August 19, 2022 Friday

മുൻ മുഖ്യന്യായാധിപന്‍ അടിമയാകുമ്പോള്‍, സിന്ധ്യമാരുടെ കാലുമാറ്റത്തിന് എന്തു പ്രസക്തി

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
March 20, 2020 5:20 am

‘എന്തതിശയമേ!, ദൈവത്തിന്‍ സ്നേഹം, എത്ര മനോഹരമേ,’ എന്നുച്ചത്തില്‍ ആര്‍ത്തലയ്ക്കുകയല്ലാതെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ ജനതയ്ക്ക് നിര്‍വാഹമില്ലെന്ന സ്ഥിതി സംജാതമായിരിക്കുന്നു. മതനിരപേക്ഷ‑അഖണ്ഡഭാരത തത്വസംഹിതകള്‍ മാനിക്കുന്നവര്‍ ആശങ്കപ്പെടേണ്ട ഭയാനകമായ സന്ദര്‍ഭം വീണ്ടും വീണ്ടും സംഘകുടുംബ ഭരണമേധാവിത്വത്തിന്റെ കീഴില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിക്കപ്പെടുകയാണ്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ക്രൂരത നരേന്ദ്രമോഡിയും അമിത്ഷായും ജനാധിപത്യ ഭരണഘടനാ നീതിന്യായ വ്യവസ്ഥകളില്‍ അനാവരണം ചെയ്യുന്നതിനാണ് നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. ഏറ്റവും ഒടുവില്‍, ഉന്നത നീതിപീഠത്തിലെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി തന്നെ ഭരണകൂട ഭീകരശക്തികളുടെ ചെരിപ്പ് നക്കിയായി അധപ്പതിച്ചിരിക്കുന്നതിന്റെ അപമാനകരവും ദയനീയവുമായ ചിത്രങ്ങളെ നാം അഭിമുഖീകരിക്കുന്നു.

ജനാധിപത്യ‑മതനിരപേക്ഷ‑ഭരണഘടനാ തത്വസംഹിതകളെയും ‘നാനാത്വത്തില്‍ ഏകത്വം’ എന്നു നാം ഹൃദയത്തോട് ചേര്‍ത്തുവച്ച മുദ്രയെയും ധാര്‍ഷ്ട്യത്തോടെ നിരന്തരം ഭരണകൂട ശക്തികള്‍ അതിനിഗൂഡതയോടെ തകര്‍ക്കുവാന്‍ യത്നിക്കുന്നതിന്റെ ഭയാനക ഉദാഹരണങ്ങള്‍ അനവരതം പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാര്‍ലമെന്റ് പടിക്കല്‍ താണുവീണ് ചുംബിച്ച നരേന്ദ്രമോഡി 2019 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ലമെന്റ് ഹാളില്‍ ഭരണഘടനയെ മാറോടണച്ച് ചുംബിച്ച് പ്രകടനം നടത്തിയത് നവഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ കപടനാടക അജണ്ടകളായിരുന്നുവെന്ന് വ്യക്തമാകുന്നു. നിയമനീതിന്യായ സംവിധാനങ്ങളെ എങ്ങനെ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കാല്‍ക്കീഴിലാക്കാമെന്നും ചൊല്‍പ്പടിക്ക് വരുത്താമെന്നും മോഡിഭരണകൂടം ഇതിനകം പലയാവര്‍ത്തി തെളിയിച്ചുകഴിഞ്ഞു. തങ്ങളുടെ നിയമ നീതിനിഷേധത്തിനും ഭരണഘടനാ ധ്വംസനത്തിനും വഴങ്ങിത്തരുന്ന നിയമ നീതിനിര്‍വഹണ സംവിധാനത്തിലെ ഉപകരണങ്ങള്‍ക്കും ഉപഭോഗ ജീവികള്‍ക്കും എന്തെല്ലാം പ്രത്യുപകാരങ്ങള്‍ ലഭ്യമാക്കുമെന്നുമുള്ള സന്ദേശമാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പ്രത്യേക രാജ്യസഭാംഗത്വം. ഇത് നിലവിലെ നീതിപീഠ ന്യായാധിപന്മാര്‍ക്കും അഭിഭാഷകര്‍ക്കും കൂടിയുള്ള സന്ദേശമാണ്. ‘ഞങ്ങള്‍ക്കൊപ്പം നിന്നാല്‍ നിങ്ങള്‍ക്ക് പിരിഞ്ഞുപോകുമ്പോള്‍ മൂന്നാം മാസത്തില്‍ പൊതു പദവികള്‍ കാത്തിരിക്കുന്നുവെന്ന സന്ദേശം.

