കെ പ്രകാശ്ബാബു

ജാലകം

June 07, 2020, 5:30 am

ജോർജ് ഫ്ളോയ്ഡ് വർണവിവേചനത്തിന്റെ ഇര

Janayugom Online

”ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കിൽ ദയവായി മിണ്ടാതിരിക്കണം.” ഇത് ഹൂസ്റ്റണിലെ പൊലീസ് മേധാവി അസിവേദോ, അമേരിക്കൻ പ്രസിഡന്റിനോട് നടത്തിയ ഒരഭ്യർത്ഥനയാണ്. അമേരിക്കയിൽ നടക്കുന്ന കലാപത്തെ അടിച്ചമർത്താൻ സൈന്യത്തെ വിളിപ്പിക്കുമെന്നും വർണവെറിയന്മാർക്കെതിരെ പ്രക്ഷോഭം നയിക്കുന്ന സാധാരണ ജനങ്ങളെ ”ആഭ്യന്തര ഭീകരവാദികൾ” എന്നും വിളിച്ച് പരിഹസിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടാണ് ഒരു പൊലീസ് മേധാവിക്ക് ഇങ്ങനെ പറയേണ്ടിവന്നത്.

കഴുത്തിൽ കാൽമുട്ട് ഊന്നി ഒരു പൊലീസുകാരൻ ശ്വാസംമുട്ടിച്ച് കൊന്ന ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രോഅമേരിക്കൻ വംശജനായ 46 കാരന്റെ ക്രൂരമായ അന്ത്യത്തിൽ പ്രതിഷേധിച്ച് അമേരിക്കയിലുടനീളം പ്രതിഷേധ ജ്വാലകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. മേയ് 25 നാണ് മിനീയാപോളീസിൽ തൊഴിലന്വേഷകനായ ഫ്ലോയ്ഡിനെ കൈ രണ്ടും പുറകിൽ കെട്ടി കാറിന്റെ പുറകിൽ നിലത്തിട്ട് നാല് പൊലീസുകാർ ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ചത്. അതിൽ വെള്ളക്കാരനായ ഡെറിക് മൈക്കിൾ ചൗവിൻ എന്ന പൊലീസുകാരൻ തറയിൽ കിടത്തിയ ഫ്ലോയ്ഡിന്റെ കഴുത്തിൽ തന്റെ കാൽമുട്ട് അമർത്തിവച്ചു കൊണ്ടാണ് ജോർജ് ഫ്ലോയ്ഡിനെ യമപുരിക്കയച്ചത്. ”എന്നെ കൊല്ലരുതേ, പ്ലീസ്,” എന്നും ”എനിക്ക് ശ്വാസം മുട്ടുന്നു” എന്നും ആ കറുത്ത മനുഷ്യൻ പൊലീസിനോട് യാചിക്കുന്നുണ്ടായിരുന്നു.

പക്ഷെ ക്രൂരന്മാരായ ആ അമേരിക്കൻ പൊലീസുകാർ അവനെ വിട്ടില്ല. മരണം ഉറപ്പാക്കുന്നതിനായി അവർ കാത്തു നിന്നു. കള്ള ഡോളർ നോട്ട് കൈവശം വച്ചിരുന്നു എന്ന കുറ്റം ആരോപിച്ചാണ് ജോർജ് ഫ്ലോയ്ഡ് എന്ന യുവാവിനെ അവർ 8 മിനിട്ട് 46 സെക്കന്റ് കൊണ്ട് കഴുത്ത് കാൽമുട്ടു കൊണ്ട് ഞെരിച്ചു കൊന്നത്. ഫ്ലോയ്ഡിന്റെ കൊലപാതകത്തിനു ശേഷം അമേരിക്ക അക്ഷരാർത്ഥത്തിൽ കത്തുകയാണ്. പ്രതിഷേധക്കാർ ഉയർത്തി‌പ്പിടിച്ചിരിക്കുന്ന പ്ലക്കാർഡുകളിലെല്ലാം ഫ്ലോയ്ഡിന്റെ അവസാന വാക്കുകളായ ”എനിക്കു ശ്വാസം മുട്ടുന്നു” (ഐ കാന്റ് ബ്രീത്ത്) എന്ന് എഴുതിയിട്ടുണ്ട്. വർണ്ണവെറിയന്മാരായ അമേരിക്കൻ പൊലീസുകാർ കറുത്ത വർഗക്കാരോട് അനുവർത്തിക്കുന്ന നയത്തിന്റെ തുടർച്ചയാണ് ഈ കൊലപാതകവും. ഫ്ലോയ്ഡിനെ കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന പൊലീസ് ഭീകരതയ്ക്കെതിരെ ജനരോഷം അവിടെ ശക്തമാണ്. ഗത്യന്തരമില്ലാതെ അയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നരഹത്യക്ക് (ഹോമിസൈഡ്) കേസെടുത്തു.

