ദേവിക

വാതിൽപ്പഴുതിലൂടെ

February 22, 2021, 4:59 am

കാഥികന്‍ സാംബശിവനും മുഖ്യമന്ത്രി ശ്രീധരനും

Janayugom Online

ലയാള കഥാപ്രസംഗ ചക്രവര്‍ത്തിയായിരുന്നു വി സാംബശിവന്‍. അദ്ദേഹത്തിന്റെ അയിഷ, അനീസ്യ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ നാവേല്‍പ്പാട്ടായി. കെപിഎസി നാടകസമിതി മലയാളി മനസിനെ കമ്മ്യൂണിസത്തോട് ചേര്‍ത്തുവയ്ക്കാന്‍ നടത്തിയ ആവേശകരമായ ദൗത്യത്തിനു സമാനമായി വിശ്വസാഹിത്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹം നല്കിയ സംഭാവനകളും ഓര്‍മ്മയില്‍ തങ്ങുന്നവ. ബംഗാളി സാഹിത്യ ഇതിഹാസം ബിമല്‍ മിത്രയുടെ വിലയ്ക്കുവാങ്ങാം, റഷ്യന്‍ സാഹിത്യനായകനായ ദൊസ്കോയേവ്‍സ്കിയുടെ കാരമസോവ് സഹോദരന്മാര്‍ എന്നിവയും കഥാപ്രസംഗങ്ങളായി അവതരിപ്പിച്ച് വിശ്വസാഹിത്യത്തിലേക്ക് മലയാളികളെ കൈപിടിച്ചു നടത്തി സാംബശിവന്‍. അദ്ദേഹം വിടചൊല്ലിയപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ പതിനായിരങ്ങള്‍ സാംബശിവന്റെ വിസ്മയകരമായ ജനപ്രീതിയുടെ വിളംബരമായി. എന്നാല്‍ അദ്ദേഹത്തിന് രണ്ട് അബദ്ധങ്ങളേ പറ്റിയിട്ടുള്ളൂ. കഥാപ്രസംഗ ജീവിതത്തില്‍ കത്തിനിന്ന കാലത്ത് ഒരിക്കല്‍ അദ്ദേഹം കരുനാഗപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. എട്ടുനിലയില്‍ പൊട്ടിച്ചത് ആര്‍എസ്‍പിയുടെ ഈറ്റ­പ്പുലി നേതാവ് ബേബിജോണ്‍. രാഷ്ട്രീയം വേറേ കല വേറേ എന്ന് ജനം വിധിയെഴുതി. പക്ഷേ ‘മോഹങ്ങള്‍ അവസാനനിമിഷം വരെ’­യെന്നല്ലേ പണ്ട് വയലാര്‍ എഴുതിയത്. അവസാന കാലത്തോട് അടുക്കാറായപ്പോള്‍ അദ്ദേഹത്തിന് ഒരു മോഹം. ഒരു സിനിമയില്‍ നായകനായി അഭിനയിക്കണം. ആസ്വാദകര്‍ മുറവിളികൂട്ടി. കാറല്‍ മാര്‍ക്സിനേയും ഒഥല്ലോയേയും വ്യാസനേയും തിരുനെല്ലൂരിന്റെ റാണിയേയും കുമാരനാശാനേയും അന്നാകരിനീനയേയും കഥാപ്രസംഗ ലോകത്തെത്തിച്ച സാംബൻ ഈയാംപാറ്റപോലെ സിനിമാതീക്കുണ്ഠത്തിലേക്ക് ചാടരുതേയെന്ന്. ഒന്നും ചെവിക്കൊള്ളാതെ അദ്ദേഹം ‘പല്ലാങ്കുഴി’ എന്ന സിനിമ നിര്‍മ്മിച്ചു, നായകവേഷമിട്ടു. എന്തു ചെയ്യാന്‍ സിനിമ പതിനെട്ടു നിലയില്‍ പൊട്ടി. ഏറെ വൈകാതെ അദ്ദേഹം നമ്മോട് വിട ചൊല്ലുകയും ചെയ്തു.

