October 3, 2022 Monday

ക്രോധത്തിന്റെ മുന്തിരിക്കുലകള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
May 12, 2020 5:30 am

1939 ലാണ് ജോണ്‍ സ്റ്റെയിന്‍ബെക്ക് ക്രോധത്തിന്റെ മുന്തിക്കുലകള്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. നാഷണല്‍ ബുക്ക് അവാര്‍ഡും പുലിറ്റ്സര്‍ സമ്മാനവുമൊക്കെ നേടിയ പുസ്തകം 1962 ല്‍ നൊബേല്‍ പുരസ്കാര കമ്മിറ്റി സ്റ്റെയിന്‍ബെക്കിന്റെ പ്രധാന കൃതിയായി എടുത്തു പറഞ്ഞ പുസ്തകം. എന്നാല്‍ ഗ്രേപ്സ് ഓഫ് റാത്ത് അഥവാ ക്രോധത്തിന്റെ മുന്തിരിക്കുലകള്‍ ഒരു നോവലിനേക്കാളുപരി ഒരു യാഥാര്‍ത്ഥ്യമായിരുന്നു ഓക്‌ലോഹാമയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് ജപ്തി ചെയ്യപ്പെട്ട സ്വന്തം കൃഷിഭൂമിയില്‍ നിന്നും ബാങ്കുകള്‍ ആട്ടിയിറക്കിയ 50 ലക്ഷത്തിലധികം കര്‍ഷകര്‍ കാലിഫോര്‍ണിയയിലെ മുന്തിരിത്തോപ്പുകളില്‍ കുടിയേറ്റ തൊഴിലാളികളെ ആവശ്യമുണ്ട് എന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് നടത്തിയ പ്രയാണം. വഴിയില്‍ മരിച്ചു വീണവര്‍, കൂട്ടം തെറ്റിയവര്‍, അവസാനം വരെ യാത്രചെയ്ത് മുന്തിരിത്തോപ്പുകളില്‍ ജോലിയില്ല എന്നും തിരിച്ചു പോവാന്‍ പിറന്ന മണ്ണ് ബാക്കിയില്ല എന്നും അറിഞ്ഞ് ഡലിനാട് താഴ്‌വരയിലെ ടെന്റുകളിലും‍ ലേബര്‍ ക്യാമ്പുകളിലും അവസാനിച്ച ‘ഓക്കി‘കളുടെ മഹായാനം.

കാലിഫോര്‍ണിയയിലെ സാലിനാഡ് താഴ്‌വരയില്‍ 1902 ഫെബ്രുവരി 27ന് ജനിച്ച ജോണ്‍ ഏണസ്റ്റ് സ്റ്റെയിന്‍ബെക്ക് ജൂനിയര്‍ തന്റെ ബാല്യകാലത്തുതന്നെ ‘ഓക്കികള്‍’ എന്ന് വിളിച്ചിരുന്ന ഈ കുടിയേറ്റ തൊഴിലാളികളുടെ ദൈന്യത കണ്ടാണ് വളര്‍ന്നത്. ജര്‍മ്മനിയില്‍ നിന്നും 19-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ അമേരിക്കയിലേക്ക് കുടിയേറിയ മുന്നച്ഛന്റെയും ഇംഗ്ലീഷുകാരിയായ മുത്തശ്ശിയുടെയും അമേരിക്കക്കാരനായ മകനായിരുന്നു ജോണ്‍ ജൂനിയറിന്റെ അച്ഛന്‍. അമ്മ ഒലിവ് ഹാമില്‍ട്ടന്‍ നന്നായി വായിക്കുന്ന ഒരു സ്കൂള്‍ അദ്ധ്യാപികയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ പോയി ബിരുദമെടുക്കാതെ മടങ്ങിയ സ്റ്റെയിന്‍ബെക്കിന്റെ എഴുതാനുള്ള പ്രേരണ രണ്ടായിരുന്നു.

