Friday
22 Feb 2019

കവിയ്ക്ക് നിസ്സീമമായ ഐക്യദാര്‍ഢ്യം

By: Web Desk | Tuesday 6 February 2018 10:33 PM IST

മതസൗഹാര്‍ദ്ദവും പുരോഗമന ചിന്തകളും പരിലസിക്കുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ള നീക്കമായാണ് മാനവികതയുടെ കവിക്ക് നേരെ നടന്ന അക്രമത്തെ കേരളം നോക്കിക്കാണുക. അതുകൊണ്ടുതന്നെ അവരെ കേരളീയര്‍ ഒറ്റപ്പെടുത്തും

കേരളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ് നടത്തിയ ആക്രമണം മതേതര മനസുകളെ ഞെട്ടിച്ചിരിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സൗമ്യമായി പ്രതികരിക്കുന്ന കേരളത്തിന്റെ പ്രിയ എഴുത്തുകാരനെ അപായപ്പെടുത്താനും നിശബ്ദമാക്കാനും സംഘപരിവാര്‍ ശക്തികള്‍ നടത്തിയ നീക്കം അതീവ ഗൗരവമുള്ളതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും നിലപാടുകളെയും നവോത്ഥാന മണ്ണില്‍ അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം അനുവദിച്ചുകൊടുക്കാനാകില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടായി യുക്തിചിന്തയുടെയും മതേതര മൂല്യങ്ങളുടെയും പൈതൃകം ഊട്ടിയുറപ്പിക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം പതിഞ്ഞതും ആശയദൃഢതയുള്ളതുമായ സൗമ്യപ്രഭാഷണം കൊണ്ട് മനുഷ്യമനസുകളെ ശുദ്ധമാക്കാന്‍ അക്ഷീണം പരിശ്രമിക്കുകയാണ് കുരീപ്പുഴ ശ്രീകുമാര്‍ എന്ന മനുഷ്യസ്‌നേഹി. അദ്ദേഹത്തിന്റെ കവിതകളിലെ മാനവികത പുരോഗമനകേരളം നെഞ്ചേറ്റുന്നവയാണ്. ധിഷണാശാലിയായ കാവ്യപ്രതിഭയ്ക്കുനേരെ അസഹിഷ്ണുത പ്രകടിപ്പിച്ചവര്‍ രാജ്യത്ത് ഇക്കാലമത്രയും നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ്. സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനവും ആഗ്രഹിക്കുന്ന ഭൂരിപക്ഷ ജനതയ്ക്കുമേല്‍ ഹിന്ദു വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സംഘപരിവാര്‍ ശക്തികള്‍ അവരുടെ തീക്കളി കേരളത്തിലേയ്ക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സവര്‍ണ ഹൈന്ദവതയുടെ അപ്പോസ്തലന്മാരായ ഈ അക്രമികള്‍ ഇന്ന് അവരുടെ കറുത്ത കൈ പ്രിയ കവിക്കുനേരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹിന്ദു വര്‍ഗീയവാദികള്‍ ഈ അക്രമത്തിന് വലിയവില കൊടുക്കേണ്ടിവരും. കാരണം കേരളത്തിന്റെ മണ്ണ് മറ്റൊന്നാണ്. ജാതിക്കോമരങ്ങളും ഹിന്ദു വര്‍ഗീയഭ്രാന്തന്മാരും താണ്ഡവമാടുന്ന മണ്ണല്ലിത്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും പോലുള്ള നവോത്ഥാന നായകര്‍ ഉഴുതുമറിച്ച പുരോഗമനമണ്ണില്‍ കമ്മ്യൂണിസത്തിന്റെ വിത്തുപാകിയവര്‍ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്ന മതേതര ജനാധിപത്യ പുരോഗമന മാനവികബോധം അശാന്തി പടര്‍ത്തുന്ന ഒരു പിന്തിരിപ്പന്‍ ആശയത്തേയും സ്വീകരിക്കില്ല.

