Web Desk

June 04, 2020, 5:00 am

ഇളവുകളിലും യാത്രകളിലും ജാഗ്രത കൈവെടിയരുത്

Janayugom Online

ദീർഘകാലത്തിനുശേഷം അന്തർ ജില്ലാ പൊതുഗതാഗതം പുനരാരംഭിച്ചിരിക്കുന്നു. തൊട്ടടുത്ത രണ്ട് ജില്ലകൾക്കിടയിലാണ് സർവീസ്. അന്തർസംസ്ഥാന സർവീസുകൾ ജൂൺ എട്ടോടെ ആരംഭിക്കാമെന്നാണ് കേന്ദ്ര ലോക്ഡൗൺ ഇളവുകളിൽ പറയുന്നത്. ഇതോടെ സംസ്ഥാനത്തെ ദീർഘദൂര സർവീസുകളും തുടങ്ങും.

ജില്ലയ്ക്കകത്ത് സർവീസ് പുനരാരംഭിച്ച ഘട്ടംമുതൽ കെഎസ്ആർടിസി സജീവമാണ്. തർക്കത്തിനൊടുവിൽ സ്വകാര്യ ബസുകളും ജില്ലകളിൽ സർവീസ് നടത്തിയിരുന്നു. ഇതുപക്ഷെ, ഇരട്ടിചാർജ്ജ് ഈടാക്കാമെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ആകെ സീറ്റിന്റെ പകുതിയിൽ മാത്രമെ യാത്രക്കാർക്ക് ഇരിക്കാനാവൂ എന്ന നിബന്ധനയും നിലനിന്നിരുന്നു. ഇന്നലെ മുതൽ അന്തർ ജില്ലാ സർവീസുകൾക്ക് അനുമതി നൽകിയതിനൊപ്പം ഇരട്ടി ചാർജ്ജ് വാങ്ങാമെന്ന ഇടക്കാല തീരുമാനം ഗതാഗത വകുപ്പ് പിൻവലിച്ചു. ഇതിൽ ഇടഞ്ഞ സ്വകാര്യ ബസ് ഉടമകൾ സർവീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ചാർജ്ജ് വർധിപ്പിച്ചു നൽകണമെന്നാണ് കെഎസ്ആർടിസിയുടെയും ആവശ്യം. കോവിഡ് ബാധ നാൾക്കുനാൾ പെരുകി നാട് ദുരിതക്കയത്തിൽ നിൽക്കുന്നതിനിടെയും അടിക്കടി ഇന്ധനവില കൂട്ടുന്ന കേന്ദ്രനടപടി ഗതാഗതമേഖലയെ തകർക്കുമ്പോൾ ഈ ആവശ്യങ്ങൾ സ്വാഭാവികമാണ്. കോവിഡ് ഭീതി തെല്ലുപോലും അകന്നിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളും കണ്ടെയ്മെന്റ് സോണുകളാണ്. കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയുന്ന സ്ഥിതിയിലേക്കും സാഹചര്യങ്ങളെത്തിയിട്ടില്ല. സർക്കാർ ഏർപ്പെടുത്തിയ കർശന നിബന്ധനകളും നിയന്ത്രണങ്ങളും പാലിക്കാൻ നിർബന്ധിതമായ പ്രദേശങ്ങളേറെയുണ്ട്. ഈ സന്ദർഭത്തിലാണ് പൊതുഗതാഗതം പുനരാരംഭിക്കുന്നത്. സർവീസ് ആരംഭിച്ച ബസുകളിലെ മുഴുവൻ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം. പക്ഷെ, സുരക്ഷാമാനദണ്ഡം പൂർണമായി പാലിക്കണം.

യാത്രക്കാരും ജീവനക്കാരും മാസ്ക് നിർബന്ധമായും ധരിക്കണം. ബസുകളുടെ വാതിലിനരികിൽ സാനിറ്റെസർ സൂക്ഷിക്കണം. കയറുന്നവർ ഇത് ഉപയോഗിക്ക­ണം. കയറും മുൻപ് സാമൂഹിക അകലം പാലിക്കുകയും വേണം. ഇ­ത്തരം സുരക്ഷാ­കാര്യ­ങ്ങ­ൾ മറ്റാ­രും നിർബ­ന്ധി­ക്കാതെ ചെ­യ്യാൻ സ്വയം സന്ന­ദ്ധ­മാകണം. കേരളത്തെ സംബ­ന്ധി­ച്ച് പൊതുഗതാഗതം പുന­രാ­രംഭിക്കുന്നത് ജീവിതം വഴിമുട്ടിനിന്ന ഒട്ടേറെ പേ­ർ­ക്ക് ആ­ശ്വാ­സ­കരമാ­ണ്. നില­വി­ൽ ജില്ലയ്­ക്ക­ക­ത്ത് ബസ്സ് ഓട്ടം തുടങ്ങി­യതോടെ നിരത്തുകളും പൊതുഇടങ്ങളും സജീ­വ­മായിത്തുടങ്ങിയി­രു­ന്നു. ആൾത്തിരക്കും ഏറി. സ­ർ­വരും മാസ്കു­കൾ ശീല­മാ­ക്കുന്നുവെ­ങ്കി­ലും സാമൂ­ഹി­ക അ­ക­­­ലം പാലിക്കു­ന്ന­തി­ലും കൈകൾ ശുദ്ധിയാ­ക്കണമെന്നതിലും വേ­ണ്ടത്ര ജാഗ്രത കാണിക്കുന്നില്ല.