എഴുത്ത് പ്രോത്സാഹിപ്പിച്ചിരുന്ന അമ്മയും സ്വന്തം കണ്‍മുന്നില്‍ കണ്ട ഓക്കികളുടെ ദുരന്തവും. മഹാക്ഷാമകാലത്തെ കാലിഫോര്‍ണിയയിലെ ജനങ്ങളുടെ പലായനവുമായി ബന്ധപ്പെട്ടാണ് സ്റ്റെയിന്‍ബെക്കിന്റെ മൂന്നു പ്രധാന നോവലുകള്‍ സന്ദിഗ്ധ സമരത്തില്‍, എലികളെയും മനുഷ്യരെയുംപ്പറ്റി, ക്രോധത്തിന്റെ മുന്തിരക്കുലകള്‍ എല്ലാം പലായനം വിധിക്കപ്പെട്ട മനുഷ്യരെപ്പറ്റി പ്രതീക്ഷയുടെ അവസാനവെട്ടവും പൊലിഞ്ഞു വഴിയോരങ്ങളില്‍ അസ്തമിച്ച മനുഷ്യജീവനുകളെപ്പറ്റി. തുടര്‍ച്ചയായ വരള്‍ച്ചയിലും പൊടിക്കാറ്റിലും വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലേക്ക് ആദ്യം വന്നത് വലിയ അടച്ചുകെട്ടിയ കാറുകളാണ്. അതില്‍ നിന്നും ഇറങ്ങിവന്നവര്‍ പൊടി നിറഞ്ഞ പാടങ്ങളില്‍ കമ്പുകളാഴ്ത്തി വരള്‍ച്ച പരിശോധിച്ചു തിരിച്ചുപോയി. പിന്നീട് വന്നത് ട്രാക്ടറുകളാണ്.

കൃഷിയിടങ്ങളും കിണറുകളും വീടുകളും ഉഴുതുമറിച്ച് ട്രാക്ടറുകള്‍ മുന്നേറിയപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു ഇനി ഒരിഞ്ച് മുന്നോട്ടുവന്നാല്‍ എന്റെ തോക്ക് നിന്നെ ഒരു മുയലിനെപ്പോലെ തകര്‍ക്കും. നിസ്സഹായനായ ട്രാക്ടര്‍ ഡ്രൈവര്‍ അയാളോട് പറഞ്ഞു. ഞാനിതു ചെയ്തില്ലെങ്കില്‍ അവരെന്നെ പരിച്ചുവിടും. അഥവാ നിങ്ങളെന്നെ കൊന്നാല്‍ നിങ്ങളെ തൂക്കിലിടുന്നതിനു മുമ്പുതന്നെ മറ്റൊരു ട്രാക്ടര്‍ നിങ്ങളുടെ വീടു തകര്‍ക്കും. ശരി കര്‍ഷകന്‍ പറഞ്ഞു നിനക്ക് ഉത്തരവ് തരുന്നവനാര് ഞാന്‍ അവനെ കൊല്ലാം. അവിടെയും നിങ്ങള്‍ക്ക് തെറ്റി അയാള്‍ക്ക് ഉത്തരവുകള്‍ കൊടുക്കുന്നത് ബാങ്ക് ആണ്. അയാള്‍ മരിച്ചാല്‍ അയാള്‍ക്ക് പകരം മറ്റൊരാള്‍ വരും. എന്നാല്‍ ബാങ്ക് പ്രസിഡന്റിനെ, ഡയറക്ടര്‍മാരെ എന്റെ തോക്ക് നിറച്ച് ഞാനവരെ കൊല്ലാം. അവിടെയും നിങ്ങള്‍ക്ക് തെറ്റി ഡ്രൈവര്‍ പറഞ്ഞു. അവര്‍ക്ക് ഉത്തരവുകള്‍ നല്‍കുന്നത് കിഴക്കു നിന്നുള്ള കമ്പനികളാണ്. ബാങ്ക് മനുഷ്യരില്‍ നിന്നും വ്യത്യസ്തമാണ്.

