ദേവിക

വാതിൽപ്പഴുതിലൂടെ

June 29, 2020, 5:45 am

പെയിന്റടി പലവിധം ഉലകില്‍ സുലഭം

Janayugom Online

ദേവിക

പണ്ട് നിയമസഭയില്‍ നടന്ന സംഭവമാണ്. രാഷ്ട്രീയചാണക്യനായ കെ കരുണാകരന്‍ ഒരു വശത്തും ആര്‍എസ്‌പിയുടെ ജീവാത്മാവും പരമാത്മാവുമായ ഈറ്റപ്പുലി നേതാവ് ബേബീജോണ്‍ മറുവശത്തുനിന്നും പോരടിക്കുന്ന കാലം. കരുണാകരനാണെങ്കില്‍ കണ്ണൂരില്‍ നിന്നു വണ്ടികയറി പെയിന്റിംഗ് പഠിക്കാന്‍ തൃശൂരിലെത്തി അവിടം തന്റെ രാഷ്ട്രീയ തട്ടകമാക്കിയ വിരുതന്‍.

കരിമണലിന്റെയും ചെമ്മീനിന്റെയും രാഷ്ട്രീയം മുതലാക്കിയ ബേബീ ജോണ്‍. ഒരുനാള്‍ ഇരുവരും തമ്മില്‍ ഒന്നു കൊമ്പുകോര്‍ത്തു. തീപാറുന്ന വാഗ്വാദത്തിനിടെ ബേബീജോണ്‍ ഒരു അസ്ത്രമെയ്തു; ‘തൃശൂരില്‍ ഏതോ വീടിന് പെയിന്റടിക്കാന്‍ വന്നവന്‍ മുഖ്യമന്ത്രിയായാലും വെള്ളപൂശലേ നടക്കൂ.’ ബേബീജോണ്‍ ധരിച്ചത് വീടിന് പെയിന്റടിക്കുന്നതു മാത്രമാണ് പെയിന്റിംഗ് എന്നായിരുന്നു. കരുണാകരന്‍ തൃശൂരില്‍ വന്നതാകട്ടെ പെയിന്റിംഗ് അഥവാ ചിത്രകല പഠിക്കാനും. പെയിന്റടി പലവിധം ഉലകില്‍ സുലഭമെന്ന ഈ കഥ ഓര്‍ത്തുപോയത് ഈയിടെ നടന്ന ചില പെയിന്റടികളെക്കുറിച്ചുള്ള വാര്‍ത്താപ്രവാഹത്തെത്തുടര്‍ന്നാണ്.

പെയിന്റിംഗുകള്‍ പലതരം, പലവിധം. പണ്ട് ആദിമഗോത്രങ്ങള്‍ക്ക് ചിത്രമെഴുതാന്‍ പാറക്കെട്ടുകളും ഗുഹാഭിത്തികളും വേണമായിരുന്നു. പിന്നീട് പാപ്പിറസ് ചെടിയില്‍ നിന്ന് ഈജിപ്റ്റുകാര്‍ നെെല്‍ നദീതടസംസ്കാരകാലത്ത് പേപ്പറുണ്ടാക്കിയപ്പോള്‍ ചിത്രം വരയ്ക്കാനുള്ള മാധ്യമം കടലാസായി. ലോഹത്തകിടുകളില്‍ കലാരൂപങ്ങള്‍ വിടര്‍ന്നു. വൃക്ഷങ്ങളുടെ ചുവടുഭാഗം പെയിന്റ് ചെയ്ത് മരത്തെ നഗ്നമേനിയോടെ നിര്‍ത്തുന്ന ഒരു വീരവരഗുണനെ കുറേക്കാലം മുമ്പ് സെക്രട്ടേറിയറ്റിന്റെ ഓരത്തെ എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ടിനരികെ കാണാനിടയായി.

