരികള്‍ അനേകം തവണ പ്രമേയമായിട്ടുണ്ട്. ഇവയില്‍ പലതും ചലച്ചിത്ര ഇതിഹാസങ്ങളുമാണ്. എന്നാല്‍ പ്രവചനസ്വഭാവമുള്ള മനുഷ്യനും മരണവുമായുള്ള ചതുരംഗം പ്രമേയമാക്കിയ 1957ല്‍ പുറത്തിറങ്ങിയ ഇഗ്‌മര്‍ ബെര്‍ഗ്‌മാന്റെ സെവന്‍ത് സീല്‍ അഥവാ ഏഴാം മുദ്ര എന്ന ചിത്രമാണ് ആദ്യം മനസിലെത്തുന്നത്. ഏഴാം മുദ്ര എന്ന പ്രതീകം ബെെബിളിലെ വെളിപാട് പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. വെളിപാട് പുസ്തകം പുതിയ നിയമത്തിലെ അവസാന പുസ്തകമാണ്. ഏജിയന്‍ കടലിലെ പാത്‌മോസ് എന്ന ദ്വീപില്‍ തടവിലായിരുന്ന യോഹന്നാന്‍ അപ്പോസ്തലന് ലഭിച്ച ദര്‍ശനങ്ങളുടെ രൂപത്തിലാണ് വെളിപാട് പുസ്തകം. ഇതിന്റെ കാലഗണന എ ഡി 81–96ല്‍ റോമിലെ ഡോമിറ്റാന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം എന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഏഴു സഭകള്‍ക്കായി യേശു നല്കിയ സന്ദേശങ്ങള്‍ ലഭിച്ചതായി യോഹന്നാന് ദര്‍ശനമുണ്ടാവുന്നു. ആ ദര്‍ശനത്തില്‍ മുദ്ര വച്ച ഏഴാമത്തെ കത്ത് തുറക്കുന്നതോടെ സ്വര്‍ഗത്തില്‍ നിശബ്ദത പരക്കുകയും പിന്നീട് ഏഴു കാഹളങ്ങള്‍ മുഴങ്ങി ദെെവത്തിന്റെ ക്രോധം ഭൂമിയിലേക്ക് പതിക്കുന്നു. അങ്ങനെ ഭൂമിയിലേക്ക് പതിച്ച ക്രോധത്തിന്റെ ഏഴാംമുദ്ര ബെര്‍ഗ്‌മാന്‍ എ ഡി 1342 മുതല്‍ 1353 വരെ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച കറുത്ത മരണം എന്നറിയപ്പെട്ട ബ്യൂബോണിക് പ്ലേഗിന്റെ പശ്ചാത്തലത്തിലുള്ള ചലച്ചിത്രത്തിന്റെ പേരായി സ്വീകരിച്ചു. 1342ല്‍ പടര്‍ന്നുപിടിച്ച പ്ലേഗ്, മനുഷ്യചരിത്രം രേഖപ്പെടുത്തിയ രണ്ടാമത്തെ മഹാമാരിയായിരുന്നു. കറുത്ത മരണത്തിന്റെ കാലഘട്ടത്തില്‍ യൂറോപ്പില്‍ 200 മില്യന്‍ ജനങ്ങള്‍ മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. ബെര്‍ഗ്‌മാന്‍ തന്റെ ചലച്ചിത്രത്തിന് പശ്ചാത്തലമാക്കുന്നത് ഈ മധ്യകാലഘട്ടത്തിലെ സ്വീഡന്‍ ആണ്. മരണവുമായുള്ള ചതുരംഗം എന്ന ആശയം 15-ാം നൂറ്റാണ്ടിലെ ആല്‍ബട്രോസ് പിക്റ്റര്‍ എന്ന ചിത്രകാരന്‍ വരച്ച സ്റ്റോക് ഹോമിലെ കത്തോലിക്കാ പള്ളിയില്‍ നിന്നും കണ്ടെടുത്ത പെയിന്റിംഗിനെ ആസ്പദമാക്കിയാണ്. രോഗങ്ങളും യുദ്ധങ്ങളുമാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ ശത്രുക്കള്‍ എന്ന് സമര്‍ത്ഥിക്കുകയാണ് ഈ ചലച്ചിത്രത്തിലൂടെ ബര്‍ഗ്‌മാന്‍ ചെയ്തത്. അതിനായി തന്നെയാണ് യൂറോപ്പിലെ മധ്യകാലഘട്ടം ചലച്ചിത്രത്തിന് പശ്ചാത്തലമായി സ്വീകരിച്ചതും. എ ഡി 1096 മുതല്‍ 1492 വരെ നീണ്ടുനിന്ന നാലു നൂറ്റാണ്ടുകളിലാണ് കുരിശുയുദ്ധങ്ങള്‍ നടന്നത്. ഈ നീണ്ട കാലയളവിനുള്ളില്‍ തന്നെയാണ് യൂറോപ്പിലെ പകുതി ജനതയെ കൊന്നൊടുക്കിയ പ്ലേഗ് പടര്‍ന്നുപിടിക്കുന്നതും.

