Friday
22 Feb 2019

ഷീലോഡ്ജും ഹോസ്റ്റലുകളും കാലത്തിന്റെ ആവശ്യം

By: Web Desk | Thursday 8 February 2018 10:09 PM IST

തൊഴില്‍ പഠനസൗകര്യങ്ങള്‍ക്കും ചികിത്സാര്‍ഥം വരുന്നവരുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുമ്പോള്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് അത് നല്‍കുന്ന ഉറപ്പും പിന്തുണയും ചെറുതല്ല

സ്ത്രീകളുടെ യാത്രകളും താമസവും വലിയ പ്രതിസന്ധി നേരിടുന്ന കാലമാണിത്. പഠനാവശ്യത്തിനും ജോലിസംബന്ധമായും മറ്റ് ആവശ്യങ്ങള്‍ക്കുമായി ധാരാളം സ്ത്രീകള്‍ നിത്യവും യാത്ര ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൗകര്യപ്രദവും സുരക്ഷിതവുമായ താമസസ്ഥലം ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീയാത്രകളെ പരിമിതപ്പെടുത്തുന്ന ഒരു ഘടകം ഇതാണുതാനും. ഇത്തവണ സംസ്ഥാന ബജറ്റില്‍ അതിനൊരു പരിഹാരമായി ‘ഷീലോഡ്ജ്’ എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നു എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശമാണ്. നാലുകോടി രൂപ ചെലവില്‍ ആദ്യപരീക്ഷണമെന്ന നിലയില്‍ എറണാകുളത്താണ് ആദ്യ ഷീലോഡ്ജ് നിര്‍മിക്കാന്‍ പോകുന്നത്. കൂടാതെ പതിനാല് ജില്ലകളിലും ഹോസ്റ്റലുകളും ഷോര്‍ട്ട് സ്റ്റേഹോമുകളും പണിയുന്നതിനായി ബജറ്റില്‍ 29.80 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.
ബജറ്റില്‍ വകയിരുത്തിയതുകൊണ്ട് മാത്രം കാര്യമായില്ല, ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുകയും വേണം. ഇപ്പോള്‍ തന്നെ താമസസൗകര്യത്തിന്റെ ദൗര്‍ലഭ്യം കാരണം പല അവസരങ്ങളും നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. കുറച്ചുകാലം മുന്‍പുവരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ കേരളത്തില്‍ വിരളമായിരുന്നു. സമ്പൂര്‍ണസാക്ഷരതയും സ്ത്രീശാക്തീകരണവുമൊക്കെ നടന്നിട്ടും പല അടിസ്ഥാനമാറ്റങ്ങള്‍ക്കും പുറംതിരിഞ്ഞു നില്‍ക്കുന്ന സമൂഹമാണ് നമുക്കുള്ളത്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തു തുടങ്ങിയത് തന്നെ കുറച്ചുകാലം മുന്‍പു മുതലാണ്.
വിവിധ കോച്ചിങ്ങുകള്‍ക്കും ഉപരിപഠനത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായി തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന സ്ത്രീകളും പെണ്‍കുട്ടികളും ധാരാളമാണ്. സ്ഥലംമാറ്റം കാരണവും ചികിത്സാര്‍ഥവും എത്തുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ഇവര്‍ക്കൊക്കെ ഒരു രാത്രി തങ്ങാനോ, താല്‍ക്കാലികതാമസം ലഭിക്കാനോ കഴിയുന്ന അവസ്ഥയിന്നില്ല. പേയിങ് ഗസ്റ്റായി ചിലര്‍ക്ക് സൗകര്യം ലഭിക്കുമെങ്കിലും ഭൂരിപക്ഷം സ്ത്രീകളും താമസസൗകര്യം ലഭിക്കാതെ ഉഴറുന്ന സ്ഥിതിയാണ്. തൊഴിലിന്റെ പ്രത്യേകതകൊണ്ട് താവളമില്ലാതെ പോകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പ്രത്യേകിച്ചും മാധ്യമരംഗത്തും ഐടി മേഖലയിലുമുള്ള സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. അവരുടെ തൊഴില്‍ സമയത്തിന്റെ രീതി കാരണം അസമയത്ത് വന്ന് കയറാന്‍ പറ്റുന്ന ഹോസ്റ്റലുകളോ താമസസ്ഥലങ്ങളോ ഇന്നില്ല.
സമൂഹത്തിന്റെ പൊതുബോധം സ്ത്രീയെ സുരക്ഷിതയാക്കുക എന്നതാണെങ്കിലും അതിനുള്ള പരിഹാരം വൈകുന്നേരം ആറ് മണിക്ക് മുന്‍പ് അവരെ കൂട്ടിലടയ്ക്കുക എന്നതാണ്. ഈ ചിട്ട പാലിക്കുന്നവര്‍ക്ക് മാത്രമേ ഇന്ന് നമ്മുടെ ഹോസ്റ്റലുകളില്‍ പ്രവേശനമുള്ളു. കോളജ് ഹോസ്റ്റലുകളിലെ ഈ നിയന്ത്രണം കാരണം ലൈബ്രറി സൗകര്യം ഉപയോഗിക്കാനോ, റഫറന്‍സ് പഠനം നടത്താനോ കഴിയാതെ പോകുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതിഷേധിച്ചത് ഈയിടെയാണ്. ആണ്‍കുട്ടികള്‍ ഈ സൗകര്യങ്ങളെല്ലാം അനുഭവിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നിയന്ത്രണം കാരണം പഠനസാധ്യതകള്‍ നഷ്ടമാകുന്നു.

