October 6, 2022 Thursday

കൊറോണയും സ്വാതന്ത്ര്യവും

രമേശ് ബാബു
മാറ്റൊലി
May 7, 2020 5:45 am

കൊറോണവൈറസ് വ്യാപനം മാനവകുലത്തില്‍ ആശങ്ക നിറയ്ക്കുകയും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ മറ്റ് ജന്തുജാലങ്ങള്‍ക്ക് ഇത് സ്വാതന്ത്ര്യ പ്രഖ്യാപനവേളയാണ്. തങ്ങള്‍ പ്രകൃതിക്ക് അതീതരാണെന്നും ഭൂമിയിലെ കേന്ദ്ര ബിന്ദുവാണെന്നുമുള്ള മിഥ്യാധാരണകളില്‍ അഹങ്കരിച്ചിരുന്ന മാനവസമൂഹം ഇന്ന് സ്വയം തടവിലാക്കപ്പെട്ടിരിക്കുകയാണ്. പ്രകൃതിയിലെ പ്രതികൂല അവസ്ഥകളെ ചെറുത്തുതോല്പിച്ചാണ് ഓരോ ജീവിയും അതിജീവനം തേടുന്നത്. പ്രകൃതിയില്‍ മനുഷ്യന്റെ ഇടപെടല്‍ ശക്തമായപ്പോഴാണ് ഇത്രകാലവും അടങ്ങിക്കഴിഞ്ഞ പല വൈറസുകളും തിരിച്ച് മനുഷ്യശരീരത്തില്‍ തന്നെ ആശ്രയം തേടുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. വൈറസുകള്‍ സ്വാതന്ത്ര്യത്തിന്റെ താണ്ഡവം ആരംഭിച്ചപ്പോള്‍ അത് മനുഷ്യരുടെ സ്വാതന്ത്ര്യമില്ലായ്മയായി മാറി.

സ്വാതന്ത്ര്യമില്ലായ്മയില്‍ മനുഷ്യന്‍ പിന്‍വലിഞ്ഞപ്പോള്‍ പതിറ്റാണ്ടുകളായി മനുഷ്യന്‍ ആധിപത്യം പുലര്‍ത്തുന്ന തങ്ങളുടെ ആവാസവ്യവസ്ഥയെ വന്യമൃഗങ്ങളും തരുലതാതികളും വീണ്ടെടുക്കുന്ന കാഴ്ചകളാണ് ഭൗമോപരിതലത്തില്‍ ദൃശ്യമാകുന്നത്. വനമേഖലകളില്‍ വന്യജീവികള്‍ ഭയലേശമന്യേ സ്വൈരവിഹാരം നടത്തുന്നു. കയ്യേറ്റ ഭൂമികളിലേക്കുള്ള അനധികൃത പാതകളില്‍ വീണ്ടും പുതുസസ്യങ്ങള്‍ നാമ്പണിഞ്ഞ് കാടുകള്‍ക്ക് ചന്തം കൂട്ടുന്നു. നദികള്‍ മാലിന്യ മുക്തമാകുന്നു. ആകാശം പരിശുദ്ധമായ ജീവവായുവിനെ തിരിച്ചുപിടിക്കുന്നു. ഭൂമിയിലെ മാലാഖമാരായ പക്ഷികള്‍ കളകളം പാടുന്നു, നൃത്തം ചെയ്യുന്നു… ഇതൊക്കെ കൊറോണക്കാലത്തെ മനുഷ്യന്റെ നിര്‍ബന്ധിത തടങ്കല്‍ ജീവിതം കൊണ്ട് പ്രകൃതി തിരിച്ചുപിടിച്ചതാണ്. പ്രകൃതിയില്‍ യുക്തിയാല്‍ അനുഗ്രഹിക്കപ്പെട്ട മനുഷ്യജാതിയുടെ സ്വാതന്ത്ര്യമില്ലായ്മ യുക്തി ഇല്ലാത്ത ജന്തുജാലങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപന വേളകളായി മാറിയിരിക്കുകയാണ്. ആകാശത്തിലെ പറവകള്‍ വിതയ്ക്കാറും കൊയ്യാറുമില്ല. കാരണം ജന്തുജാലങ്ങളുടെ ജീവിതക്രമം പ്രകൃതിയുടെ താളങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു. ലഭ്യമായ സ്വാതന്ത്ര്യം അവ അനുഭവിക്കുന്നു, പിന്നെ തിരോഭവിക്കുന്നു.

