പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഫലപ്രദമായ മുന്‍കരുതല്‍ വേണം

Web Desk
Posted on December 20, 2017, 10:43 pm

മാലിന്യസംസ്‌കരണമാണ് ഈ ദിശയില്‍ നാം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി. മാലിന്യം അതിന്റെ ഉറവിടങ്ങളില്‍തന്നെ സംസ്‌കരിക്കുക എന്നത് സമൂഹ സംസ്‌കാരത്തിന്റെ ഭാഗമായി മാറണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും മനുഷ്യനിര്‍മിത ദുരന്തങ്ങളുടെയും കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. അവയുടെ അനന്തരഫലമായി പകര്‍ച്ചവ്യാധികളടക്കം കടുത്ത ആരോഗ്യപ്രശ്‌നങ്ങളും മനുഷ്യരാശി അഭിമുഖീകരിക്കേണ്ടിവരുന്നു. കരുതലോടെയുള്ള പ്രതിരോധ നടപടികള്‍ വഴി സമൂഹത്തിന് പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാന്‍ ആവുമെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കേരളത്തിലേതാണ്ട് എല്ലായിടത്തും, നഗര‑ഗ്രാമവ്യത്യാസം കൂടാതെ, ജനങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്കിരയാകുന്നത് പതിവായിരിക്കുന്നു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാലേക്കൂട്ടി തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഈ ദിശയില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് ഒരു കര്‍മപരിപാടിക്ക് രൂപംനല്‍കിയിട്ടുണ്ട്. അത് വിജയകരമായി നടപ്പിലാക്കുന്നത് വരാന്‍ പോകുന്ന വേനല്‍ക്കാലത്തും തുടര്‍ന്നുവരുന്ന വര്‍ഷകാലത്തും രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ സജ്ജമാക്കും. അതിന്റെ വിജയം എങ്ങനെ സമൂഹത്തെയാകെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അണിനിരത്താന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു കര്‍മ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് റവന്യു, ഭക്ഷ്യവിഭവം, കൃഷി എന്നീ വകുപ്പുകളടക്കം പ്രസക്തമായ എല്ലാ വിഭാഗത്തിന്റെയും ഏകോപനം അനിവാര്യമാണെന്നുവേണം കരുതാന്‍. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ വകുപ്പുകളുടെ പങ്കാളിത്തവും ഏകോപനവും നിര്‍ണായകമാകും.
കേരളത്തില്‍ കഴിഞ്ഞകാലങ്ങളില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനികളില്‍ ഏറെയും കൊതുക്, എലി തുടങ്ങിയ പ്രാണികളുടെയും ക്ഷുദ്രജീവികളുടേയും അനിയന്ത്രിതമായ പെരുകലിന്റെ ഫലമായിരുന്നു. അവയെ ഫലപ്രദമായി നിയന്ത്രിക്കുകവഴി മാത്രമേ പകര്‍ച്ചവ്യാധികളെ കാര്യക്ഷമമായി പ്രതിരോധിക്കാനാവൂ. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മാത്രമേ കഴിയു. പ്രായോഗികതലത്തില്‍ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ അത്തരം പദ്ധതികളെ വിജയപഥത്തില്‍ എത്തിക്കാനാവു. വിദ്യാര്‍ഥികള്‍, കുടുംബശ്രീയടക്കം സ്ത്രീകളുടെ സന്നദ്ധ പ്രവര്‍ത്തന കൂട്ടായ്മകള്‍, ബഹുജന പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെയെല്ലാം കര്‍മപദ്ധതിയില്‍ അണിനിരത്താന്‍ നമുക്ക് കഴിയണം. അതിനാവശ്യമായ ബോധവല്‍ക്കരണത്തിന് സംഘടിത മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളുമടക്കം സാധ്യമായ എല്ലാ സംവിധാനങ്ങളെയും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. സംഘടിത മാധ്യമങ്ങള്‍ സ്വതന്ത്രമായി ഈ രംഗത്ത് ശ്രദ്ധേയമായ പല മുന്‍കൈ മാതൃകകളും ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ അവ മാധ്യമങ്ങളുടെ പൊതുദൗത്യമായി മാറ്റിയെടുക്കാന്‍ ഗവണ്‍മെന്റിന് തന്നെ മുന്‍കൈയെടുക്കാവുന്നതാണ്.
കര്‍മപരിപാടികള്‍ ഡിസംബറില്‍ തന്നെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിട്ടുള്ളത്. അതിനായി ജനുവരി മാസത്തില്‍ വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. പതിവിന് വിപരീതമായി ശുചീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഗ്രാമസഭകളായി പൂര്‍ണ പങ്കാളിത്തത്തോടെ അവ നടപ്പാക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കണം. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ കൂടുന്ന ഗ്രാമസഭകളൊഴിച്ച് മറ്റ് ഗ്രാമസഭകളോട് ജനങ്ങള്‍ പുലര്‍ത്തിപ്പോരുന്ന വൈമുഖ്യം ഇക്കാര്യത്തില്‍ ഉണ്ടാവാതിരിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന പ്രസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണം. വേനല്‍ക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നതിനും വര്‍ഷകാലത്ത് മലിനജലം ഒഴുക്കിക്കളയുന്നതിനും പ്രത്യേക ഊന്നല്‍ ആവശ്യമാണ്. സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതുഇടങ്ങള്‍ എന്നിവ ശുചിയായും രോഗവിമുക്തമായും സൂക്ഷിക്കുന്നതിന് ജനകീയ സന്നദ്ധ പ്രവര്‍ത്തന തന്ത്രങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. പലപ്പോഴും അത്തരം പൊതുഇടങ്ങളാണ് പകര്‍ച്ചവ്യാധികളുടെ ഉറവിടമായി മാറുന്നതെന്ന കാര്യം വിസ്മരിക്കരുത്. വ്യാപകമായി പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളെ നേരിടാന്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഏറെ മുന്‍കരുതല്‍ ആവശ്യമാണ്. രോഗബാധ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഔഷധങ്ങള്‍ക്കുവേണ്ടി പരക്കംപാച്ചില്‍ നടത്തുന്ന പതിവ് രീതിക്ക് മാറ്റം വരണം. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പെട്ടെന്ന് രോഗബാധയ്ക്ക് സാധ്യതയുള്ള ആവാസകേന്ദ്രങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് പദ്ധതി ആവശ്യമാണ്. കരുതലോടെ പ്രതിരോധ നടപടികള്‍ അവലംബിക്കുന്നത് പകര്‍ച്ചവ്യാധിമുക്തമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കും.