ആ നഗ്നകലാശില്പത്തിനരികില്‍ ഒരു കുഞ്ഞുനിലവിളക്കു കത്തിച്ചുവച്ച ചിത്രകാരന്‍ കാണിക്കയിടാന്‍ ഒരു ലോഹത്തളികയും സ്ഥാപിച്ചു. അത്യാധുനിക ചിത്രകലയ്ക്കു കയ്യും കാലും വച്ചപ്പോള്‍ ചിത്രകലയ്ക്കുള്ള മാധ്യമം മനുഷ്യന്റെ അര്‍ദ്ധനഗ്ന‑പൂര്‍ണ്ണനഗ്നമേനി തന്നെയായി. ചാനല്‍ പരസ്യത്തില്‍ പഴയകാല നടി ശ്രീലത പറയുന്നതുപോലെ ‘ഇതു നമുക്കു പെണ്ണുങ്ങള്‍ക്കും പണ്ടേ ശീലമല്ലിയോ!’ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളും നടിയുമായ പൂജാഭട്ട് പണ്ടൊരിക്കല്‍ ഒരു നമ്പരിറക്കി. അഴകാര്‍ന്ന നഗ്നമേനിയാകെ പെയിന്റു ചെയ്ത് വിവിധ പോസിലുള്ള ആ ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിനു നല്കി.

മാമലകളും താടിനീട്ടി വളര്‍ത്തിയ മഹര്‍ഷിയുമെല്ലാം പൂജയുടെ പൂമേനിച്ചന്തത്തില്‍ തെളിഞ്ഞുവന്നു. ജഡാധാരിയായ മഹര്‍ഷി ചിത്രമാണത്രേ അന്ന് ഏറ്റവുമധികം കയ്യടി നേടിയത്. ബോഡി പെയിന്റിംഗ് എന്ന ശരീരമാസകല ചിത്രകലാപാരമ്പര്യത്തില്‍ ലോകത്ത് മലയാളികളാണ് മുന്‍പന്തിയിലെന്ന് ട്രംപിനല്ല, മോഡിക്കുപോലുമറിയാം. നമ്മുടെ തൃശൂരിലെ പുലികളി ബോഡി പെയിന്റിംഗല്ലാതെ മറ്റെന്താണ്. തടിമാടന്മാര്‍ മുഖം മാത്രമല്ല കുലുങ്ങുന്ന കുടവയറുകള്‍ പോലും പുലിമുഖങ്ങളാക്കുന്നു. നമ്മുടെ തനത് പുലികളി കണ്ടതോടെയാണ് ആസ്ട്രിയയും പോളണ്ടും നോര്‍വേയുമടക്കമുള്ള രാജ്യങ്ങളില്‍ കനകാംഗികളായ നഗ്നസുന്ദരിമാര്‍ ബോഡി പെയിന്റിംഗ് ഉത്സവം വര്‍ഷംതോറുമുള്ള ആചാരമാക്കി വളര്‍ത്തിയെടുത്തിരിക്കുന്നത്. ചിത്രകലയുടെ സര്‍വസങ്കേതങ്ങളും ഇവരുടെ പൂവുടലുകളില്‍ ആയിരം വര്‍ണ്ണങ്ങളില്‍ വിടരുന്നു. നൂല്‍ബന്ധമില്ലാതെയുള്ള അംഗനമാരുടെ മേനിച്ചിത്രങ്ങള്‍ കാണാനും മനസില്‍ സങ്കല്പചിത്രങ്ങള്‍ നെയ്യാനും തടിച്ചുകൂടുന്ന പതിനായിരങ്ങളില്‍ ഏറെയും പടുവൃദ്ധന്മാരായിരിക്കും.

മുന്‍വരിപ്പല്ലു പെയ്പോയി, മോണകാട്ടി ചിരിച്ചുകൊണ്ടുള്ള അവരുടെ ചിത്രങ്ങളും അന്ന് ഉത്സവവാര്‍ത്തകളുടെ പാര്‍ശ്വചിത്രങ്ങളാവുന്നു. എന്നാല്‍ നമ്മുടെ പുലികളിക്ക് പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കില്‍ മുന്‍പൊരു വര്‍ഷം നഗ്നമേനിയുമായി പുലിമുരുകത്തിയായി ഒരു പെണ്ണുമെത്തി. നടി, ആക്ടിവിസ്റ്റ്, ശബരിമല ആചാരധ്വംസക, ചുംബനസമരനായിക എന്നീ വിശേഷണങ്ങളുള്ള രഹ്നാ ഫാത്തിമയായിരുന്ന ആ പെണ്‍പുലിയെന്നും വാര്‍ത്തയുണ്ടായിരുന്നു. ഓരോ വാര്‍ത്തയില്‍ നിന്നും മായുന്നതോടെ രഹ്ന പുതിയൊരെണ്ണം ഒപ്പിച്ചെടുക്കും. മാധ്യമ ശ്രദ്ധയാണ് മഹാകാര്യമെന്ന് രഹ്നയ്ക്കറിയാം. രഹ്നയില്‍ നിന്ന് ഇതു പഠിച്ച ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് കയ്യോടെ പൊക്കി. കോവിഡ് ക്വാറന്റെെനില്‍ കഴിഞ്ഞു ബോറടിച്ചപ്പോള്‍ അയാള്‍ക്ക് ഒരു ‘പുത്തി‘യുദിച്ചു. ക്വാറന്റെെനില്‍ കഴിയുന്ന തന്നെ കുത്തിക്കൊല്ലാന്‍ ആരോ ശ്രമിച്ചുവെന്ന് അയാള്‍ നിലവിളിച്ചു. വീട്ടുകാരും നാട്ടുകാരും പൊലീസും പൊലീസുപട്ടിയും പൂച്ചയുമെല്ലാമെത്തി.