സുപ്രീം കോടതി ഉള്‍പ്പെടെ എല്ലാ കോടതികളെയും തങ്ങളുടെ മനോവിചാരങ്ങള്‍ക്കും ഇംഗിത വൈകല്യങ്ങള്‍ക്കും ഒപ്പമായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുകയാണ് ഭരണകൂടം. ജനാധിപത്യ ഭരണഘടനാ നിയമ നീതിനിര്‍വഹണ തത്വസംഹിതകള്‍ തങ്ങള്‍ക്കനുകൂലമായി അനവരതം ലംഘിച്ചുകൊള്ളൂ എന്ന ഭരണകൂട സ്വേഛാധിപത്യത്തിന്റെ നിഗൂഢ സന്ദേശം പകരുകയാണ് ഗൊഗോയിയുടെ പുതിയ സ്ഥാനലബ്ധി. ലോകത്തെവിടെയും ഫാസിസ്റ്റുകള്‍ നീതിന്യായ വ്യവസ്ഥയെ കൈകാര്യം ചെയ്തത് ഈവിധമായിരുന്നു. ഒരു ഘട്ടത്തില്‍ രഞ്ജന്‍ ഗൊഗോയിയുടെ പരിവേഷം എന്തായിരുന്നു? ജസ്റ്റിസ് ചെലമേശ്വറിനും മറ്റ് രണ്ട് സുപ്രീം കോടതി ന്യായാധിപര്‍ക്കുമൊപ്പം അദ്ദേഹം പരസ്യ പത്രസമ്മേളനം നടത്തി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പുതു ചരിത്രമെഴുതി. ഇപ്പോള്‍ കാണുന്നത് അദ്ദേഹം നീതിന്യായ വ്യവസ്ഥയിലെ അധമാധ്യായമെഴുതുന്നതാണ്. ‘നീതിപീഠങ്ങള്‍ ഭരണകൂടത്തിന്റെ കേവല ഉപകരണങ്ങളല്ലെന്നും ജനപക്ഷത്തു നില്ക്കുന്ന നീതിന്യായനിയമവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്ന സ്വതന്ത്ര ജനാധിപത്യസ്ഥാപനമാണെന്നും’ അദ്ദേഹം ആ വിഖ്യാതമായ പത്രസമ്മേളനത്തില്‍ ഉദ്ഘോഷിച്ചിരുന്നു. ഇന്നിപ്പോള്‍ അര്‍ദ്ധ ഫാസിസ്റ്റുകളുടെ ഭരണരഥയാത്ര പൂര്‍ണ ഫാസിസ്റ്റ് പഥങ്ങളില്‍ എത്തിച്ചേരുമ്പോള്‍ രഞ്ജന്‍ ഗൊഗോയിയും അതിന്റെ അവിഭാജ്യ ഘടകമായി മാറി. പാവം ചെലമേശ്വര്‍മാരും കുര്യന്‍ ജോസഫുമാരുമെല്ലാം ഗൊഗോയിയുടെ തല്പര രാഷ്ട്രീയത്തിന്റെ ഇരകളായി മാറ്റപ്പെട്ടു. അവര്‍ ഇന്ന് ഗൊഗോയിയുടെ വഞ്ചനയിലും നിയമവിരുദ്ധതയിലും പ്രതിഷേധിക്കുന്നു. ‘അരികില്‍ അത്യന്ത സൗഖ്യവും, നീങ്ങിടാത്തഴലുമാര്‍ക്കുണ്ടുഭൂവില്‍’ എന്ന് മഹാകവി പാടി. ഗൊഗോയി എന്ന ചതിയന്റെ ശിരസില്‍ എത്രയോ സൗഭാഗ്യങ്ങള്‍ വന്നുപതിക്കുന്നു. പക്ഷേ ‘നീങ്ങിടാത്തഴലുകള്‍’‍ ഇദ്ദേഹത്തിലൂടെ നീതിപീഠങ്ങളെപ്പോലും ഗ്രസിക്കുന്നു.

