കേന്ദ്രവും പ്രവാസികളും യുദ്ധക്കപ്പലുകളും

കെ പ്രകാശ്ബാബു

ജാലകം

Posted on May 10, 2020, 5:30 am

ദേശാതിർത്തിയില്ലാതെ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ തയ്യാറായി എന്നത് ഏറെ ആശ്വാസകരമാണ്. പല സംസ്ഥാന ഗവൺമെന്റുകളും അതാതു സംസ്ഥാനങ്ങളിൽ എത്തുന്നവരെ പുതിയ സാഹചര്യത്തിൽ എവിടെയാണ് താമസിപ്പിക്കുന്നത്, എങ്ങനെയാണ് മറ്റ് സംവിധാനങ്ങൾ ഒരുക്കുന്നത് എന്നതിൽ വ്യക്തത വരുത്തുന്നതിനുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നതേയുള്ളു. എന്നാൽ കേരളം കൃത്യമായ തീരുമാനങ്ങളെടുത്ത് വീണ്ടും രാജ്യത്തിനു മാതൃകയാകുന്നു. പ്രവാസികളെ സ്വന്തം നാട്ടിലേക്ക് വരവേൽക്കുന്നതോടൊപ്പം നാല് എയർ പോർട്ടുകളിലും ഹെൽപ്പ് ഡെസ്കുകൾ തുറന്നു. ബാഗ്ഗേജുകൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി.

ഐസൊലേഷൻ ക്വാറന്റൈൻ സംവിധാനങ്ങൾ, നിരീക്ഷണ കേന്ദ്രങ്ങൾ, ആശുപത്രികൾ ഇവയെല്ലാം ഓരോ കേന്ദ്രങ്ങളിലും ജില്ലകളിലും കേരള സർക്കാർ തയ്യാറാക്കി. ഗൾഫ് രാജ്യങ്ങളിലും അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ മറ്റു വിദേശരാജ്യങ്ങളിലുമായി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം അൻപതിലധികമായി എന്ന റിപ്പോർട്ട് തന്നെ നമ്മെ ഭയപ്പെടുത്തുന്നതാണ്. ദുഃഖാകുലരായ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കുചേർന്നുകൊണ്ടാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് പ്രവാസികളെയും വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെയും സന്ദർശകരെയും വിദ്യാർത്ഥികളെയും തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാണ് നോർക്ക മുഖേനയുള്ള രജിസ്ട്രേഷൻ നാലുലക്ഷം കവിഞ്ഞത്.

എന്നാൽ കേരള സർക്കാരിനു തോന്നിയ ആകുലതകളും ആശങ്കകളുമൊന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനു തോന്നിയിട്ടില്ല. ദുരന്തമുഖത്തു നിൽക്കുന്ന പ്രവാസികളെയും അവിടെ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും സന്ദർശക വിസയിലെത്തിയവരെയും വിസ കാലാവധി തീർത്ത് ലേബർ ക്യാമ്പുകളിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെയും സഹായിക്കുന്നതിനു പകരം അവരുടെ കെെയിൽ നിന്നും ‘വാണിജ്യാടിസ്ഥാനത്തിലുള്ള ടിക്കറ്റ് ചാർജ്’ ഈടാക്കി നാട്ടിലെത്തിക്കാനും അവരുടെ തന്നെ ചെലവിൽ ക്വാറന്റൈയിൻ, ആശുപത്രി, ചികിത്സാ സൗകര്യങ്ങൾ തയ്യാറാക്കാനുമാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞത് സർക്കാരിന്റെ കൈയിൽ പണമില്ല, അതുകൊണ്ട് പ്രവാസികൾ കൊമേഴ്സ്യൽ നിരക്ക് തന്നെ കൊടുക്കണം. സൗജന്യമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്നറിയിച്ച ചില ഗൾഫ് രാജ്യങ്ങളുണ്ടല്ലോ, അവരുമായി ഒരു നയതന്ത്ര കൂടിയാലോചനയെങ്കിലും നടത്തുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകേണ്ടതായിരുന്നു. 1990 അവസാനം ഇറാഖ് — കുവൈറ്റ് യുദ്ധം ആരംഭിക്കുകയും ആ യുദ്ധം ഗൾഫിലാകെ പടരുകയും ചെയ്തപ്പോൾ അന്നത്തെ വി പി സിംഗ് ഗവൺമെന്റ് നയതന്ത്ര കൂടിയാലോചനകളിൽ കൂടി ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിച്ചത് ഇപ്പോൾ അഭിമാനത്തോടെ ഓർത്തുപോകുന്നു.