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നെന്നു കേട്ടപ്പോഴാണ് അനശ്വരനായ സാംബശിവനുണ്ടായ അബദ്ധങ്ങളും സുബദ്ധങ്ങളും ഓര്‍ത്തുപോയത്. കടലിലൂടെ രാമേശ്വരത്തേക്കുള്ള വിശ്വപ്രസിദ്ധമായ പാമ്പന്‍ പാലത്തിന്റെ ശില്പി, ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ, പാലാരിവട്ടം പാലം തുടങ്ങി നിരവധി പദ്ധതികളുടെ ആസൂത്രകനും നടത്തിപ്പുകാരനും രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ച വ്യക്തിത്വം. ആകെയൊരു നായക പരിവേഷം. സാംബശിവനെപ്പോലെ തന്നെ ആരാധകസഹസ്രങ്ങളും ശ്രീധരനു സ്വന്തം. എന്തു ചെയ്യാന്‍ സാംബശിവനെപ്പോലെ തന്നെ തന്റെ എണ്‍പത്തെട്ടാം വയസില്‍, ജീവിതത്തിന്റെ സന്ധ്യാവേളയില്‍ അദ്ദേഹം അബദ്ധത്തിന്റെ കരകയറാനാവാത്ത പടുകഴിയിലേക്ക് എടുത്തു ചാടിയിരിക്കുന്നു. ബിജെപിയില്‍ ചേര്‍ന്ന് മഹത്വം വര്‍ധിപ്പിക്കാനുള്ള പാഴ്‍വേല. ബിജെപി സ്ഥാനാര്‍ത്ഥിയായി താന്‍ പറയുന്ന സീറ്റില്‍ മത്സരിപ്പിച്ചാല്‍ മാത്രംപോര. മുഖ്യമന്ത്രിയുമാക്കണം. എന്തൊരു സോഷ്യല്‍ എന്‍ജിനീയറിംഗ് വൈഭവം. സ്വപ്നങ്ങള്‍ക്ക് നികുതിയില്ലല്ലോ. സ്വപ്നലോകത്തിലെ വൃദ്ധശ്രീധരന് സ്വപ്നം കാണാന്‍ ഭരണഘടനാ ദത്തമായ അവകാശവുമുണ്ട്. ഇതിനിടെ ചില പിന്നാമ്പുറ കഥകളും പുറത്തുവരുന്നു. സ്വന്തം മരുമകനു വേണ്ടിയുള്ള മെട്രോമാന്റെ രക്തസാക്ഷിത്വമാണത്രേ ഇപ്പോഴത്തെ ബിജെപി പ്രവേശനം. ഇ ശ്രീധരന്റെ മരുമകന്റെ ബിഗ്ബാസ്ക്കറ്റ് എന്ന കമ്പനിയുടെ 9,500 കോടിയുടെ ഓഹരികള്‍ ടാറ്റയ്ക്കു വില്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഈ ഇടപാട് സിബിഐയോ ഇഡിയോ അന്വേഷിക്കുമെന്ന വാര്‍ത്തകളുമുണ്ട്. ബിജെപിയില്‍ ചേര്‍ന്നാ­ല്‍ ഓഹരിക്കച്ചവടം ശുഭമാകും. പാലാരിവട്ടം പാലത്തില്‍ നിന്ന് ബിജെപിയിലേക്ക് ഒരു പാമ്പന്‍ പാലം. എല്ലാം ശുഭം. ബുദ്ധിയില്ലാത്തതുകൊണ്ടല്ലേ മനുഷ്യന്‍ പെട്ടെന്നു ചത്തുപോകുന്നത്.