കേരളം ഉൾ­പ്പടെ നിരവധി സം­­സ്ഥാ­നങ്ങൾ സാമൂ­ഹി­ക അകലം പാലിക്കു­ന്നില്ലെന്ന പഠന റി­പ്പോ­ർട്ട് പോലും ദേശീ­യാ­ടിസ്ഥാനത്തിൽ പുറത്തുവന്നുകഴിഞ്ഞു. ഏറെക്കുറേ ഇതിൽ വാസ്ത­വ­മുണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ഗ്രാമങ്ങളിലെയും നഗര­ങ്ങളിലെയും കാഴ്ച. കൂടിയത് അമ്പത് പേർ പങ്കെടുക്കുന്ന വിധത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും മറ്റു ഹാളുകളിലും വിവാഹച്ചടങ്ങു­ക­ൾ നടത്താമെന്ന് കേന്ദ്ര ഇളവുകളുടെ അടിസ്ഥാന­ത്തി­ൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പലരിലും ആശ്വാസ­മു­ണ്ടാക്കുന്നതും ആത്മവിശ്വാസമുണ്ടാക്കുന്നതുമാ­ണ്. ക്രിസ്തീയ ആരാ­ധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം എന്ന ആവശ്യം ഉയർ­ന്നതിന് പിറകെ ഇപ്പോൾ നമസ്കാരങ്ങൾക്കായി മസ്ജിദുകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മതനേതാക്കളിൽ ഒരുവിഭാഗം സർക്കാരിന് കത്ത് അയച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കാൻ ഏതാനും ജനപ്രതിനിധികൾ സർക്കാരിനെ വെല്ലുവിളിച്ചതും കേരളം കേട്ടു.

ലോക്ഡൗണിന്റെ ഭാഗമായി ഇവയെല്ലാം അടച്ചി­ടേണ്ടിവന്നത് കോവിഡ് വ്യാപനം തടയുന്നതിനാണ്. ആ ജാഗ്രത നമുക്ക് തുടരാനാകണം. അതിൽ രാഷ്ട്രീയമോ മതമോ വിശ്വാസമോ തടസമാകരുത്. ദിവസക്കൂലിയിൽ ജീവിതം കഴിഞ്ഞിരുന്ന ലക്ഷോ­പലക്ഷം കുടും­ബങ്ങൾ വീടുകൾ കൊട്ടിയടച്ച്, കോവിഡ് രോഗത്തി­നെതിരെ ഭരണകൂട സംവിധാനങ്ങൾ നടത്തുന്ന പോരാട്ട­ത്തി­നൊപ്പം നിന്നു. അവരുടെ ജീവിതം സാധാരണനിലയിലേക്ക് തിരിച്ചുകൊ­ണ്ടുപോ­കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗതാഗതമുൾപ്പടെ ചില കാര്യങ്ങളിൽ ഇളവുകൾ നൽകാൻ ഭരണകൂടങ്ങൾ തയ്യാറാവുന്നത്. അതീവ ജാഗ്രത­യോടെ­യാണ് പൊലീസും ആരോഗ്യസംവിധാനങ്ങളും പ്രാദേശിക സർക്കാ­രുകളും ഇവ നിയന്ത്രിച്ചുപോരുന്നത്. ഇളവുകൾ മരണത്തിലേക്കുള്ള വഴിയായി മാറാതിരിക്കാൻ സമൂഹത്തിന്റെ ശ്രദ്ധവേണം. അശ്ര­ദ്ധകൊണ്ടോ ബോധപൂർവമോ രോഗം വരു­ത്തിവയ്ക്കരുത്. കൊറോണ വൈറസിന് അന്ത്യമാ­യെന്ന വിധി­യിലേക്ക് എത്താത്തിടത്തോളം ഇക്കാര്യങ്ങ­ളിൽ മിതത്വം പാലിക്കണം.