Friday
22 Feb 2019

ലോക്‌സഭയിലെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍

By: Web Desk | Wednesday 7 February 2018 10:08 PM IST

നല്ല പ്രാസംഗികനാണെന്ന വിശേഷണം മോഡിക്ക് പലരും ചാര്‍ത്തി നല്‍കാറുണ്ട്. യഥാര്‍ഥ പ്രശന്ങ്ങളൊന്നും പരാമര്‍ശിക്കാതെ ഒരു പ്രധാനമന്ത്രിക്ക് പ്രസംഗിക്കാനാവുന്നത് അദ്ദേഹം മികച്ച പ്രാസംഗികനായതുകൊണ്ടല്ല. തന്റെ ഭാഗം നന്നായി ന്യായീകരിക്കാന്‍ പോലുമാകാത്ത, മറ്റുള്ളവരെ കുറ്റം പറയാനും മറ്റുള്ളവരില്‍ തന്റെ കുറ്റങ്ങള്‍ ചാര്‍ത്താനും ശ്രമിക്കുന്നയാള്‍ മികച്ച പ്രാസംഗികനല്ല. മറിച്ച് മികച്ച കാപട്യക്കാരനാണ്. അതാണ് ഇന്നലത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി തെളിയിച്ചിരിക്കുന്നത്

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തുടങ്ങിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രസംഗത്തോടെയായിരുന്നു. അന്നുതന്നെ മുന്‍വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫെബ്രുവരി ഒന്നിനാണ് ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം നടന്നത്. അത് യഥാര്‍ഥത്തില്‍ വെറും പ്രസംഗം മാത്രമായിരുന്നുവെന്ന് ബജറ്റ് സംബന്ധിച്ച വിലയിരുത്തലുകളില്‍ നിന്ന് ബോധ്യമാകുന്നു. ഒടുവില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയായി നടത്തിയതും വെറും പ്രസംഗം മാത്രമായിരുന്നു.

രാഷ്ട്രപതിയും ധനമന്ത്രിയും നാലുവര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന ബിജെപി സര്‍ക്കാര്‍ കൈവരിച്ചതായി കുറേ കെട്ടുകഥകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കില്‍ പ്രധാനമന്ത്രി അതിനൊന്നും മെനക്കെടാതെ തങ്ങള്‍ ചെയ്യുന്ന ജനദ്രോഹത്തിന്റെയെല്ലാം കാരണം മുന്‍സര്‍ക്കാരുകളില്‍ ചുമത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ സൃഷ്ടിച്ച വികസനവും ഉണ്ടാക്കിയ നേട്ടങ്ങളും വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി വിശദീകരിക്കുമെന്നായിരുന്നു മോഡിയുടെ പ്രസംഗത്തെ കുറിച്ച് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യാവിഭജനത്തിന്റെ കാരണങ്ങള്‍ തേടുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്യുന്നതിന് മാത്രമാണ് ഒന്നര മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ അദ്ദേഹം ശ്രമിച്ചത്.