ബുദ്ധിമോശം, ഓര്‍മ്മക്കുറവ്, മറവിരോഗം എന്നീ പ്രയോഗങ്ങള്‍ നിന്നുപിഴയ്ക്കാനുള്ള അടവുകളെന്ന് ഭൂവന പ്രസിദ്ധനായ ഒരു മലയാളി സംവിധായകന്‍ നമുക്ക് ക്ലാസെടുക്കുന്നു. ജനിച്ചപ്പോള്‍ തന്നെ കയ്യില്‍ ചെങ്കൊടിയേന്തിയിരുന്ന സംവിധായക പ്രതിഭ ഷാജി എന്‍ കരുണിന് ഓര്‍മ്മക്കുറവാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറയുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഷാജിയെ ക്ഷണിച്ചുവെന്നാണ് തന്റെ ഓര്‍മ്മയെന്ന് കമല്‍. ക്ഷണിച്ചിട്ടില്ലെന്ന് ഷാജി. ഷാജിക്ക് മറവിരോഗമെന്ന് കമല്‍. മര്യാദക്കാരനായതിനാല്‍ ഓര്‍മ്മക്കുറവുകൊണ്ട് ഷാജി, കമലിനെ തിരിച്ച് ആക്രമിച്ചില്ല. ദേശീയ അവാര്‍ഡ് ജേതാവായ സലിം കുമാറിനെ മേളയ്ക്ക് ക്ഷണിക്കാത്തത് അദ്ദേഹത്തിന് 51 വയസായതുകൊണ്ടെന്ന് 59 കാരനായ മേള നടത്തിപ്പുകാരന്‍ ഷിബു ചക്രവര്‍ത്തി. മറ്റൊരു ദേശീയ പുരസ്കാര ജേതാവ് താമസിക്കുന്നത് മേള നടന്ന കൊച്ചിയില്‍. അദ്ദേഹത്തെ ക്ഷണിക്കാത്തത് ആ ജേതാവ് തലശ്ശേരിയിലോ മറ്റേതോ അന്യഗ്രഹത്തിലോ താമസിക്കുന്നത് കൊണ്ടാണെന്ന് കമല്‍. വിശദീകരിച്ച് വിശദീകരിച്ച് ഓര്‍മ്മക്കുറവില്‍ ഊഞ്ഞാലു കെട്ടിയാടുകയാണ്.

അമ്മയെ തല്ലാറുണ്ടോ എന്നു ചോദിച്ചാല്‍ ആരെങ്കിലും ഉണ്ട് എന്നു പറയാറുണ്ടോ! തെരഞ്ഞെടുപ്പ് അടുത്തതോടെ നമ്മുടെ മലയാളം ചാനലുകള്‍ പ്രീ-പോള്‍ സര്‍വേകളുമായി ഇറങ്ങി. ഒരു പ്രമുഖ ചാനലിന്റെ സര്‍വേയിലെ ജനത്തോടുള്ള ചോദ്യാവലിയാകെ അമ്മയെ തല്ലാറുണ്ടോ എന്ന ചോദ്യം പോലെയായി. ജോസ് കെ മാണി ഇടതുമുന്നണിയില്‍ വരുന്നതാകുമോ മുഖ്യ തെരഞ്ഞെടുപ്പു വിഷയം എന്ന ചോദ്യത്തിന് 99 ശതമാനവും അല്ല എന്നു പറഞ്ഞു. സ്വര്‍ണ കള്ളക്കടത്തോ. അല്ലെന്ന് 93 ശതമാനം. സൗജന്യകിറ്റും പെൻഷനുമാണോ മുഖ്യവിഷയം. അല്ലേയല്ലെന്ന് 97 ശതമാനം. ലൈഫ് പദ്ധതിയാണോ മുഖ്യ തെരഞ്ഞെടുപ്പ് വിഷയം. അല്ലെന്നു 96 ശതമാനം. ശബരിമല സ്ത്രീപ്രവേശനമായിരിക്കുമോ മുഖ്യ തെരഞ്ഞെടുപ്പു വിഷയം. ആവശ്യമില്ലാത്ത വര്‍ത്തമാനം പറഞ്ഞ് ജനത്തെ മെനക്കെടുത്താതെ ഒന്നു പോടേ ചാനലേ എന്ന് 95 ശതമാനം. കിഫ്ബിയാകുമോ മുഖ്യ തെരഞ്ഞെടുപ്പു വിഷയം എന്നും ചോദിച്ചവരില്‍ 99 ശതമാനവും തിരിച്ചു ചോദിച്ചു ഏതു കിഡ്നി! പ്രീപോള്‍ സര്‍വേ എന്നു പേരിട്ട് അബദ്ധ പഞ്ചാംഗ ചോദ്യാവലി തയ്യാറാക്കിയാല്‍ ജനത്തിനു തിരിച്ചടിക്കാനുള്ള ബുദ്ധിയും ഉറച്ചുവരുന്നു. ഇത്തരം സര്‍വേകളെല്ലാം ഒരു ദിവസം ആയുസുള്ള ഉഡായിപ്പുകളല്ലേ! അതുകൊണ്ടുതന്നെ ചാനലുകള്‍ ഇന്നലെ മുതല്‍ പുതിയ സര്‍വേ തട്ടിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്. ജനം ജാഗ്രതൈ!

