Web Desk

May 10, 2020, 5:00 am

വെല്ലുവിളികൾ നേരിടാൻ സജ്ജരാവുക

Janayugom Online

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിന് ഘട്ടം ഘട്ടമായി ഇളവുകൾ നൽകുന്നു. വിവിധ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനത്തിന്റെ രൂക്ഷത ഉൾക്കൊള്ളാതെയുള്ള ഇളവുകളാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ അനുവദിക്കുന്ന ഇളവുകൾ സംബന്ധിച്ച ചോദ്യങ്ങളും ആശങ്കകളും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. അനിശ്ചിത കാലത്തേക്ക് ലോക്ഡൗൺ ദീർഘിപ്പിക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്. ലോക്ഡൗൺ മാറ്റുമ്പോൾ അതിനുള്ള തയ്യാറെടുപ്പുകളും മുൻകരുതലുകളും അനിവാര്യവും. യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് മാർച്ച് 24ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജനങ്ങൾക്കുണ്ടായ കഷ്ടതകൾ അനിവർചനീയമാണ്.

പാവപ്പെട്ട ജനങ്ങളാണ് കഷ്ടതകൾക്ക് ഏറെ ഇരയായത്. ഇപ്പോൾ 45 ദിവസത്തിന് ശേഷം രാജ്യം സാധാരണ നിലയിലേക്ക് വരുന്നതായി കേന്ദ്ര സർക്കാർ പറയുന്നു. അപ്പോഴും പാവപ്പെട്ട ജനങ്ങളുടെ കഷ്ടതകൾ രൂക്ഷമായി തന്നെ തുടരുകയാണ്. ഇനി വരുന്ന ദിവസങ്ങൾ, നേരത്തെയുള്ളതുപോലെ ആയിരിക്കില്ല. കൊറോണയ്ക്ക് മുമ്പുള്ള ദിനങ്ങളും ശേഷമുള്ള ദിനങ്ങളുമായി ചരിത്രം വേർതിരിക്കപ്പെടും. കുത്തക കമ്പോളങ്ങളുടെ ആർത്തിയും നവഉദാരവൽക്കരണ നയങ്ങളുടെ പരാജയവുമാണ് കൊറോണ മഹാമാരി വെളിപ്പെടുത്തുന്നത്. കുത്തക മുതലാളിത്ത സംവിധാനത്തിൽ മനുഷ്യ ജീവനോടുള്ള അവഗണന, പൊതുജനാരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങൾ ലോകചരിത്രത്തിലെ ഒരു ദുരന്തമാണ്. ഇത് കേവലം ദുരന്ത നാടകമോ ചാക്രിക പ്രതിസന്ധിയോ അല്ല, മറിച്ച് നിലവിലുള്ള സംവിധാനത്തിന്റെ പ്രതിലോമാവസ്ഥയുടെ സൂചകമാണ്. യുഎസ്എ മുതൽ തുർക്കി വരെ, ഇന്ത്യ മുതൽ ബ്രസീൽ വരെയുള്ള സാമ്പത്തിക, രാഷ്ട്രീയ ക്രമത്തിനാണ് അതിന്റെ ഉത്തരവാദിത്വം. മനുഷ്യ ജീവനെ വച്ച് പന്താടാൻ ഇനി അനുവദിച്ചുകൂട.