അതിലും ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. അയാളുടെ പേരിൽ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിനു തന്നെ കേസെടുക്കണമെന്നാണ് പതിനായിരക്കണക്കിനു ജനങ്ങൾ ആവശ്യപ്പെടുന്നത്. പൊലീസുകാരും ജനങ്ങളും തമ്മിൽ മിക്ക നഗരങ്ങളിലും തുടർച്ചയായി എറ്റുമുട്ടുന്നുണ്ട്. അമേരിക്കയിലെ നാല്പതു നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കരുതിക്കൂട്ടിയുള്ള കൊലപാതകവും കൂടി ചേർത്ത് കുറ്റപത്രം ഭേദഗതി ചെയ്തതായി പുതിയ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഫ്ലോയ്ഡിനെ കൊന്ന പൊലീസുകാരൻ ഡെറിക് മൈക്കേൽ ചൗവിന്റെ ഭാര്യ ഇതിനിടയിൽ ഈ കൊടും ക്രൂരനായ ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും വാർത്ത വന്നു. തന്റെ പേരിനോടൊപ്പം ഇട്ടിട്ടുള്ള ഭർത്താവിന്റെ പേര് തന്നെ അപമാനിതയാക്കുന്നു എന്നാണവർ പറയുന്നത്. അതിൽ നിന്നും അമേരിക്കയിലെ ജനരോഷത്തിന്റെ അളവ് നമുക്ക് മനസ്സിലാക്കാൻ കഴിയും.

ഒരു കാലഘട്ടത്തിൽ അമേരിക്കയിൽ കുടിയേറിയ വെള്ളക്കാരും നീഗ്രോ വംശജരും തമ്മിൽ വർണ വ്യത്യാസത്തിന്റെ പേ­രിലുള്ള കലാപത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കറുത്ത വർഗത്തിന്റെ ശബ്ദം അമേരിക്കൻ ഐ­ക്യനാടുകളിൽ പലപ്പോഴും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. 1960 കളിൽ അമേരിക്കയെ ഇളക്കി മറിച്ച മാർട്ടിന് ലൂഥർ കിംഗിന്റെ ജനകീയ പ്രക്ഷോഭം അവിസ്മരണീയമായിരുന്നു. ”എനിക്ക് ഒരു സ്വപ്നമുണ്ട്: ” എന്ന കിംഗിന്റെ പ്രഭാഷണം ലക്ഷങ്ങളെയാണ് സ്വാധീനിച്ചത്. വർ­ണ വിവേചനം അവ­സാനിപ്പിച്ച ഒരു അമേരിക്കയെ സ്വപ്നം കണ്ടു മാർട്ടിൻ ലൂഥർ കിംഗ്. ”അമേരിക്കയിലെ വെള്ളക്കാരും കറുത്തവരും കൈകോർത്തു നടക്കുന്നതിനെക്കുറിച്ച്” സ്വപ്നം കണ്ട അദ്ദേഹത്തെ 1968 ഏപ്രിലിലാണ് ഒരു ഹോട്ടലിൽ വച്ച് വെടിവച്ചു കൊന്നത്. മെംഫിസിലെ ജൂറി മാർട്ടിൻ ലൂഥർ കിംഗിനെ കൊലപ്പെടുത്തിയതിൽ ഒരു വലിയ ഗൂഢാലോചനയുണ്ടായിരുന്നു എന്നും അതിൽ യുഎസ് ഗവൺമെന്റിന്റെ പങ്ക് നിഷേധിക്കാതെയുമായിരുന്നു വിധി പറഞ്ഞത്.

പക്ഷെ അമേരിക്കൻ കോടതി അപ്പീലിൽ കുറ്റമെല്ലാം പ്രൊഫഷണൽ വാടക കൊലയാളികളിൽ മാത്രമായി കണ്ടെത്തി ഗൂഢാലോചന തള്ളിക്കളയുകയായിരുന്നു. അമേരിക്കൻ ഭരണകൂടം ബാരക് ഒബാമയെപ്പോലൊരു ആഫ്രോ അമേരിക്കൻ വംശജൻ പ്രസിഡന്റ് പദവിയിലിരുന്നു നയിച്ചിട്ടും അടിസ്ഥാനപരമായി വർണ വിവേചനം നിലനിൽക്കുന്ന ഒരു രാജ്യമായി ഇന്നും തുടരുന്നു. അമേരിക്കയിലെ കറുത്ത വർഗക്കാരുടെ മിശിഹയായ മാർട്ടിൻ ലൂഥർ കിംഗിന്റെ രക്തസാക്ഷിത്വം കഴിഞ്ഞ് 52 വർഷമായിട്ടും ഫ്ലോയ്ഡ് എന്ന മറ്റൊരു കറുത്ത വർഗക്കാരൻ ഒരു വെള്ളക്കാരനായ അമേരിക്കൻ പൊലീസിനാൽ അതിക്രൂരമായ രീതിയിൽ തെരുവിൽ വച്ച് കൊലചെയ്യപ്പെട്ടത് ലോക മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഫ്ലോയ്ഡ് ഒരു കോവിഡ് 19 രോഗിയായിരുന്നു എന്നുകൂടി ഇപ്പോൾ വെളിവാക്കപ്പെട്ടിട്ടുണ്ട്. 2011 സെപ്തംബറിൽ ആരംഭിച്ച അമേരിക്കയിലെ വാൾസ്ട്രീറ്റ് സമരം ഒരു വലിയ ജനകീയ പ്രക്ഷോഭത്തിന്റെ പ്രതിഫലനമായിരുന്നു.