തീര്‍ച്ചയായും ഇന്ത്യ ഇന്നനുഭവിക്കുന്ന പല പ്രശ്‌നങ്ങളുടെയും കാരണക്കാരെ തേടുമ്പോള്‍ അതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ കാര്യത്തില്‍ ആരാണ് കേമന്മാര്‍ – ബിജെപിയോ കോണ്‍ഗ്രസോ – എന്ന് വേര്‍തിരിച്ച് കണ്ടെത്തുന്നതുപോലും പ്രയാസകരമായ നിലയില്‍ സമാനതകളുള്ളവയാണ് രണ്ടു പാര്‍ട്ടികളും. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണ് അവ രണ്ടും. ബിജെപി പേരുകൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വര്‍ഗീയ കക്ഷിയായി നില്‍ക്കുന്നുവെങ്കില്‍ അധികാരത്തിന്റെ വഴികളെ എളുപ്പമാക്കാന്‍ പലപ്പോഴും വര്‍ഗീയ പ്രീണനം നടത്തിയ ചരിത്രം കോണ്‍ഗ്രസിനുമുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് എല്ലാവരും പ്രതീക്ഷിച്ചത് മൂന്നേമുക്കാല്‍ വര്‍ഷത്തിനിടെ ഉണ്ടാക്കിയ നേട്ടങ്ങളെന്തെന്ന് അദ്ദേഹത്തിന്റെ തന്നെ വായില്‍ നിന്ന് കേള്‍ക്കാനാണ്. ഇന്ത്യയുടെ അടിസ്ഥാന മേഖലയുടെ വികസനം, കാര്‍ഷിക മേഖലയുടെ പ്രതിസന്ധി, തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ, തൊഴിലില്ലായ്മ, വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികള്‍, ജനാധിപത്യ സംവിധാനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണങ്ങള്‍, ജുഡീഷ്യറിയില്‍ പോലുമുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. അതിനെല്ലാമുപരി അഴിമതിയെന്ന കൊടിയ ദുരന്തം, രാജ്യം സമീപകാലത്ത് ചര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ ഇനിയും പലതാണ്.
ഒന്നുമില്ലെങ്കിലും ഈ വിഷയങ്ങളെ 2014 ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യമാകെ പറന്നു സഞ്ചരിച്ചും പിന്നീട് വിവിധ ഘട്ടങ്ങളിലും – നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റും – താന്‍ നടത്തിയ പ്രസംഗങ്ങളെങ്കിലും അദ്ദേഹം ഓര്‍ത്തെടുക്കണമായിരുന്നു. രാഷ്ട്രപതി നടത്തിയ പ്രസംഗവും ജെയ്റ്റ്‌ലിയും ബജറ്റ് അവതരണവും വാസ്തവ വിരുദ്ധമാണെന്നും തട്ടിപ്പാണെന്നും എതിരാളികള്‍ മാതമല്ല, ശിവസേന, ടിഡിപി പോലുള്ള സഖ്യകക്ഷികള്‍ വരെ വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ടിഡിപിയെന്ന ഘടകകക്ഷിയാണ് ആന്ധ്രപ്രദേശിനോട് അവഗണന കാട്ടിയെന്ന ആരോപണവുമായി സഭയുടെ നടുത്തളത്തിലിറങ്ങിയത്. തെലങ്കാനയോട് അവഗണന കാട്ടിയെന്ന പരാതി വൈആര്‍എസ് കോണ്‍ഗ്രസും ഉന്നയിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ സംബന്ധിച്ച രാഷ്ട്രപതിയുടെ പ്രസംഗം വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രമുഖ മാധ്യമങ്ങളും വസ്തുതാന്വേഷകരും കണക്കുസഹിതം വ്യക്തമാക്കിയിട്ടുമുണ്ട്. അസമത്വം കുറഞ്ഞുവെന്ന അവകാശവാദം തെറ്റാണെന്നതിന് സമീപകാലത്തു പുറത്തുവന്ന പല കണക്കുകളും ഉദാഹരിക്കപ്പെട്ടിട്ടുമുണ്ട്.

അതിനൊന്നും മറുപടി പറയാന്‍ മോഡി തന്റെ പ്രസംഗത്തില്‍ ശ്രമിക്കുന്നില്ല. പകരം ഇന്ത്യാവിഭജനത്തിന്റെ കഥകള്‍ പറയുന്നു. കശ്മീരിന്റെ വേദനയെ കുറിച്ച് വിലപിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അവലോകനം ചെയ്യുന്നു. അക്കാലത്താരംഭിച്ച ആധാറിനെ കുറിച്ച് വാചാലനാകുന്നു. അത് സാധാരണക്കാരന് ഗുണകരമായതിനാല്‍ തുടരുന്നുവെന്ന വ്യാജ പ്രസ്താവന നടത്തുന്നു. യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച ആധാര്‍ അധികാരത്തിലെത്തിയാല്‍ അവസാനിപ്പിക്കുമെന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ തന്റെ പ്രസംഗം വിഴുങ്ങിയാണ് അദ്ദേഹമിപ്പോള്‍ ആധാറിനെ കുറിച്ച് സംസാരിക്കുന്നത്. എല്ലാ കുറ്റങ്ങളും മുന്‍സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്ക്കാനാണ് മൂന്നര വര്‍ഷം ഭരിച്ച മോഡി ശ്രമിച്ചിരിക്കുന്നത്.