ബാങ്ക് മനുഷ്യരേക്കാള്‍ മുകളിലാണ് അതൊരു ഭീകരരൂപിയാണ്. മനുഷ്യന്‍ അതിനെ നിര്‍മ്മിച്ചു. പക്ഷെ മനുഷ്യന് അതിനെ നിയന്ത്രിക്കാനാവില്ല. ചെറിയ ചെറിയ കടങ്ങള്‍ വരള്‍ച്ച മൂലം കൃഷി നശിച്ച് വീട്ടാനാവാതെയാണ് ഓക്‌ലഹാമയിലെ കര്‍ഷകര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലേക്ക് വലിച്ചെറിയപ്പെട്ട കര്‍ഷകരുടെ എങ്ങോട്ടെന്നില്ലാത്ത പലായനത്തിന് സാക്ഷ്യം വഹിച്ചത് റൂട്ട് 66 എന്ന ചിക്കാഗോ മുതല്‍ ലോസ് ആഞ്ചലസുവരെ 2,448 മൈല്‍ നീളമുള്ള ഹൈവേയാണ്. കിട്ടാവുന്ന പഴയ വാഹനങ്ങള്‍ ടി വണ്‍ ഫോര്‍ഡ്, ഡോഡ്ജ് തുടങ്ങിയ പഴഞ്ചന്‍ വാഹനങ്ങളില്‍, തലമുറകളുടെ ഓര്‍മ്മച്ചെപ്പുകളും പേറി വളര്‍ത്തുമൃഗങ്ങളെയും വീട്ടുപകരണങ്ങളെയും എല്ലാം വാരിക്കെട്ടി 50 ലക്ഷം ജനങ്ങള്‍ ചെമ്മണ്ണ് പാറുന്ന പാതയിലേക്കിറങ്ങി. അതില്‍ ഒരു കുടുംബത്തിന്റെ മഹായാനത്തിന്റെ കഥയിലൂടെയാണ് തെരുവിലാക്കപ്പെടുന്ന മനുഷ്യന്റെ വിഹ്വലത സ്റ്റെയിന്‍ബെക്ക് വരച്ചു കാട്ടുന്നത്.

പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 43 ലക്ഷം കോപ്പികള്‍ വിറ്റുതീര്‍ന്ന പുസ്തകം, 12 കോടിയിലേറെ പേര്‍ വായിച്ച പുസ്തകം മുതലാളിത്തത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ കൊണ്ട് സ്വന്തം നാട്ടില്‍ ലൈബ്രറികളില്‍ നിന്നും പിന്‍വലിക്കപ്പെട്ട പുസ്തകം. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ ഹോവറിന് ശക്തമായ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പ്രേരണ നല്‍കിയ പുസ്തകം. ലോക സാഹിത്യ ചരിത്രത്തില്‍ ക്രോധത്തിന്റെ മുന്തിരിക്കുലകള്‍ക്ക് അതിന്റേതു മാത്രമായ ഒരു സ്ഥാനമുണ്ട്. ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിവരുന്ന ടോം ജോഡ് വഴിയില്‍ വച്ച് കണ്ടുമുട്ടുന്ന ബാല്യകാല സുഹൃത്തും ഉപദേശി പണി ഉപേക്ഷിച്ചു നടക്കുന്നയാളുമായ ജിം കാസിയെ കണ്ടുമുട്ടുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. രണ്ടു പേരും ദീര്‍ഘ യാത്ര കഴിഞ്ഞ് ടോമിന്റെ വീട്ടിലെത്തുന്നു. ആളുകള്‍ ഉപേക്ഷിച്ചുപോയ വീടു കണ്ട് പരിഭ്രമിച്ചു ടോം.

സ്ഥലം വിട്ടു പോവാന്‍ മടിച്ച് അനാഥമാക്കപ്പെട്ട സ്വന്തം കൃഷിയിടത്തില്‍ തന്നെ കഴിയുന്ന പഴയ കുരയല്‍ക്കാരനില്‍ നിന്നും ജോഡിന്റെ കുടുംബം സ്വന്തം കൃഷിയിടത്തില്‍ നിന്നും മറ്റുള്ള കര്‍ഷകരെ എല്ലാവരേയും പോലെ ബാങ്കുകളാല്‍ ഒഴിപ്പിക്കപ്പെട്ടു എന്നും അമ്മാവന്‍ ജോണിന്റെ വീട്ടിലാണ് അവര്‍ ഉള്ളതെന്നും അറിയുന്നു. പിറ്റേ ദിവസം ജോണിന്റെ വീട്ടിലെത്തിയ ടോമും കാസിയും കാണുന്നത് ഒരു പഴഞ്ചന്‍ ഹഡ്സണ്‍ കാര്‍ ഒരു ട്രാക്കാക്കി മാറ്റി എല്ലാ വീട്ടുസാമഗ്രികളും കയറ്റി കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടങ്ങളില്‍ ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ യാത്ര പുറപ്പെടുന്ന കുടുംബത്തെയാണ്. യാത്രയുടെ ആരംഭത്തില്‍ ഒരുആഡംബര കാര്‍ കയറി വളര്‍ത്തുനായ മരിക്കുന്നത് മുതല്‍ ‍തുടങ്ങുന്ന ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ഹൈവേ 66 ല്‍ എണ്ണമറ്റ കുടിയേറ്റക്കാരുടെ മഹായാനത്തിലേക്കെത്തുന്ന ജോഡ് കുടുംബം ഏറ്റുവാങ്ങുന്നത്. അവസാനം കുടുംബത്തിലെ മകള്‍ വൈക്കോല്‍ പുരയില്‍ സ്വന്തം കു‍ഞ്ഞിന് ജന്മം നല്‍കുന്നിടത്ത് അവസാനിക്കുകുയം ചെയ്യുന്നു. മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു മഹാ പ്രസ്ഥാനം. നമ്മുടെ നാട്ടില്‍ ഇന്ന് ഈ മഹായാനം അരങ്ങേറുകയാണ്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യം അടച്ചു പൂട്ടലിലേക്ക് നീങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് കുടിയേറ്റതൊഴിലാളികളാണ് പട്ടിണിയിലേക്ക് പതിച്ചത്. ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും സൂറത്തില്‍ നിന്നുമൊക്കെ തെരുവിലേക്കിറക്കപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികള്‍.

ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് നിരാലംബരായി കുഞ്ഞുങ്ങളോടും സ്ത്രീകളോടുമൊപ്പം പൊരിവെയിലില്‍ ഒരിറ്റ് ദാഹജലം പോലും ലഭിക്കാതെ നടന്ന് തളര്‍ന്ന് പാതയോരങ്ങളില്‍ മനുഷ്യര്‍ മരിച്ചുവീഴുകയാണ്. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നടന്ന് ലക്ഷ്യമെത്താതെ മരിച്ചുവീണ പെണ്‍കുഞ്ഞ്. രാജ്യമെമ്പാടുമുള്ള രാജവീഥികളിലൂടെയും റയില്‍വേ ട്രാക്കുകളിലൂടെയും അവസാനമില്ലാത്ത മഹാപ്രസ്ഥാനത്തിനിറങ്ങി തിരിച്ചവര്‍. മഹാരാഷ്ട്രയില്‍ നിന്നും കാല്‍നടയായി റയില്‍വേ ട്രാക്കിലൂടെ നടന്ന് തളര്‍ന്ന് രാത്രിയില്‍ റയില്‍പാളത്തില്‍ തന്നെ കിടന്നുറങ്ങിയ സംഘത്തിലെ 17 പേരാണ് ഔറംഗബാദിനടുത്ത് ചരക്കു തീവണ്ടി കയറി മരിച്ചത്. രാജ്യത്തെ എല്ലാ രാജപാതകളിലൂടെയും സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ നാട്ടിലെ പൗരന്മാര്‍തന്നെയാണ്. കാര്‍ഷിക വൃ‍ത്തികൊണ്ട് ജീവിക്കുവാന്‍ കഴിയാതെ വന്ന് നഗരങ്ങളിലേക്ക് കുടിയേറിയ ഗ്രാമീണര്‍.

യാതൊരു സുരക്ഷിതത്വവുമില്ലാതെ ജോലികളിലേര്‍പ്പെട്ട് ഒരു നേരത്തെ ആഹാരത്തിനു വക കണ്ടെത്തുവാന്‍ അദ്ധ്വാനിക്കുന്നവര്‍. ശതകോടീശ്വരന്മാരുടെ ലക്ഷക്കണക്കിന് കോടിയുടെ ബാധ്യതകള്‍ എഴുതിത്തള്ളുമ്പോഴും ഈ പാവങ്ങള്‍ക്ക് സ്വന്തം ഗ്രാമങ്ങളിലെത്താന്‍ ഒരു തീവണ്ടി പോലും സൗജന്യവുമായി അയയ്ക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ഭയവുമുണ്ടായില്ല. ഇപ്പോള്‍ വിരളമായ തീവണ്ടികളില്‍ കൂടുതല്‍ തുക ഈടാക്കിയാണ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഈ കുടിയേറ്റ തൊഴിലാളികളില്‍ മിക്കവര്‍ക്കും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത അവസ്ഥയിലാണ് അവരില്‍ നിന്നും കൂടിയ യാത്രാക്കൂലി ഈടാക്കുന്നത്. യാത്രാക്കൂലി കൊടുക്കാനില്ലാത്തവര്‍ രാജപാതകളിലൂടെയും റയില്‍പാളങ്ങളിലൂടെ അകലെ എവിടെയോ ഉള്ള ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയുള്ള അവരുടെ യാത്ര തുടരും. വഴിവക്കില്‍ ജീവിതം അവസാനിക്കുന്നതുവരെ. 151 കോടി രൂപ പി എം കെയേഴ്സ് എന്ന ഫണ്ടിലേക്ക് റയില്‍വേയില്‍ നിന്നും വാങ്ങിയതില്‍ ഒരു ചെറിയ അംശം കൊണ്ട് ഈ തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലെത്തിക്കാം.

