October 1, 2022 Saturday

ആക്രിക്കടയിലും വാഴത്തോപ്പിലും വിളയുന്ന നവീന കോണ്‍ഗ്രസ് വസന്തം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
April 16, 2021 3:00 am

‘കൂത്തിന്റെ വിധമെല്ലാം കുഴിയാനയ്ക്കറിയാമോ?’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമെല്ലാം വെവ്വേറെയും സംയുക്തമായും കൂത്ത് സംഘടിപ്പിക്കുന്നുണ്ട്. പക്ഷേ, കൂത്തിന്റെ വിധമൊന്നുമറിയാത്ത കുഴിയാനകളാണ് തങ്ങള്‍ എന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നതില്‍ മത്സരിക്കുകയാണ് മൂവരും. ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് വമ്പന്‍ വീമ്പുപറയുകയാണ് മൂവരും.

പക്ഷേ, മുസ്‌ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് ആ വീമ്പുപറച്ചിലിനോട് തെല്ലും വിശ്വസ്തതയും വ്യക്തതയുമില്ല. മുഖ്യമന്ത്രിയാവാന്‍ തന്നെ കനത്ത പോരിലാണ് ചാണ്ടിയും ചെന്നിത്തലയും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കനകസിംഹാസനം മോഹിക്കുന്നുവെങ്കിലും മാരത്തോണ്‍ ഓട്ടത്തില്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഏറെ പിന്നിലാണ്.
‘ഇരുമ്പുകട്ടിയെ തട്ടിമറിക്കാമെന്നു മോഹിച്ചാല്‍
ഉറുമ്പിന്‍ കൂട്ടത്തിനുണ്ടോ തരിമ്പും സാധ്യമാകുന്നൂ?’
ഇതാണ് അവസ്ഥാവിശേഷം. ഉറുമ്പിന്‍ കൂട്ടമായ യുഡിഎഫിന് എല്‍ഡിഎഫിന്റെ ഇരുമ്പുകട്ടിയെ തകര്‍ക്കാമെന്നത് വിഫലസ്വപ്നവും കേവല വ്യാമോഹവുമാണെന്ന് കേരളീയ ജനതയ്ക്ക് സുനിശ്ചിതമാണ്. പക്ഷേ, പകുതി ആര്‍എസ്എസ് ആയ രമേശ് ചെന്നിത്തല ബിജെപിയുള്‍പ്പെടുന്ന സംഘപരിവാര ശക്തികളുമായി കൈകോര്‍ത്തുകഴിഞ്ഞു. വേളിയും സംബന്ധവും ഉണ്ടല്ലോ! വേളിക്കു പകരം സംബന്ധം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

35 സീറ്റുകളില്‍ വിജയിച്ചാല്‍ മതി ബിജെപി കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളുടെ അന്തര്‍ധാരകള്‍ സുവ്യക്തമാണ്. ഗോവയിലും മണിപ്പൂരിലും അരുണാചല്‍പ്രദേശിലും മധ്യപ്രദേശിലും പുതുച്ചേരിയിലും ഫലവത്താകാതെ പോയ രാജസ്ഥാനിലും കണ്ട കോണ്‍ഗ്രസ്-ബിജെപി കൂടുമാറ്റം കേരള നിയമസഭയിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടിയും സംഘപരിവാര കുടുംബവും പ്രത്യാശിക്കുന്നുണ്ട്.

നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ബിജെപി-എല്‍ഡിഎഫ് കൂട്ടായ്മ എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രസ്താവന തന്നെ ശ്രദ്ധേയമാണ്. തിരുവനന്തപുരം മണ്ഡലത്തെ സംബന്ധിച്ചും എല്‍ഡിഎഫ്-ബിജെപി സഖ്യം അദ്ദേഹം ആരോപിച്ചു. നേമം മണ്ഡലത്തില്‍ 2016 ലെ തെരഞ്ഞെടുപ്പിലും തൊട്ടുമുമ്പുള്ള 2011 ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിന് കിട്ടിയ വോട്ടുവിഹിതം പരിശോധിച്ചാല്‍ കെ മുരളീധരന് മനസിലാകും യുഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന്റെ രാഷ്ട്രീയം. ബിജെപി എംഎല്‍എയായിരുന്ന ഒ രാജഗോപാല്‍ തന്നെ തുറന്നടിച്ചത് താന്‍ ജയിച്ചത് ബിജെപി വോട്ടുകള്‍ കൊണ്ടല്ലായെന്നാണ്. കുമ്മനം രാജശേഖരനെ ഒപ്പമിരുത്തി മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത് തനിക്ക് കിട്ടിയ വോട്ട് കുമ്മനം രാജശേഖരന് കിട്ടാന്‍ പോകുന്നില്ലെന്നും കുമ്മനം തന്റെ പിന്‍ഗാമിയല്ലെന്നുമാണ്.

