Monday
25 Mar 2019

സ്ത്രീ-പുരുഷ ലിംഗാനുപാതം അനാരോഗ്യകരം

By: Web Desk | Sunday 18 February 2018 10:12 PM IST

രാജ്യത്തെ 21 വലിയ സംസ്ഥാനങ്ങളില്‍ 17-ഉം സ്ത്രീപുരുഷ ലിംഗാനുപാതത്തില്‍ തികച്ചും അനാരോഗ്യകരമായ പ്രവണതയാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം നിതി ആയോഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് പ്രമുഖ സംസ്ഥാനങ്ങളെ സംബന്ധിച്ച് അസ്വസ്ഥജനകമായ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് ജനനസമയത്തുള്ള ലിംഗാനുപാതത്തില്‍ ഏറ്റവും വലിയ അന്തരം നിലനില്‍ക്കുന്നത് ഗുജറാത്തിലാണ്. അവിടെ 1000 പുരുഷന്മാര്‍ക്ക് 907 സ്ത്രീകള്‍ എന്ന അനുപാതത്തില്‍ നിന്ന് 53 പോയിന്റ് കുറഞ്ഞ് 854ല്‍ എത്തിനില്‍ക്കുന്നു എന്നത് ആ സംസ്ഥാനത്തിന്റെ പൊതുസാമൂഹ്യ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗുജറാത്തിനു പിന്നില്‍ ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും സ്ത്രീ-പുരുഷ ലിംഗാനുപാതത്തില്‍ നിഷേധാത്മക പ്രവണതകളാണ് ഏറ്റക്കുറച്ചിലുകളോടെയെങ്കിലും കാഴ്ചവയ്ക്കുന്നത്. ഗര്‍ഭധാരണത്തിനു മുമ്പും അതിനുശേഷവും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഗര്‍ഭഛിദ്രവും നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള 1994ലെ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് സംഭവിച്ച വീഴ്ചകളിലേക്കാണ് ഈ അവസ്ഥ ശ്രദ്ധ ക്ഷണിക്കുന്നത്. പെണ്‍കുഞ്ഞുങ്ങളുടെ ജീവനും പഠനത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളും പ്രചാരണ പരിപാടികളും കേവലം പൊള്ളയായ മുദ്രാവാക്യങ്ങള്‍ മാത്രമായി അവശേഷിക്കുന്നു എന്നുതന്നെയാണ് നിതി ആയോഗിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്ത്രീ-പുരുഷ ലിംഗാനുപാതത്തില്‍ അല്‍പമെങ്കിലും പുരോഗതി രേഖപ്പെടുത്തിയിട്ടുള്ളത്. താരതമേ്യന മികച്ച സ്ത്രീ-പുരുഷ ലിംഗാനുപാതം നിലനിന്നിരുന്ന കേരളത്തില്‍ പോലും 2001, 2011 സെന്‍സസ് കണക്കുകള്‍ പ്രകാരം ആറ് വയസിനു താഴെയുള്ള കുട്ടികള്‍ക്കിടയില്‍ സ്ത്രീ-പുരുഷ ലിംഗാനുപാതത്തില്‍ അന്തരം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ആയിരം ആണ്‍കുട്ടികള്‍ക്ക് 2001ല്‍ ആനുപാതികമായി 963 പെണ്‍കുട്ടികള്‍ എന്നത് 2011ല്‍ 959 ആയി കുറഞ്ഞതായാണ് കാണുന്നത്. കേരളത്തിന്റെ പൊതു സ്ത്രീ-പുരുഷ ലിംഗാനുപാതം ആയിരം പുരുഷന്മാര്‍ക്ക് 1,084 സ്ത്രീകള്‍ എന്നത് രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന ലിംഗാനുപാതമാണ്. എന്നാല്‍ ജനന സമയത്തുള്ള ലിംഗാനുപാതത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നത് സാമൂഹ്യശാസ്ത്രപരമായ വീക്ഷണകോണില്‍ ഗൗരവപൂര്‍വം വിലയിരുത്തപ്പെടേണ്ടതാണ്.
നിതി ആയോഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് രാജ്യത്ത് വനിതകളുടെ സാമൂഹ്യപദവി സംബന്ധിച്ച് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. സ്ത്രീയെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ബാധ്യതയായി കാണുന്ന ഇന്ത്യന്‍ പുരുഷാധിപത്യ സമീപനം തന്നെയാണ് സ്ത്രീ-പുരുഷ ലിംഗാനുപാതത്തിലെ അനാരോഗ്യകരമായ അന്തരത്തിന് കാരണം. ലൈംഗികവര്‍ഗം എന്ന നിലയില്‍ സ്ത്രീപുരുഷ അനുപാതം പൊതുവില്‍ 1:1 എന്ന തോതില്‍ നിലനില്‍ക്കണമെന്നതാണ് അഭികാമ്യം. എന്നാല്‍ ആഗോളതലത്തില്‍ പുരുഷന്മാരുടെ ജനനസമയത്തുള്ള ലിംഗാനുപാതത്തില്‍ നേരിയ വര്‍ധന കാണാനാവും. എന്നാല്‍ അപകടങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പുരുഷന്മാര്‍ക്കിടയില്‍ താരതമേ്യന അല്‍പം ഉയര്‍ന്ന മരണനിരക്ക് കാണുന്നതായാണ് നരവംശ, ജനസംഖ്യാ ശാസ്ത്രപഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പുരുഷന്മാരെക്കാള്‍ ഉയര്‍ന്ന സ്ത്രീ അനുപാതം ഓരോ സമൂഹവും അതിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന സാമൂഹ്യപദവിയെ തന്നെയാണ് നിസംശയം സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന കടുത്ത വിവേചനം തന്നെയാണ് സ്ത്രീ-പുരുഷ ലിംഗാനുപാതത്തിലെ വലിയ അന്തരത്തിനു കാരണം. സ്ത്രീകള്‍ നേരിടുന്ന വിവേചനവും പെണ്‍കുഞ്ഞുങ്ങളോടുള്ള അവഗണനയും ഭ്രൂണാവസ്ഥയില്‍ തന്നെ അവരെ ജീവിക്കാന്‍ അനുവദിക്കാത്ത ക്രൂരതയ്ക്ക് കാരണമാകുന്നു. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം, പെണ്‍ഭ്രൂണഹത്യ എന്നിവ രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിര്‍ബാധം തുടരുന്നുവെന്നാണ് പലപ്പോഴും പുറത്തുവരുന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. സ്ത്രീധനമെന്ന സാമൂഹ്യശാപം നിയമംമൂലം നിരോധിക്കപ്പെട്ടിട്ടും ഇന്നും തുടരുന്നു. വിവാഹം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളുടെയും മുഖമുദ്ര അതിന്റെ സ്ത്രീവിരുദ്ധതയും അവയില്‍ തുടരുന്ന സ്ത്രീവിവേചനവും തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇന്നും അര്‍ഹമായ പരിഗണന നല്‍കാന്‍ നമുക്കായിട്ടില്ല.

