വി പി ഉണ്ണികൃഷ്ണൻ

മറുവാക്ക്

June 26, 2020, 5:45 am

മലബാർ വിപ്ലവവും ആവിഷ്കാര അവകാശവും

Janayugom Online

വി പി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സിനിമയുടെ ചർച്ചകളുടെ കാലമാണ്. അവിടേയ്ക്ക് 1921 ലെ മലബാർ വിപ്ലവവും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു. സംഘ പരിവാര കുടുംബകം ഏത് നേരത്തും എന്തിലും വർഗീയ വിഷം കുത്തി വയ്ക്കുന്നതിൽ അതീവ സമർത്ഥരാണ്. അതേരീതിയിൽ ‘വാരിയൻ കുന്നൻ’ എന്ന ചലച്ചിത്രത്തിന്റെ പേരിലും വർഗീയ വിഷം ചീറ്റുകയാണ് സംഘ കുടുംബകം. മലബാർ കലഹത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച ചരിത്രകാരന്മാർ അബദ്ധ പഞ്ചാംഗത്തിന്റെ ശീർഷകമാണ് കുറിച്ചത്. അത് മാപ്പിളകളുടെ, അഥവാ ഒരു മതത്തിന്റെ പോരാട്ടം ആയിരുന്നില്ല. മറിച്ച് ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനും എതിരായി നടന്ന ഉജ്വല ചരിത്ര പോരാട്ടമാണ് അത്.

മാപ്പിള ലഹള അല്ല മലബാർ വിപ്ലവം ആണ് അത് എന്ന് ഇനിയും പഠിക്കാത്തവരാണ് വർഗീയ വാദികൾ. ആദ്യ സ്വാതന്ത്ര്യസമരത്തെ ശിപ്പായിലഹളയെന്ന് വിളിച്ച് അപഹസിക്കാനും ലഘൂകരിക്കാനും ബ്രിട്ടീഷ് അനുകൂല ചരിത്രകാരന്മാർ കാട്ടിയ വ്യഗ്രത ഇവിടെയോർക്കണം. അതിന് സമാനമായി ഏറനാട് പ്രദേശത്ത് നടന്ന ഒരു പ്രക്ഷോഭത്തെ മതത്തിന്റെ വളയത്തിനകത്തു നിർത്തി മാപ്പിള ലഹളയെന്ന് വിളിച്ച് സമൂഹത്തിനകത്ത് വിഭാഗീയത സൃഷ്ടിക്കാൻ ബ്രിട്ടീഷുകാർ നടത്തിയ ശ്രമം ഏറ്റുപിടിക്കുകയായിരുന്നു സംഘപരിവാറുകാർ. കേരളനാട് ദർശിച്ച ഒരു ഉജ്വല പ്രക്ഷോഭത്തെ വർഗീയവൽക്കരിക്കുമ്പോൾ ഈ ദുഷ്ട മാനസങ്ങളുടെ ഭീഭത്സതയാണ് വെളിവാക്കപ്പെടുന്നത്. ബിജെപിക്കാർ ചാനൽ ചർച്ചകളിൽ പറയുന്നതും ഹിന്ദു ഐക്യവേദി, നായകനടൻ പ്രിഥ്വിരാജിന് അഭിനയിക്കാൻ പാടില്ല എന്ന് കത്ത് നല്കുന്നതും ചരിത്രം വളച്ചൊടിക്കുന്നതിന്റെയും വർഗീയ ഫാസിസവൽക്കരണത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

വർഗീയ മതിലുകൾക്കുള്ളിൽ ആ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തെ തളച്ചിടുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നേതൃത്വം നൽകിയതുകൊണ്ട് മലബാർ വിപ്ലവം, മതസമരം ആവുമോ? നാട്ടിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് അധിനിവേശത്തെയും ജന്മിത്വ കൊള്ളരുതായ്മകളെയും ചോദ്യം ചെയ്തു തുടങ്ങിയതാണ് ആ പ്രക്ഷോഭത്തിലേയ്ക്ക് നയിക്കപ്പെട്ടത്. നേതാക്കളായി ബ്രിട്ടീഷുകാർ പറഞ്ഞുവച്ചതിൽ മുസ്‌ലിം പേരുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മതത്തിന്റെ വേലികൾക്കപ്പുറത്ത് മാധവൻ നായർ, നാരായണമേനോൻ എന്നിങ്ങനെ പേരുകളും മതേതരത്വത്തിന്റെ ചിഹ്നങ്ങളുമായി അക്കാലത്തു ജീവിച്ചവർ തന്നെ പിന്നീട് എഴുതിവച്ചിട്ടുണ്ട്. മലബാർ വിപ്ലവത്തെ മതത്തിന്റെ ചട്ടക്കൂടിനകത്തു നിർത്താൻ ശ്രമിക്കുന്ന ഇക്കൂട്ടർ അബ്ദുൾ ഖാദർ മൗലവിയെ ഓർമ്മിക്കുന്നില്ലേ. തൂക്കുമരത്തിലേക്ക് നടന്നു കയറുമ്പോഴും നിർഭയനായി മതനിരപേക്ഷതയെ കുറിച്ച് വാചാലനായ അബ്ദുൾ ഖാദർ ഒരിക്കലും മായാത്ത അടയാളപത്രമാണ്. വർഗീയ കലാപം അല്ല കൂട്ടരേ മലബാർ വിപ്ലവം. അത് ജാതീയതയ്ക്കും ജന്മിത്തത്തിനും ബ്രിട്ടീഷുകാർ തുടർന്ന സ്വേച്ഛാവാഴ്ചയ്ക്കും എതിരായ പോരാട്ടമായിരുന്നു.