ഒരു തരത്തില്‍ കുരിശുയുദ്ധങ്ങളുടെ ഒരു ഉപോല്പന്നമായിരുന്നു പ്ലേഗ്. മധ്യ ഏഷ്യയില്‍ എലികളില്‍ നിന്നും പടര്‍ന്നുപിടിച്ച പ്ലേഗ് ക്രിമിയയില്‍ ഉപരോധം തീര്‍ത്ത മംഗോളിയന്‍ പടയാളികളിലൂടെ പകര്‍ന്ന് കരിങ്കടലിനക്കരെ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനേപ്പിള്‍ (ഇസ്താബൂള്‍)ലേക്കും അവിടെ നിന്ന് എ ഡി 1347 ഓടെ ഇറ്റലിയിലും എത്തിച്ചേര്‍ന്നു. ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ഇംഗ്ലണ്ട് ഇവിടങ്ങളിലെല്ലാം പടര്‍ന്ന് പിന്നീട് സ്കാന്റിനേവിയന്‍ രാജ്യങ്ങളിലേക്കു വടക്കുപടിഞ്ഞാറന്‍ റഷ്യയിലേക്കും. എന്നാല്‍ മറ്റു പ്രദേശങ്ങളുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടന്ന ബെല്‍ജിയം, ആല്‍പ്സ് പര്‍വതനിരകളിലെ ഗ്രാമങ്ങള്‍, നെതര്‍ലാന്റ്സ് തുടങ്ങിയ പ്രദേശങ്ങളില്‍ രോഗം വ്യാപിച്ചില്ല. ജീവിതത്തെയും മരണത്തെയും മതാത്മകതയെയും ദെെവത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തമായ സന്ദര്‍ഭമായാണ് കുരിശുയുദ്ധകാലത്തെ നിസ്സഹായമായ മധ്യകാല യൂറോപ്പിനെ ബെര്‍ഗ്‌മാന്‍ തെരഞ്ഞെടുത്തത്. കുരിശുയുദ്ധത്തില്‍ പങ്കെടുത്തശേഷം തന്റെ കോട്ടയിലേക്ക് മടങ്ങുന്ന അന്റോണിയസ് ബ്ലോക്ക് എന്ന ഇടപ്രഭു വഴിയില്‍ നേരിടേണ്ടിവരുന്ന പ്ലേഗിന്റെ സംഹാരതാണ്ഡവം. യുദ്ധവും രോഗവും ഗ്രസിച്ച യൂറോപ്പ്. ഇതുതന്നെയായിരുന്നു ഒന്നാം ലോകമഹായുദ്ധകാലത്തെ യൂറോപ്പിന്റെയും അവസ്ഥ.

1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ളൂ കുഞ്ഞുങ്ങളെയും വൃദ്ധരെയും കൊന്നൊടുക്കി. ജോണ്‍ ഓക്സ്ഫോര്‍ഡ് എന്ന വെെറോളജിസ്റ്റിന്റെ പില്‍ക്കാല പഠനങ്ങളില്‍ 1916ല്‍ തന്നെ ഫ്രാന്‍സില്‍ താവളമടിച്ചിരുന്ന ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളില്‍ ഈ പുതിയ രോഗം പടര്‍ന്ന് പിടിച്ചിരുന്നു എന്നാണ്. പക്ഷെ യുദ്ധം കൊടുമ്പിരികൊണ്ട നാളുകളില്‍ വിഷവാതകം ശ്വസിച്ച് അവശരായവരെയും, മുറിവേറ്റവരേയുമൊക്കെ ചികിത്സിക്കുന്നതിനിടയില്‍ ഈ പുതിയ രോഗം ശ്രദ്ധിക്കപ്പെടാതെ പോയി. 1918 ആവുമ്പോഴേക്ക് ലോകം മുഴുവന്‍ രോഗം പടര്‍ന്നു. അപ്പോള്‍ മാത്രമാണ് ഇത് ഒരു പുതിയ മഹാമാരിയാണെന്ന് തിരിച്ചറിയുന്നത്. ഈ മഹാമാരിക്കാലത്ത് 1918 ജൂലെെ 14നാണ് സ്വീഡനില്‍ ബര്‍ഗ്‌മാന്‍ പിറന്നുവീഴുന്നത്. അന്റോണിയസ് ബ്ലോക്ക് എന്ന ഇടപ്രഭുവും സഹചരന്‍ ജോണ്‍സും നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാണുന്നത് പ്ലേഗില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളാണ്. മരണത്തെ ചതുരംഗത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിക്കുകയാണ് ബ്ലോക്ക്. മരണത്തെ ചതുരംഗത്തിലൂടെ കീഴ്‌പെടുത്താന്‍ അല്ലെങ്കില്‍ സ്വന്തം മരണം നീട്ടിവയ്ക്കാന്‍. മരണവുമായുള്ള ചതുരംഗത്തോടൊപ്പം തന്നെ യാത്രയും തുടരുന്നു. വഴിയില്‍ ഒരു നാടകസംഘത്തെയും അതിലെ ജെഫ്-മിയ ദമ്പതികളെയും മെെക്കല്‍ എന്ന അവരുടെ കൊച്ചു കുഞ്ഞിനെയും സാമര്‍ത്ഥ്യക്കാരനായ മാനേജര്‍ സ്കാറ്റിനേയും അവര്‍ കാണുന്നു.

