കലാപത്തിന്റെ ഇരകൾക്ക് കണ്ണീർ മാത്രം ബാക്കിയാവരുത്

Web Desk
Posted on July 22, 2020, 5:00 am

ഡൽഹി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കോവിഡുമായി ബന്ധപ്പെട്ട് മാത്രമാണ്. മാർച്ച് മാസം അവസാനം ലോക്ഡൗൺ തുടങ്ങിയപ്പോൾ കുടിയേറ്റത്തൊഴിലാളികളുടെ കണ്ണീരും ദുരിതങ്ങളുമായിനമ്മുടെ മുന്നിൽ നിറഞ്ഞു. അതിന് മുമ്പുള്ള മാസങ്ങളിൽ ഡിസംബർ മുതൽ ഡൽഹി വാർത്തകളിൽ നിറഞ്ഞാടിയത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെയും അതിനെ തകർക്കാൻ ആസൂത്രിതമായി ഒരുക്കിയ വർഗീയ കലാപത്തിന്റെയും പേരിലായിരുന്നു. ഇപ്പോഴും കനലെരിയുന്നുണ്ട് വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത നഗരങ്ങളിൽ, കണ്ണീരുണങ്ങിയിട്ടില്ല അവിടങ്ങളിൽ.

ദുരിതമൊടുങ്ങാത്ത ഇരകൾ ഇപ്പോഴും ലോക്ഡൗണിന്റെ ദുരിതകാലത്തും ക്യാമ്പുകളിൽ കഴിയുകയുമാണ്. ഒന്നും നമുക്ക് മറക്കാറായിട്ടില്ല. ലോക്ഡൗണിനിടയിൽ രാജ്യത്താകെയുള്ള പൊലീസ് സേന മഹാമാരിക്കെതിരായ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ ബിജെപിക്ക് നേരിട്ട് നിയന്ത്രണമുള്ള പൊലീസ് സംവിധാനം നിലനിൽക്കുന്ന ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും അവർ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകാരികളെ ജയിലിൽ അടയ്ക്കാനും ഡൽഹിയിലെ കലാപത്തിൽ ഇരകളായ വിഭാഗത്തിലുള്ളവരെ തേടിപ്പിടിച്ച് കേസിൽ കുടുക്കാനും നടക്കുകയായിരുന്നു.

അതിന്റെ ഫലമായി കുറേ കുറ്റപത്രങ്ങളും സത്യവാങ്മൂലങ്ങളും തയ്യാറാക്കി സമർപ്പിക്കുകയാണ് അവരിപ്പോൾ. അവ കെട്ടിച്ചമച്ചതും വസ്തുതാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഇതിനകം തന്നെ പരാതികളും ആരോപണങ്ങളും ഉയർന്നിരിക്കുകയാണ്. കോവിഡിന്റെയും മറ്റു വിവാദങ്ങളുടെയും തിരക്കിനിടയിൽ അവയൊന്നും വൻ പ്രാധാന്യമില്ലാത്ത വാർത്തകളാണ്. ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിലെ ചില പ്രദേശങ്ങളിൽ നടന്നത് സിഎഎ വിരുദ്ധ പ്രക്ഷോഭകർ വഴിതടഞ്ഞു നടത്തുന്ന സമരങ്ങൾക്ക് എതിരായ പ്രദേശവാസികളുടെ പ്രതിഷേധത്തിന്റെ ഫലമായി ഉടലെടുത്തതാണെന്നും പ്രക്ഷോഭം ഫലം കാണാതിരുന്നതിനാൽ അതിനെ വർഗീയകലാപമാക്കി മാറ്റുകയായിരുന്നുവെന്നും വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ്-സിഎഎ എതിരാളികളും അനുകൂലികളും തമ്മിലുണ്ടായ സംഘർഷം — ആദ്യഘട്ടം മുതൽ ഡൽഹി പൊലീസിന്റെയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ മനുഷ്യാവകാശ പ്രവർത്തകരും ചില ദേ­ശീയ മാധ്യമങ്ങളും കണ്ണിമ ചിമ്മാതെ കൂടെ പിന്തുടർന്നതിനാലാണ് അബദ്ധ ചിത്രം വരയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടത്.

