May 28, 2023 Sunday

അധര്‍മ്മങ്ങളുടെ ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുമ്പോള്‍

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
May 1, 2020 5:45 am

‘വിനാശകാലേ, വിപരീത ബുദ്ധി’ എന്നാണല്ലോ പണ്ഡിത വചനം. അത് എത്രമേല്‍ ശരിയാണെന്ന് ആസുരമായ വര്‍ത്തമാനകാലവും ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. ചില പ്രതിപക്ഷ പാര്‍ട്ടികളും അധ്യാപക‑ജീവനക്കാരുടെ സംഘടനകളും അപൂര്‍വം ചില മാധ്യമ പ്രവര്‍ത്തകരും വിനാശകാലത്തും അസുരവിത്തുകള്‍ വിതച്ചുകൊയ്യുവാന്‍ വിഫലശ്രമം നടത്തുകയാണ്. കോവിഡ് 19 കാരണം അനിവാര്യമായി തീര്‍ന്ന ലോക്ഡൗണ്‍ സന്താപ‑വൈഷമ്യങ്ങള്‍ പകരുന്നതിനൊപ്പം ചില ഗുണങ്ങളും സമ്മാനിച്ചിട്ടുണ്ട്. അതിലൊന്ന് അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ശരീര‑പരിസര ശുചിത്വമില്ലായ്മകളും ഗണ്യമായ തോതില്‍ കുറഞ്ഞുവെന്നതാണ്.

യുഡിഎഫ്-ബിജെപി നേതാക്കളുടെയും ചില മാധ്യമ പ്രവര്‍ത്തകരായ ‘കെങ്കേമന്‍‘മാരുടെയും സാമൂഹ്യ പ്രതിജ്ഞാബദ്ധതയില്ലാത്ത അധ്യാപക‑ജീവനക്കാരുടെ സംഘടനകളുടെയും നിത്യേനയുള്ള നെറികെട്ട പ്രവൃത്തികളും വ്യഥാ അധരവ്യായാമങ്ങളും കാണുമ്പോള്‍ ഇവരുടെ നാവുകള്‍ക്കുകൂടി ലോക്ഡൗണ്‍ ബാധകമായിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ വെറുതെയെങ്കിലും മോഹിച്ചുപോകുന്നു. കൊറോണയെന്ന മഹാവ്യാധിയെ പ്രതിരോധിക്കുന്നതില്‍ രാജ്യത്തിനും ലോകത്തിനും മാതൃകയായി നാനാഭാഗങ്ങളില്‍ നിന്ന് പ്രശംസകള്‍ ചൊരിയപ്പെടുമ്പോള്‍ അസ്വസ്ഥരും വിഷണ്ണരുമാണ് ഇക്കൂട്ടര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചാല്‍ ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ എന്ന അസുഖമാണെന്ന് പ്രതിപക്ഷ നേതാവടക്കമുള്ള യുഡിഎഫുകാരും ബിജെപി സംസ്ഥാന അധ്യക്ഷനടക്കമുള്ളവരും രോഗനിര്‍ണ്ണയം നടത്തും. മലയാളികള്‍ സാകൂതം വീക്ഷിക്കുന്ന പത്രസമ്മേളനം അവര്‍ക്ക് വാചകമേളകള്‍ മാത്രമാണ്.