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ തികഞ്ഞ പക്ഷപാതിത്വം കാട്ടുന്നുവെന്ന് ദേവിക ആരോപിക്കുന്നു. കാക്കത്തൊള്ളായിരം പാര്‍ട്ടികളുള്ള ഇന്ത്യയില്‍ പാര്‍ട്ടികളുടെ എണ്ണം കുറയ്ക്കുകയല്ലേ വേണ്ടത്. ചിഹ്നങ്ങള്‍ അനുവദിക്കുമ്പോഴല്ലേ അക്കാര്യം ശ്രദ്ധിക്കേണ്ടത്. തോറ്റു തുന്നംപാടി നിലത്തടിച്ചു വീണു മരിക്കാന്‍ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കാതിരുന്നാലോ. ബിജെപിയുമായി കൂട്ടുകൂടി ഒരു പരുവത്തിലായ ബിഡിജെഎസിന് വരുന്ന തെരഞ്ഞെടുപ്പില്‍ തലപൊട്ടി മരിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷൻ ഹ­െല്‍മറ്റ് ചിഹ്നം അനുവദിച്ച വാര്‍ത്ത കണ്ടു. അങ്ങനെയെങ്കില്‍ മാണി സി കാപ്പന്റെ നവജാത പാര്‍ട്ടി ശിശുവിന് എന്തു ചിഹ്നം നല്കും? കാലുമാറ്റത്തിന്റെ പ്രതീകമായി ചിഹ്നം ഒറ്റക്കാലായാലോ! അല്ലെങ്കില്‍ ഊന്നുവടിയാകാം. കാവിക്കൊടി ചുറ്റിയ ഊന്നുവടി. അവതാള കാപ്പന്റെ പേരില്‍ മുല്ലപ്പള്ളി അകത്താവുന്ന സര്‍വലക്ഷണങ്ങളുമുണ്ട്. ഇടഞ്ഞുനിന്ന കാപ്പനോട് കോണ്‍ഗ്രസില്‍ ചേരുമോ എന്ന് ഒരിക്കല്‍ മാധ്യമ കില്ലാഡികള്‍ ചോദിച്ചപ്പോള്‍ കാപ്പന്‍ പറഞ്ഞത്, ‘അതിന് തനിക്ക് ഭ്രാന്തുണ്ടോ, അതില്‍ ഭേദം ആത്മഹത്യയല്ലേ’ എന്നായിരുന്നു. പക്ഷേ മുല്ലപ്പള്ളി വിടുന്നില്ല. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേ പറ്റൂ. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചേ തീരൂ. ആത്മഹത്യാ പ്രേരണയ്ക്കും തന്നെ ഭ്രാന്തനാക്കാന്‍ ശ്രമിക്കുന്നതിനുമെതിരേ കാപ്പനെന്തേ കോടതിയെ സമീപിക്കാത്തത്.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം തടയാന്‍ നിയമം കൊണ്ടു വരുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചപ്പോഴാണ് ക്ണാപ്പ് സായിപ്പിനെ ഓര്‍മ്മ വന്നത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് 1981 ല്‍ മലബാറിലെ കളക്ടറായിരുന്നു സര്‍ ആര്‍തര്‍ റൗളണ്ട് ക്ണാപ്പ്. നടപ്പിലാകാത്ത പദ്ധതികളേ അദ്ദേഹം പ്രഖ്യാപിക്കൂ. ഒന്നും നടപ്പായില്ലെങ്കിലും പിന്നെയും പ്രഖ്യാപനപ്പെരുമഴ. ജനം പൊറുതിമുട്ടി പറഞ്ഞു, ക്ണാപ്പന്‍ പദ്ധതികള്‍! ഒടുവില്‍ നടക്കാത്തതെന്തിനും ക്ണാപ്പന്‍ എന്ന ഒരു പേരു വീണു. നമുക്കും പറയാം യുഡിഎഫ് ക്ണാപ്പന്മാര്‍.