ബോംബുകളും യന്ത്രത്തോക്കുകളും പീരങ്കികളും കഥപറഞ്ഞുകൊണ്ടിരുന്ന ഒരു പ്രദേശത്തു നിന്നും അതിസാഹസികമായി ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അന്നത്തെ ഇന്ത്യാ ഗവൺമെന്റിനു കഴിഞ്ഞു. തികച്ചും സൗജന്യമായി എയർ ഇന്ത്യയുടെ വിമാനങ്ങൾ തലങ്ങും വിലങ്ങും പറന്നാണ് അന്ന് പ്രവാസികളെ ഇന്ത്യയിലെത്തിച്ചത്. ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ആ യുദ്ധ സമാനമായ അന്തരീക്ഷമില്ലെന്നു മാത്രമല്ല, അവിടത്തെ ഭരണാധികാരികൾ സഹായഹസ്തങ്ങൾ നീട്ടുന്നുമുണ്ട്. എന്നിട്ടും സൗജന്യ യാത്രാ സാധ്യതകളെക്കുറിച്ച് ഒരു നയതന്ത്രചർച്ചപോലും നടത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. ക്വാറന്റൈൻ ചികിത്സാ സൗകര്യങ്ങൾക്കും പ്രവാസികൾ തന്നെ ചെലവ് വഹിക്കണം. കേരളത്തിലാണെങ്കിൽ ഐസൊലേഷൻ — ക്വാറന്റൈൻ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ സജ്ജീകരിക്കുകയാണ് ചെയ്യുന്നത്. മാലിദ്വീപിൽ നിന്നും യുഎഇയിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ യുദ്ധക്കപ്പലുകളാണ് കേന്ദ്ര ഗവൺമെന്റയയ്ക്കുന്നത്. അതിൽ ഐഎൻഎസ് ജലാശ്വ എന്ന യുദ്ധക്കപ്പൽ മാലിദ്വീപിൽ എത്തി. ഇനി മൂന്ന് യുദ്ധക്കപ്പലുകൾ കൂടി ഇന്ത്യയിൽ നിന്നും പുറപ്പെടും.

ഐഎൻഎസ് മഗർ, ഐഎൻഎസ് ശാർദൂൽ, ഐഎൻഎസ് ഐരാവത് എന്നിവയാണവ. ഇതിൽ ഏറ്റവും വലുതാണ് ജീവനക്കാരുൾപ്പെടെ 800 നാവിക സൈനികരെ ഉൾക്കൊള്ളാൻ കഴിയുന്ന ഐഎൻഎസ് ജലാശ്വ. ശീതക്കാറ്റ് ഏറ്റുകൊണ്ടുള്ള കപ്പൽയാത്രയ്ക്ക് ദീർഘകാലത്തെ പരിചയം സിദ്ധിച്ച നാവിക സൈനികർ യാത്ര ചെയ്യുന്നതു പോലെ കപ്പലിന്റെ ഡോക്കിൽ ഇന്ത്യൻ പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതുകൊണ്ട് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇന്നലെ 698 പേരുമായിട്ടാണ് മാലിദ്വീപിൽ നിന്ന് കപ്പൽ തിരിച്ചത്. ബാക്കിയുള്ള മൂന്നു കപ്പലുകളിലും 300–350 സൈനികരെ മാത്രമെ സാധാരണ സാഹചര്യത്തിൽ പോലും ഉൾക്കൊള്ളാൻ കഴിയുകയുള്ളു. അപ്പോൾ പ്രവാസികളുടെ എണ്ണം ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള അകലം കൂടി പാലിക്കുകയാണെങ്കിൽ പരിമിതപ്പെടുത്തേണ്ടിവരും. യുദ്ധക്കപ്പലുകൾ അയച്ച് പ്രവാസികളെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതിന് കേന്ദ്രം നൽകിയിരിക്കുന്ന പേര് ഓപ്പറേഷൻ സമുദ്രസേതു എന്നാണ്. സൈന്യത്തിന്റെ യുദ്ധക്കപ്പലുകൾ തന്നെ അയച്ച് അതിസാഹസികമായി ഇവിടെ ഏതു പ്രവാസികളെയാണ് സർക്കാർ രക്ഷപ്പെടുത്തേണ്ടി വരുന്നത്. ഏതു രാജ്യത്തു നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് എയർ ഇന്ത്യയുടെയും മറ്റ് ഇന്ത്യൻ സ്വകാര്യ കമ്പനികളുടെയും വിമാനങ്ങൾ ആവശ്യത്തിലേറെയുള്ളപ്പോൾ എന്തിനാണ് ഈ യുദ്ധക്കപ്പലുകൾ അയയ്ക്കുന്നത്.