സുപ്രീം കോടതി ജീവനക്കാരി‍ നല്കിയ പരാതി രഞ്ജന്‍ ഗൊഗോയിയുടെ പീഡന കര്‍മ്മത്തെക്കുറിച്ചായിരുന്നു. ചീഫ് ജസ്റ്റിസ് തന്നെ കുറ്റാരോപിതനായിരുന്ന കേസ് വിചാരണ ചെയ്യുന്ന വേളയില്‍ ആ ബെ‍‍ഞ്ചിന്റെ മുഖാധ്യക്ഷനായി കുറ്റാരോപിതന്‍ തന്നെ, എന്ന വൈരുധ്യവും അരങ്ങേറ്റപ്പെട്ടു. തനിക്കെതിരായുള്ള പീഡനപരാതി അന്വേഷിക്കാനുള്ള ഏകാംഗ കമ്മിഷനെ നിയോഗിച്ചതും കുറ്റാരോപിതന്‍ തന്നെ. ‘താന്‍ തന്നെ തന്നെ കുറ്റവിമുക്തനാക്കുന്ന മഹാനീതിന്യായവും ഗൊഗോയി തന്നെ അരങ്ങത്തെത്തിച്ചു.’ പിന്നാലെ അയോദ്ധ്യാകേസിലെ സുപ്രധാന വിധിവന്നു. താന്‍ വിരമിക്കുന്നതിന് മുമ്പ് വിധിപ്രസ്താവം നടത്തണമെന്ന വാശിയോടെയാണ് ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അയോദ്ധ്യാ കേസ് പരിഗണിച്ചത്. 464 വര്‍ഷക്കാലത്തെ പാരമ്പര്യ മഹിമയുള്ള ബാബറി മസ്ജിദ് പൊളിച്ചത് മഹാപാതകം, രാമവിഗ്രഹം തര്‍ക്കഭൂമിയില്‍ സ്ഥാപിച്ചത് കൊടുംപാതകം എന്നെല്ലാം ഭരണഘടനാ ബെഞ്ചിന്റെ തലവനായിരുന്ന രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. പക്ഷേ കുറ്റവാളികളെ ആരേയും വിചാരണ ചെയ്യണമെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല അയോദ്ധ്യയിലെ തര്‍ക്കഭൂമി സംഘപരിവാര ശക്തികള്‍ക്ക് പതിച്ച് കൊടുക്കാന്‍ കല്പിക്കുകയും ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും അവിടത്തെ ഉന്നത നേതാക്കളുടെ വീട്ടുതടങ്കലും കോടതിയിലെത്തിയപ്പോള്‍ ഭരണകൂടത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഗൊഗോയി. മുത്തലാഖ് വിഷയത്തിലും കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതങ്ങളുടെ ദാസനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സുപ്രീംകോടതിയുടെ മുന്‍ വിധിപ്രസ്താവത്തെ പുനപ്പരിശോധിക്കാനുള്ള ന്യായാധിപ സമിതി രൂപീകരിക്കുമ്പോള്‍ പരിഗണനാ ഘടകങ്ങള്‍ പോലും ഗൊഗോയി നിര്‍ദ്ദേശിച്ചതുപോലുമില്ല. റഫാല്‍ വിമാന കുംഭകോണത്തിലും മോഡിക്ക് ക്ലീന്‍ ചിറ്റ് നല്കി ഗൊഗോയി. വിരമിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ഇത്തരം സുപ്രധാന വിധിപ്രസ്താവങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള അടിമത്ത മനോഭാവം വെളിവാക്കുന്നതായിരുന്നു.

