Web Desk

March 19, 2020, 5:00 am

ദുരന്തം തടയാന്‍ ആസൂത്രിതവും കാര്യക്ഷമവുമായ തന്ത്രം കൂടിയേ തീരൂ

Janayugom Online

കോവിഡ് 19 രോഗബാധയുടെ ആദ്യഘട്ടം പിന്നിട്ട് പ്രാദേശിക വ്യാപനമെന്ന രണ്ടാംഘട്ടത്തിലേക്ക് ഇന്ത്യ കടന്നിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രാജ്യത്തിന് നല്‍കിയിരിക്കുന്നത്. സാമൂഹ്യ വ്യാപനമായിരിക്കും മൂന്നാംഘട്ടമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. രോഗബാധ ഉണ്ടായ രാജ്യങ്ങളില്‍ താരതമ്യേന വളരെ താഴ്ന്ന ആഘാതത്തെ മാത്രമെ ഇന്ത്യക്കും കേരളത്തിനും ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ളു. രോഗബാധിതരായി വിദേശത്തുനിന്ന് എത്തിയവരെയും അവരില്‍ നിന്ന് രോഗം പകര്‍ന്നവരെയും കണ്ടെത്തി സംസര്‍ഗ വിലക്കിലൂടെ ചികിത്സ നല്‍കാനും രോഗപകര്‍ച്ച തടയാനും‍ വലിയൊരളവ് നമുക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പൗരബോധത്തോടെയുള്ള സാമൂഹ്യ മുന്‍കരുതലിനും സര്‍ക്കാര്‍തല കരുതല്‍ നടപടികളും ഊര്‍ജ്ജസ്വലവും കാര്യക്ഷമവുമായി നടപ്പാക്കുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. കേവലം സംസര്‍ഗ വിലക്കിലൂടെ നേരിടാവുന്നതല്ല പ്രാദേശിക, സാമൂഹ്യവ്യാപനങ്ങള്‍. രോഗബാധിത മേഖലകള്‍‌ക്കുതന്നെ സംസര്‍ഗവിലക്ക് ഏര്‍പ്പെടുത്തേണ്ടിവരും.

ഫലപ്രദമായ ചികിത്സാരീതികളൊ രോഗപ്രതിരോധ മരുന്നുകളൊ നിലവിലില്ലെന്നതുകൊണ്ടുതന്നെ വ്യാപനം തടയാന്‍ കര്‍ക്കശ നടപടികള്‍ വേണ്ടിവരും. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ സംസര്‍ഗ വിലക്ക് വകവയ്ക്കാതെ രക്ഷപ്പെടാനും രോഗം പരത്താനും ഇടയാക്കുന്ന അപൂര്‍വ സംഭവങ്ങള്‍ ഇതിനകം പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാതെ ജനങ്ങള്‍ കൂട്ടംചേരുന്ന സംഭവങ്ങളും അപൂര്‍വമല്ല. രോഗബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മതിയായ മുന്‍കരുതല്‍ കൂടാതെ സംഘമായി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നതും പ്രോത്സാഹിപ്പിക്കപ്പെടരുത്. കേരളത്തില്‍ ഇതുവരെ നടന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചു കാണാനും ആഗോളതലത്തിലുള്ള രോഗവ്യാപനത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനും ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. രോഗബാധമൂലമുള്ള ജനങ്ങളുടെ ആശങ്ക മുതലെടുത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും സര്‍ക്കാരിന്റെ വരുമാന സ്രോതസുകള്‍ അപ്പാടെ നിഷേധിക്കാനുള്ള നീക്കവും അത്തരം കേന്ദ്രങ്ങളുടെ കുബുദ്ധിയില്‍ രൂപംകൊണ്ടിട്ടുണ്ട്. അത്തരക്കാരെ ഫലപ്രദമായി നിയന്ത്രിച്ചു നിലയ്ക്കുനിര്‍ത്താന്‍ പ്രബുദ്ധ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങള്‍ക്ക് കഴിയണം.

കോവിഡ് 19 ലോകത്തെമ്പാടും സാമ്പത്തികരംഗത്ത് കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അസംഘടിത സാമ്പത്തിക മേഖലകളിലാണ് അത് ഏറ്റവും വേഗത്തില്‍ പ്രകടമാകുന്നത്. സമൂഹത്തിലാകെ പരിഭ്രാന്തി പരത്തി സാമ്പത്തിക മേഖലയെ തളര്‍ത്തുന്നതിനു പകരം ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് തൊഴില്‍സ്തംഭനവും സാമ്പത്തിക തകര്‍ച്ചയും കൂടാതെ എങ്ങനെ മുന്നോട്ടുപോകാനാകും എന്നതിനെപ്പറ്റി സര്‍ക്കാരും സമൂഹമാകെത്തന്നെയും ചിന്തിക്കണം. തദനുസൃത തന്ത്രങ്ങള്‍ക്കും കര്‍മ്മപരിപാടികള്‍ക്കും രൂപംനല്‍കാന്‍ കാലതാമസം കൂടാതെ കഴിയണം. രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനോളം തന്നെ പ്രധാനമാണ് സാമ്പത്തിക ചലനാത്മകത നിലനിര്‍ത്തുക എന്നത്. ദിവസങ്ങള്‍കൊണ്ട് പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്നത്തെയല്ല നാം അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ആസൂത്രിത നീക്കങ്ങളിലൂടെ മാത്രമെ രോഗത്തെയും സാമ്പത്തിക പ്രതിസന്ധികളെയും ഒരുപോലെ നേരിടാനും പരിഹാരം കണ്ടെത്താനും കഴിയൂ.

കേരള സര്‍ക്കാര്‍ അങ്കണവാടി കുട്ടികള്‍ക്കും ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. അത് തൊഴില്‍, സാമ്പത്തിക മാന്ദ്യത്തിന്റെ ഈ ഘട്ടത്തില്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നതിന് എല്ലാതലത്തിലുമുള്ള ജനപ്രതിനിധികളും ജാഗ്രത പുലര്‍ത്തണം. രോഗപ്രതിരോധത്തിന്റെ ഭാഗമായി സംസര്‍ഗ വിലക്ക് നേരിടേണ്ടിവരുന്ന കുടുംബങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും സൗജന്യ റേഷനടക്കം ഭക്ഷ്യവസ്തു‌ക്കള്‍ ലഭ്യമാക്കുന്നതിനെപ്പറ്റിയും ആലോചന കൂടിയേ തീരൂ. കേരളം തുടര്‍ച്ചയായി രണ്ട് പ്രകൃതി ദുരന്തങ്ങളെ വിജയകരമായി അതിജീവിച്ചതിന്റെ അനുഭവപാഠം നമുക്ക് മുന്നിലുണ്ട്. അവിടെ കൂട്ടായ്മയും യോജിച്ച പ്രവര്‍ത്തനവുമായിരുന്നു വിജയത്തിന്റെ താക്കോല്‍. എന്നാല്‍ കോവിഡ് 19 പോലെ ഒരു ദുരന്തത്തെ തടയാന്‍ ബുദ്ധിപൂര്‍വമായ വേറിട്ടൊരു പ്രവര്‍ത്തന തന്ത്രം കൂടിയേ തീരൂ. അതിന് രൂപം നല്‍കാനും വിജയകരമായി നടപ്പാക്കാനും സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങള്‍ക്കും സാമൂഹിക നേതൃത്വത്തിനും കഴിയണം.

ENGLISH SUMMARY: Janayugam edi­to­r­i­al about covid 19 precautions