അന്ധവിശ്വാസങ്ങള്‍ക്കും വര്‍ഗീയ പ്രതിലോമചിന്തകള്‍ക്കുമെതിരെ സര്‍ഗാത്മക പ്രവര്‍ത്തനം നടത്തുന്ന നിരവധി പ്രതിഭകളെ ഇവര്‍ ഇതിനകം ഇല്ലാതാക്കിക്കഴിഞ്ഞു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരെ അരുംകൊല ചെയ്തവര്‍ക്കെതിരെ ബിജെപിയും കേന്ദ്ര ഭരണകൂടവും ചെറുവിരല്‍ അനക്കിയിട്ടില്ല. സ്വതന്ത്രമായ ആശയാവിഷ്‌കാരം നടത്തിയ പുരോഗമന നായകരുടെ കൊലപാതകത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറായിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കഴുത്തുഞെരിച്ച് കൊല്ലുന്ന സംഘപരിവാര്‍ സംഘങ്ങള്‍ പെരുമാള്‍ മുരുകന്‍ അടക്കമുള്ള എഴുത്തുകാരോട് എന്ത് സമീപനമാണ് സ്വീകരിച്ചതെന്ന് നാം കണ്ടു. ”എഴുത്തല്ലെങ്കില്‍ കഴുത്ത്” എന്ന ഭീഷണി മുഴക്കിയവര്‍ തോക്കിന്‍കുഴലിലൂടെ സര്‍ഗപ്രതികളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. ഇവര്‍ക്ക് ഭരണകൂട പിന്തുണയുണ്ടെന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നതുപോലും രാജ്യദ്രോഹമാക്കുന്ന, എതിര്‍ശബ്ദങ്ങളെ ഭയപ്പെടുന്ന ഹൈന്ദവ ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തഴിച്ചുവിടുന്ന അക്രമം അതിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ്. ആശയങ്ങളെ ഇവര്‍ ഭയക്കുന്നു. ചിന്തകരെയും ഭാവഗായകരായ കവികളേയും സാംസ്‌കാരിക നായകരേയും ഇല്ലായ്മ ചെയ്യുക ഇവരുടെ ലക്ഷ്യമാണ്.

ആ ലക്ഷ്യം കേരളത്തില്‍ നിറവേറ്റാമെന്ന ആര്‍എസ്എസിന്റെ വ്യാമോഹം എന്ത് വിലകൊടുത്തും ചെറുക്കാനുള്ള മതേതര നിര ഇവിടെയുണ്ട്. കുരീപ്പുഴ ആക്രമിക്കപ്പെട്ട രാത്രി മുതല്‍ ഈ നിമിഷം വരെ കേരളത്തിലും രാജ്യത്തിനകത്തും പുറത്തും നടന്ന പ്രതിഷേധജ്വാല അതാണ് വിളിച്ചോതുന്നത്. കുരീപ്പുഴ ഒറ്റയ്ക്കല്ല, മാനവികതയുടെ സാഗരം തന്നെ കവിക്കൊപ്പം ഇരമ്പുന്നുണ്ടിവിടെ. ആശയത്തെ ആശയംകൊണ്ട് നേരിടാന്‍ കവിക്ക് ആക്രോശമാവശ്യമില്ല, ആയുധമാവശ്യമില്ല. ഭാരതീയ ദര്‍ശനം പഠിപ്പിച്ച ഓംശാന്തി മന്ത്രമുരുവിടുന്ന മനുഷ്യസ്‌നേഹിക്കൊപ്പമേ ഏത് പരിഷ്‌കൃത മനുഷ്യനും നില്‍ക്കാനാകൂ. കവി കൊടിക്കുറ നാട്ടിയിരിക്കുന്നത് മനുഷ്യപക്ഷത്താണ്. ജനപക്ഷത്തുനില്‍ക്കുന്നവര്‍ കവിയ്‌ക്കൊപ്പമുണ്ട്. കവി കുരീപ്പുഴ ശ്രീകുമാറിന് ജനയുഗത്തിന്റെ നിസ്സീമമായ ഐക്യദാര്‍ഢ്യം.