March 31, 2023 Friday

കാലുമാറ്റ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി

കെ പ്രകാശ്ബാബു
ജാലകം
March 29, 2020 5:15 am

മണിപ്പൂർ സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രി ടി ശ്യാംകുമാർ മന്ത്രിയായി തുടരുന്നതും നിയമസഭയിൽ പ്രവേശിക്കുന്നതും സുപ്രീംകോടതി ഇക്കഴിഞ്ഞ മാർച്ച് 18 ന് താൽക്കാലികമായി നിരോധിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 സുപ്രീംകോടതിക്കു നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇത്തരത്തിൽ ഒരുത്തരവ് പുറപ്പെടുവിച്ചത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ടി ശ്യാംകുമാർ ഉൾപ്പെടെ 28 എംഎൽഎമാരാണ് 60 അംഗ മണിപ്പൂർ നിയമസഭയിൽ കോൺഗ്രസിനുണ്ടായിരുന്നത്. ബിജെപിക്കാകട്ടെ 21 എംഎൽഎമാരും. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ഗവൺമെന്റ് രൂപീകരിക്കാൻ ക്ഷണിക്കുന്നതിനു പകരം ഗോവയിലേതുപോലെ രണ്ടാമത്തെ കക്ഷിയായ ബിജെപിയെയാണ് അവിടെയും ഗവൺമെന്റുണ്ടാക്കാനായി ഗവർണർ ക്ഷണിച്ചത്.

ബിജെപി വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം തേടി കാലുമാറി കോൺഗ്രസ് പാളയംവിട്ട എംഎൽഎ ആണ് ശ്യാംകുമാർ. ബിജെപിയിലെത്തിയ ശ്യാംകുമാർ വനംവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായി. അന്നുമുതൽ കാലുമാറ്റ നിയമമനുസരിച്ച് അയോഗ്യത കൽപ്പിക്കാനുള്ള പെറ്റീഷൻ സ്പീക്കറുടെ മുൻപിൽ വിശ്രമത്തിലാണ്. കാലുമാറ്റ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന മന്ത്രിയായി ശ്യാംകുമാർ, ബൈറേൻ സിംഗ് മന്ത്രിസഭയിൽ തുടരുകയും ചെയ്യുന്നു. മണിപ്പൂർ നിയമസഭാ സ്പീക്കർ ബിജെപി നേതാവുകൂടിയായ ഖേംഛന്ദ്സിംഗ് കാലുമാറിയ ശ്യാംകുമാറിനെ സംരക്ഷിച്ചുകൊണ്ട് ഹർജിയിൽ തീർപ്പുകൽപ്പിക്കാതെ നീട്ടിനീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് പരാതിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 2020 ജനുവരി 21 ന് ഈ ഹർജി സുപ്രീംകോടതി പരിഗണനയ്ക്കെടുക്കുമ്പോൾ മണിപ്പൂർ നിയമസഭാ സ്പീക്കർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത അയോഗ്യത കൽപ്പിക്കാനുള്ള ഹർജിയിൽ തീർപ്പുകൽപ്പിക്കുന്നതിന് നാല് ആഴ്ച്ചത്തെ സമയം ചോദിച്ചു.

സുപ്രീംകോടതി സ്പീക്കർക്ക് ഒരു മാസത്തെ സമയവും അനുവദിച്ചു. മാർച്ച് നാലിന് വീണ്ടും കേസ് എടുക്കുമ്പോൾ പിന്നെയും സമയം വേണമെന്ന് സ്പീക്കറുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി വീണ്ടും 10 ദിവസത്തെ സമയം കൂടി നല്‍കി. മാർച്ച് 18 ന് വീണ്ടും കേസ് പരിഗണിയ്ക്കുമ്പോൾ എട്ട് ആഴ്ചത്തെ സമയം കൂടി വേണമെന്ന് സ്പീക്കർക്ക് വേണ്ടി തുഷാർ മേത്ത ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അനിതരസാധാരണമായ മേൽപ്പറഞ്ഞ ഉത്തരവ് സൂപ്രീംകോടതി പുറപ്പെടുവിക്കുന്നത്. കേസ് വീണ്ടും മാർച്ച് 30 ന് കേൾക്കുന്നതിന് മാറ്റിവച്ചു. ജസ്റ്റിസ് ആർ എഫ് നരിമാനും ജസ്റ്റിസ് രവീന്ദ്രഭട്ടും ഉൾപ്പെട്ട ബെഞ്ച് കൂട്ടത്തിൽ ചില നിരീക്ഷണങ്ങളും പരാമർശങ്ങളും നടത്തുകയുണ്ടായി. കൂറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപ്പിക്കുന്നതിനുള്ള ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നതിന് സ്പീക്കർമാർക്ക് ഒരു സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് അതിന് അധികാരമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