ഇതൊക്കെ ജനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്ന് തിരിച്ചറിയാനാകാത്ത സ്ഥല ജലവിഭ്രാന്തി പിടിപെട്ട പ്രതിപക്ഷം നിത്യേന സ്ഥാനമാനങ്ങളുടെ വലുപ്പചെറുപ്പ ഭേദമില്ലാതെ പത്രസമ്മേളനങ്ങള്‍ സംഘടിപ്പിച്ച്, യുക്തിഹീനവും സത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തി അപഹാസ്യരായിക്കൊണ്ടിരിക്കുന്നു. ആര്‍ക്കാണ് ‘മീഡിയാ മാനിയ’ എന്ന രോഗം പിടിപെട്ടിരിക്കുന്നതെന്നും ആരുടേതാണ് വാചകമേളകള്‍ എന്നും ദിവസം മൂന്നും നാലും തവണ പത്രക്കാരെ കണ്ട് വിഡ്ഢിത്തങ്ങള്‍ എഴുന്നെള്ളിക്കുന്നവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഒരു പത്രസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു; കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി പ്രതിപക്ഷം ഇനി സഹകരിക്കില്ലെന്ന്. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ ഈ ഫലിതം കേട്ട് തലയറഞ്ഞു ചിരിച്ചു. തുടക്കം മുതല്‍തന്നെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാനുള്ള നെറികെട്ട പ്രവൃത്തികളിലായിരുന്നു പ്രതിപക്ഷം. തൃശൂരില്‍ കോവിഡ് രോഗവിമുക്തി ഉണ്ടായ ഘട്ടത്തില്‍ പ്രതിപക്ഷം പറഞ്ഞത്; ഇതു കേരള സര്‍ക്കാരിന്റെ നേട്ടമൊന്നുമല്ല, അന്തരീക്ഷത്തിലെ താപനില കൊണ്ട് കേരളത്തില്‍ ഏത് മാരകവൈറസും മരിച്ചുവീഴുമെന്നാണ്.

വിഡ്ഢിത്തമാണ് എഴുന്നള്ളിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടും വീണിടം വിഷ്ണുലോകമാക്കുവാന്‍ കെ മുരളീധരന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പറയുന്നു ഏതൊക്കെയോ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ പ്രതിപക്ഷത്തിന്റെ കണ്ടുപിടുത്തം സ്ഥിരീകരിച്ചുകഴിഞ്ഞുവെന്ന്. രാജ്യത്ത് ആദ്യം കോവിഡ് പ്രതിരോധത്തിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് കേരളം. എല്ലാവര്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കി. ആറു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹരായവരുടെ കരങ്ങളിലെത്തി. 15 കിലോഗ്രാം മുതല്‍ 35 കിലോ വരെ ഭക്ഷ്യധാന്യം 95 ശതമാനം മനുഷ്യരുടെ കരങ്ങളിലെത്തിച്ചു. ഭക്ഷ്യകിറ്റുകളുടെ വിതരണം മാതൃകാപരമായ നിലയില്‍ പുരോഗമിക്കുന്നു. ഇതിനെയൊന്നും പ്രതിപക്ഷം നല്ല വാക്കുകള്‍കൊണ്ട് പ്രശംസിച്ചില്ലെങ്കിലും പിന്തുണച്ചില്ലെങ്കിലും തരക്കേടില്ല. നാടാകെ ഒന്നായി നില്‍ക്കേണ്ട ഘട്ടത്തില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നവര്‍ ബോധപൂര്‍വം അസത്യ പ്രചാരണങ്ങളുടെ ഭാണ്ഡക്കെട്ട് അഴിക്കുകയും ദുര്‍ഗന്ധം പരത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറയുന്നു; കോവിഡ് 19 പ്രതിരോധത്തില്‍ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ആരോഗ്യവകുപ്പ് സെക്രട്ടറിയും കേരളത്തെ ഇക്കാര്യത്തില്‍ പ്രശംസിക്കുന്നു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അതിശയകരമെന്ന് പ്രാദേശിക‑ദേശീയ – അന്തര്‍ദേശീയ മാധ്യമങ്ങളോട് വസ്തുതകള്‍ നിരത്തി വിവരിക്കുന്നു. കോണ്‍ഗ്രസിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍, കേരളത്തില്‍ മന്ത്രിയും മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമായിരുന്ന കെ ശങ്കരനാരായണന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുകയും നല്‍കാത്തവര്‍ നാടിനൊപ്പമല്ലെന്നും കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും അതിനൊപ്പം നില്‍ക്കുകയാണ് എല്ലാവരുടെയും കടമയെന്നും പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. ഇതൊന്നും യുഡിഎഫ്-ബിജെപി നേതാക്കളുടെ രാഷ്ട്രീയ തിമിരം കാണാനും കേള്‍ക്കാനും അവരെ അനുവദിക്കുന്നില്ല. കര്‍ണാടക അതിര്‍ത്തിയില്‍ മണ്ണിട്ടു മൂടി പതിമൂന്നിലേറെ മനുഷ്യ ജീവനുകളെ അപഹരിച്ച കാടത്തത്തെ പിന്തുണച്ച കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷനും കേരളം ജാഗ്രത പുലര്‍ത്തുന്നില്ലെന്നും അതിനാല്‍ കോവിഡ് ഇവിടെ പടര്‍ന്നുപിടിക്കുന്നുവെന്നും കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നും അത്ഭുതകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കളഞ്ഞു. ഏത് പമ്പര വിഡ്ഢികളുടെ ലോകത്താണിവര്‍ ജീവിക്കുന്നത്? ആദ്യം കൊറോണ വൈറസ് ബാധിച്ച കേരളത്തില്‍ മരണം മൂന്നു മാത്രം.