മാലി ദ്വീപിൽ നിന്നും ആകാശമാർഗ്ഗേണ ഇന്ത്യയിലെത്താന്‍ രണ്ട് മണിക്കൂർ മാത്രം മതി. അപ്പോഴാണ് 48 മണിക്കൂർ കടൽയാത്ര നടത്തി ആവശ്യമായ യാത്രാ സൗകര്യങ്ങൾ അടിസ്ഥാനപരമായി ഇല്ലാത്ത യുദ്ധക്കപ്പലിൽ പുതിയ യാത്രാ സംവിധാനങ്ങൾ ഒരുക്കി പ്രവാസികളെ കൊണ്ടുവരുന്നത്. യുഎഇയിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്താൻ മൂന്നു ദിവസത്തോളം വേണ്ടിവരും. കടൽയാത്രയിൽ കൂടി പുതിയ രോഗങ്ങള്‍ പ്രവാസികൾക്ക് പിടിപ്പെട്ടില്ലെങ്കിൽ അതൊരു ഭാഗ്യമായി കണക്കാക്കാം. ഇന്ത്യൻ നേവിയുടെ ചരിത്രത്തിൽ ഇന്നുവരെ അവർ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നവരുടെ കെെയിൽ നിന്നും രക്ഷപ്പെടുത്തിയതിനും തീരത്ത് എത്തിയ്ക്കുന്നതിനും ചെലവ്കാശ് ഈടാക്കിയിട്ടില്ല. ആദ്യമായി ഇന്ത്യൻ നേവി മാലിയിൽ നിന്നും യുഎഇയിൽ നിന്നും കൊണ്ടുവരുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ കെെയിൽ നിന്നും ഓപ്പറേഷൻ സേതു എന്ന പേര് നൽകിയിട്ട് ടിക്കറ്റ് ചാർജ് ഈടാക്കുന്നു. ഡിഫൻസിലെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞത്. ‘റീസണബിൾ റേറ്റ് ഈടാക്കും’ എന്നാണ്.

ഇതു കൂടാതെ യുദ്ധക്കപ്പലിലെ യാത്രക്കാർ, ക്വാറന്റൈൻ, ആശുപത്രി ചെലവുകൾ പ്രത്യേകമായി വഹിക്കണം. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കൈവശം ആവശ്യമായ യാത്രാ സൗകര്യങ്ങളോടുകൂടിയ യാത്രാക്കപ്പലുകൾ ഉള്ളപ്പോൾ എന്തിനാണ് മോഡി സർക്കാർ യാത്രാ സൗകര്യങ്ങളില്ലാത്ത, യുദ്ധസാമഗ്രികളും നേവിയിലെ സൈനികരും ഉപയോഗിക്കുന്ന ആക്രമണ — പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള കപ്പലുകൾ ഇതിനായി തെരഞ്ഞെടുക്കുന്നത്. മോഡി അനുകൂല തരംഗം യുദ്ധക്കപ്പലിൽ കൂടി മെനഞ്ഞെടുക്കുവാനുള്ള ഒരു തന്ത്രം മാത്രമാണിത്. ഈ സന്ദർഭത്തിൽ കപ്പൽയാത്രകൾ ഒഴിവാക്കി മുഴുവൻ ഇന്ത്യൻ പ്രവാസികളെയും ആകാശമാർഗം കുറഞ്ഞ സമയംകൊണ്ട് ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളുകയാണ് വേണ്ടത്. എങ്കിലും എല്ലാം മറന്ന്, കൊറോണയെ നേരിടാൻ പ്രധാനമന്ത്രി മോഡിജി യുദ്ധക്കപ്പലുകളും ഉപയോഗിച്ചിരുന്നു എന്ന് അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് വടക്കൻ പാട്ടിന്റെ ഈണത്തിൽ പാടി നടക്കാൻ ആളുണ്ടാവും.