വികാരി ജനറല്‍ യാഥാര്‍ഥ്യബോധത്തോടുകൂടി പ്രതികരിക്കണം

Web Desk
Posted on December 11, 2017, 10:33 pm

തിരുവനന്തപുരം ലത്തീന്‍ രൂപതാവികാരി ജനറല്‍ മോസിഞ്ഞര്‍ യൂജിന്‍ എച്ച് പെരേര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ അതൃപ്തി പ്രകടിപ്പിക്കുകയും സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ഈ വികാരി ജനറലിനോട് ഒന്നു ചോദിക്കാനുണ്ട്. ‘ഇവരില്‍ നിന്നും വരുമാനാംശം (ലെവി) കൃത്യമായി വാങ്ങി തടിച്ചുകൊഴുക്കുന്ന രൂപത ഇവര്‍ക്കായി എന്ത് പാക്കേജാണ് പ്രഖ്യാപിച്ചത്? ഈ ദുരന്തത്തില്‍ ഇവര്‍ക്കായി എന്തു സഹായമാണ് ചെയ്തത്? ഇവരെ പത്ര‑ദൃശ്യമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നവരായി മാത്രമാണ് കാണാന്‍ കഴിയുന്നത്. ഈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അമൃതാനന്ദമഠം പോലും ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍കൂടി വിസ്മരിക്കാതിരിക്കുക.
ഈ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 20 ലക്ഷം രൂപ കുറവാണെന്ന് പറയാനാവുമോ? കടലില്‍ പോകാന്‍ കഴിയാതിരുന്ന ഏഴ് ദിവസവും എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 15 കിലോ അരി വീതം വിതരണം ഇപ്പോള്‍ ചെയ്തുവരുന്നുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവുകളും ഏറ്റെടുത്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ് ഇനി മത്സ്യബന്ധനത്തിന് കഴിയാത്തവര്‍ക്ക് ജീവനോപാധിയും വാഗ്ദാനവും ചെയ്യുന്നു. മത്സ്യബന്ധനോപകരണങ്ങളും ഉരുക്കളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടത്തിനു തുല്യമായ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തില്‍പ്പെട്ടു മരിക്കുകയോ കാണാതെയാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഈ പാക്കേജില്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ പൊലീസ് സേന വിപുലീകരിച്ച് 200 മത്സ്യത്തൊഴിലാളികളെ ഈ സേനയില്‍ ഉള്‍പ്പെടുത്തുമെന്നും പാക്കേജില്‍ പറയുന്നുണ്ട്. ഈ സേനയില്‍ ദുരന്തമടഞ്ഞവരുടെ മക്കള്‍ക്ക് സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുമായി ബോട്ടുകളെ ബന്ധിപ്പിക്കുമെന്നും പാക്കേജില്‍ പറയുന്നുണ്ട്. തീരദേശ സേന നവീകരിച്ച്, പ്രത്യേക പൊലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. കാണാതായവരുടെ കാര്യത്തില്‍ നിലവിലെ നിയമം പുനര്‍നിര്‍ണയം ചെയ്യാന്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും പറയുന്നു. ഇങ്ങനെ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനെല്ലാം രൂപതാ വികാരി ജനറല്‍ സര്‍ക്കാരിനോടാണ് നന്ദിയും അഭിനന്ദനവും അര്‍പ്പിക്കേണ്ടിയിരുന്നത്. പകരം സര്‍ക്കാരിനോട് സമരം പ്രഖ്യാപിക്കുമെന്നുള്ള വികാരി ജനറലിന്റെ അഭിപ്രായ പ്രകടനം തികച്ചും ന്യായയുക്തമല്ല.
മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആവശ്യമില്ലാതെ പ്രതിഷേധം ഉയര്‍ത്തിയത് മത്സ്യത്തൊഴിലാളി സമൂഹത്തിന് മൊത്തം തീരാകളങ്കമായി തീര്‍ന്നിരിക്കുകയാണ്. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധം ഉയര്‍ത്തിയതിന് എന്ത് ന്യായീകരണം പറഞ്ഞാലും അതൊരു ന്യായീകരണമാകുകയില്ല. ഈ സമൂഹത്തിന്റെ മുഖത്ത് വിഴിഞ്ഞത്തെ പ്രതിഷേധക്കാര്‍ കരി ഓയില്‍ ഒഴിച്ചിരിക്കുന്നുവെന്നതാണ് വസ്തുത. അവിടെ മത്സ്യത്തൊഴിലാളികളെ ചില തല്‍പരകക്ഷികള്‍ ബോധപൂര്‍വം ഇളക്കിവിട്ടുവെന്നത് നിഷേധിക്കാന്‍ കഴിയില്ല. തിര ഇളക്കി ശക്തമായിവരുന്നതുപോലെയാണ് മത്സ്യത്തൊഴിലാളികളുടെ സ്വഭാവം. തിര തീരത്തുവന്ന് പതിച്ചാലോ ശാന്തമായി പിന്‍വാങ്ങും. ഈ സ്വഭാവം മത്സ്യത്തൊഴിലാളികളില്‍ അന്തര്‍ലീനമാണ്. ദേഷ്യം വരുമ്പോള്‍ അവര്‍ അനിയന്ത്രിതമായി ആര്‍ത്തലക്കും. ഈ വരവില്‍ എന്തിനേയും തകര്‍ക്കും. പിന്നെ അവര്‍ പാവം ശാന്തര്‍. അവരുടെ ഈ സ്വഭാവത്തെ മുതലെടുത്ത് വിഴിഞ്ഞത്ത് അനിഷ്ടങ്ങള്‍ സൃഷ്ടിക്കാമെന്ന് കരുതിയവര്‍ക്ക് അവിടെയുണ്ടായിരുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ നയപരമായ ഇടപെടല്‍കൊണ്ട് നിരാശരായി തീരേണ്ടിവന്നു.
ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കാണാതായവരുടെയും പട്ടികയില്‍ സര്‍ക്കാരിന്റെയും രൂപതയുടെയും കണക്കില്‍ വ്യത്യാസമുണ്ടെന്ന് വികാരി ജനറല്‍ പറയുന്നതില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ട്. രൂപതയില്‍ നിന്ന് മരണപ്പെട്ടവരുടെയും കാണാതായവരുടെയും ലിസ്റ്റ് സര്‍ക്കാര്‍ വാങ്ങി അതിന്മേല്‍ അന്വേഷണവും പരിശോധനയും നടത്തി സര്‍ക്കാര്‍ അതിലൊരു കൃത്യത വരുത്തേണ്ടതുണ്ട്.’

എം ജോണ്‍സണ്‍ റോച്ച്‌