രാജ്യത്തിന്റെ 40 ശതമാനം സമ്പത്തും കയ്യടക്കിവച്ചിരിക്കുന്ന ഒരു ശതമാനത്തിനെതിരെയായിരുന്നു അന്നത്തെ വാൾസ്ട്രീറ്റ് സമരം. വീ ആർ 99 പെർസെന്റ് (ഞങ്ങൾ 99 ശതമാനം) എന്നെഴുതിയ പ്ലക്കാർഡുകളുമായി വാൾസ്ട്രീറ്റ് കയ്യടക്കിയ പ്രക്ഷോ­ഭകർ ന്യൂയോർക്ക് സിറ്റിയിലെ സുക്കോട്ടി പാർക്കിൽ നിന്നുമാണ് സമരത്തിന് തുടക്കം കുറിച്ചത്. ഒന്നാംഘട്ടത്തിൽ 700 പ്രക്ഷോഭകരെയാണ് അറസ്റ്റ് ചെയ്തതെങ്കിൽ അത് ക്രമേണ വർധിച്ച് 2012 മേയിൽ 50,000 മുതൽ 1 ലക്ഷം പ്രക്ഷോഭകർ വരെ അണിനിരന്നപ്പോൾ അമേരിക്കൻ ഭരണകൂടവും പൊലീസും പകച്ചുപോയി. കൃത്യമായി നേടിയെടുക്കാനുള്ള മുദ്രാവാക്യവും സുശക്തമായ സംഘടനാ പിൻബലവുമില്ലാതെയാണ് ആ സമരം അവസാനിച്ചത് എങ്കിൽ ഇവിടെ ഫ്ലോയ്ഡിന്റെ കൊലപാതകത്തിനുത്തരവാദിയായ പൊലീസുകാരെയെല്ലാവരെയും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നും കറുത്ത വർഗത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അനുദിനം പ്രക്ഷോഭം ശക്തമാകുന്നത്. കറുത്തവർ മാത്രമല്ല മാനുഷികമുഖമുള്ള വെളുത്തവരും രാഷ്ട്രീയ പ്രവർത്തകരായ ഡെമോക്രാറ്റുകളും ”എനിക്ക് ശ്വാസംമുട്ടുന്നു” എന്ന ജനകീയ സമരത്തിനോടൊപ്പമുണ്ട്.

പ്രക്ഷോഭകാരികളെ പൊലീസിനെക്കൊണ്ട് വീണ്ടും തല്ലിച്ചതയ്ക്കാനാണ് പ്രസിഡന്റ് ട്രംപ് സംസ്ഥാന ഗവർണർമാരോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗവർണർമാർ അത് ചെയ്യുന്നില്ലെങ്കിൽ താൻ സൈന്യത്തെ വിളിച്ച് ”ഫ്ലോയ്ഡനുകൂലികളെ” തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. പ്രക്ഷോഭകരെ ഭയന്ന് ബങ്കറിൽ ഒളിച്ച ട്രംപ് വെള്ളക്കാരുടെ സംരക്ഷകനായി ചമഞ്ഞ് നവംബറിൽ നടക്കാൻ പോകുന്ന അടുത്ത തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് ഉറപ്പിക്കാനുള്ള അവസരമാക്കി ഈ സംഭവത്തെയും മാറ്റുന്നതിനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന വംശീയ കലാപങ്ങളും ഇന്ത്യയിൽ നടക്കുന്ന വർഗീയ കലാപങ്ങളും ഭരണകൂട ഭീകരതകളുടെ സമാനമായ മുഖങ്ങളാണ്. ഇന്ത്യയിൽ ഈ ഭീകരതയുടെ മുഖം മറച്ചുവയ്ക്കാൻ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് കഴിയുന്നു. പക്ഷെ അമേരിക്കയിൽ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാൻ വർണവെറിയന്മാർക്ക് കഴിയില്ലായെന്നതാണ് ഒരു പ്രത്യേകത. ലോകത്തിന്റെ ഏതുഭാഗത്തും നടക്കുന്ന വർണത്തിന്റെയും വംശീയതയുടെയും ജാതിയുടെയും മതത്തിന്റേയും പേരിലുള്ള ഇത്തരം വിവേചനങ്ങളെ ചെറുത്തു തോൽപ്പിച്ചുകൊണ്ടല്ലാതെ മാനവരാശിക്ക് സമാധാനപരമായ മാർഗത്തിൽക്കൂടി പുരോഗതി കൈവരിക്കാൻ സാധ്യമല്ല.