മേല്‍പ്പടിയാന്‍ നിലത്തുരുണ്ട് ഒരേ കരച്ചില്‍. കയ്യിലാണെങ്കില്‍ ആഴത്തില്‍ ഒരു മുറിവ്. പൊലീസ് തലങ്ങും വിലങ്ങും പരതിയിട്ടും ആക്രമണം നടന്ന ഒരു ലക്ഷണവുമില്ല. ഒടുവില്‍ ഒരു പൊലീസുകാരന്‍ കക്ഷിയുടെ കാതില്‍ മന്ത്രിച്ചു; സത്യം പറ മച്ചാ. ഇല്ലെങ്കില്‍ നിന്നെ സൂപ്പാക്കും. ക്വാറന്റെെന്‍കാരന്‍ പൊലീസുകാരന്റെ ചെവിയില്‍ മന്ത്രിച്ചു; ‘അതു ഞമ്മളാണു ചെയ്തത്’. ക്വാറന്റെെനില്‍ കിടക്കുന്നവനെ വധിക്കാന്‍ ശ്രമിച്ചാലല്ലേ വാര്‍ത്തയാവൂ. മാധ്യമ ശ്രദ്ധയ്ക്കുവേണ്ടി കത്രികകൊണ്ട് താന്‍ തന്നെ സ്വയം കുത്തി മുറിവേല്പിക്കുകയായിരുന്നുവെന്ന് കക്ഷി സമ്മതിച്ചു. മേല്പടിയാനെപ്പോലെ മാധ്യമശ്രദ്ധ നേടാന്‍ എന്തുവഴിയുണ്ടെന്നു കോവിഡ് കാലത്ത് രഹ്ന തലപുണ്ണാക്കി ആലോചിച്ചു. ചുംബനസമരം ലോക്ഡൗണിനിടെ നടപ്പില്ല. ചുംബനം തന്നെ നിരോധിച്ച കാലം. ഒരു തടിയന്‍ തണ്ണീര്‍മത്തന്‍ രണ്ടായി മുറിച്ച് നെഞ്ചത്തുവച്ച് സ്തനദ്വയാഭിനയം നടത്താമെന്നുവച്ചാല്‍ അതാവര്‍ത്തന വിരസമാവും. ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി പോകാന്‍ നട തുറക്കുന്നുമില്ല.

