December 3, 2022 Saturday

വിശ്വാസം അതല്ലേ എല്ലാം

ദേവിക
വാതില്‍പ്പഴുതിലൂടെ
April 12, 2021 4:00 am

രുമ്പുലക്ക വിഴുങ്ങിയിട്ട് പണ്ട് ഒരു നാട്ടുവെെദ്യന്റെ മുന്നിലെത്തിയ ഒരു രോഗിയോട് വെെദ്യന്‍ പറഞ്ഞത്രേ; ‘എല്ലാം ശരിയാക്കാം. ചുക്കുകഷായം സേവിച്ചാല്‍ മതി. എല്ലാത്തിനേയും നിസാരവല്ക്കരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പഴങ്കഥയാണത്. കാലമങ്ങു മാറിയില്ലേ. പെന്‍സിലിന്റെ കണ്ടുപിടിത്തം ഒരു വെെദ്യശാസ്ത്ര വിപ്ലവമായി. പിന്നീട് വാക്സിന്റെ വിപ്ലവപ്രവാഹം. കൊക്കരചുമയ്ക്കു മുതല്‍ കോവിഡിനു വരെ വാക്സിന്‍. വില്ലന്‍ചുമയ്ക്കും പോളിയോയ്ക്കും വാക്സിന്‍. ആറ്റുനോറ്റിരുന്നാണ് കോവിഡ് മഹാമാരിക്ക് വാക്സിന്‍ കണ്ടുപിടിച്ചത്. ആഹ്ലാദത്താല്‍ ലോകം മുഴുവന്‍ ആര്‍പ്പുവിളിച്ചു. ആദായവില്പന മേളകള്‍ പോലെ കോവിഡ് വാക്സിന്‍ മേളകള്‍. ഒരു വിശ്വാസം, അതല്ലേ വാക്സിന്‍ എന്നു കരുതി പോരട്ടേ രണ്ട് വാക്സിന്‍ എന്നുപറഞ്ഞ് നഴ്സിനു മുന്നിലിരുന്നുകൊടുക്കാമെന്നു വച്ചാല്‍ അവിടെയും പണി പാളി. കുത്തിവയ്ക്കാന്‍ വാക്സിന്‍ വേണ്ടേ. പ്രധാനമന്ത്രി മോഡി ജനിച്ചത് കേരളത്തിലാണോ എന്ന് ലേശം ശങ്ക. കേമത്തവും ആഢ്യത്തവും അയലത്തുകാരെ ബോധിപ്പിക്കാന്‍ ആകെയുള്ള കളഞ്ഞുകിട്ടിയ പട്ടുകോണകമുടുത്ത് അയയിലിടുന്ന സ്വഭാവം മലയാളിക്കേയുള്ളു. മോഡിക്കും കിട്ടി ആ പാരമ്പര്യം. ഇന്ത്യയില്‍ വാക്സിന്‍ ഉല്പാദിപ്പിച്ചു തുടങ്ങിയതോടെ മോഡി അത് കൊണ്ടാടി.

ഉല്പാദിപ്പിച്ച വാക്സിന്‍ മുഴുവന്‍ നൂറോളം രാജ്യങ്ങള്‍ക്കു ദാനം ചെയ്തെന്നു മോഡി പെരുമ്പറയടിച്ചു. ഇന്ത്യന്‍ വാക്സിന്‍ കിട്ടിയ രാജ്യങ്ങള്‍ അതു കടലിലൊഴുക്കി. ഇപ്പോള്‍ ഇന്ത്യയില്‍ രോഗവ്യാപനം ലക്ഷങ്ങളിലേക്ക് പ്രതിദിനം ഉയരുമ്പോള്‍ കുത്തിവയ്ക്കാന്‍ വാക്സിന്റെ തുള്ളി കിട്ടാനുമില്ല. മോഡിയുടെ പട്ടുകോണകമാകട്ടെ അയയില്‍ കിടന്ന് ഊയലാടുന്നു. എന്തിനും ഒരു വഴിയുണ്ടു വെെദ്യരേ എന്നാണല്ലോ പ്രമാണം. മോഡിയുടെയും യോഗിയുടെയും യുപിയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷം. വാക്സിനെടുക്കാന്‍ വന്നവര്‍ക്ക് നല്‍കിയത് പേപ്പട്ടി വാക്സിന്‍. പോരേ പൂരം. വാക്സിനെടുത്ത ആ പാവത്തുങ്ങള്‍ വീട്ടിലെത്തിയപ്പോഴേക്കും പേപ്പട്ടിയെപ്പോലെ കുര തുടങ്ങിയെന്നാണ് വാര്‍ത്ത. കോവിഡിന് ഇനി എയ്ഡ്സിന്റെയും പന്നിപ്പനിയുടെയും പക്ഷിപ്പനിയുടെയും വാക്സിനും കുത്തിവച്ച് വാക്സിന്‍ ക്ഷാമം പരിഹരിക്കാം. തലസ്ഥാനത്ത് പണ്ട് ഒരു ഡിവെെഎസ്‌പിയുണ്ടായിരുന്നു. ശുദ്ധ തമിഴ് ബ്രാഹ്മണനെങ്കിലും മദ്യവും മത്സ്യവും മാംസവും കണ്ടാല്‍ പറന്നുവീഴും. അന്നു മദ്യനിരോധന കാലമായിരുന്നതിനാല്‍ വാറ്റുചാരായം തന്നെ ശരണം. എന്നും വെെകിട്ട് ഡ്യൂട്ടികഴിഞ്ഞാല്‍ മൂക്കറ്റം ചാരായവും മീനും ഇറച്ചിയും അകത്താക്കി നേരെ വീട്ടിലേക്ക് ഒരു വിടലാണ്. അകത്തുകയറിയാല്‍ ഡിവെെഎസ്‌പി സ്വാമിയുടെ ഡിജിപിയാകും അമ്മ്യാര്‍. പിന്നെ മദ്യപിച്ചതിന് പൊതിരെ തല്ല്. സ്വാമിയുടെ മുഖത്ത് ഭാര്യ അള്ളിക്കീറും. ഒന്നുമറിയാത്ത മട്ടില്‍ പിറ്റേന്ന് സ്റ്റേഷനിലെത്തുന്ന സ്വാമിയോട് സഹപ്രവര്‍ത്തകര്‍ ചോദിക്കും; എന്തുപറ്റി സ്വാമി മേലാസകലം മുറിവാണല്ലോ, സ്വാമി ഒരു കൂസലുമില്ലാതെ ഒരു പേച്ച്; ഇന്നലെ രാത്രി ഐജി എന്നെ കൂപ്പിട്ടാര്‍. കടപ്പുറത്ത് കത്തിച്ചങ്ങനെ നടക്കിറേന്‍. പോയി അമര്‍ച്ച ചെയ്യ്.