ഗുജറാത്തിലും ദില്ലിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമടക്കം വ്യാധി പടര്‍ന്നുപിടിക്കുന്നത് മരണമാരി തിമിര്‍ത്തുപെയ്യുന്നത് ഇവര്‍ കാണുന്നില്ലേ? അത് ജാഗ്രതക്കുറവു കൊണ്ടോ? കേന്ദ്ര മാനദണ്ഡങ്ങള്‍‍ അട്ടിമറിച്ചതുകൊണ്ടോ? രോഗവ്യാപനം ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണെന്ന വസ്തുത പോലും മറന്ന്, കേരളത്തെ ഇകഴ്‌ത്താനുള്ള ദേശവിരുദ്ധ പണിയില്‍ അഹോരാത്രം ഏര്‍പ്പെട്ടിരിക്കുകയാണ് യുഡിഎഫും ബിജെപിയും. കൊടും പ്രളയകാലത്ത് സാമ്പത്തികമായി കേരളത്തെ സഹായിക്കുന്നതില്‍ ചിറ്റമ്മ നയം കാണിച്ച കേന്ദ്രസര്‍ക്കാര്‍ ഈ ദുരിതകാലത്തും ‘നക്കാപ്പിച്ച’ മാത്രം നല്‍കി കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. പ്രളയകാലത്ത് പ്രധാനമന്ത്രിക്കൊപ്പം ദുരിത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രതിപക്ഷ നേതാവിനെയും സര്‍ക്കാര്‍ കൂട്ടിയിരുന്നുവെന്നത് സഹകരിപ്പിക്കുന്നില്ലെന്നു പറയുന്ന ചെന്നിത്തല സൗകര്യപൂര്‍വം വിസ്മരിക്കുന്നു.

കേന്ദ്രം ഫണ്ടു തരാതിരുന്നപ്പോള്‍ ഒരു പ്രതിഷേധസ്വരവും ഉയര്‍ത്താതിരുന്ന പ്രതിപക്ഷം അന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കാതെ സ്വന്തം നിലയില്‍ ദുരിതബാധിതര്‍ക്ക് വീടുവച്ചു നല്‍കുമെന്ന് പറഞ്ഞ് പണം പിരിക്കുന്ന തിരക്കിലായിരുന്നു. ഈ കൊടിയ സാമ്പത്തിക പ്രതിസന്ധിയുടെ കെണിയില്‍പ്പെട്ട് രാജ്യം നട്ടംതിരിയുമ്പോള്‍ മോഡി സര്‍ക്കാര്‍ വന്‍ തുക വായ്പയെടുത്ത് രാജ്യംവിട്ട വമ്പന്‍ കുത്തുക മുതലാളിമാരുള്‍പ്പെടെയുള്ളവരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയിരിക്കുന്നു. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ഉടമ ചോക്സിയുടെ 5,492 കോടി രൂപ, ആര്‍ഇഐ ആഗ്രോ ലിമിറ്റഡിന്റെ 4,314 കോടി, ബാബാരാംദേവിന്റെ 2,212 കോടി, വിജയ്‌മല്യയുടെ ആയിരത്തില്‍പരം കോടി കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളി. കേരളത്തിലെ കോണ്‍ഗ്രസുകാര്‍, യുഡിഎഫിലെ ഇതര കക്ഷികള്‍, ബിജെപി അര്‍ഹിക്കുന്ന ധനസഹായം കേരളത്തിന് നല്‍കണമെന്ന് ഒരക്ഷരം ഉരിയാടുന്നതേയില്ല. മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന മനോഭാവമാണിവര്‍ക്ക്. ‘കുഞ്ഞിനെ യക്ഷയ സൂര്യന്റെ മുമ്പില്‍ കണ്ണു തുറക്കാനയയ്ക്കേണം കണ്‍മണിയക്ഷര ജ്ഞാനപ്പടവുകള്‍ മെല്ലെച്ചവിട്ടിക്കയറേണം എല്ലാമറിഞ്ഞു മനുഷ്യനായ് ഭൂമിയില്‍ നല്ലവനായ് വളരേണം’ എന്നു മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിലേക്ക് പറഞ്ഞയക്കുന്നത്.