രാജ്യത്തിന്റെ വികസനത്തെപ്പറ്റി വാചാലമാകുന്ന രാഷ്ട്രീയ നേതൃത്വം കേവലമായ സാമ്പത്തിക വളര്‍ച്ചയില്‍ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും സ്ത്രീകള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന വസ്തുത ഇന്ത്യയിലെ പുരുഷാധിപത്യ സമൂഹം ഇനിയും അര്‍ഹിക്കുംവിധം അംഗീകരിച്ചിട്ടില്ല. തങ്ങളുടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രങ്ങളായി മാത്രം കാണുന്ന നേതാക്കള്‍ പോലുമുണ്ടെന്നത് രാജ്യത്തിനുതന്നെ അപമാനകരമാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയ ജീവിതത്തിലും ഭരണനിര്‍വഹണത്തിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ പാര്‍ലമെന്റിനുപോലും ഇനിയും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയത്തിലും ജനപ്രാതിനിധ്യത്തിലും സ്ത്രീകളുടെ അര്‍ഹമായ പങ്ക് ഉറപ്പുവരുത്താതെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്താനോ ലിംഗാനുപാതത്തില്‍ സ്വാഭാവിക വളര്‍ച്ചയും നീതിയും ഉറപ്പുവരുത്താനോ കഴിയില്ല.