മനുഷ്യജീവിതം അങ്ങനെയല്ല.സ്വാതന്ത്ര്യമെന്ന അമൂര്‍ത്ത സങ്കല്പത്തെപ്പോലും മനുഷ്യൻ നിലനില്പിന് മൂലധനമാക്കും. ഏത് മഹാമാരി വന്നാലും കെടുതികള്‍ വന്നാലും മനുഷ്യബുദ്ധി നാളെയിലേക്ക് കണ്ണെറിഞ്ഞുകൊണ്ടിരിക്കും. കൊറോണയെ ഉപരോധിക്കുന്നതിനായി ഓരോ രാഷ്ട്രത്തിലെയും ഭരണകൂടം നടപ്പിലാക്കുന്ന പല തരത്തിലുള്ള സ്വാതന്ത്ര്യ വിലക്കുകളുടെ അടിയൊഴുക്കില്‍ പ്രതിധ്വനിക്കുന്നത് ഭരണകര്‍ത്താക്കളുടെ ഒരു മുഴം മുന്നേകൂട്ടി എറിയലിന്റെ ഗൂഢശബ്ദമാണ്. മഹാമാരിയുടെ വ്യാപനം ചെറുക്കാന്‍ കൈക്കൊള്ളണമെന്നാവശ്യപ്പെടുന്ന പ്രധാന മുൻകരുതലുകളിൽ ചിലത് സാമൂഹിക അകലം പാലിക്കണമെന്നും ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും കൂട്ടംകൂടരുതെന്നും ഒക്കെയാണ്. ഇത്തരം നിബന്ധനകള്‍ ഭരണകൂടങ്ങള്‍ ലോക്ഡൗണിലൂടെ നിയമാനുസൃതവുമാക്കിയിട്ടുണ്ട്.

സാമൂഹിക അവബോധത്തോടെ ഭരണകൂടം ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് രോഗപ്പകര്‍ച്ച തടയാനെന്ന ധാരണയോടെ ജനങ്ങള്‍ ഉള്‍ക്കൊള്ളും. എന്നാൽ ചില രാഷ്ട്രങ്ങളിലെ ഭരണകർത്താക്കൾ ഈ അവസ്ഥയെയും ഗൂഢതാല്പര്യങ്ങൾക്ക് വിനിയോഗിക്കുകയാണ്. നവലിബറല്‍ സാമൂഹിക വ്യവസ്ഥ നിലനില്‍ക്കുന്ന അമേരിക്കയുടെ മുതലാളിത്ത സംസ്കൃതി ലോക്ഡൗണ്‍ അത്രകണ്ട് ആചരിക്കാന്‍ തയ്യാറാവുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള, അനുദിനം രോഗം പടരുന്ന, ആയിരങ്ങൾ‍ മരിച്ചുവീഴുന്ന ഒരു രാഷ്ട്രത്തിന് അതൊന്നും പ്രശ്നമല്ല. പൊതുജനാരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ഭരണകൂടത്തിന് ചായ്‌വ് സ്വകാര്യ സംരംഭകരോടാണ്. കയ്യില്‍ കാശുള്ളവന് മാത്രം ചികിത്സ ലഭ്യമായ ഒരു നാട്ടില്‍ കാശില്ലാത്തവര്‍ മരിച്ചുവീണാല്‍ അര്‍ഹതയില്ലാത്തവര്‍ അതിജീവിക്കില്ലായെന്ന് മാത്രമേ കണക്കാക്കപ്പെടുന്നുള്ളു. തൊഴില്‍മേഖല സ്വകാര്യ കുത്തകകളുടെ കൈകളിലുള്ള അമേരിക്കയില്‍ ലോക്ഡൗണ്‍ ഭൂരിപക്ഷത്തിന്റെയും ജോലി ഇല്ലാതാക്കി. അവര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ലോക്ഡൗണ്‍ മാറ്റണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. കുത്തകകള്‍ക്ക് വേണ്ടി സ്വയം ബലിയാടാകുന്ന മനുഷ്യരുടെ നിസ്സഹായചിത്രമാണ് അവിടുത്തെ ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍. മുതലാളിത്ത ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ സ്ഥിതിയല്ല മറ്റ് സമഗ്രാധിപത്യ രാഷ്ട്രങ്ങളില്‍ കൊറോണക്കാലത്ത് നിലനില്‍ക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും സാമൂഹികശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.

വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വിലകല്പിക്കാത്ത സമഗ്രാധിപത്യ രാഷ്ട്രങ്ങള്‍ കൊറോണക്കാലത്ത് നിരീക്ഷണങ്ങളും ക്വാറന്റൈന്റെ പിരീഡും വ്യക്തികളുടെ റൂട്ട്മാപ്പും ഒക്കെ തയ്യാറാക്കി നടപ്പാക്കുമ്പോള്‍ ഭരണകൂടത്തിന്റെ മുന്നില്‍ വ്യക്തി എല്ലാ സ്വകാര്യതകളും നഷ്ടപ്പെട്ട് നഗ്നനാകുകയാണ്. രാജ്യത്തിന്റെ വ്യവസ്ഥയോട്, നിരീക്ഷണ സമ്പ്രദായങ്ങളോട് പൗരൻ വിധേയപ്പെടുകയാണ്. രോഗപ്രതിരോധത്തിന്റെ മറവില്‍ തിട്ടൂരങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാകുകയാണ്. ചൈനയില്‍ രോഗവ്യാപനം ദ്രുതഗതിയില്‍ ചെറുക്കാനായത് അതൊരു സമഗ്രാധിപത്യ രാഷ്ട്രമായതുകൊണ്ടാണെന്നും ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് ഇത്തരം ഉപരോധം സാധ്യമല്ലെന്നുള്ള പ്രചരണങ്ങളും ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവരും സ്വേച്ഛാധിപത്യം നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവരും കൊറോണക്കാലത്തെ നന്നായി വിനിയോഗിക്കുന്നുണ്ടെന്ന കാര്യം സമകാലിക ലോകഗതി തന്നെ തെളിയിക്കുന്നുണ്ട്. രോഗത്തിന്റെ പേരില്‍ നടക്കുന്ന പൗരനിരീക്ഷണം ഇത്തരം നിഗൂഢ അജണ്ടകളുടെ നിര്‍വ്വഹണം എളുപ്പമുള്ളതാക്കി തീര്‍ക്കും. ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടം കോവിഡ് 19 രോഗബാധിതരെ നിരീക്ഷിക്കാന്‍ ജിപിഎസ് ട്രാക്കിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളാണ് പ്രയോജനപ്പെടുത്തുന്നത്.