ഗുരുവാണ് ആ കുഞ്ഞുങ്ങളെ ജ്ഞാനപ്പടവുകള്‍ പിടിച്ചുകയറ്റി നല്ല മനുഷ്യരായ് വളര്‍ത്തേണ്ടത്. മാതാ, പിതാ, ഗുരു, ദൈവം എന്നാണ് നാം ഉരുവിട്ട് പഠിച്ചത്. ഇന്ന് അധ്യാപകരിലെ ഒരു ചെറു ന്യൂനപക്ഷം അജ്ഞാനത്തിന്റെ ഇരുട്ടു പടര്‍ത്തുവാന്‍ തീ കൊടുക്കുന്നത് കുട്ടികള്‍ കാണുന്നു. പിഞ്ചു പൈതങ്ങള്‍ വിഷുക്കൈനീട്ടവും ഭിന്നശേഷി ആനുകൂല്യവും സ്കോളര്‍ഷിപ്പ് തുകയും നാടിനായി സമര്‍പ്പിക്കുമ്പോഴാണ് ആറു ദിവസത്തെ ശമ്പളം പോലും (അതും തിരിച്ചു കിട്ടുന്നത്) നല്‍കാനാവില്ലെന്ന ധാര്‍ഷ്ട്യത്തോടെ പട്ടുസാരിയുടുത്തും സില്‍ക്ക് ഉടുപ്പിട്ടും ഉത്തരവിന് അഗ്നി കൊടുത്ത് ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിച്ച് ‘മഹാന്മാരും മഹതി‘കളുമാവുന്നത്. വിദ്യാഭ്യാസ സംരക്ഷണത്തിനും വര്‍ഗീയവല്ക്കരണത്തിനുമെതിരെ എഐഎസ്എഫ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥിനീ കലാജാഥയ്ക്കായി കവി പി കെ ഗോപി രചിച്ച സംഗീത ശില്പത്തിലെ വരികളാണ് മേലുദ്ധരിച്ച കവിതാശകലം. അതിന്റെ തുടര്‍ച്ചയെന്നവണ്ണം അദ്ദേഹം ഈ വരികള്‍കൂടി കുറിച്ചു; ‘പട്ടിണിയായ മനുഷ്യ വന്നീ പുസ്തകം കയ്യിലെടുത്തോളൂ (ഇത് പഴയ കവിത) പട്ടിണിയായ മനുഷ്യാ നീയീ പുസ്തകം ചുട്ടുകഴിച്ചോളൂ’ (ഇത് പുതിയ കവിത) പുസ്തകം ചുട്ടുകഴിക്കാനും പട്ടിണി മാറ്റാനും ദുരിതക്കയത്തില്‍ പെട്ടുപോയവരോട് പറയാതെ പറയുന്നവര്‍ ആ പട്ടിണിപ്പാവങ്ങളുടെ നികുതിപ്പണംകൊണ്ട് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ കൊണ്ടെടുത്ത ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചാണ് തിമിര്‍ക്കുന്നത്. ഇവരെങ്ങനെ കുട്ടികള്‍ക്ക് മാതൃകയാവും? പ്രളയകാലത്ത് സാലറി ചലഞ്ചിനെതിരെ കോടതിയില്‍ പോയവര്‍ ഇപ്പോഴും കോടതി കയറി. സ്റ്റേ കിട്ടിയപ്പോള്‍ പടക്കംപൊട്ടിച്ചാനന്ദിച്ചവരുമുണ്ടത്രേ.

