March 26, 2023 Sunday

Related news

November 16, 2022
November 4, 2022
August 13, 2022
June 30, 2022
January 6, 2022
May 18, 2021
April 24, 2021
April 23, 2021
April 16, 2021
April 14, 2021

ആരോഗ്യസേതു നിർബന്ധമാക്കുന്നത് നിയമവിരുദ്ധം

Janayugom Webdesk
May 4, 2020 2:30 am

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച ചർച്ചകൾ സജീവമായി നിൽക്കുന്ന ഘട്ടത്തിൽ തന്നെയാണ് ആരോഗ്യസേതു എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്ര സർക്കാർ നിർബന്ധിതമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതാണ് കേന്ദ്രം നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. ഇത് പൂർണ്ണമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല അതാത് സ്ഥാപനങ്ങളുടെ മേധാവികൾക്കാണെന്നും സർക്കാർ വ്യക്തമാക്കിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ അടക്കം മൊബൈൽ ഫോണുകളിൽ കോവിഡ് മുന്നറിയിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുന്ന ഈ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നാണ് കേന്ദ്ര പഴ്‌സണൽ കാര്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. കണ്ടൈൻമെന്റ് സോണു (ഹോട്ട്സ്പോട്ട്) കളിൽ താമസിക്കുന്ന എല്ലാവരും ഇത് നിർബന്ധമായും ഉപയോഗിച്ചിരിക്കണമെന്നും സർക്കാർ നിർദ്ദേശത്തിലുണ്ട്.

ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ചാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമെന്ന നിലയിൽ കേന്ദ്രസർക്കാർ ഈ ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വരുത്തിയത്. കൊറോണ രോഗബാധിതരെ കണ്ടെത്തുക, ആവശ്യമായ ബോധവൽക്കരണം നടത്തുക തുടങ്ങിയവയായിരുന്നു ഇതിന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത്. തുടക്കം മുതൽ തന്നെ ആരോഗ്യസേതുവിനെ സംബന്ധിച്ച സ്വകാര്യതാ മാനദണ്ഡങ്ങളിൽ സംശയങ്ങൾ ഉയർന്നിരുന്നു. ആപ്ലിക്കേഷന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ സ്വകാര്യതയും ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്നതാണെന്നാണ് പ്രധാന ആക്ഷേപം. ജനങ്ങളുടെ ആരോഗ്യ പരിപാലനവും തൊഴിൽ സുരക്ഷിതത്വവും സർക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്. അതിന് ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ മാത്രമല്ല സംസ്ഥാന സർക്കാരുകളും ജനങ്ങളാകെയും നടത്തുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ മനുഷ്യാവകാശവും വ്യക്തികളുടെ സ്വകാര്യത എന്ന അവകാശവും ലംഘിക്കുന്ന നടപടിയെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുവാൻ കേന്ദ്ര സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടയിലാണ് ആരോഗ്യ സേതു നിർബന്ധമാക്കുന്നതിന് കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെതിരെ ആംനെസ്റ്റി ഇന്ത്യ, പിയുസിഎൽ, ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ തുടങ്ങിയ നിരവധി സംഘടനകൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയിരിക്കുകയാണ്.

ബഹുമാനപ്പെട്ട സുപ്രീംകോടതി അംഗീകരിച്ച അന്താരാഷ്ട്ര അംഗീകൃത ഡാറ്റാ പരിരക്ഷണ തത്വങ്ങൾ പാലിക്കുന്നതിൽ ആരോഗ്യസേതു ആപ്പ് പരാജയപ്പെടുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 2017 ൽ പരമോന്നത കോടതിയിൽ നിന്നുണ്ടായ വിധി പ്രസ്താവത്തിൽ സ്വകാര്യത എന്നത് മൗലികാവകാശമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ, നിയമാനുസൃതമായ ലക്ഷ്യം നേടുന്നതിനുവേണ്ടി സർക്കാർ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് ന്യായീകരിക്കാമെന്ന് കോടതി അംഗീകരിച്ചുവെങ്കിലും അത്തരം സാഹചര്യങ്ങളിൽ പോലും, ആവശ്യമുള്ളതും ആനുപാതികവുമായ രീതിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കോടതി അന്ന് പറഞ്ഞത്. ഡിജിറ്റലായുള്ള ആരോഗ്യ വിവരങ്ങളുടെയും അനുബന്ധമായി വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി ഡിജിറ്റൽ വിവര സുരക്ഷയ്ക്കായുള്ള കരട് നിയമത്തിൽ വ്യവസ്ഥകൾ നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിനും പങ്കിടുന്നതിനും സമ്മതം ആവശ്യമാണെന്നും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. മറ്റുള്ളവർക്ക് ആരോഗ്യ വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ സമഗ്രമായ ഡാറ്റാ സംരക്ഷണത്തിനുള്ള നിയമനിർമ്മാണം ഇല്ലെങ്കിലും വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ പരിരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് സർക്കാരും നീതിപീഠവും അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വ്യക്തികളുടെ സ്വകാര്യതയെ കുറിച്ച് നിരവധി ആശങ്കകൾ ഉയരുന്ന ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കുന്നത് സംശയങ്ങൾക്ക് ഇട നൽകുന്നത്. എല്ലാവരും ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന് നിഷ്കർഷിക്കുമ്പോൾ അത് വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാകുന്നു. ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ലഭ്യമാക്കുന്നുണ്ട്. വ്യക്തിയുടെ അനുവാദമില്ലാതെ വിവരങ്ങൾ ലഭ്യമാക്കരുതെന്ന വ്യവസ്ഥ നിലവിലുള്ളപ്പോൾതന്നെ വിവരങ്ങൾ നൽകിയാൽ മാത്രം ഇൻസ്റ്റലേഷൻ സാധ്യമാകുന്ന ആപ്ലിക്കേഷൻ നിർബന്ധിതമാക്കുന്നത് നിയമവിരുദ്ധമാണെന്ന വാദത്തെ ശരിവയ്ക്കുന്നതാണ്. ഈയൊരു പശ്ചാത്തലത്തിൽ കൂടുതൽ സുതാര്യമാക്കാതെയും വ്യക്തിഗത വിവര സുരക്ഷ ഉറപ്പാക്കാതെയും ആരോഗ്യസേതു ആപ്പ് നിർബന്ധിതമാക്കുന്നത് വ്യക്തികളുടെ അവകാശങ്ങളുടെയും വിവര സുരക്ഷാ വ്യവസ്ഥകളുടെയും ലംഘനമാണ്.

 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.