എല്ലാ ഭാരങ്ങളും പാവപ്പെട്ട ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്, മുതലാളിത്ത വികസന സംവിധാനത്തിന്റെ പ്രത്യേകതയാണ്. കൊറോണകാലത്തും ഇതേ നിലപാടുകൾ തന്നെയാണ് മുതലാളിത്ത ഭരണ സംവിധാനം ആവർത്തിക്കുന്നത്. രാജ്യത്തെ മൊത്തം തൊഴിലാളി സമൂഹത്തിന്റെ 30 മുതൽ 40 ശതമാനത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് മോഡി സർക്കാർ ചിന്തിച്ചത് പൊടുന്നനെയാണ്. ഇപ്പോൾ തൊഴിൽ സ്ഥലത്ത് എത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വന്തം വീടുകളിലേക്ക് തിരികെ പോകമെന്ന ഇവരുടെ ആഗ്രഹവും ആവശ്യവും അവഗണിക്കപ്പെടുന്നു. ഇതുവരെയും കുടിയേറ്റ തൊഴിലാളികളുടെ കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാർ സംവിധാനം തയ്യാറായിരുന്നില്ല. ഇവർക്കുള്ള ഭക്ഷണം, തലചായ്ക്കാനുള്ള ഇടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് മോഡി സർക്കാർ ചിന്തിച്ചതേയില്ല. സ്വന്തം നാടുകളിലെത്താൻ കാൽനടയായുള്ള ഇവരുടെ കൂട്ടപലായനം തികച്ചും ദയനീയമാണ്.

വാസ്തവത്തിൽ ഇവർ ആധുനിക ഇന്ത്യയിലെ ഭക്ഷണത്തിനുവേണ്ടിയുള്ള അഭയാർത്ഥികളാണ്. 45 ദിവസത്തെ കാത്തിരിപ്പിന് ശേഷം വീട്ടിലെത്താനുള്ള ട്രെയിൻ എത്തിയപ്പോൾ ഒരു നയാപൈസ കുറയ്ക്കാതെയുള്ള ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ ഇന്ത്യയുടെ പരിച്ഛേദമാണ് കുടിയേറ്റ തൊഴിലാളികൾ. ഇവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ഒരു സർക്കാരിന്റെ ആദ്യത്തെ കടമ. കുറഞ്ഞത് 7,500 രൂപയെങ്കിലും പാവപ്പെട്ട തൊഴിലാളികൾക്ക് ലഭ്യമാക്കണം. ഇതിനായി 65,000 കോടി രൂപയാണ് വേണ്ടതെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ പറയുന്നു. പാവപ്പെട്ടവന്റെ കയ്യിലെത്തുന്ന ഈ പണം കമ്പോളത്തിൽ എത്തും. ഇതൊരിക്കലും ഓഹരി കമ്പോളത്തിൽ എത്തില്ല. പാവപ്പെട്ടവന്റെ കൈകളിൽ എത്തുന്ന ഈ പണം സമ്പദ്‌വ്യവസ്ഥയുടെ ചാലശക്തിയായി മാറും. സമാന അഭിപ്രായമാണ് നൊബേൽ സമ്മാന ജേതാക്കളായ അമർത്യ സെൻ, അഭിജിത് ബാനർജി എന്നിവർ പങ്കുവച്ചതും.

ഇതൊരു പുതിയ ആശയമല്ല. പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് കമ്പോള സമ്പദ്‌വ്യവസ്ഥയിൽ സമാന നടപടികൾ കെയ്ൻസിന്റെ കാലം മുതൽ പ്രചാരത്തിലുണ്ട്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ മോഡി സർക്കാർ തയ്യാറാകുന്നില്ല. സർക്കാർ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തികച്ചും അപര്യാപ്തമാണ്. പാവപ്പെട്ടവർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഇതിന് കഴിയില്ല. ജിഡിപിയുടെ ഒരു ശതമാനം തുകകൊണ്ട് രാജ്യത്തെ 60 ശതമാനത്തോളം വരുന്ന തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ജിഡിപിയുടെ പത്ത് ശതമാനത്തിലധികമാണ് കൊറോണ പാക്കേജായി അമേരിക്ക പ്രഖ്യാപിച്ചത്. ഇവിടെ പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ മോഡി സർക്കാർ എന്തുചെയ്തു എന്ന ചോദ്യമുയരുകയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ തീരുവ ഗണ്യമായി വർധിപ്പിച്ച മോഡി സർക്കാരിന്റെ തീരുമാനം സമ്പദ്‌വ്യവസ്ഥയുടെ കെടുകാര്യസ്ഥതയുടെ ഉത്തമ ദൃഷ്ടാന്തമാണ്.