എല്ലാവനെയും ഞാന്‍ ഒറ്റയ്ക്കു പൂട്ടി. അതിനിടെ പറ്റിയ മുറിവുകളാണ്, സഹതാപത്തിന് പകരം സഹപ്രവര്‍ത്തകര്‍ അമര്‍ത്തിച്ചിരിക്കും. പിന്നീട് അവര്‍ അടക്കം പറയും. അമ്മ്യാര് ഇന്നലെ രാത്രി നല്ലവണ്ണം പൂശിയതിന്റെ അടയാളങ്ങളാണ്. പോളിങ്ങാനന്തര അക്രമങ്ങളുടെ നിജസ്ഥിതി ഓര്‍ത്തപ്പോഴാണ് സ്വാമിയെ ഓര്‍ത്തുപോയത്. കായങ്കുളത്തെ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായിരുന്ന സോമനെ എല്‍ഡിഎഫ് ഗുണ്ടകള്‍ ആക്രമിച്ചുവെന്ന് ചാനലുകളും പത്രങ്ങളുമെല്ലാം വിളിച്ചുകൂവി. പോളിങ്ങിനു ശേഷമുള്ള ആദ്യ ആക്രമണമെന്ന ബഹുമതിയുമായി എക്സ്ക്ലൂസീവുകളുടെ പാരാവാരം. വാര്‍ത്താപ്രപഞ്ചം തീരെ സഹിക്കാനാവാതെ വന്നതോടെ ഭാര്യ രാജലക്ഷ്മി ചാനലുകള്‍ക്കു മുന്നില്‍ ലെെവായി വന്നു. ‘ഇതിയാന്‍ വോട്ടെടുപ്പ് കഴിഞ്ഞ് കുടിച്ചു പൂസായി വന്ന് എന്നെയും മക്കളെയും തല്ലിച്ചതച്ചു. ഒടുവില്‍ ഞങ്ങളും തിരിച്ചടിച്ചു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ മുള്ളുവേലിയില്‍ കുടുങ്ങി പറ്റിയ പരിക്കുകളാ ഇതൊക്കെ.’ ഒരു അക്കാദമിക് താല്പര്യമെങ്കിലും കണക്കിലെടുത്ത് പോളിങ്ങാനന്തര അക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ഒരന്വേഷണ പരമ്പരതന്നെ നടത്താന്‍ ജനത്തിനുവേണ്ടി അപേക്ഷയുണ്ട്.

വാര്‍ത്താക്ഷാമമുള്ള തെരഞ്ഞെടുപ്പാനന്തര കാലത്ത് കൗതുകവാര്‍ത്തകളുടെ ഒരു മഹാപ്രളയം തന്നെ ഞങ്ങള്‍ക്കൊരുക്കിത്തരൂ. ചില സംഭവങ്ങള്‍ക്ക് പ്രതീകച്ചന്തമേറും. അവ ചിന്താമധുരവുമാകും. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാനായരുടെ പുതുമണം മാറാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് തൂക്കിവിറ്റ് കാശുവാങ്ങിയ വാര്‍ത്ത ഇപ്പോഴും ചാനലുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി ‘മേലാവി’ (മേലാവി പ്രയോഗത്തിന് ഇ പി ജയരാജനോട് കടപ്പാട്) മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നു. പ്രതീകഭംഗിയോടെ കോണ്‍ഗ്രസിനെ ആക്രിക്കടയില്‍ തൂക്കിവിറ്റതാണോ, ആക്രിക്കട എന്ന പ്രതീകം ബിജെപിയാണോ തുടങ്ങിയവയായിരിക്കും അന്വേഷണ വിഷയങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.