ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍: ജനതാല്‍പര്യത്തിന് ഊന്നല്‍ നല്‍കണം

Web Desk
Posted on January 02, 2018, 9:55 pm

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ അപ്പാടെ കച്ചവടവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിന് രൂപംനല്‍കിയിരിക്കുന്നതെന്ന് സംശയിക്കാന്‍ മതിയായ കാരണമുണ്ട്.

വിവാദ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതോടെ ആരോഗ്യരംഗത്ത് സംജാതമായ പ്രതിസന്ധിക്ക് തല്‍ക്കാലം വിരാമമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും എംപിമാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. രാജ്യത്തെ ആരോഗ്യരംഗത്തെ നിയന്ത്രിക്കുന്ന സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥാനത്ത് ഉദ്യോഗസ്ഥര്‍ക്ക് മേധാവിത്വം നല്‍കുന്ന ദേശീയ മെഡിക്കല്‍ കമ്മിഷനെ അംഗീകരിക്കാന്‍ വൈദ്യശാസ്ത്രരംഗം വിസമ്മതിക്കുകയായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ എല്ലാം ശുഭകരമാണെന്ന അഭിപ്രായം ആര്‍ക്കും ഉണ്ടാവില്ല. കൗണ്‍സിലിനെതിരെ അഴിമതിയുള്‍പ്പെടെ പല ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. അവ പരിഹരിക്കപ്പെടേണ്ടതും അതിന്റെ പ്രവര്‍ത്തനം ജനാധിപത്യപരവും സുതാര്യവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതിനുപകരം കൗണ്‍സിലിന്റെ സ്വഭാവം തന്നെ മൗലികമായി മാറ്റുന്നതും ഉദ്യോഗസ്ഥ മേധാവിത്വമുള്ള മറ്റൊന്നുകൊണ്ട് പകരം വയ്ക്കുന്നതും അത്തരമൊരു സ്ഥാപനത്തിന്റെ ലക്ഷ്യത്തിന് തന്നെ വിരുദ്ധമായിരിക്കും. നാല്‍പത് ശതമാനം എംബിബിഎസ് സീറ്റുകളില്‍ മാത്രം സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസും ബാക്കിയുള്ളവയില്‍ യഥേഷ്ടം ഫീസ് നിശ്ചയിക്കാന്‍ വിദ്യാഭ്യാസ കച്ചവടതാല്‍പര്യങ്ങളെ അനുവദിക്കുന്ന വ്യവസ്ഥയും ബില്‍ മുന്നോട്ടുവയ്ക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണം ഇപ്പോള്‍തന്നെ അതിനെ വലിയൊരളവ് വരേണ്യവല്‍ക്കരിച്ചിരിക്കുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി ഈ രംഗത്തെ മാറ്റും. ബിരുദാനന്തര പഠനത്തിന് യഥേഷ്ടം സീറ്റ് വര്‍ധിപ്പിക്കുന്നത് കച്ചവടവല്‍ക്കരണത്തിന് മാത്രമല്ല ഗുണമേന്മയെത്തന്നെ പ്രതികൂലമായി ബാധിക്കാനും കാരണമാകും.
എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്നവര്‍ക്ക് ലൈസന്‍സിനായി പ്രത്യേക പരീക്ഷയ്ക്ക് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അലോപ്പതി ചികിത്സാരംഗത്ത് മതിയായ യോഗ്യതയുള്ളവരാണ് എത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ പല ലോകരാഷ്ട്രങ്ങളും അത്തരം പരീക്ഷകള്‍ നടത്തിവരുന്നുണ്ട്. വിദേശത്തുനിന്നും മെഡിക്കല്‍ ബിരുദം നേടിവരുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ രാജ്യത്ത് അത്തരം പരീക്ഷ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ വ്യാപകമായ കച്ചവടവല്‍ക്കരണത്തെ തുടര്‍ന്ന് അലോപ്പതി ചികിത്സാരംഗത്ത് മതിയായ യോഗ്യതയും ഗുണമേന്മയും ഉറപ്പുവരുത്താന്‍ അത്തരം പരീക്ഷ സഹായകമായേക്കാം. എന്നാല്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സിന് പരീക്ഷ നിഷ്‌കര്‍ഷിക്കുന്ന നിയമം തന്നെ ഇതരചികിത്സാശാഖകളില്‍ നിന്നുള്ളവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് വഴി യോഗ്യത കല്‍പ്പിച്ചു നല്‍കുക എന്നത് അശാസ്ത്രീയവും യുക്തിക്ക് നിരക്കാത്തതുമായ നടപടിയാണ്. ചികിത്സാരംഗത്ത് വിവിധശാഖകളെ സമന്വയിപ്പിക്കുന്ന രീതി പല രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാല്‍ അത് കൃത്യമായ പാഠ്യക്രമത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ചികിത്സാസമ്പ്രദായമാണ്. കേരളത്തിലടക്കം ആയുര്‍വേദത്തേയും അലോപ്പതിയേയും സമന്വയിപ്പിച്ച് ചികിത്സ നടത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ അത് അംഗീകൃത യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ നിര്‍ദേശിക്കുന്ന വിധത്തില്‍ ഇതരശാഖകളിലെ ഡോക്ടര്‍മാരെ അലോപ്പതി ചികിത്സ നടത്താന്‍ അനുവദിക്കുന്നത് ചികിത്സാരംഗത്ത് തികച്ചും അനാരോഗ്യകരമായ പ്രവണതകള്‍ക്കായിരിക്കും അവസരമൊരുക്കുക.
നിര്‍ദ്ദിഷ്ട നിയമം സര്‍ക്കാര്‍ നിര്‍ദേശിച്ച വിധം അംഗീകരിച്ച് നടപ്പിലാക്കാന്‍ മുതിര്‍ന്നാല്‍ അത് രാജ്യത്തിന്റെ ആരോഗ്യരംഗം അപ്പാടെ തകര്‍ക്കുമെന്ന ആശങ്ക വ്യാപകമാണ്. യുപി അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് ഇടയായ സംഭവങ്ങള്‍ നമ്മുടെ ചികിത്സാരംഗത്തെ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. രാഷ്ട്ര തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ചികിത്സതേടിയെത്തുന്നവര്‍ നേരിടേണ്ടിവരുന്ന ചൂഷണത്തിന്റെ വാര്‍ത്താപരമ്പരകള്‍ തന്നെ അടുത്തകാലത്ത് പുറത്തുവരികയുണ്ടായി. അവയ്‌ക്കൊന്നിനും പരിഹാരം കാണുന്നതിന് ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് മെഡിക്കല്‍ വിദ്യാഭ്യാസമടക്കം ചികിത്സാരംഗത്തെ അപ്പാടെ കച്ചവടവല്‍ക്കരിക്കാനുതകുന്ന പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കടുത്ത എതിര്‍പ്പിനെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് ഇപ്പോള്‍ ബില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ആരോഗ്യ പരിപാലനരംഗത്തെയും സംബന്ധിക്കുന്ന ബില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി പരിശോധിക്കാന്‍ സമിതി തയാറാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ജനഹിതവും ആരോഗ്യരംഗത്തെ ബന്ധപ്പെട്ടവരുടെ അഭിപ്രായവും ആരാഞ്ഞ് പ്രവര്‍ത്തിക്കാന്‍ സമിതിക്ക് കഴിയണം.