ഒരു പള്ളിയിലെത്തിയ ബ്ലോക്ക് പാതിരിയോട് ‘ജീവിതത്തില്‍ അര്‍ത്ഥവത്തായ ഒരു കാര്യമെങ്കിലും ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു. കുമ്പസാരത്തിനിടയില്‍ മരണത്തെ തോല്‍പ്പിക്കാന്‍ ചതുരംഗത്തിലെ അടുത്ത നീക്കമെന്താണെന്ന് ബ്ലോക്ക് വെളിപ്പെടുത്തുന്നു. എന്നാല്‍ പാതിരി വേഷമിട്ട മരണത്തോടു തന്നെയാണ് താന്‍ കുമ്പസരിച്ചത് എന്ന് ബ്ലോക്ക് തിരിച്ചറിയുന്നു. പത്ത് വര്‍ഷം മുമ്പ് കുരിശുയുദ്ധത്തിന് പോവാന്‍ ബ്ലോക്കിനെ പ്രേരിപ്പിച്ച സെമിനാരി വിദ്യാര്‍ത്ഥി റാവലിനെയും വഴിയില്‍ കണ്ടുമുട്ടുന്നു. റാവല്‍ ഇന്നൊരു തെമ്മാടിയും കള്ളനുമാണ്. മൂകയായ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ച റാവലിനെ ജോണ്‍സ് നേരിട്ട് പെണ്‍കുട്ടിയെ രക്ഷിക്കുന്നു. മരണവുമായുള്ള ചതുരംഗവും യാത്രയും തുടരുന്നു. ആസന്നമായ തോല്‍വിക്ക് തൊട്ടുമുമ്പ് ബ്ലോക്ക് ചതുരംഗകളം തട്ടിമറിക്കുന്നു. മരണം തികച്ചും ശാന്തനായി കരുക്കളെല്ലാം പഴയ സ്ഥാനങ്ങളില്‍ വയ്ക്കുന്നു. ‘ആരും എന്നില്‍ നിന്നും രക്ഷപ്പെടുന്നില്ല’ എന്ന് പറഞ്ഞുകൊണ്ട് അടുത്ത നീക്കത്തില്‍ പ്രഭുവിനെ പരാജയപ്പെടുത്തുന്നു. അടുത്ത കൂടിക്കാഴ്ച അവസാനത്തേതായിരിക്കുമെന്ന് പ്രഖ്യാപിച്ച് യാത്ര തുടരാന്‍ മരണം അനുവദിക്കുന്നു. കോട്ടയില്‍ തിരിച്ചെത്തിയ പ്രഭുവിന്റെ അത്താഴത്തിനിടയിലേക്ക് മരണം കയറിവരുന്നു. ഭ്രാന്തമായ ഒരു മരണവൃത്തത്തില്‍ പ്രഭുവും പരിവാരങ്ങളും മലഞ്ചെരിവിലൂടെ മരണത്തെ അനുയാത്ര ചെയ്യുന്നു.