നിയമസഭയ്ക്കകത്ത് സ്പീക്കറുടെ അധികാരം ചോദ്യംചെയ്യാൻ കോടതിക്കധികാരമില്ലെന്ന മണിപ്പൂർ സ്പീക്കറുടെ അഭിപ്രായത്തിനുള്ള മറുപടിയായിട്ടാണ് കോടതി ഇത്തരത്തിൽ പറഞ്ഞത്. സ്പീക്കർക്ക് ലഭിച്ച കാലുമാറ്റവുമായി ബന്ധപ്പെട്ട പരാതികളിന്മേൽ തീരുമാനമെടുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി കാലുമാറ്റക്കാരെ സംരക്ഷിക്കുന്ന സമീപനം സഭാനാഥൻമാർ സ്വീകരിക്കുന്നതിലുള്ള എല്ലാ നീരസവും കോടതിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎ ഒരു രാഷ്ട്രീയപാർട്ടി പ്രതിനിധി ആയതുകൊണ്ട് കൂറുമാറ്റ നിയമത്തിന്റെയടിസ്ഥാനത്തിലുള്ള അയോഗ്യത കൽപ്പിക്കുന്നതിൽ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഒരു ഘടകമാകുന്നു. അതുകൊണ്ട് അർദ്ധജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ ഒരു സ്ഥിര ട്രെെബ്യൂണൽ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കണമെന്നാണ് ജസ്റ്റിസ് ആർ എഫ് നരിമാൻ നിർദ്ദേശിച്ചത്. അത്തരം ട്രെെബ്യൂണലിന് ഒരു റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിയോ ഒരു റിട്ടയേഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസോ അധ്യക്ഷനായി നിയോഗിക്കപ്പെടണം. തികച്ചും സ്വാഗതാർഹമായ ഒരു നിർദ്ദേശമാണ് ജസ്റ്റിസ് നരിമാന്റെ ബെഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റും നിയമസഭകളും നിയമനിർമ്മാണം നടത്തുകയോ ഇതിനായി ഭരണഘടനാ ഭേദഗതിയ്ക്ക് പാർലമെന്റും കേന്ദ്രഗവൺമെന്റും തയ്യാറാവുകയോ ചെയ്യണമെന്ന് മാത്രം. സ്വാഭാവികമായും ഇവിടെ ചില തർക്കങ്ങൾ ഉയർന്നുവരാൻ സാദ്ധ്യതയുണ്ട്. ലെജിസ്ലേച്ചറിന്റെ നടപടിക്രമങ്ങളിൽ ഈ നിലയിൽ കോടതിയ്ക്ക് ഇടപെടാൻ അധികാരം നൽകാമോ എന്നതാണ് പ്രധാനമായും ഉയർന്നുവരുന്ന ചോദ്യം. അത് പാർലമെന്ററി ജനാധിപത്യവ്യവസ്ഥയിൽ അനുചിതമല്ലേയെന്ന പ്രശ്നത്തെ ലഘുവായി കാണുന്നില്ല. ലജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നുതൂണുകൾ പരസ്പരം ഏറ്റുമുട്ടാതെ നിലനിൽക്കുകയെന്നതാണ് പരമപ്രധാനം. ഇതിലൊന്നും തർക്കമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സഭയിലെ വലിയ കക്ഷിയല്ലെങ്കിലും ഗോവയിലും മണിപ്പൂരിലും ബിജെപിക്ക് ഗവൺമെന്റ് രൂപീകരിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് നാം കണ്ടു. 2019 ൽ കർണ്ണാടകത്തിൽ ബിജെപി നേതാവ് യദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി കാലുമാറിയ എംഎൽഎമാർക്ക് 50 കോടി മുതൽ 200 കോടി വരെ നൽകിയതും റിസോർട്ട് രാഷ്ട്രീയവും പരസ്യമാക്കപ്പെട്ട രഹസ്യമായിരുന്നു. ഇപ്പോൾ മദ്ധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭ രാജിവച്ചതും ബിജെപി നേതാവും മുൻമുഖ്യമന്ത്രിയുമായ ശിവരാജ്സിംഗ് ചൗഹാൻ പുതിയ മുഖ്യമന്ത്രിയായതും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും റിസോർട്ട് രാഷ്ട്രീയത്തിന്റെയും ബാക്കിപത്രമാണ്. ജ്യോതിരാദിത്യസിന്ധ്യയെ കോൺഗ്രസിൽ നിന്നോടിച്ചുവിട്ടതിൽ കമൽനാഥിനോടൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രിക്കും മധ്യപ്രദേശിലെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയെന്ന ‘വൃദ്ധസമിതി‘യുടെയും സംഭാവന ചെറുതല്ലെങ്കിലും കാലുമാറ്റവും കൂറുമാറ്റവും കൈമുതലാക്കിയ രാഷ്ട്രീയ ധാർമ്മികത ഒട്ടുമേയില്ലാത്ത ബിജെപി യെന്ന ഇന്ത്യൻ ഫാസിസ്റ്റ് സംഘടനയുടെ നെറികെട്ട രാഷ്ട്രീയ നിലപാടുകൾ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തപാടുകൾ തന്നെയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായ ഇവർ കോടികൾ വാരിയെറിഞ്ഞ് ഇന്ത്യൻ ജനാധിപത്യത്തെയും അവസരവാദികളായ ജനപ്രതിനിധികളെയും വിലയ്ക്കു വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനൊരറുതി വരുത്തുന്നതിന് സുപ്രീംകോടതി നിർദ്ദേശിച്ച സ്വഭാവത്തിലുള്ള ഒരു സ്ഥിരം ട്രെെബ്യൂണൽ ഒരു പരിധിവരെ ആശ്വാസകരമായിരിക്കും. താത്കാലികമായിട്ടാണെങ്കിലും മന്ത്രിയായി തുടരുന്നതും എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ പ്രവേശിക്കുന്നതും വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ശ്യാംകുമാറിനെപ്പോലെയുള്ള ‘ആയാറാം ഗയാറാം‘മാരായ അവസരവാദികൾക്ക് നൽകിയ സ്വാഗതാർഹമായ പ്രഹരമാണ്.

ENGLISH SUMMARY: Janayugam col­umn about manipur politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.