‘വിരമിച്ചു കഴിഞ്ഞ ന്യായാധിപര്‍ക്ക് പദവികള്‍ നല്‍കുന്നത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും’ എന്ന് 2019 മാര്‍ച്ച് 27ന് ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായിരിക്കുന്ന വേളയില്‍ വിധിപ്രസ്താവം നടത്തിയ ആളാണ് രഞ്ജന്‍ ഗൊഗോയി. അന്തരിച്ചുപോയ, നിയമമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയും അതിനു തൊട്ടുമുമ്പുതന്നെ ഇതേ പ്രസ്താവന നടത്തിയിരുന്നു. വിരമിക്കാനിരിക്കുന്ന ന്യായാധിപന്മാര്‍ക്ക് പുതു തസ്തികകള്‍ നല്‍കിയാല്‍ അത് അവരുടെ വിധിപ്രസ്താവങ്ങളെ സ്വാധീനിക്കുമെന്ന്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് വ്യക്തമാക്കുന്നത് പുതുതസ്തികകള്‍ക്കായി ന്യായാധിപന്‍മാര്‍ മുട്ടിലിഴയുമെന്നാണ്. ഇന്ന് കോണ്‍ഗ്രസിലെ കാലുമാറ്റം സവിസ്തരം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ന്യായാധിപന്മാരെപ്പോലും തങ്ങളുടെ കാല്‍ക്കീഴിലാക്കുന്ന, റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന സംഘപരിവാര ശക്തികള്‍ക്ക് ആയാറാം ഗയാറാം രാഷ്ട്രീയത്തില്‍ പുതുചരിത്രങ്ങള്‍ രചിക്കുവാന്‍ അനായാസേന കഴിയും. ഗോവയിലും മണിപ്പൂരിലും ആയാറാം ഗയാറാം രാഷ്ട്രീയം നടത്തിയവര്‍ കര്‍ണാടകയിലും‍ അത് ഫലപ്രദമായി വിജയിപ്പിച്ചു. ഏറ്റവും ഒടുവില്‍ നാം കാണുന്നത് മധ്യപ്രദേശിലാണ്. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി വാഴിച്ച ജ്യോതിരാദിത്യ സിന്ധ്യപോലും മാനാഭിമാനലേശമില്ലാതെ ബിജെപിയില്‍ ചേക്കേറുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ കുടുംബപാരമ്പര്യം തന്നെ സംഘപരിവാര ശക്തികളുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. മുത്തശ്ശി വിജയരാജസിന്ധ്യ ആദ്യം കോണ്‍ഗ്രസും തൊട്ടുപിന്നാലെ ജനസംഘവും പിന്നീട് ബിജെപിയുമായിരുന്നു. അമ്മായിമാരായ വസുന്ധരരാജെ സിന്ധ്യയും യശോധരരാജ സിന്ധ്യയും സംഘപരിവാര കൂടാരത്തില്‍ തന്നെയായിരുന്നു. രാജകുടുംബത്തിന്റെ പാരമ്പര്യ മഹിമകള്‍ ഉയര്‍ത്തിപ്പിടിച്ച് മുത്തശ്ശിയും അമ്മായി അമ്മമാരും അച്ഛനുമെല്ലാം വോട്ട് നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്ര പാരമ്പര്യമായി യാതൊരു ബന്ധവുമില്ലാത്ത കൂട്ടരാണിവര്‍. എന്നിട്ടും കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായി ജ്യോതിരാദിത്യയെ പോലെയുള്ളവരെ നിയോഗിച്ചു ആ പാര്‍ട്ടി. ഏത് നിമിഷവും ഏത് അര്‍ദ്ധരാത്രിയിലും‍ തന്നെ വന്നു കാണാന്‍ കഴിയുന്ന നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ എന്ന് രാഹുല്‍ ഗാന്ധി വിലപിച്ചുകൊണ്ട് പറയുന്നു. ആ വിലാപ സ്വരത്തില്‍ തന്നെയുണ്ട് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള പലായനത്തിന്റെ ദൈന്യത. ജ്യോതിരാദിത്യക്ക് പിന്നാലെ എത്രയെത്ര കോണ്‍ഗ്രസുകാര്‍ താമരക്കുമ്പിളുകള്‍ ദേഹത്തോട് ചേര്‍ത്തുപിടിക്കുമെന്ന് നാം കാത്തിരുന്നു കാണണം. ന്യായാധിപന്മാര്‍ പോലും സംഘപരിവാര ഫാസിസ്റ്റുകളുടെ കാല്‍ക്കീഴില്‍ വീണ് നമിക്കുമ്പോള്‍ തെല്ലും രാഷ്ട്രീയമില്ലാത്ത കോണ്‍ഗ്രസുകാരുടെ പലായനത്തെക്കുറിച്ച് നാം എന്തിന് അധിക്ഷേപിക്കണം. ഇനി എത്ര കോണ്‍ഗ്രസുകാര്‍ ബിജെപി പാളയത്തിലെത്തും. കോണ്‍ഗ്രസ് തന്നെ അവശേഷിക്കുമോ? ന്യായാധിപ സിംഹങ്ങള്‍ എത്രപേര്‍ മുട്ടിലിഴയും. കാത്തിരുന്നു കാണണം. നാടകാന്തം കവിത്വം!

Eng­lish Sum­ma­ry: janayugam col­umn about the judi­cia­ry and politics

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.