ഭീകരവാദികളെയും തീവ്രവാദികളെയും പിന്‍തുടരാനുപയോഗിക്കുന്ന സംവിധാനങ്ങള്‍ രോഗികള്‍ക്ക് മേല്‍ ഉപയോഗിക്കുമ്പോള്‍ അത് ഒട്ടേറെ സാധ്യതകളാണ് പ്രയോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു രോഗിയെ കണ്ടെത്തിയാല്‍ സമ്പര്‍ക്ക പരിധിയില്‍ വന്നവരെല്ലാം നിരീക്ഷണ വലയത്തിലാകും. ഇവരൊക്കെയും രോഗനിര്‍ണ്ണയത്തിന്റെ പേരില്‍ നിരീക്ഷണത്തിലാകുകയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഗൂഢലക്ഷ്യങ്ങളുള്ള ഭരണകൂടത്തിന് കാര്യങ്ങള്‍ എളുപ്പമുള്ളതായി മാറും. രോഗത്തെ മറയാക്കി ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ ഇസ്രയേലില്‍‍ മാത്രമല്ല തുര്‍ക്കിയിലും ഫിലിപ്പൈന്‍സിലും തായ്‌ലന്‍ഡിലും കമ്പോഡിയയിലും ജോര്‍ദാനിലും സമാനമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് അവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വ്യക്തികളുടെ സ്വകാര്യ ഡാറ്റകള്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ വലിയ വില്പനചരക്കാണ്. സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പുതന്നെ ഡാറ്റ വിനിമയത്തിലൂടെയാണ്. ഇനി ഇന്ത്യയിലേക്ക് വരുമ്പോള്‍ രാജ്യത്തെ ഫെ‍ഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ നടപ്പിലാക്കിയ ജിഎസ്‌ടി, നോട്ടുനിരോധനം എന്നിവ സമ്പദ് രംഗത്തെയാകെ തകിടം മറിച്ച വേളയിലാണ് പൗരത്വ ബില്ലിന്റെ പേരില്‍ ന്യൂനപക്ഷങ്ങളുടെ രാജ്യമാകമാനം പടര്‍ന്ന സമര പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്. തുടര്‍ന്നെത്തിയ കോവിഡ് 19 നിയന്ത്രണങ്ങള്‍ സമരക്കാരെയൊക്കെ ബലപ്രയോഗമില്ലാതെ വീടുകളിലേക്ക് മടങ്ങാന്‍ വഴിവച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും രാഷ്ട്രീയ അഭിപ്രായവ്യത്യാസമില്ലാതെ സംസ്ഥാനങ്ങള്‍ നടപ്പിലാക്കി. സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ച സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള ഭരണാധികാരികള്‍ നടപ്പാക്കിയ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ തുടര്‍ച്ച നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വികസിത രാജ്യങ്ങളെപോലും അതിശയിപ്പിക്കുകയാണ്. എന്നാല്‍ കൊറോണ രോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ജനാധിപത്യത്തിലെ മൗലികാവകാശങ്ങളിലൊന്നായ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നടപടിയായി. വുഹാനില്‍ കൊറോണ വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ ചൈന തടവിലാക്കിയതും ഈജിപ്റ്റിലെ കൊറോണ വ്യാപന നിരക്കില്‍ സംശയം പ്രകടിപ്പിച്ച ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതും സമാനമാണ്. രോഗത്തിന്റെ പേരില്‍ ചില ഭരണകൂടങ്ങള്‍ ജനാരോഗ്യം മുൻനിർത്തി പ്രതിരോധ നടപടികൾ കൈക്കൊള്ളുമ്പോള്‍ തന്നെ ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും ദൃഷ്ടികള്‍ പായിക്കുന്നുണ്ടെന്നാണ് അനുദിന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

മാറ്റൊലി

പാട്ടകൊട്ടലും തിരിതെളിക്കലും റിംഗ് മാസ്റ്റർമാരുടെ ടെസ്റ്റ് ഡോസ് ആകാതിരിക്കട്ടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.