ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ വാര്‍ഷികം

Web Desk
Posted on January 27, 2018, 10:28 pm

മ്മുടെ രാജ്യത്തിന്റെ ജനായത്ത ഭരണസംവിധാനം തന്നെ തകരാറിലാകുന്ന അവസ്ഥയിലാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ മൂന്നരവര്‍ഷത്തെ ഭരണം ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ 70 വര്‍ഷങ്ങളായി രാജ്യത്തെ ജനങ്ങള്‍ കാത്തുസൂക്ഷിച്ച ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്.

1950 ജനുവരി 26ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടന മതേതര ജനാധിപത്യ സമൂഹം എന്ന ആശയത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ഈ മൂല്യങ്ങള്‍ക്ക് സാവധാനം അപചയം സംഭവിക്കുന്ന കാഴ്ചയാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ താല്‍പര്യമില്ലാത്ത രൂപത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നതെങ്കിലും നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത്തരത്തിലുള്ള നെറികെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാര്‍ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങി. രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഒരു ദിവസംപോലും കടന്നുപോകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. യുക്തിസഹജമായ ചിന്തകളേയും ശാസ്ത്രീയ ബോധത്തേയുമാണ് ഇക്കൂട്ടര്‍ ആദ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. അറിവുകള്‍ നേടുന്നതിനേയും വിജ്ഞാനവ്യാപനത്തേയും തടയുക, മതപരമായ വിഡ്ഢിത്തങ്ങള്‍ വിളമ്പുക തുടങ്ങി നെറികെട്ട പ്രവര്‍ത്തനങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ഇതിലൂടെ ഭരണഘടനയുടെ എല്ലാ നന്മകളെയും ഇല്ലാതാക്കാനും ശ്രമിക്കുന്നു.

ജനാധിപത്യ സ്ഥാപനങ്ങളെയും അതിന്റെ പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായുള്ള രീതികളെയും ഇല്ലാതാക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ന്യൂനപക്ഷ സര്‍ക്കാരുകളെ അധികാരത്തിലെത്തിക്കാന്‍ ഗവര്‍ണറുടെ ഓഫീസിനെപ്പോലും ദുരുപയോഗം ചെയ്യുന്നു. ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ സംഭവിച്ചത് ഇതാണ്. നിയമപരവും ഭരണഘടനയില്‍ അധിഷ്ഠിതവുമായ സ്ഥാപനങ്ങളില്‍ സങ്കുചിത ലക്ഷ്യങ്ങള്‍ നേടുന്നതിനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നു. സാമൂഹ്യ സാഹിത്യ സാംസ്‌കാരിക ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. സമൂഹത്തില്‍ ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവും വിളിച്ചോതുന്ന എല്ലാറ്റിനെയും ഇവര്‍ തച്ചുടയ്ക്കുന്നു. സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ ഫാസിസ്റ്റ് പ്രവണതകള്‍ക്കാണ് ഇവര്‍ നേതൃത്വം കൊടുക്കുന്നത്.

കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ഇവരുടെ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇവരുടെ അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളെ പുകള്‍പെറ്റതാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നു. കൂടാതെ തുച്ഛമായ വേതനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ സാമ്പത്തിക പ്രലോഭനങ്ങള്‍ക്ക് വശംവദരാവുകയും തെറ്റായ പ്രവൃത്തികളെ ന്യായീകരിക്കുകയും ചെയ്യുന്നു.
ഭരണാധികാരികളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പാര്‍ലമെന്റിനെയും ഉദ്യോഗസ്ഥവൃന്ദങ്ങളെയും മാറ്റുന്നു. മണിബില്ലെന്ന സാങ്കേതികത്വം ഉപയോഗിച്ച് പാര്‍ലമെന്റ് ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും കാറ്റില്‍ പറത്തി ജനദ്രോഹപരവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഉപജാപങ്ങളില്‍പ്പെട്ട് പാര്‍ലമെന്ററി ജനാധിപത്യം ഒരു തമാശയായി അധഃപതിച്ചു.
ജനാധിപത്യ സംവിധാനത്തിന് കോട്ടം വരുമ്പോള്‍ രക്ഷയ്ക്കായി ജുഡിഷ്യറി ഉണ്ടാകുമെന്നതായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. എന്നാല്‍ സുപ്രിം കോടതിയിലെതന്നെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. തങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം തന്നെ അവതാളത്തിലാകുമെന്ന മുന്നറിയിപ്പാണ് മുതിര്‍ന്ന ജഡ്ജിമാര്‍ പൊതുജനങ്ങളെ അറിയിച്ചത്. ബാഹ്യമായ പ്രേരണകള്‍ക്ക് വഴങ്ങി ചില കേസുകള്‍ ചില പ്രത്യേക ബെഞ്ചുകള്‍ക്ക് ചീഫ് ജസ്റ്റിസ് കൈമാറുന്നു എന്നതായിരുന്നു ജഡ്ജിമാര്‍ മുഖ്യമായും ഉന്നയിച്ച ആശങ്ക. കൊലപാതകം, കോഴ, വ്യാജ ഏറ്റുമുട്ടലുകള്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും തങ്ങള്‍ക്ക് താല്‍പര്യമുള്ള വിധി ലഭ്യമാക്കുന്നതിനുമാണ് ഈ നടപടി. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പ്പിക്കുന്നതിന് മുമ്പ് ഇവരെ രക്ഷിക്കുക എന്നതാണ് ചില പ്രത്യേക ബെഞ്ചിന് കേസുകള്‍ കൈമാറുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇത് തികച്ചും ഉത്കണ്ഠ ഉളവാക്കുന്ന സാഹചര്യമാണ്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം, ന്യൂനപക്ഷങ്ങള്‍, ദളിതര്‍ എന്നിവര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍, ജാതി-മത ധ്രുവീകരണം ഇതൊന്നുംതന്നെ ഇപ്പോള്‍ സൂചിപ്പിക്കേണ്ടാത്ത അവസ്ഥയിലെത്തി. ഇതൊരു ദൈനംദിന ചെയ്തിയായി മാറിയതാണ് ഇതിനുള്ള കാരണം.

ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ നമ്മുടെ ജനായത്ത സംവിധാനം ആകെ തകരാറിലായ അവസ്ഥയിലാണെന്ന് വ്യക്തമാകും. ഫാസിസ്റ്റ് പ്രവണതകള്‍ നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്നു. ഫാസിസ്റ്റ്, ആര്‍എസ്എസ്, ബിജെപി വിരുദ്ധ ശക്തികള്‍ ഐക്യത്തോടെ ഇവരെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ തയാറാകണം. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ സംഘടിപ്പിച്ച് സന്നദ്ധരാക്കണം. എല്ലാ ഇടത് മതേതര ശക്തികളും ഒരുമിച്ച് അണിനിരന്ന് ഒരു ജനകീയ പ്രതിരോധം തീര്‍ക്കണം. കൂടാതെ നമ്മുടെ രാജ്യം നേരിടുന്ന ഭീഷണികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇത് കേവലം ഒരു തെരഞ്ഞെടുപ്പ് വിഷയമോ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു കൂട്ടായ്മയോയല്ല, മറിച്ച് പ്രതിരോധം തീര്‍ക്കാനുള്ള ഒരു ജനകീയ മുന്നേറ്റമാണ്. അതും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മാത്രം. അതുകൊണ്ടുതന്നെ ഫാസിസത്തിനെതിരായ പ്രതിരോധത്തിനുളള തുടക്കം ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് ആരംഭിക്കാം.