പക്ഷെ ബധിര കര്‍ണ്ണങ്ങളില്‍ വീഴുന്ന വിലാപം ആരു കേള്‍ക്കാന്‍? രാജ്യം കോവിഡിന്റെ പിടിയില്‍ അമരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ തൊഴില്‍ നിയമങ്ങള്‍ തന്നെ റദ്ദാക്കുകയാണ് ഫാക്ടറികളിലും വ്യാപാര വ്യവസായ മേഖലകളിലും തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും ഇതുപോലെ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുവാന്‍ പോവുന്നു. മഹാമാരിപോലും മറയാക്കി ശതകോടീശ്വരന്മാര്‍ക്ക് ഒത്താശ ചെയ്യുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. 1930 കളിലെ മാന്ദ്യകാലത്തെ അമേരിക്കയിലെ കര്‍ഷകരുടെ പലായനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ന് നമ്മുടെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ മഹായാനവും കോര്‍പ്പറേറ്റ് കമ്പനികളുടെ കടന്നുകയറ്റവും. ഇന്ത്യയില്‍ ഇന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കായി സൗജന്യമായി ഒരു തീവണ്ടിയോ ഒരു നേരത്തെ ഭക്ഷണമോ നല്‍കാന്‍ തയ്യാറാവാത്ത, പ്രവാസികളെ തിരിച്ചെത്തിക്കാന്‍ സൗജന്യമായി ഒരു വിമാനമോ അയയ്ക്കാന്‍ കേന്ദ്ര ഭരണകൂടം തയ്യാറായില്ല. അതേസമയം, എസ്ബിഐ അടക്കം നൂറ് ബാങ്കുകളില്‍ നിന്നം 400 കോടിയിലധികം വായ്പയെടുത്ത് ഡല്‍ഹിയിലെ രാംദേവ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഡയറക്ടര്‍മാര്‍ 2016 ല്‍ നാടുവിട്ടശേഷം നാലുവര്‍ഷം കഴിഞ്ഞ് എസ്ബിഐ നല്‍കിയ പരാതിയില്‍ സിബിഐ ഏപ്രില്‍ 28ന് കേസെടുത്തിരിക്കുന്നുവത്രെ.

കോവിഡ് ലോക്ഡൗണ്‍ കാരണം അന്വേഷണം തുടങ്ങിയില്ല എന്ന് പത്രങ്ങള്‍‍ പറയുന്നു. എന്നാല്‍ കോവിഡ് കാലത്ത് ഗര്‍ഭിണിയായ പെണ്‍കുട്ടിയേയും രാജ്യം ആദരിക്കുന്ന ബുദ്ധിജീവികളേയും രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടയ്ക്കാന്‍ ഒരു മടിയുമില്ല താനും. നീരവ് മോഡി മുതല്‍ മല്യ മുതല്‍ ഈ ലേറ്റസ്റ്റ് രാംദേവ് കമ്പനി ഉടമകള്‍ വരെ ഉള്ള കൊള്ളക്കാരിലാരുടെയെങ്കിലും പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടോ? കുടിയേറ്റ തൊഴിലാളികള്‍ പലായനം തുടരുകയാണ്. രാജപാതകളിലൂടെ റയില്‍പാളങ്ങളിലൂടെ അവരില്‍ കുറച്ചുപേരെങ്കിലും ഈ നടത്ത പൂര്‍ത്തിയാക്കി ഗ്രാമങ്ങളിലെത്തിയേക്കാം ഈ മഹായാനത്തിന്റെ ദുരിതത്തിന്റെ കഥകള്‍ വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.