ഇക്കാര്യത്തിലും യുഡിഎഫ്-ബിജെപി വിഭിന്നതയില്ല. അവരെ മുക്തകണ്ഠം പ്രശംസിക്കുകയാണ് നേര്‍വഴി നടത്തേണ്ടവര്‍പോലും ചെയ്യുന്നത്. ചില മാധ്യമങ്ങളും ഇത്തരക്കാര്‍ക്കൊപ്പം ഉണ്ടെന്നതാണ് ഏറ്റവും ദുഃഖകരം. രോഗബാധയുണ്ടായ വയോവൃദ്ധരും പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം അത്ഭുതകരമായ നിലയില്‍ ഇവിടെ രോഗവിമുക്തി നേടി നമ്മുടെ ജാഗ്രതയുടെയും കരുതലിന്റെയും പരിചരണത്തിന്റെയും പ്രതിഫലനം എന്തെന്ന് തെളിയിച്ചു. കോവിഡ് ബാധ പ്രത്യക്ഷപ്പെട്ട ആദ്യഘട്ടങ്ങളില്‍ തന്നെ ഒന്നേമുക്കാല്‍ ലക്ഷം മനുഷ്യര്‍ നിരീക്ഷണവിധേയരായ സംസ്ഥാനമാണിത്. അത് ഇപ്പോള്‍ ഇരുപതിനായിരത്തില്‍ എത്തി. രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനത്തില്‍, രോഗവിമുക്തിയില്‍ കേരളം മാതൃകയായി നില്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ദുരുപദിഷ്ട ആരോപണങ്ങള്‍ക്ക് ചില മാധ്യമ പ്രവര്‍ത്തകര്‍ വിശറി വീശുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിനും നാടിനുമൊപ്പം നില്‍ക്കുമ്പോഴാണ് ഒറ്റപ്പെട്ടനിലയില്‍ ചിലര്‍ ജുഗുപ്‌സാവഹമായ കൃത്യത്തില്‍ ഏര്‍പ്പെടുന്നത്.

റേറ്റിംഗില്‍ ഒന്നാംസ്ഥാനം പിടിക്കുവാനും രോഗികളെ മറന്നും രാഷ്ട്രീയം കളിക്കുവാനും ഇറങ്ങി പുറപ്പെടുന്നവര്‍ അന്യ സംസ്ഥാനങ്ങളില്‍ ആശുപത്രി പ്രവേശനം പോലും നിഷേധിക്കപ്പെടുന്ന, ആശുപത്രി വരാന്തകളില്‍ പോലും പ്രവേശനമില്ലാത്ത, വമ്പന്‍ നഗരങ്ങളില്‍ താല്ക്കാലിക ഷെഡ്ഡുകളില്‍ കഴിയേണ്ടിവരുന്ന, ക്വാറന്റൈനില്‍ പോകാന്‍ പോലും സൗകര്യമില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരെ, കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ കിട്ടാതെ മരിച്ചുവീഴുന്ന വൃക്കരോഗികള്‍ ഉള്‍പ്പെടെയുള്ളവരെ കാണുന്നില്ലേ.…? ഇവിടെ കപട ധാര്‍മ്മികതയുടെയും മനുഷ്യത്വത്തിന്റെയും നടിക്കുന്ന ജാഗ്രതാ കെട്ടുകാഴ്ചകളുടെയും ആടയാഭരണങ്ങളാണ്. സത്യമറിയുന്ന ജനങ്ങള്‍ അവരുടെ മുഖംമൂടികള്‍ പിച്ചിച്ചീന്തിയെറിയുന്നത് കാലം കാട്ടിത്തരും.

ENGLISH SUMMARY: When the gar­ments of law­less­ness are stripped away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.