പിന്നീട് ഇരകളെ കലാപകാരികളായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്തതിൽ ഒരു വിഭാഗത്തിന്റെ മാത്രം പേരുകൾ പുറത്തുവിട്ടും കുത്സിത നീക്കമുണ്ടായി. കലാപത്തെ കുറിച്ച് അന്വേഷിച്ച ന്യൂനപക്ഷ കമ്മിഷൻ റിപ്പോർട്ട്, വസ്തുതാന്വേഷണ സമിതി റിപ്പോർട്ട്, പൊലീസ് തന്നെ സമർപ്പിച്ച പ്രഥമ വിവര പട്ടിക, സ­ത്യവാങ്മൂലങ്ങൾ എ­ന്നിവ പരിശോധിച്ചാൽ ആരാണ് ഇരകളെന്നും കലാപകാരികളെന്നും വ്യക്തമാണ്. എന്നാൽഅവിടെയും പൊലീസ് ഫാസിസ്റ്റ് മേലാളന്മാരുടെ ഇംഗിതത്തിനനുസൃതമായാണ് നാടകം ആ­ടിയിരിക്കുന്നത്. എങ്കിലും പൊലീസിന്റെ റിപ്പോർട്ടിൽ മറച്ചു പിടിക്കാനാവാത്ത ചില സ­ത്യങ്ങൾ വെളിപ്പെടുന്നുണ്ട്. മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട ആസൂത്രിത കലാപമാണ് ഡൽഹിയിൽ ഉണ്ടായതെന്നാണ് ഡൽഹി ഹൈക്കോടതിയിൽ ജൂലൈ 13 ന് സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ പട്ടികയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 52 പേർ മരിച്ച കലാപത്തിൽ 40 പേർ (77ശതമാനം) മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്.

ഹിന്ദു വിഭാഗത്തിൽപ്പെട്ട 12 പേരാണ് മരിച്ചത്. കലാപത്തിൽ തകർന്ന ആരാധനാലയങ്ങൾ, വീടുകള്‍, കടകള്‍, വാഹനങ്ങൾ എന്നിവയുടെ വിവരങ്ങൾ ഹിന്ദു, മുസ്‌ലിം, അ‍ജ്ഞാതർ എന്നിങ്ങനെ വേർതിരിച്ച് സത്യവാങ് മൂലത്തിനൊപ്പം അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 85 വീടുകളാണ് ആകെ തകർന്നത്. ഇതിൽ യഥാക്രമം 50, 14 എണ്ണം വീതം മുസ്‌ലിം, ഹിന്ദു വിഭാഗങ്ങളുടേതാണ്. ആറ് ക്ഷേത്രങ്ങളും 13 പള്ളികളുമാണ് ആക്രമണത്തിൽ തകർക്കപ്പെട്ടത്. പക്ഷേ ആര് ആരെയാണ് ആദ്യം അക്രമിച്ചത്, ഗൂഢാലോചന നടന്നതിന്റെ ഉത്തരവാദികൾ ആരാണ് എന്നിങ്ങനെയുള്ള സുപ്രധാനമായ കാര്യങ്ങൾ അവ്യക്തമാണ്. ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങൾ കലാപത്തിന് കാരണമായെന്ന ഗുരുതരമായ ആരോപണത്തെ അവഗണിക്കുകയും ചെയ്തിരിക്കുന്നു.

ഡല്‍ഹി കലാപം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമോ ഏറ്റുമുട്ടലോ അല്ലെന്നും തീര്‍ത്തും ഏകപക്ഷീയവും ആസൂത്രിതവുമാണെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുസ്‌ലിം വിഭാഗത്തെ തിരി‌‌‌ഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണതയാണ് ആക്രമത്തിൽ പ്രകടമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹി കലാപത്തെകുറിച്ച് ചർച്ച ചെയ്യുമ്പോൾ ഈ റിപ്പോർട്ടും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ 72 പേർ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയും പരിഗണിക്കേണ്ടതുണ്ട്. ഏതായാലും ഡൽഹികലാപം നടന്ന് ആറുമാസമാകാറായിട്ടും ഇരകൾ അർഹമായ നഷ്ടപരിഹാരം കിട്ടാതെ കാത്തിരിപ്പാണ്. അവർക്ക് നീതിയെങ്കിലും ലഭിക്കുന്നതിനുള്ള നടപടികൾഉണ്ടാവണം. പൊലീസ് സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം അതുണ്ടാകുമെന്ന് കരുതുക വയ്യ. അതുകൊണ്ട് വസ്തുതകൾ സത്യസന്ധമായിഅന്വേഷിച്ച്കണ്ടെത്തുകയും ഇരകളുടെ കണ്ണീരൊപ്പും വിധമുള്ള നീതി നിർവ്വഹണം സാധ്യമാക്കുകയും ചെയ്യുന്നതിന് പുതിയ അന്വേഷണത്തിന് കേന്ദ്ര സർക്കാർ സന്നദ്ധമാകണം.