ബിജെപിയുടെ കാവികൊടിക്കു കീഴില്‍ ത്രിവര്‍ണ പതാക പാറിക്കുവാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേറ്റ പ്രഹരമാണ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ദര്‍ശിച്ചത്. ഒരു ബൂത്തില്‍ മാത്രം അമ്പത് കിലോ പോസ്റ്റര്‍, അതാകെ ആക്രിക്കടയില്‍ വില്പനയ്ക്ക് നല്കുന്നു. അഞ്ഞൂറ് രൂപ പ്രതിഫലം വാങ്ങുന്നു. അഞ്ഞൂറെങ്കില്‍ അതായാലും മതി എന്നായിരിക്കുന്നു കോണ്‍ഗ്രസ്. വാഴത്തോപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പ്രളയവര്‍ഷം. രാസവളമോ ജൈവവളമോ വേണ്ട ഇന്ന് വാഴത്തോപ്പുകളില്‍. പോസ്റ്റര്‍ വളം കൊണ്ട് സമ്പുഷ്ടമാക്കുകയാണ് കോണ്‍ഗ്രസ് വാഴത്തോപ്പുകളെ.

വീണ വി നായര്‍ എന്ന വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിലെന്നതുപോലെ ടേംസ് ഓഫ് റഫറന്‍സും നിശ്ചയിച്ചു നല്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ വട്ടിയൂര്‍ക്കാവിലെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തി. അന്നും നേതൃത്വം സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് അദ്ദേഹം മൊഴിഞ്ഞത്. വീണ വി നായരുടെ പരാതിയെ തുടര്‍ന്ന് താന്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നു മനസിലാക്കിയെന്നും അതിനാലാണ് അന്വേഷണ കമ്മിഷനെ താന്‍ സ്വയം നിയോഗിച്ചതെന്നും പതിവ് അച്ചടിഭാഷയില്‍ മുല്ലപ്പള്ളി മൊഴിഞ്ഞു. പണ്ടേക്കു പണ്ടേ കെപിസിസി തെരഞ്ഞെടുപ്പ് പാരവയ്പ്പുകളെ കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിച്ച വക്കം പുരുഷോത്തമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ദിരാഭവന്റെ അടുക്കള വരാന്തയില്‍ ചിതലരിച്ചുകിടക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയുന്നുണ്ടോ ആവോ!. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും നേമത്തും എല്‍ഡിഎഫ്-ബിജെപി ധാരണയെന്നു പറയുന്ന കെ മുരളീധരന്റെ പ്രസ്താവനയും വട്ടിയൂര്‍ക്കാവിലെ പോസ്റ്റര്‍ വില്പനയും വാഴത്തോപ്പില്‍ വലിച്ചെറിയലും മുല്ലപ്പള്ളിയുടെ കമ്മിഷനും തമ്മില്‍ പൊരുത്തപ്പെടുന്നതെങ്ങനെ?
കോണ്‍ഗ്രസില്‍ സമഗ്രമായ പുനഃസംഘടന വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെടുന്നു. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റതിനെ കുറിച്ചും അദ്ദേഹം അതിക്രോശം ഉതിര്‍ക്കുന്നു. തൊട്ടുപിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസില്‍ പുനഃസംഘടന സാധ്യമല്ലെന്നും ദേശീയതലത്തിലെ പുനഃസംഘടനയുണ്ടായാലേ കേരളത്തിലും പുനഃസംഘടന ഉണ്ടാവൂവെന്നും വിളിച്ചുകൂവുന്നു. കെപിസിസി അധ്യക്ഷനാവുന്നതിന് മുമ്പ് എഐസിസി നിയോഗിച്ച പുനഃസംഘടന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നത് ഫലിതങ്ങളില്‍ ഫലിതമായി അവശേഷിക്കുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരന്‍ കൈയ്യടക്കിയാലോ എന്ന് ഭയന്ന്, നിയമസഭയില്‍ പരാജയപ്പെട്ടാലും മത്സരിക്കണമെന്ന് കാമിച്ചിരുന്ന മുല്ലപ്പള്ളി, ആ മോഹത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നിട്ടും കെ സുധാകരന്‍ നേതൃമാറ്റം പരസ്യമായി ഉന്നയിക്കുന്നതിന്റെ അങ്കലാപ്പിലാണ് പാവം പാവമാം മുല്ലപ്പള്ളി.
കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയതുപോലെ,
“വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്നപോലെ
മേളമേറും പ്രഭുക്കന്മാരെന്ന ഭാവം ചിലര്‍ക്കുണ്ട്”
ഇതാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.