മരണവുമായുള്ള ചതുരംഗത്തിനിടയില്‍ ജെഫ്-മിയ ദമ്പതിമാരെയും കുഞ്ഞിനേയും മരണത്തിന്റെ ശ്രദ്ധ തിരിച്ചുവി‍ട്ട് ബ്ലോക്ക് രക്ഷപ്പെടാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ മരണത്തില്‍ ‘താങ്കള്‍ക്ക് ചെയ്തുതീര്‍ക്കാനുള്ള അര്‍ത്ഥവത്തായ കാര്യം ചെയ്തോ’ എന്ന അവസാന ചോദ്യത്തിന് ചെയ്തു എന്ന് മറുപടി നല്കാന്‍ ബ്ലോക്കിനു കഴിയുന്നു. മതാത്മകതയും മതബിംബങ്ങളും ധാരാളമായി ഉപയോഗിച്ചുകൊണ്ടാണ് ബെര്‍ഗ്‌മാന്‍ ഏഴാംമുദ്ര രൂപപ്പെടുത്തിയത്. മരണത്തോടുള്ള സംഭാഷണങ്ങളിലൊരിടത്ത് ബ്ലോക്ക് പറയുന്നത് ‘എനിക്കാവശ്യം അറിവാണ്, വിജ്ഞാനമാണ്. തോന്നലുകളല്ല ശരിയായ അറിവ്’ എന്നാണ്. അറിവിനാലുള്ള യാത്ര യുദ്ധഭൂമിയില്‍ നിഷ്‌ഫലമായി അവസാനിച്ച് ഒടുവില്‍ മരണത്തോട് മുഖാമുഖം പോരാടിക്കൊണ്ടിരിക്കുമ്പോള്‍ കൊന്നൊടുക്കുന്ന ലാഘവത്തോടെ ജീവന്‍ രക്ഷിക്കാനാവില്ല എന്നത് ജെഫ്-മിയ ദമ്പതിമാരെ രക്ഷിക്കുന്നതിലൂടെ ബ്ലോക്ക് തിരിച്ചറിയുകയാണ്. മഹാമാരികള്‍ അവസരം പാര്‍ത്ത് കാത്തിരിക്കുന്നുവെന്ന് അനുഭവത്തിലൂടെ അറിഞ്ഞിട്ടും മനുഷ്യന്‍ നിഷ്‌ഫലമായ യുദ്ധങ്ങളില്‍ അഭിരമിക്കുകയാണെന്ന സത്യം താന്‍ അനുഭവിച്ച രണ്ട് മഹായുദ്ധങ്ങളുടെ അനുഭവസാക്ഷ്യത്തിലൂടെ നേടിയ തിരിച്ചറിവാണ് ബര്‍ഗ്‌മാന്റെ ഈ ചലച്ചിത്രം. ഏഴാംമുദ്രയിലെ അന്‍ടോണിയസ് ബ്ലോക്ക് എന്ന ഇടപ്രഭു തെരുവു നാടകക്കാരനായ ജഫിന്റെ കുടുംബം സ്നേഹപൂര്‍വം നല്കിയ ഞാവല്‍ പഴങ്ങളും പാലും സ്വീകരിച്ചുകൊണ്ട് പറയുന്നത് ‘ഈ ഓര്‍മ ഞാനെന്റെ കെെക്കുമ്പിളില്‍ നിറഞ്ഞ ഒരു പാല്‍കുടം സൂക്ഷിക്കുന്നതുപോലെ അവസാനം വരെ സൂക്ഷിക്കും. എനിക്കിതുമതി’ എന്നാണ്.

മനുഷ്യര്‍ മനുഷ്യര്‍ക്കായി തടവറകള്‍ പണിയുന്ന വൃഥാവ്യായാമം തുടരുന്ന കാലത്തോളം ഈ വാക്കുകള്‍ പ്രസക്തമാണ്. അഭയാര്‍ത്ഥികള്‍ കണ്ണീരുവറ്റിയ കണ്ണുകളുമായി അടുത്ത അഭയസ്ഥാനം കണ്ടെത്താന്‍ ഉഴറുന്ന കാലം അവസാനിക്കുന്നതുവരെ ഈ വാക്കുകള്‍ പ്രസക്തമാണ്. വ്യര്‍ത്ഥമായ നിഴല്‍യുദ്ധങ്ങളില്‍ അഭിരമിക്കുന്നവര്‍ മരണവുമായുള്ള നേര്‍ക്കാഴ്ചയില്‍ എത്ര നിസഹായരാണെന്ന് ബര്‍ഗ്‌മാന്‍ നമ്മെ കാണിച്ചുതരുന്നു. ‘ഒരു അര്‍ത്ഥവത്തായ കാര്യംപോലും ചെയ്തില്ലല്ലോ’ എന്ന തിരിച്ചറിവ് ഇന്ന് ലോകം ഭരിക്കുന്ന, അണുവായുധ യുദ്ധങ്ങളില്‍ അഹങ്കരിക്കുന്ന ശക്തികള്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ക്യൂബയില്‍, കൊറിയയില്‍, വിയറ്റ്നാമില്‍, അഫ്ഗാനിസ്ഥാനില്‍, ഇറാക്കില്‍, സിറിയയില്‍, ലാറ്റിനമേരിക്കയില്‍ ഒരു അര്‍ത്ഥവത്തായ കാര്യവും ചെയ്തില്ലല്ലോ എന്ന തിരിച്ചറിവ്.

ENGLISH SUMMARY: janayugam col­umn about 7th seal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.