കമ്പോളത്തിൽ കൂടുതൽ പണം നിക്ഷേപിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് അനിവാര്യമായത്. മോഡി സർക്കാർ പിന്തുടരുന്ന കോർപ്പറേറ്റ് പ്രീണന നയങ്ങളാണ് ഇതിന് വിഘാതമാകുന്നത്. രാജ്യത്തെ പാവപ്പെട്ടവനെയും പട്ടിണിക്കാനെയും പ്രവാസി തൊഴിലാളികളെയും സഹായിക്കാൻ സർക്കാരിന് പണമില്ല. അപ്പോഴും തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡി, മെഹുൽ ചോക്സി, വിജയ് മല്യ തുടങ്ങിയവരുടെ 68,607 കോടി രൂപയുടെ വായ്പകൾ എഴുതിതള്ളുന്നു. കഴിഞ്ഞ ദിവസം മറ്റൊരു തൊഴിലാളി വിരുദ്ധ നയവുമായി മോഡി സർക്കാർ രംഗത്തെത്തി. 15,000 രൂപവരെ ശമ്പളമുള്ളവർക്ക് മാത്രം പിഎഫിൽ തൊഴിലുടമകളുടെ വിഹിതം നൽകിയാൽ മതിയെന്ന് സർക്കാർ പ്രഖ്യാപിച്ചു. തൊഴിൽ സമയം എട്ട് മണിക്കൂറിൽ നിന്നും 12 മുതൽ 13 വരെയായി വർധിപ്പിച്ചു.

തൊഴിലാളികളുടെ എണ്ണവും വേതനവും വെട്ടിക്കുറയ്ക്കുന്ന നടപടികളും ആരംഭിച്ചു. സർക്കാരിന്റെ നേരത്തെയുള്ള പ്രഖ്യാപനങ്ങളിൽ നിന്നും തികച്ചും വിപരീതമാണിത്. എയർ ഇന്ത്യയുടെ ഉപകമ്പനിയായ അലയൻസ് എയർ പത്ത് വർഷത്തിലധികമായി ജോലി ചെയ്തിരുന്ന തൊഴിലാളികളെ മെയ് ഒന്നിന് പിരിച്ചുവിട്ടു. ഇത് ഭാവിനടപടികളുടെ സൂചകമാണ്. വിഭവങ്ങളില്ലെന്ന പേരിൽ പാവപ്പെട്ടവന്റെ പോക്കറ്റിൽ കേന്ദ്ര സർക്കാർ കയ്യിടുന്നു. 8.96 ലക്ഷം കോടിയുടെ നികുതി കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളത്. സർക്കാർ അവരെ തൊടില്ല. 1.45 ലക്ഷം കോടിയുടെ കോർപ്പറേറ്റ് നികുതി കുറച്ചുകൊടുത്തു. പാവപ്പെട്ട തൊഴിലാളികളെ പിഴിഞ്ഞ് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ തുടരുന്നു. കർഷകർ, തൊഴിലാളികൾ, പാവപ്പെട്ടവർ എന്നിവരാണ് ഇതിന് ഇരയാകുന്നത്.

കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാർ ഒന്നും പഠിച്ചില്ല. മനുഷ്യാധ്വാനത്തിന്റെ മഹത്വമാണ് കൊറോണ നമ്മെ പഠിപ്പിച്ച പ്രധാന പാഠം. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാടുകൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി സംഘടനകളും ശബ്ദമുയർത്തുന്നത്. പാവപ്പെട്ടവന്റെ മേലുള്ള സർക്കാരിന്റെ ആക്രമണം ശക്തമാകുമ്പോൾ ഈ പോരാട്ടവും ശക്തമാക്കണം.