അങ്ങനെയാണ് ബോഡിപെയിന്റിംഗ് ഉത്സവം ഓര്‍മ്മയിലെത്തിയത്. പിന്നെയൊട്ടും താമസിച്ചില്ല. മകള്‍ക്കുവേണ്ടി പെയിന്റും ബ്രഷും വാങ്ങിക്കൊണ്ടുവന്നു. ദിഗംബരയായി മക്കളുടെ മുന്നില്‍‍ നിന്നുകൊടുത്തു; വരയ്ക്ക് മക്കളേ വരയ്ക്ക് എന്നുപറഞ്ഞ്, സന്താനങ്ങള്‍ പണിതുടങ്ങി. കൂട്ടത്തില്‍ ഒരാള്‍ എളുപ്പവിദ്യയായി മഹര്‍ഷിയെയും വരച്ചു. ചിത്രങ്ങളുള്ള പൂമേനി സമൂഹമാധ്യമങ്ങളിലുമിട്ടതോടെ രഹ്ന മാധ്യമശ്രദ്ധ നേടി, പുലിവാലും പിടിച്ചു. കുട്ടികളെ ചിത്രപീഡനം നടത്തിയതിന് പൊലീസും ബാലാവകാശ കമ്മിഷനും ചിത്രം ആസ്വദിച്ചവരുമെല്ലാം കേസുകെട്ടുമായി രംഗത്ത്. രഹ്ന ഒളിവിലും. കൊറോണക്കാലത്ത് പാരമ്പര്യ ചിത്രരചനപോലും അനുവദിക്കില്ലെന്നുവച്ചാലോ. ഇതൊക്കെ ദ്രോഹമല്ലേ സര്‍ക്കാരേ. ‘ആയിരം തെങ്ങുള്ള മൂപ്പില്‍ നായര്‍ക്ക് പല്ലിടകുത്താന്‍ ഈര്‍ക്കില്‍ ഇല്ല’ എന്ന പോലെയായിട്ടുണ്ട് നമ്മുടെ മോഡിയുടെ സ്ഥിതി.

പാട്ടകൊട്ട്, മൊബെെല്‍ കൊളുത്തല്‍, പുഷ്പവൃഷ്ടി എന്നീ കലാപരിപാടികളിലൂടെ കൊറോണയെ തുരത്തിയ മോഡി ഉത്തരോത്തരം വിജയപഥം താണ്ടുന്നു. കളിച്ചുകളിച്ച് ലോകത്ത് ഏറ്റവുമധികം കൊറോണ ബാധിതരുള്ള രാജ്യമാക്കി ഇന്ത്യയെ വളര്‍ത്തിയെടുക്കാന്‍ മോഡി പെടുന്ന പാട് വിജയം കണ്ടുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ തമ്പ്രാന്‍ പറയുന്നത് നമുക്ക് കൊറോണയെ കല്യാണം കഴിച്ച് സുഖമായി പൊറുതിയാകാമെന്ന്. വീട്ടിലെ നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റെഴുതുമ്പോള്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ പോരെ എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം. അരി, ഉപ്പ്, മുളക്, പഞ്ചസാര, തേയില, മാസ്ക്, ഗ്ലൗസ്, ഫെയിസ് ഷീല്‍ഡ്, പിപിഇ കിറ്റ്, സാനിറ്റെെസര്‍ എന്ന അല്പസ്വല്പം ഭേദഗതിയല്ലേ ലിസ്റ്റില്‍ വരൂ. കൊറോണയ്ക്കൊത്ത് നമ്മുടെ കോടതികളും മാറിക്കഴിയുന്നതിനിടെ വിചാരണയും മൊഴിയെടുക്കലും വാദവും പ്രതിവാദവും വിധിയുമെല്ലാം ഓണ്‍ലെെനാവുന്നു. വക്കീലന്മാര്‍ക്കു വീട്ടിലിരുന്ന് കേസ് പഠിച്ച് വാദിക്കാം. രാജസ്ഥാന്‍ ഹെെക്കോടതിയുടെ ജയ്‌പൂര്‍ ബഞ്ചില്‍ ഇപ്രകാരം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജസ്റ്റിസ് കേസ് വിളിക്കുന്നു.

വക്കീല്‍ കേസ് വിളിച്ചതുകേട്ട് കുളിമുറിയില്‍ നിന്ന് ഓടിപ്പിടിച്ചെത്തി വാദം തുടങ്ങുന്നു; യുവര്‍ ഓണര്‍. അതുപറഞ്ഞുതീരും മുമ്പ് കോടതി വിലക്കി; എല്ലാമറിയുന്ന ബഹുമാന്യ അഭിഭാഷകന്‍ തുണിയുടുത്തിട്ടില്ല, അനുവാദമില്ലാതെ ചിലരെല്ലാം പുറത്തുചാടുന്നുണ്ട്. അത് അനുവദിക്കാവുന്നതല്ല. അതിനാല്‍ കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചിരിക്കുന്നു. ഓണ്‍ലെെന്‍ വിചാരണയ്ക്കും കോട്ടുംസ്യൂട്ടും വേണമെന്ന നിര്‍ബന്ധത്തിനെങ്കിലും ഇളവു വേണ്ടേ.