ഹിറ്റ്ലറുടെ ഭീകരതകൾ അരങ്ങേറുന്നതിന് മുമ്പുതന്നെ അതിന് സമാനമായ സംഭവങ്ങൾ മലബാർ വിപ്ലവം ഓർമ്മിപ്പിക്കുന്നുണ്ട്. അതായിരുന്നു വാഗൺ ട്രാജഡി. കോൺസണ്‍ട്രേഷൻ ക്യാമ്പുകളിൽ നിന്ന് ചരിത്രത്തിലൂടെ പിന്നിലേയ്ക്ക് നടന്നാൽ അതിന് സമാനമായ വാഗൺ ട്രാജഡിയിലാണ് നാമെത്തിച്ചേരുക. അന്ന് ബ്രിട്ടീഷുകാർ, ഇന്ന് നവകാല മോഡി ഫാസിസ്റ്റുകൾ ആസ്വദിച്ചു ചരിത്രം വളച്ചൊടിക്കുന്നു. എന്നും ഫാസിസ്റ്റുകൾ കലയ്ക്കും സാഹിത്യത്തിനും എതിരായിരുന്നു. ചെറുപ്പത്തിലേ പിടികൂടുക എന്ന് ഹിറ്റ്ലർ പറഞ്ഞത് മറക്കാൻ കഴിയാത്ത കൂട്ടർ, ഹിറ്റ്ലർ ആയിരിക്കണം മാതൃക എന്ന് പഠിപ്പിച്ച ഗോൾവാൾക്കറുടെ അനുചരന്മാർ എത്രയെത്ര കലാകാരന്മാരെ വേട്ടയാടി. അടുത്ത കാലത്ത് അന്തരിച്ച വിഖ്യാത ചിത്രകാരൻ എംഎഫ് ഹുസൈൻ രാജ്യം വിട്ടോടേണ്ടി വന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അവർ തീ കൊളുത്തി. നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ്… എത്രയെത്ര പേർ ഗോഡ്സെയുടെ തോക്ക് സൂക്ഷിക്കുന്നവരാൽ അപഹരിക്കപ്പെട്ടു. എഴുതിയാൽ, പറഞ്ഞാൽ കൊല. നിശബ്ദതയാണ് ഫാസിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യവും ആവശ്യവും. ഇതാണ് ഇപ്പോൾ ‘വാരിയൻകുന്നി‘ന്റെ പേരിലും അരങ്ങേറുന്നത്.

കോട്ടപ്പുറത്തെ തൂക്കു മരത്തിന്റെ മുന്നിൽ നിർഭയം നിന്നു, കണ്ണ് കെട്ടരുത് എന്ന് പറഞ്ഞ ചരിത്രം എങ്കിലും ഇവരെ ആരെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ട ദുരന്ത കാലമാണിത്. വിജയ് നായകനായ മെർസൽ എന്ന ചലച്ചിത്രത്തിൽ ആരാധനാലയങ്ങൾ അല്ല ഇനി ആവശ്യം, ആതുരാലയങ്ങൾ ആണ് എന്ന് പറഞ്ഞതിന്റെ പേരിൽ തിയേറ്റർ കത്തിക്കുവാൻ ആഹ്വാനം ചെയ്യുകയും വിജയ് കേവലം വിജയ് അല്ല, ജോസഫ് വിജയ് ആണ് എന്ന് പ്രചരിപ്പിച്ചവർ പദ്മാവതി ചലച്ചിത്രത്തിന്റെ കാര്യത്തിലും വർഗീയ ഫണം ഉയർത്തിയാടി. നായിക ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുന്നതിനും നായകൻ രൺദീപ് കപൂറിന്റെ തല കൊയ്യുന്നതിനും വില നിശ്ചയിച്ചവരാണ് സംഘപരിവാർ ഫാസിസ്റ്റുകൾ. ‘മാനത്തു നക്ഷത്രങ്ങൾ നിരന്നു നിന്നൂ ചോദ്യം ചെയ്യുമ്പോൾ… ‘എന്ന കവിതാശകലം മാത്രമേ ഈ മുരത്ത വർഗീയ കോമരങ്ങളോട് പറയാനുള്ളൂ. ചരിത്രം അറിയുന്ന നക്ഷത്രങ്ങൾ ഇവിടെ ജ്വലിക്കുന്നുണ്ട്. ആ വെളിച്ചമാണ് വർഗീയ കോമരങ്ങൾ സൃഷ്ടിക്കുന്ന ഇരുട്ടിനെ ചെറുക്കുന്നത്. അതുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യം കശാപ്പുകാരുടെ കൈകളിൽ ഞെരിഞ്ഞമരാതിരിക്കാൻ നാം കണ്ണിമ ചിമ്മാതെ കാവലിരിക്കേണ്ട കാലമാണിത്.