സര്‍ക്കാര്‍ നിര്‍മിക്കാന്‍ പോകുന്ന ഹോസ്റ്റലുകളും ഷോര്‍ട്ട് സ്റ്റേഹോമുകളും ഷീലോഡ്ജും പുതിയകാല സ്ത്രീ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നതായിരിക്കണം. മാധ്യമരംഗത്തെയും ഐടി നഴ്‌സിങ് മേഖലകളിലെയും സ്ത്രീകള്‍ക്ക് അവരുടെ തൊഴില്‍ സമയമനുസരിച്ച് താമസിക്കാന്‍ കഴിയുന്ന ഹോസ്റ്റലുകള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉണ്ടാവേണ്ടതുണ്ട്. താമസസൗകര്യത്തിന്റെ അഭാവം കാരണം പല അവസരങ്ങളും സ്ത്രീകള്‍ക്ക് നഷ്ടമാകുന്നത് തടയാനും സ്ത്രീശാക്തീകരണത്തിനുതകുന്ന അത്തരം സൗകര്യങ്ങള്‍ ഒരുക്കാനും ഇപ്പോള്‍തന്നെ നമ്മള്‍ ഏറെ വൈകി.

എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ നിര്‍മിക്കുമെന്ന് പലവട്ടം പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും വേണ്ടവണ്ണം യാഥാര്‍ഥ്യമായിട്ടില്ല. സ്ഥലംമാറ്റംമൂലം ഉണ്ടായേക്കാവുന്ന ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രമോഷന്‍ പരീക്ഷകള്‍ ഉപേക്ഷിച്ച ധാരാളം സ്ത്രീകളുണ്ട്. വീട് വിട്ട് താമസിക്കേണ്ടി വരുന്ന ഈ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ചികിത്സാര്‍ഥം തങ്ങേണ്ടിവരുന്ന സ്ത്രീകളുടെ പ്രശ്‌നം. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും ഇവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഷോര്‍ട്ട് സ്റ്റേഹോമുകള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ടതുണ്ട്.
പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്തുന്ന വന്‍ ലോഡ്ജുമാഫിയകള്‍ സജീവമാണ്. അവരില്‍ നിന്ന് രോഗത്തിന്റെ ഉല്‍കണ്ഠയും പേറി എത്തുന്ന സ്ത്രീകളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധരാകണം. ഷോര്‍ട്ട് സ്റ്റേഹോമുകള്‍ക്ക് രൂപം നല്‍കുമ്പോള്‍ ഈ യാഥാര്‍ഥ്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ മുമ്പിലുണ്ടാകണം.

ആ തിരിച്ചറിവ് സര്‍ക്കാരിനുണ്ടെന്നുള്ളതിന്റെ തെളിവാണ് ഇത്തവണത്തെ ബജറ്റില്‍ ഇതുസംബന്ധിച്ചുണ്ടായ പ്രഖ്യാപനം. പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ അടിയന്തരമായി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ഇച്ഛാശക്തിയോടെ ലിംഗപക്ഷബോധത്തോടെ തുടങ്ങുമെന്ന് പ്രത്യാശിക്കാം. അടുത്ത ബജറ്റില്‍ താലൂക്കടിസ്ഥാനത്തിലുള്ള ഹോസ്റ്റലുകളിലേക്കും ഷോര്‍ട്ട് സ്റ്റേഹോമുകളിലേക്കും പോകാന്‍ കഴിയണം. കാരണം ഇത് സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഉറപ്പാണ്. ഇടതുപക്ഷ സര്‍ക്കാരിന് ആ ഉറപ്പ് പാലിക്കേണ്ട ബാധ്യതയുണ്ട്.